ഗുജറാത്ത് തീരത്ത് ഇന്ത്യൻ മൽസ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്ന സംഭവം; 10 പാക് നാവിക ഉദ്യോഗസ്ഥർക്കെതിരെ കേസ്

keralanews indian fisherman shot dead off gujarat coast case against 10 pakistani naval officers

ന്യൂഡൽഹി: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മൽസ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ  10 പാക് നാവിക ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.പോര്‍ബന്തറിലെ നേവി ബന്തര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെടിവയ്പ്പില്‍ പരിക്കേറ്റ ദിലീപ് നാതു സോളങ്കിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് തീരത്തിനപ്പുറം അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേരെ പാക് സേനയുടെ വെടിവയ്പ്പ് ഉണ്ടായത്.മഹാരാഷ്‌ട്രയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളിയായ ശ്രീധര്‍ രമേശ് ചംരെ (32) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജല്‍പ്പരി എന്ന ബോട്ടിന് നേരെയായിരുന്നു വെടിവയ്പ്പ് നടന്നത്. ഏഴ് പേരടങ്ങുന്ന സംഘമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നടന്ന ഉടനെ തന്നെ ഇരുവരേയും ഗുജറാത്തിലെ ഓഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീധറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ ഭാഗങ്ങളും പരിശോധിച്ച ശേഷം മാത്രമേ കാര്യങ്ങള്‍ പറയാനാകൂ എന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാമ്പിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു;നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

keralanews jawan fires at colleagues at crpf camp in chhattisgarh four died

സുക്മ: ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് ക്യാമ്പിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു.നാല് ജവാന്മാർ കൊല്ലപ്പെട്ടു.സിആര്‍പിഎഫ് ജവാനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവം. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.എകെ 47 തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടി ഉതിര്‍ത്തത്. ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.

കേന്ദ്രസര്‍ക്കാര്‍ വില കുറച്ചതിന്​ പിന്നാലെ പെട്രോള്‍-ഡീസല്‍ വിലയില്‍ ഇളവ്​ വരുത്തി വിവിധ സംസ്ഥാനങ്ങൾ;ഡീസലിന്​ 19 രൂപയും പെട്രോളിന്​ 13 രൂപയും കുറച്ച് കർണാടക; മാഹിയിലും 80 രൂപയ്ക്ക് ഡീസല്‍ ലഭിക്കും

keralanews various states slashed petrol and diesel prices karnataka reduced diesel prices by rs 19 and petrol by rs 13 diesel available in mahe for rs 80

ന്യൂഡൽഹി:കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ വാറ്റ് നികുതി കുറച്ച് വിവിധ സംസ്ഥാനങ്ങളും.ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, കർണാടക, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി കുറച്ചത്.ഉത്തർപ്രദേശിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു.ഗുജറാത്ത്, അസം, ത്രിപുര, സിക്കിം, ഗോവ, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതമാണ് കുറച്ചത്.ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. ഉത്തരാഖണ്ഡിൽ പെട്രോളിന്റെ വാറ്റ് രണ്ട് രൂപയാണ് കുറച്ചത്. അതേസമയം കേരളത്തിൽ വാറ്റ് കുറയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതോടെ പെട്രോളിന് 6 രൂപ 57 പൈസയും, ഡീസലിന് 12.33 രൂപയുടെ കുറവുമാണ് കേരളത്തിൽ ഉണ്ടായത്. കേരളത്തിന്റെ അയൽസംസ്ഥാനമായ കര്‍ണാടകയില്‍ ഒരു ലിറ്റര്‍ ഡീസലിന് 85.03 രൂപയും പെട്രോളിന് 100.63 രൂപയുമാണ് നിലവിലെ വില.മാഹിയിൽ ഒരു ലിറ്റർ  ഡീസലിന് 80 രൂപയായി കുറഞ്ഞു.കണ്ണൂര്‍ ജില്ലയെക്കാള്‍ മാഹിയില്‍ ഇന്ധന വില കുറഞ്ഞത് തലശ്ശേരി, പാനൂര്‍, പെരിങ്ങത്തൂര്‍ മേഖലകളിലുള്ളവര്‍ക്ക് ആശ്വാസകരമായിരിക്കുകയാണ്.വടകരയില്‍ നിന്നും കൂത്തുപറമ്പിൽ നിന്നും വാഹനയാത്രക്കാര്‍ മാഹിയിലെ പെട്രോള്‍ പമ്പുകളിലേക്ക് കുറഞ്ഞവിലയിലുള്ള എണ്ണയടിക്കാന്‍ എത്തുന്നുണ്ട്.കേന്ദ്രസര്‍ക്കാരിന് പിന്നാലെ പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മയ്യഴി മേഖലയില്‍ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയി വരുന്ന സ്വകാര്യബസുകളും മാഹിയില്‍ നിര്‍ത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്.പെട്രോളിന് 92.52 രൂപയും, ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വ്യാഴാഴ്ച്ചത്തെ വില.അതേ സമയം മാഹിക്ക് തൊട്ടടുത്ത് കിടക്കുന്ന തലശേരി നഗരത്തില്‍ ഇപ്പോഴും പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്.

