വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്രപ്രദേശില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ തമിഴ്‌നാട്ടില്‍ പലയിടത്തും മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.അതെസമയം തെലങ്കാനയില്‍ ഇന്നലെയും ഇന്നും കനത്ത മഴയും കാറ്റുമാണ്. തിങ്കളാഴ്ച ആന്ധ്രയുടെ തെക്കുകിഴക്കന്‍ തീരത്തായിരിക്കും കാറ്റ് വീശുക. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
മൈസൂരുവിലെ ക്ഷേത്രത്തിൽ ഭക്ഷ്യവിഷബാധ;12 മരണം
മൈസൂരു:ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 12 മരണം.80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ക്ഷേത്രത്തിലെ താല്‍ക്കാലിക പാചകക്കാരനായ പുട്ടസ്വമിയുടെ 12 വയസ്സുകാരിയായ മകള്‍ നളിനിയും ഉള്‍പ്പെടുന്നു.പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.ഇന്നലെ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തിൽ നിന്നുമാണ് വിഷബാധയേറ്റിരിക്കുന്നത്. അമ്പലത്തിൽ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്.പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു വെള്ളിയാഴ്ച. ഇതിന് ശേഷം നല്‍കിയ പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു.കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു.ഇതിനെ തുടര്‍ന്ന് ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്നും സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ജീവനക്കാരായ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രസാദം വിതരണം ചെയ്യുന്നതിന് മുൻപ് താന്‍ രുചിച്ചുനോക്കിയിരുന്നു, മണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തോന്നാത്തതിനാല്‍ പ്രസാദം വിതരണം ചെയ്യുകയായിരുന്നു. പക്ഷെ പ്രസാദം കഴിച്ച തന്റെ മകള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെടുകയായിരുന്നെന്ന് പുട്ടസ്വാമി പറയുന്നു.
വാജ്‌പേയിയുടെ ചിത്രമുള്ള നൂറു രൂപ നാണയം പുറത്തിറക്കും
ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ചിത്രമുള്ള നൂറു രൂപ നാണയം പുറത്തിറക്കും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തിറക്കും.നാണയത്തിന് 35 ഗ്രാം തൂക്കമുണ്ടാകും. നാണയത്തിന്റെ ഒരു വശത്ത് വാജ്പേയിയുടെ ചിത്രവും ഇംഗ്ലീഷിലും ദേവനാഗരി ലിപിയിലും അദ്ദേഹത്തിന്റെ പേരും രേഖപ്പെടുത്തും. വാജ്പേയിയുടെ ജനനമരണ വര്‍ഷങ്ങള്‍ യഥാക്രമം 1924, 2018 എന്നിങ്ങനെ ചിത്രത്തിന് താഴെയായി രേഖപ്പെടുത്തുകയും ചെയ്യും.നാണയത്തിന്റെ മറുവശത്ത് അശോകചക്രമുണ്ടാകും.2018 ആഗസ്റ്റ് 16 ന് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിക്കുന്നത്.അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി നിരവധി സ്ഥലങ്ങള്‍ക്ക് വാജ്പേയിയുടെ പേര് നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ നയാ റായ്പൂരിന്റെ പേര് അടല്‍ നഗര്‍ എന്നാക്കി മാറ്റിയിരുന്നു. ല്കനൗവിലെ ഹസ്രത്ത്ഗഞ്ച് ചൗരായുടെ പേരും അടല്‍ ചൗക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച കേസിൽ മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്
ന്യൂഡൽഹി:വജ്രവ്യാപാരി നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.നിലവിൽ കേസന്വേഷിക്കുന്ന സിബിഐയുടെ അഭ്യർത്ഥനയെ തുടർന്നാണ് രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോൾ ചോക്‌സിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.തട്ടിപ്പ് വിവരം പുറത്തുവന്നതിന് പിന്നാലെ ഈ വർഷം ആദ്യമാണ് ചോക്‌സി നാടുവിട്ടത്.നിലയിൽ ആന്റിഗ്വയിൽ താമസിക്കുന്ന മെഹുൽ ചോക്‌സി അവിടുത്തെ പൗരത്വം സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.വജ്രവ്യാപാര കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ എംഡിയാണ് മെഹുൽ ചോക്‌സി.ചോക്‌സിക്കൊപ്പം അനന്തിരവൻ നീരവ് മോദിയും കുടുംബവും നാടുവിട്ടിരുന്നു.
