ആംസ്റ്റർഡാം:ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ചൊവ്വാഴ്ച ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും.തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു ഫ്രഞ്ച് പട്രോളിങ് കപ്പലായ ഓസിരിസ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.ഓസിരിസില്‍നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്റെ പായ്‌വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്‌ട്രെച്ചറിന്റെ സഹായത്തോടെ അഭിലാഷിനെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു. ആംസ്റ്റര്‍ഡാമിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അഭിലാഷിന്റെ ആരോഗ്യനില വിശദമായി പരിശോധിച്ചതിന് ശേഷം മൗറീഷ്യസിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയും ചെയ്യും.
കനത്ത മഴ;ഹിമാചൽ പ്രദേശിലെ മണാലിയിൽ 43 മലയാളികൾ കുടുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍ കുടുങ്ങി കിടക്കുന്നു.പാലക്കാട് കൊല്ലങ്കോട് മര്‍ച്ചന്‍സ് അസോസിയേഷനില്‍ നിന്നുള്ള 30 അംഗ സംഘവും തിരുവനന്തപുരത്തുനിന്നുള്ള 13 അംഗ സംഘവുമാണ് മണാലിയില്‍ കുടുങ്ങിക്കിടക്കുന്നത്.നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലി ഒറ്റപ്പെട്ടിരിക്കുകയാണ്. വിനോദ സഞ്ചാര മേഖലയായ കുളുമണാലി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. യാത്രാസൗകര്യങ്ങള്‍ സാധാരണ നിലയിലായാല്‍ എല്ലാ മലയാളികളെയും മണാലിയില്‍ നിന്നു പുറത്ത് എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് , ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി പന്ത്രണ്ടുപേര്‍ മരിച്ചിരുന്നു. ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പോക്കവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി:ഗോല്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട മലയാളി കമാന്റര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പലാണ് അഭിലാഷിനെ രക്ഷിച്ചത്. ഫ്രഞ്ച് കപ്പല്‍ ‘ഒസിരിസ്’ അഭിലാഷിന്റെ പായ്‌വഞ്ചിക്ക് അടുത്തെത്തിയെന്ന് നേരത്തെ വിവരങ്ങള്‍ ഉണ്ടായിരുന്നു.അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു.ആംസ്റ്റര്‍ഡാം ദ്വീപിലെ ഡോക്ടറുടെ അരികിലേക്ക് അഭിലാഷിനെ കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലിലായിരുന്നു അഭിലാഷ് ഉണ്ടായിരുന്നത്. നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദിച്ചെന്നും അഭിലാഷ് നേരത്തെ സന്ദേശമയച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.ഒസിരിസിൽ നിന്നും സോഡിയാക് ബോട്ട് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.ഓസ്‌ട്രേലിയൻ റെസ്ക്യൂ കോ ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ, പായ്മരങ്ങള്‍ തകര്‍ന്ന്, പ്രക്ഷുബ്ധമായ കടലില്‍ അലയുകയായിരുന്നു അഭിലാഷ് യാത്ര തിരിച്ച തുരിയ എന്ന പായ്‌വഞ്ചി. ശനിയാഴ്ച ചെന്നൈയിലെ ആര്‍ക്കോണത്തുനിന്നു പുറപ്പെട്ട നാവികസേനയുടെ ദീര്‍ഘദൂര നിരീക്ഷണ വിമാനം പായ്‌വഞ്ചിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിരുന്നു.
