ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ കളർ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി
മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി.താനെ സ്വദേശി അവിനാശ് നിമോൻകറിനാണ് ഇക്കഴിഞ്ഞ ദസറ ഉത്സവകാലത്ത് താൻ സ്വന്തമാക്കിയ മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് കാറായ ഇ വെരിറ്റോയ്ക്ക് ഗ്രീൻ നമ്പർ പ്ലേറ്റ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്നോവേഷൻ ഫോർ മാൻകൈൻഡ്’എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടറും സി ഇ ഒയുമാണ് നിമോൻകാർ.വായുമലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹാർദമായ ഇലക്ട്രിക്ക് വാഹനങ്ങൾക്കാണ് ഗ്രീൻ നമ്പർ പ്ലേറ്റ് നൽകുന്നത്.സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പച്ച നിറമുള്ള പ്രതലത്തിൽ വെള്ള നിറത്തിലുള്ള അക്കങ്ങളിലും മറ്റു വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്കങ്ങളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിമോൻകറിന്റെ അഭിപ്രായത്തിൽ 8-10 മണിക്കൂർ വരെ ചാർജ് ചെയ്യുമ്പോൾ ഏകദേശം 150 കിലോമീറ്റർ വരെ കാറിന് മൈലേജ് ലഭിക്കും.മാത്രമല്ല ഇതിനായി 49 രൂപ മാത്രമേ ചിലവും വരുന്നുള്ളൂ.അന്തരീക്ഷ മലിനീകരണം വളരെ കുറവാണെന്നുള്ളതാണ് കാറിന്റെ മറ്റൊരു പ്രത്യേകത.ഡിസി ചാർജിങ് സ്റ്റേഷനുകളിൽ കാർ ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 45 മിനിറ്റ് എടുക്കും.ഗിയർ ഇല്ല,എൻജിൻ ഇല്ല,ഓയിൽ ചെയ്യേണ്ട ആവശ്യകതയില്ല എന്നിവയും ഇത്തരം ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതയാണ്.ഇന്ധന വിലവർദ്ധനവ് ഇത്തരം കാറുകളെ ബാധിക്കുകയില്ല. ഇത്തരം കാറുകളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ഇവയ്ക്ക് രെജിസ്ട്രേഷൻ ഫീസും ആവശ്യമില്ല.മുംബൈ താനെ രജിസ്റ്റർ ഓഫീസിലാണ് വാഹനം രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം പത്തരലക്ഷം രൂപയാണ് ഇത്തരം കാറുകളുടെ വില.കാറിനായി മഹാരാഷ്ട്ര സർക്കാരിന്റെ ഒരുലക്ഷം രൂപയുടെ സബ്‌സിഡിക്ക് പുറമെ കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള സബ്‌സിഡി സ്കീമായ ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicle scheme)) ന്റെ 1.38 ലക്ഷം രൂപ സബ്‌സിഡിയും നിമോൻകറിനു ലഭിച്ചു.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴിനല്കിയ വൈദികൻ മരിച്ച നിലയിൽ;മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ
പഞ്ചാബ്:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികനെ മരിച നിലയിൽ കണ്ടെത്തി.ജലന്ധർ രൂപതയിലെ വൈദികനും ചേർത്തല പള്ളിപ്പുറം സ്വദേശിയുമായ ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ്(62) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂഹയിലുള്ള പള്ളിമുറിയിൽ തിങ്കളാഴ്ച രാവിലെയാണ് വൈദികനെ മരിച്ച നിലയിൽ കണ്ടത്.വൈദികന്റെ ശരീരത്തിൽ സാരമായ പരിക്കുകളോ മുറിവുകളോ ഇല്ലായിരുന്നെന്നും എന്നാൽ കിടന്നിരുന്ന മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നെന്നും നിലത്ത് ഛർദിൽ ഉണ്ടായിരുന്നതായും ഡെപ്യുട്ടി സൂപ്രണ്ട് എ.ആർ ശർമ്മ പറഞ്ഞു.രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ദസൂഹയിലെ പള്ളിയിലേക്ക് മാറ്റിയത്.