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു;മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം
ചെന്നൈ:ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിപ്പിച്ച പെണ്‍കുട്ടി കോര്‍ട്ടില്‍ വീണ് മരിച്ചു.തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജനാണ് മരിച്ചത്.നാലായിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ തിങ്കളാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ഇന്റേണല്‍ മാര്‍ക്കിന്റെ പട്ടികയില്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിക്കാത്ത കാര്യങ്ങളാണ് അധികൃതര്‍ വിദ്യാർത്ഥികളുടെ മേല്‍ അടിച്ചേല്‍പിപ്പിച്ചിരുന്നത്. സ്പോര്‍ട്സ് ഫോറം എന്ന പേരില്‍ കൊണ്ടുവന്ന പുതിയ ഇനമാണ് തമിഴ്‌നാട് ആനന്ദപുരം സ്വദേശി മഹിമ ജയരാജിന്റെ ജീവന്‍ കവര്‍ന്നത്.ഉച്ചയ്ക്ക് ശേഷം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധപ്പൂര്‍വ്വം കായികപരിശീലനം നടത്തണമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. ഇതില്‍ തുടക്കം മുതൽ തന്നെ വിദ്യാർഥികൾ എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും അധികൃതര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ല.ഇതനുസരിച്ച് ഉച്ചവെയിലത്ത് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനാണ് അധികൃതര്‍ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി മഹിമ ജയരാജിനോട് ആവശ്യപ്പെട്ടത്. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ല.ശക്തമായ ചൂടിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞ പെണ്‍കുട്ടി കോര്‍ട്ടില്‍ തന്നെ വീണ് മരിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ദിവസം ചെല്ലും തോറും ശക്തമാവുകയാണ്.പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലെ നടപ്പാക്കിയ നിബന്ധനകള്‍ പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
തെലങ്കാനയിൽ ചന്ദ്രശേഖര റാവു നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും
തെലങ്കാന:തെലങ്കാനയിൽ ചന്ദ്രശേഖര റാവു നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.ആകെയുള്ള 119 സീറ്റുകളില്‍ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയാണ് തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) അധികാരത്തില്‍ കയറുന്നത്. തെലങ്കാനയില്‍ മഹാകൂടമി വിജയം നേടുമെന്ന് ആദ്യഘട്ട കണക്കുകള്‍ വന്നിരുന്നെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. 119 സീറ്റുകളില്‍ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയ ടിആര്‍എസിന്റെ സ്ഥാനാര്‍ത്ഥികള്‍ മിക്കയിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ചന്ദ്രശേഖര്‍ റാവുവും മകന്‍ കെടി രാമ റാവുവും 50000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാകൂടമി സഖ്യത്തിന് 21 സീറ്റുകളില്‍ മാത്രമാണ് വിജയം ലഭിച്ചത്.ടിഡിപിയുടെ ചന്ദ്ര ബാബു നായിഡുവിനെ ഒപ്പം കൂട്ടിയതാണ് വലിയ പരാജയത്തിന് കാരണമായതെന്ന വികാരം തെലങ്കാനയിലെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമാകുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാകൂടമി സഖ്യം തുടരുമോയെന്ന് കണ്ടറിയണം.
മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി;ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് അധികാരത്തിലേക്ക്
ഭോപ്പാൽ:മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് അധികാരത്തിലേക്ക്.ഒരു ദിവസത്തിലധികം നീണ്ട് നിന്ന ആകാംഷയ്ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ മധ്യപ്രദേശിലെ ആകെയുളള 230 സീറ്റുകളില്‍ 114 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ബിജെപി 109 സീറ്റുകളിലാണ് വിജയിച്ചത്. ബിഎസ്പി 2 സീറ്റുകളിലും എസ്പി ഒരു സീറ്റിലും മറ്റുളളവര്‍ 4 സീറ്റുകളിലും വിജയിച്ചു.കേവല ഭൂരിപക്ഷത്തിന് വേണ്ട 116 എന്ന മാന്ത്രിക സംഖ്യം തൊടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കിലും മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്. എസ്പിയും ബിഎസ്പിയും നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിന് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദം ഉന്നയിച്ച് കൊണ്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.വോട്ടെണ്ണലിന്റെ പലഘട്ടങ്ങളിലും മാറിമറിഞ്ഞിരുന്നു.ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മധ്യപ്രദേശ് സാക്ഷ്യം വഹിച്ചത്.അര്‍ധരാത്രിയിലും തുടര്‍ന്ന വോട്ടെണ്ണലില്‍ കോണ്‍ഗ്രസ്, ബിജെപി ക്യാംപുകള്‍ ഒരുപോലെ ആശങ്കയില്‍ ആയിരുന്നു.ബിജെപിയുടെ പതിനഞ്ച് വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദുസ്ഥാന്റെ ഹൃദയഭൂമിയില്‍ വിന്നിക്കൊടി പാറിച്ചിരിക്കുന്നത്. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തില്‍ തുടരും എന്ന ബിജെപിയുടെ പ്രതീക്ഷകളെ മലര്‍ത്തിയടിച്ചാണ് ബിജെപി കോട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തേരോട്ടം നടത്തിയിരിക്കുന്നത്.
