ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കംപ്യൂട്ടറുകളും ഇനി മുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍. കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗമായ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സിബിഐ, എന്‍ഐഎ, ഡല്‍ഹി പോലീസ് മുതലായ പത്ത് ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള അനുമതി നല്‍കിയത്. ഈ ഏജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും അധികാരമുണ്ട്.നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയശേഷം മാത്രമേ അന്വേഷണ എജന്‍സികള്‍ക്ക് കംപ്യൂട്ടറുകള്‍ പരിശോധിക്കാനും ഡാറ്റകള്‍ പിടിച്ചെടുക്കാനും സാധിച്ചിരുന്നുള്ളൂ. പുതിയ ഉത്തരവോടെ ഇതിന് മാറ്റം വന്നിട്ടുണ്ട്. അതേസമയം, കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും
ന്യൂഡല്‍ഹി:ശമ്പളവര്‍ധന ആവശ്യപ്പെട്ടും പൊതുമേഖല ബാങ്കുകളുടെ ലയനത്തെ എതിര്‍ത്തും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും.26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ 26 വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. തുടര്‍ച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായേക്കും.ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷന്റെ ഇരുപത്തിയൊന്നാം തീയതിയിൽ സമരത്തോട് കൂടിയാണ് ബാങ്ക് അവധി ആരംഭിക്കുക.അത് കഴിഞ്ഞുള്ള ശനിയാഴ്ച രണ്ടാം ശനിയാഴ്ചയാണ്.ഞായറാഴ്ച അവധികഴിഞ്ഞ് പിന്നീട് തിങ്കളാഴ്ച ഒരു ദിവസം മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക.ചൊവ്വാഴ്ച ക്രിസ്തുമസ് അവധി.അത് കഴിഞ്ഞ വീണ്ടും ബാങ്ക് പണിമുടക്ക്.ബാങ്ക് ഓഫ് ബറോഡയിൽ,ദേന ബാങ്ക്,വിജയ ബാങ്ക് ലയനത്തിനെതിരെയാണ് 26 ലെ പണിമുടക്ക്.
ജോൺസൺസ് ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്
ന്യൂഡൽഹി:ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന വസ്തുത പ്രമുഖ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചതായി റോയിട്ടേഴ്‌സിന്റെ പഠന റിപ്പോര്‍ട്ട്.1971 മുതല്‍ 2000 വരെയുള്ള കമ്ബനിയുടെ രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും തെളിവുകളും വിലയിരുത്തിയശേഷമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.പൗഡറില്‍ ക്യാന്‍സറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി സ്ത്രീകള്‍ കമ്ബനിക്കെതിരെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കമ്ബനിക്കെതിരെ കോടതി വിധിയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്ബനിയുടെ ടാല്‍ക്ക്,ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബസ്റ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയെന്നുവെന്നും എന്നാല്‍ ഇതു രഹസ്യമാക്കിവെച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്.കമ്ബനി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഇതറിഞ്ഞിരുന്നെങ്കിലും പൊതുജനങ്ങളില്‍നിന്നും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളില്‍നിന്നും ഇതു മറച്ചു വെയ്ക്കുകയായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. അതേസമയം കമ്ബനിയുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലമുള്ള സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു. നൂതനമായ പരിശോധനകള്‍ നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബേബി പൗഡര്‍ വിപണിയിലെത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കമ്ബനി വക്താക്കള്‍ അറിയിച്ചു.
മൈസൂരുവിലെ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവം;ക്ഷേത്ര പൂജാരിയടക്കം 4 പേർ പിടിയിൽ
മൈസൂരു:ചാമരാജനഗര്‍ കിച്ചു മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിയടക്കം 4 പേർ പിടിയിൽ.ക്ഷേത്രം ട്രസ്റ്റ് മേധാവി ഹിമ്മാടി മഹാദേവ സ്വാമി, പൂജാരി ദൊഡ്ഡയ്യ, ഗൂഡാലോചന നടത്തിയ മാദേശ്, ഭാര്യ അംബിക എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ക്ഷേത്രം ട്രസ്റ്റ് മേധാവിയായ ഹിമ്മാടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് പൂജാരി ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദെഡ്ഡയ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്. പ്രസാദം കഴിച്ച ആളുകള്‍ മരിച്ചതോടെ വയറുവേദന അഭിനയിച്ച് ദൊഡ്ഡയ്യ മൈസൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.എന്നാല്‍ പരിശോധനയിൽ ദൊഡ്ഡയ്യക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.ക്ഷേത്രം ഭരണസമിതിയിലെ ചേരിപ്പോരും ഭിന്നതയുമാണ് പ്രസാദദുരന്തത്തിന് ഇടയാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ക്ഷേത്രവരുമാനത്തില്‍ നിന്ന് ട്രസ്റ്റ് മേധാവിയായ ഹിമ്മാടി മഹാദേവ സ്വാമി അനധികൃതമായി പണം കവരുന്നതായി എതിര്‍പക്ഷം ആരോപണം ഉന്നയിച്ചിരുന്നു.പണം ചിലവഴിക്കുന്നതിന്റെ കൃത്യമായ കണക്കുകള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തതോടെ തര്‍ക്കം മുറുകി. ഇതിനിടയിലാണ് ക്ഷേതത്തിന്റെ പുതിയ ഗോപുര നിര്‍മ്മാണ പദ്ധതിയും വരുന്നത്. ഹിമ്മാടിയുടെ താല്‍പര്യങ്ങള്‍ ഇവിടെയും നടപ്പിലാകാതെ പോയതോടെയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ ഇവര്‍ തീരുമാനിച്ചത്.ക്ഷേത്രത്തിൽ പ്രശ്നം ഉണ്ടായാൽ ട്രസ്റ്റ് തന്റെ നിയന്ത്രണത്തിലാക്കാമെന്നായിരുന്നു ഹിമ്മാടിയുടെ കണക്കുകൂട്ടലെന്ന് പോലീസ് പറഞ്ഞു.
ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല
ന്യൂഡൽഹി:ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ജനുവരി ഒന്നുമുതൽ പ്രവർത്തിക്കില്ല.2018-ന് ശേഷം പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാദ്ധ്യമാകുകയില്ല. യൂറോ പേ മാസ്റ്റര്‍ കാര്‍ഡ് വീസ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.നിലവിലുള്ള മാഗ്നറ്റിക്ക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ വിവിധ ബാങ്കുകൾക്ക് റിസര്‍വ് ബാങ്ക് നിർദേശം നൽകി കഴിഞ്ഞു.എടിഎം കാര്‍ഡുകളുടെ സുരക്ഷാ വീഴ്ച പരിഹരിക്കാനാണ് കാര്‍ഡുകളില്‍ മാറ്റം വരുത്തുന്നത്.കാര്‍ഡ് ഹോള്‍ഡറുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രോസസര്‍ ചിപ്പ് അടങ്ങിയതാണ് പുതിയ കാര്‍ഡുകള്‍.2015 ഒക്ടോബര്‍ മുതല്‍ ചിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കിവരുന്നത്. അതിനാല്‍ മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാര്‍ഡുകളാണ് പുതുക്കേണ്ടത്.ഡെബിറ്റ് കാര്‍ഡുകളില്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാണ്. ഡിസംബര്‍ 31-നുള്ളില്‍ തന്നെ പുതിയ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്.
കേരളബ്ലാസ്റ്റേർസ് പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി
കൊച്ചി:കേരളബ്ലാസ്റ്റേർസ് പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി.സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും മാനേജ്‌മെന്റ് നീക്കിയത്.കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇതും ജെയിംസിന് തിരിച്ചടിയാവുകയായിരുന്നു. ഇതേസമയം പരസ്പര ധാരണയോടെയാണ് വഴി പിരിഞ്ഞതെന്നാണ് ക്ലബിന്റെ വിശദീകരണം. ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു. ക്ലബ്ബില്‍ ടീമംഗങ്ങളും മാനേജ്മെന്റും നല്‍കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ്ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണ് ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്.
മുംബൈയിൽ ആശുപത്രിയിൽ തീപിടുത്തം;എട്ടുപേർ മരിച്ചു
മുംബൈ: മുംബൈ അന്ധേരിയിലെ ഇഎസ്.ഐ.സിയുടെ (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍) ചുമതലയില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ എട്ടുപേർ മരിച്ചു.ആറുപേര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. രണ്ടു പേര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു.വൈകുന്നേരം നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 10 അഗ്നിശമന യൂണിറ്റുകള്‍ എത്തി മൂന്നു മണിക്കൂറിലധികം നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആശുപത്രി കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ദുരന്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. 150 ഓളം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.ഇവരെ സമീപത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റി.
ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമല്ല;ഭേദഗതിക്ക് കേന്ദ്രം അംഗീകാരം നൽകി
ന്യൂഡൽഹി:ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ഇനി മുതൽ ആധാര്‍ നിര്‍ബന്ധമല്ല.ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് കാബിനറ്റ് അംഗീകാരം നല്‍കി. സെപ്റ്റംബര്‍ 26ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.പുതിയ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ആധാര്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് എടുക്കുമ്ബോള്‍ കെ വൈ സി ഓപ്ഷനില്‍ ചേര്‍ക്കുന്നതിന് ആവശ്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്‍കിയാല്‍ മതിയാകും.നേരത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ സേവനം ലഭ്യമാകാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നുള്ള ആധാര്‍ നിയമത്തിലെ 57 ആം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 26ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
‘ഫെതായ്’ ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് ശക്തിപ്രാപിക്കുന്നു
ഹൈദരാബാദ്:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഫെതായ്’ ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് ശക്തിപ്രാപിക്കുന്നു. ചുഴലിക്കാറ്റില്‍ മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ് . വിജയവാഡയിലുണ്ടായ അതിശക്തമായ മഴയില്‍ ഒരാള്‍ മരിച്ചു. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങള്‍ കടപുഴകി വീണു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അതിശക്തമായ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്.ചുഴലിക്കാറ്റിനെ തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി ആന്ധ്രയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 50 ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി.ആന്ധ്രയിലെ 350 ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറോളം ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കുകയും ചെയ്തു.ആന്ധ്രയില്‍ കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്.100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ കരുത്താര്‍ജിച്ച് ആന്ധ്ര തീരത്തോട് അടുക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടിന്റെ വടക്ക് തീരങ്ങളിലും, പുതുച്ചേരി തീരങ്ങളിലും ,ആന്ധ്രാപ്രദേശ് തീരങ്ങളിലും, ഒറിസയുടെ തെക്കന്‍ തീരങ്ങളിലും ഇന്ന് മത്സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്.
ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
ഗ്വാളിയാര്‍: ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.കോട്ടയം അതിരൂപത അംഗമായ അദ്ദേഹം രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയ്ക്ക് കാര്‍ അപകടത്തില്‍പ്പെട്ടാണ് മരിച്ചത്.അപകടം നടന്ന ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ് മാര്‍ തോമസ് തെന്നാട്ട്.