പള്ളിയോട് ചേർന്നുള്ള മുറിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ താമസം.ഞായറഴ്ച ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് പുറത്തേക്ക് വന്നിരുന്നില്ല.എന്നാൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ഹൃദയസ്തംഭനമാണ് മരണകരണമെന്നുമാണ് ജലന്ധർ രൂപതയുടെ വിശദീകരണം.അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് വൈദികന്റെ ബന്ധുക്കളും ഒരുവിഭാഗം വൈദികരും രംഗത്തെത്തി.ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞത് മുതൽ തന്റെ സുരക്ഷയെ കുറിച്ച ഫാ.കുര്യാക്കോസിന് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതായും കൊലപാതകമാണെന്ന് സംശയമുള്ളതായും കാണിച്ച് വൈദികന്റെ സഹോദരൻ ജോസ് കുര്യൻ മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
ഇന്ധന വില വർധന;ഡൽഹിയിൽ ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടും
ദില്ലി: ഇന്ധന നികുതിയില്‍ ദില്ലി സര്‍ക്കാര്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് പമ്പുടമകളുടെ സമരം. രാജ്യതലസ്ഥാനത്തെ 400ഓളം പമ്പുകൾ ഇന്ന് പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ 23 മണിക്കൂറാണ് സമരം. പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭ്യര്‍ത്ഥന പ്രകാരം രാജ്യത്തെ 13 സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കിയിരുന്നു. ദില്ലി സര്‍ക്കാര്‍ ഇതിന് തയാറാകാത്തതിനെ തുടര്‍ന്നാണ് പമ്ബുടമകളുടെ പ്രതിഷേധം. സമീപ സംസ്ഥാനങ്ങളായ ഹരിയാനയിലു ഉത്തര്‍പ്രദേശിലും നികുതി കുറഞ്ഞതിനാല്‍ ഇന്ധനവിലയില്‍ വലിയ വ്യത്യാസമാണുള്ളത്. ഇതോടെ ദില്ലിയില്‍ വില്‍പ്പന കുറഞ്ഞെന്നും പമ്ബുടമകള്‍ ആരോപിക്കുന്നു.
ഹരിയാനയിൽ മലയാളി കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് നാലുദിവസത്തെ പഴക്കം,മരണത്തിൽ ദുരൂഹത
ഡൽഹി:ന്യൂഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്.ദയാലൂ ചൗക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ നാലുപേരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മീന മാത്യു, ഇരട്ട സഹോദരികളായ നീന,ജയ സഹോദരന്‍ പ്രദീപ് എന്നിവരാണ് മരിച്ചത്.32 നും 52 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. 52വയസുള്ള മീനയാണ് ഏറ്റവും പ്രായമുള്ളയാള്‍. 37 വയസുള്ള പ്രദീപ് ഏറ്റവും ഇളയതാണ്.ഇവർക്ക് കടുത്ത സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായും സഹോദരിമാരില്‍ ഒരാള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയല്‍ക്കാരില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കള്‍ ഹരിയാണ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോസ്ഥരായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും മരണമടഞ്ഞത്.ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഫ്ലാറ്റുടമ പോലീസിൽ വിവരമറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു.മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്ബത്തിക പ്രതിസന്ധി മൂലം മരിക്കുകയാണെന്നും സഹോദരന്റെയും മാതാപിതാക്കളുടെയും മരണം തളര്‍ത്തിയെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി പറയാനാകൂ എന്ന് പോലീസ് അറിയിച്ചു.