ഇന്ധനവില കുതിക്കുന്നു;മുംബൈയിൽ പെട്രോൾ വില 90 കടന്നു;തിരുവനന്തപുരത്ത് 86.06 രൂപ
മുംബൈ:രാജ്യത്ത് ഇന്ധനവില കുതിക്കുന്നു.മുംബൈയില്‍ പെട്രോള്‍ വില 90.08 രൂപയിൽ എത്തിനില്‍ക്കുകയാണ്.11 പൈസയാണ് പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ്. അതേസമയം ഡീസലിന് 78.58 രൂപയാണ് വില. ദില്ലിയില്‍ പെട്രോളിന് 82 രൂപയായപ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 86.06 രൂപയിലെത്തി നില്‍ക്കുകയാണ്. ദില്ലിയില്‍ ഡീസലിന് 74.02 രുപയും തിരുവനന്തപുരത്ത് 79. 23 രൂപയുമാണ് ഡീസലിന് ഈടാക്കുന്നത്. ഞായറാഴ്ച കൊല്‍ക്കത്തയില്‍ ഡീസലിന്റെ എക്കാലത്തേയും റെക്കോര്‍ഡ് വിലയായ 75. 82ലെത്തിയിരുന്നു.എന്നാല്‍ രാജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കുന്നതിന് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് തള്ളിക്കളഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ ആവശ്യമുന്നയിച്ചത്. ട്രംപിന്റെ ആവശ്യം റഷ്യയും തള്ളിക്കളയുകയായിരുന്നു.പ്രതിദിന ഇന്ധനവില പരിഷ്കരണം അനുസരിച്ച് രാജ്യാന്തര വിപണയിലെ ക്രൂഡ് ഓയില്‍ വിലക്ക് അനുസരിച്ചാണ് രാജ്യത്തെ ഇന്ധനവിലയും പരിഷ്കരിക്കുന്നത്.
അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു;പത്തടിയോളം ഉയരുന്ന തിരമാലകൾ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നു
പെർത്ത്:ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പായ്‌വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ട ഇന്ത്യൻ നാവികന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. അഭിലാഷ് ടോമി സഞ്ചരിച്ച പായ്‌വഞ്ചി നാവിക സേനയുടെ പി 8 ഐ വിമാനം കണ്ടെത്തി.താന്‍ സുരക്ഷിതനാണെന്നും ശരീരം മരവിച്ച നിലയിലാണെന്നും അഭിലാഷ് സന്ദേശം നല്കി. കനത്തമഴയും പത്തടിയോളം ഉയരുന്ന തിരമാലയും നിമിത്തം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് അടുക്കാനാവുന്നില്ല. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ഇവിടെ കാറ്റടിക്കുന്നുണ്ട്. നാവിക സേനയുടെ വിമാനത്തിൽ നിന്നും പായ്‌വഞ്ചിയുടെ ചിത്രം പകർത്തിയിട്ടുണ്ട്.ഞായറാഴ്ച രാവിലെ 7.50നാണ് വിമാനത്തില്‍ നിന്നു ചിത്രം പകര്‍ത്തിയത്. വിമാനത്തില്‍നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുകയും ചെയ്തു. മരുന്നും ഭക്ഷണവും ആദ്യം പായ്‌വഞ്ചിയിലെത്തിക്കാനാണ് ശ്രമം.ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് പായ്‌വഞ്ചി കണ്ടെത്തിയിരിക്കുന്നത്. കനത്ത കാറ്റുള്ളതിനാല്‍ ഇത് ഗതിമാറിപ്പോകാനും സാദ്ധ്യതയുണ്ട്. ഇതു രക്ഷാപ്രവര്‍ത്തകരെയും വിഷമിപ്പിക്കുന്നു.ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് സാത്പുര, എച്ച്‌എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകള്‍ അഭിലാഷിനെ രക്ഷിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. ആര്‍ക്കും പക്ഷേ അടുത്തെത്താനാവുന്നില്ല.ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരിസും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചിട്ടുണ്ട്. ഈ കപ്പലില്‍ ഡോക്ടറുമുണ്ട്. ഓസ്‌ട്രേലിയന്‍ റെസ്‌ക്യു കോ ഓര്‍ഡിനേഷനും നാവികസേനയും രക്ഷാദൗത്യത്തിനുണ്ട്.
ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി
കൊച്ചി:ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ ഇന്ത്യൻ നാവികനും മലയാളിയുമായ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി.ഇന്ത്യൻ നാവികസേനയുടെ P- 81 വിമാനമാണ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്.പായ്‌വഞ്ചിയുടെ തൂൺ തകർന്നെന്നും തനിക്ക് നടുവിന് സാരമായി പരിക്കേറ്റെന്നും എഴുനേൽക്കാൻ കഴിയുന്നില്ലെന്നും അഭിലാഷ് അയച്ച സന്ദേശത്തിൽ പറയുന്നു. അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍പെട്ടത്.ഓസ്‌ട്രേലിയൻ നേവിയും ഇന്ത്യൻ നേവിയും സംയുക്തമായാണ് തിരച്ചിൽ നടത്തിവരുന്നത്. എന്നാൽ പായ്‌വഞ്ചിക്കടുത്തേക്ക് ആർക്കും ഇതുവരെ എത്താനായിട്ടില്ല.താൻ സുരക്ഷിതനാണെന്നും ബോട്ടിനുള്ളിൽ കിടക്കുകയാണെന്നും അഭിലാഷ് അവസാനമായി അയച്ച സന്ദേശത്തിൽ പറയുന്നു.
ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികൻ അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനായി ഇന്ത്യൻ നാവികസേനാ പുറപ്പെട്ടു
ന്യൂഡൽഹി:ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികൻ അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനായി ഇന്ത്യൻ നാവികസേനാ പുറപ്പെട്ടു.ഐഎന്‍എസ് സത്പുര എന്ന കപ്പലിലാണ് നാവികസേന ഓസ്‌ട്രേലിയൻ തീരത്തേക്ക് പുറപ്പെട്ടിട്ടുള്ളത്.നിലവില്‍ ഓസ്ട്രേലിയന്‍ സമുദ്ര സുരക്ഷ വിഭാഗമാണ് അഭിലാഷിന് വേണ്ടി തെരച്ചില്‍ തുടങ്ങിയിരിക്കുന്നത്. പായ്‌വഞ്ചിയില്‍ ഗ്ലോഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പടിഞ്ഞാറന്‍ പെര്‍ത്തില്‍ നിന്നും 3,000 കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷിനെ കാണാതായത്. കനത്ത കാറ്റില്‍ പായ്‌വഞ്ചിയുടെ തൂണ് തകര്‍ന്ന് അഭിലാഷിന് പരിക്കേല്‍ക്കുകയായിരുന്നു. പായ്‌വഞ്ചിയുടെ തൂണു തകര്‍ന്ന് മുതുകിന് പരിക്കേറ്റുവെന്നും എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്നും അഭിലാഷ് വെള്ളിയാഴ്ച വൈകിട്ട് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് പത്ത് മണിക്കൂര്‍ നേരത്തേക്ക് വിവരമൊന്നുമില്ലാതിരുന്നത് ഏവരെയും ആശങ്കയിലാഴ്ത്തിയിരുന്നു. ശക്തമായ കാറ്റിലും തിരയിലും പെട്ടാണ് അഭിലാഷ് സഞ്ചരിച്ച പായ്‌വഞ്ചി അപകടത്തില്‍പെട്ടതെന്നാണ് സൂചന.ഇന്ന് രാവിലെ അഭിലാഷിന്റെ രണ്ടാമത്തെ സന്ദേശവും ലഭിച്ചിട്ടുണ്ട്.തന്‍റെ അടുത്തേയ്ക്ക് എത്താന്‍ പാകത്തിനുള്ള എല്ലാ വിവരങ്ങളും അഭിലാഷ് ഈ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അഭിലാഷിന്‍റെ പക്കലുള്ള സാറ്റ്ലൈറ്റ് റേഡിയോയും പ്രവര്‍ത്തന ക്ഷമമായത് ആശ്വാസമായി. നിലവിലെ സാഹചര്യത്തില്‍ അഭിലാഷ് പടിഞ്ഞാറന്‍ പെര്‍ത്തില്‍ നിന്നും 3,000 നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നാണ് കരുതപ്പെടുന്നത്. 24 മണിക്കൂര്‍ സഞ്ചരിച്ചാലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിലാഷിന്‍റെ അടുത്തെത്താന്‍ കഴിയൂ എന്നാണ് കരുതപ്പെടുന്നത്.
യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം;മുബൈയിൽ വിമാനം തിരിച്ചിറക്കി
മുംബൈ:യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നതിനെ തുടർന്ന് മുബൈയിൽ വിമാനം തിരിച്ചിറക്കി.166 യാത്രക്കാരുമായി മുംബൈയിൽ നിന്നും ജയ്‌പൂരിലേക്ക് പുറപ്പെട്ട ജെറ്റ് എയർവേയ്‌സ് വിമാനമാണ് തിരിച്ചിറക്കിയത്.വിമാനത്തിനുള്ളിൽ മർദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം ക്യാബിൻ ക്രൂ പ്രവർത്തിപ്പിക്കാൻ മറന്നുപോയതിനെ തുടർന്ന് വിമാനത്തിനുള്ളിൽ മർദ്ദം കുറഞ്ഞുപോയതാണ് രക്തം വരാൻ കാരണം.വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന 9w 697 വിമാനത്തിലാണ് സംഭവം.മർദം കുറഞ്ഞതിനെ തുടർന്ന് ഓക്സിജൻ മാസ്‌ക്കുകൾ പുറത്തുവരികയും ചെയ്തു.ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.മുപ്പതോളം യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നു.യാത്രക്കാർക്ക് തലവേദനയും അനുഭവപ്പെട്ടു.യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായും എല്ലാവർക്കും ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൃത്യവിലോപം കാണിച്ച ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ബാങ്ക് ഓഫ് ബറോഡ,വിജയ,ദേന ബാങ്കുകൾ തമ്മിൽ ലയിപ്പിക്കും
കൊച്ചി:ബാങ്ക് ഓഫ് ബറോഡ,വിജയ,ദേന ബാങ്കുകൾ തമ്മിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം.ലയനം സാധ്യമാകുന്നതോടെ ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് ആകുമെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രെട്ടറി രാജീവ് കുമാർ വ്യക്തമാക്കി.മൂന്നു ബാങ്കുകളുടെയും ഡയറക്റ്റർ ബോർഡിനോട് ലയന നീക്കം ചർച്ച ചെയ്യാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ലയനത്തിൽ മൂന്നു ബാങ്കുകളിലെയും ജീവനക്കാരെ സംരക്ഷിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉറപ്പു നൽകി.എസ്ബിടി ഉൾപ്പെടെയുള്ള അസ്സോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യിൽ ലയിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വരും വർഷങ്ങളിൽ പൊതു മേഖലയിൽ കൂടുതൽ ബാങ്ക് ലയനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
മലയാളി താരം ജിൻസൺ ജോൺസന് അർജുന അവാർഡ് ശുപാർശ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്നയ്ക്കും മലയാളി അത്‌ലറ്റ് ജിന്‍സന്‍ ജോണ്‍സണ്‍ ഉള്‍പ്പടെ 20 കായിക താരങ്ങള്‍ക്കു അര്‍ജുന അവാര്‍ഡിനും ശുപാർശ.ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്റര്‍ വെള്ളിയും നേടിയ ജിന്‍സന്‍റെ മികവ് കണക്കിലെടുത്താണ് പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ.ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്‍റെ പരിശീലകന്‍ വിജയ് ശര്‍മ, ക്രിക്കറ്റ് പരിശീലകന്‍ തരക് സിന്‍ഹ എന്നിവരുള്‍പ്പടെ ഏഴു പേരെ ദ്രോണാചാര്യ പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചാല്‍ ബാഡ്മിന്‍റണ്‍ താരം കെ. ശ്രീകാന്തിനെ കൂടി ഖേല്‍ രത്ന പുരസ്കാരത്തിന് പരിഗണിക്കുമെന്നാണ് വിവരം. 7.5 ലക്ഷം രൂപയാണ് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌ക്കാര തുക. മലയാളിയായ ബോബി അലോഷ്യസ്, ഭരത് ഛേത്രി (ഹോക്കി), സത്യ ദേവ പ്രസാദ് (ആര്‍ച്ചറി), ദാദു ചൗഗുലേ (ഗുസ്തി) എന്നിവരെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിട്ടയേര്‍ഡ് ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ പട്ടിക തയാറാക്കിയത്.