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്;രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്; തെലങ്കാനയില്‍ ടിആര്‍എസ്;മിസോറാമില്‍ എംഎന്‍എഫ്
ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുബോൾ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു.മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 115 സീറ്റിലും ബിജെപി 105 ലും ബിഎസ്പി 4 സീറ്റിലും മറ്റുള്ളവര്‍ 6 സീറ്റിലും മുന്നിലാണ്.ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.
രാജസ്ഥാനിലും ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇവിടെയും കോണ്‍ഗ്രസ് അധികാരമുറപ്പിച്ച് മുന്നേറുകയാണ്. വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 102 ലും ബിജെപി 69 ലും സിപിഐഎം രണ്ടിലും ബിഎസ്പി 6 ലും മറ്റുള്ളവര്‍ 20 ലും മുന്നിലാണ്.
ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢിലും കനത്ത പരാജയമാണ് ബിജെപി നേരിടുന്നത്.ആകെ 90 സീറ്റില്‍ 62 ലും കോണ്‍ഗ്രസ് മുന്നിലാണ്. 13 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ളവര്‍ 9 ടത്ത് ലീഡ് ചെയ്യുന്നു.
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ടിആര്‍എസിന് 86ഉം കോണ്‍ഗ്രസിന് 21ഉം സീറ്റാണ് ലഭിച്ചിരിക്കുന്നത്.മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്‍തള്ളി എംഎന്‍എഫ് മുന്നേറി.ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും.
തെലങ്കാനയിൽ ടിആർഎസിന് വൻ മുന്നേറ്റം
തെലങ്കാന:കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയില്‍ ടിആർഎസ് വൻ മുന്നേറ്റം നടത്തുന്നു. ടി ആര്‍ എസ് 66 സീറ്റില്‍ ലീഡ് ചെയ്യുമ്ബോള്‍ കോണ്‍ഗ്രസ് 12 സീറ്റിലെ ലീഡിലേക്ക് ഒതുങ്ങേണ്ടി വന്നു. ബിജെപി 2 റ്റിലും മറ്റുള്ളവര്‍ 10 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ടിആര്‍എസിന് തിരിച്ചടി നേരിട്ടിരുന്നു. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു.അതേസമയം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സ്വന്തം മണ്ഡലത്തില്‍ പിന്നിട്ട് നില്‍ക്കുകയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു; രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നില്‍; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ന്യൂഡൽഹി:അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ലീഡ് ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെ പിന്നിലാണ്.2013ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 199 സീറ്റില്‍ ബി.ജെ.പി 163 സീറ്റാണ് നേടിയത്. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രമേ നേടാനായിരുന്നുള്ളൂ.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശില്‍ ലീഡ് നില മാറിമറിയുകയാണ്. നിലവില്‍ കോണ്‍ഗ്രസാണ് മുന്നില്‍.മധ്യപ്രദേശില്‍ ആകെ 230 സീറ്റുകളാണുള്ളത്. 2003 തൊട്ട് ബി.ജെ.പിയാണ് ഇവിടെ അധികാരത്തില്‍.2013ല്‍165 സീറ്റുകള്‍ നേടി ബി.ജെ.പി വന്‍ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 58 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 29ല്‍ 27 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു.
ഛത്തീസ്ഗഡിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്.90 അംഗ നിയമസഭയിൽ കോൺഗ്രസ് 48 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രി രമൺ സിങ്ങിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടുന്നത്.സ്വന്തം മണ്ഡലത്തിലും രമൺ സിങ് പിന്നിലാണ്.32 സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.