അമൃതസറിൽ ട്രെയിൻ അപകടത്തിൽ 60 പേർ മരിച്ചു
പഞ്ചാബ്:അമൃത്‌സറിൽ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെ പേര്‍ മരിച്ചു.ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തില്‍ നിന്നവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ ഇടിച്ചു കയറിയത്.അമൃത്സറിലെ ഛൗറാ ബസാറില്‍ വെള്ളിയാഴ്ച വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‌സറിലേക്കു വരികയായിരുന്ന ജലന്ധര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്.അമൃത്സറിലെ റെയില്‍വേ ട്രാക്കിന് 200 അടി അകലെയായിരുന്നു `രാവണ്‍ ദഹന്‍’ എന്ന ചടങ്ങിനായ് വേദിയൊരുക്കിയിരുന്നത്. രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങാണത്. ചടങ്ങ് വ്യക്തമായി കാണാനായി നിരവധിയാളുകള്‍ റെയില്‍ ട്രാക്കില്‍ തടിച്ച്‌കൂടിനില്‍ക്കുന്നതിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.രാവണന്‍റെ രൂപത്തില്‍ തീ പടര്‍ന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി. ഇതോടെ ട്രെയിന്‍ വരുന്ന ശബ്ദം ആളുകള്‍ കേട്ടില്ല. ഇത് താഴേയ്ക്ക് വീണ് അപകടം ഒഴിവാക്കാനായും ആളുകള്‍ ട്രാക്കിലേക്ക് മാറി നിന്നിരുന്നു. ഇതിനിടെ വേഗത്തിലെത്തിയ ട്രെയിന്‍ ആളുകള്‍ക്കിടയിലൂടെ പാഞ്ഞുകയറുകയായിരുന്നു.ചടങ്ങ് സംഘടിപ്പിച്ചതില്‍ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. ട്രെയിന്‍ വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുകയോ ലെവല്‍ ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഭവസ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
മീ ടൂ വിവാദം;എം.ജെ അക്ബർ രാജിവെച്ചു
ന്യൂഡൽഹി:മീ ടൂ ആരോപണത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ അക്ബർ രാജിവെച്ചു.ഒട്ടേറെ വനിതാ മാധ്യമ പ്രവര്‍ത്തകരാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം നിഷേധിച്ച അക്ബര്‍ നേരത്തെ രാജിവെക്കാന്‍ വിസമ്മതിച്ചിരുന്നു. ഒടുവില്‍ ഏറെ സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ് ബുധനാഴ്ച വൈകുന്നേരം 4.45 മണിയോടെ അദ്ദേഹം രാജിവെച്ചത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന സമയത്ത് അദ്ദേഹം തന്നെ കാണാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന ആരോപണം മീ ടുവിലൂടെ പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തകരാണ് ഉന്നയിച്ചത്. പിന്നീട് മറ്റു വനിതാ മാധ്യമ പ്രവര്‍ത്തകരും അത് ഏറ്റു പിടിക്കുകയായിരുന്നു.
രാജിവെയ്ക്കില്ല;ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.ജെ അക്ബർ
ദില്ലി: മീ ടൂ ക്യാമ്ബയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെയ്ക്കില്ല. ആരോപണം കെട്ടിച്ചമച്ചതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അക്ബര്‍ അറിയിച്ചു. അക്ബറിന്റെ രാജി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ആസൂത്രിതമാണെന്നും ഇത് തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും അക്ബര്‍ പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാധ്യപ്രവര്‍ത്തകരടക്കം 12 സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിയായിരുന്നു അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്.നൈജീരിയ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാവിലെയോടെയാണ് അക്ബര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിദേശ പര്യടനം പൂര്‍ത്തിയാക്കി അക്ബര്‍ തിരിച്ചെത്തിയശേഷം ആരോപണങ്ങളില്‍ വിശദീകരണം തേടാനും രാജിയുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും വ്യക്തമാക്കിയിരുന്നു.
ചെന്നൈയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ചു തകർത്തു
ചെന്നൈ: 130 യാത്രക്കാരുമായി പറന്നുയരുന്നതിനിടയില്‍ വിമാനം വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു.ട്രിച്ചി-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് ബി 737-800 വിമാനമാണ് മതിലിടിച്ച് തകര്‍ത്തത്.വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഇവരെ ദുബായിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നു. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
തിത്തലി ചുഴലിക്കാറ്റ്;ആന്ധ്രയില്‍ എട്ടു മരണം
ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ തിത്ത്‌ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന്‍ കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്.മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒട്ടേറെ ട്രെിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി. പരദീപ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ശ്രീകാകുളം ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കനത്ത നാശനഷ്ടമുണ്ടായി. ആന്ധ്രയില്‍ ഏഴായിരം ഇലക്ട്രിക് പോസ്റ്റുകള്‍ മുറിഞ്ഞുവീണു. വൈദ്യുത ബന്ധം പൂര്‍ണമായി നിലച്ചു. അഞ്ച് ലക്ഷം പേര്‍ ഇരുട്ടിലാണെന്നാണ് ശ്രീകാകുളം ജില്ലാ ഭരണകൂട മേധാവി കെ ധനന്‍ജയ റെഡ്ഡി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ കാറ്റ് പൂര്‍ണമായും ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തി കുറയുമെന്നാണ് കരുതുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും തീവ്രത കൂടാമെന്ന സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.