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

keralanewscovaxin approved by the world health organization

ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.ഡബ്ല്യൂഎച്ച്ഒയുടെ ഉപദേശക സമിതി അടിയന്തിര ഉപയോഗത്തിനായുള്ള അനുമതി കൊവാക്‌സിന് നൽകി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്ബനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്.കോവിഡ് പ്രതിരോധിക്കാന്‍ കൊവാക്‌സീന്‍ ഫലപ്രദമെന്ന് സമിതി വിലയിരുത്തി. കൊവാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അമേരിക്ക യാത്രാനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ യാത്രാനുമതി നിലവില്‍ വരും. കൊവാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം.  ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സീനാണ് കൊവാക്‌സിന്‍. ഓസ്‌ട്രേലിയ, ഇറാൻ, മെക്‌സിക്കോ, ഒമാൻ, ഗ്രീസ്, മൗറീഷ്യസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കൊവാക്‌സിൻ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യൂഎച്ച്ഒയുടെ നടപടി. കൊറോണയ്‌ക്കെതിരെ 77.8 ശതമാനം ഫലപ്രാപ്തിയാണ് കൊവാക്‌സിൻ തെളിയിച്ചിട്ടുള്ളത്. കൊറോണയുടെ ഡെൽറ്റ വകഭേദത്തിൽ നിന്നും 65.2 ശതമാനം സംരക്ഷണവും കൊവാക്‌സിന് നൽകാൻ കഴിയുമെന്ന് പഠനങ്ങളിൽ പറയുന്നു.

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചു;കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു

keralanews center reduces excise duty petrol and diesel prices fall in kerala

തിരുവനന്തപുരം: കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു.ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു.കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. വില കുറഞ്ഞതിനുശേഷം സംസ്ഥാന നികുതി പെട്രോളിന് 21 രൂപ 5 പൈസയും ഡീസലിന് 17 രൂപയുമായിരിക്കും.കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞതാണ് വില കുറയാന്‍ കാരണം. ഇതുകൊണ്ട് തന്നെ സംസ്ഥാന നികുതി കുറയ്‌ക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് പെട്രോള്‍ 105 രൂപ 86 പൈസയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില.കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ്.

തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പിലെ കൂറ്റന്‍ മരം കടപുഴകി; വനിതാ കോണ്‍സ്റ്റബിളിനു ദാരുണാന്ത്യം

keralanews woman constable died when big tree fall on her in tamilnau secretariate premises

ചെന്നൈ: തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പിലെ കൂറ്റന്‍ മരം കടപുഴകി വീണ് ഡ്യൂട്ടിയിലായിരുന്ന വനിതാ കോണ്‍സ്റ്റബിളിനു ദാരുണാന്ത്യം.കവിത(45)യാണ് മരിച്ചത്.ഇന്നു രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്. സെക്രട്ടേറിയറ്റിന്റെ എക്‌സിറ്റ് ഗേറ്റില്‍ ഡ്യൂട്ടിയായിലായിരുന്നു കവിത. മരം കടപുഴകി കവിതയ്ക്ക് മേല്‍ പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരു പൊലീസുകാരന് നിസ്സാര പരിക്കേറ്റു.മരത്തിനു കീഴെ വേറെയും പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി മാറുകയായിരുന്നു. തിരക്കുള്ള ദിവസം ആയിരുന്നെങ്കില്‍ വന്‍ ദുരന്തം ആവുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന നിരവധി പേര്‍ വന്നുനില്‍ക്കുന്ന സ്ഥലമാണ് ഈ മരച്ചുവട്. ഇന്നു രാവിലെ മഴയായതിനാല്‍ അധികം പേര്‍ ഉണ്ടായിരുന്നില്ല. കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം

keralanews aryan khan got bail in the case of drug party in luxury ship

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം.25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ബോംബെ ഹൈക്കോടതി ആര്യനും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചത്.ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മാത്രം പൂര്‍ത്തിയാകുകയുള്ളു എന്നതിനാല്‍ അതുവരെ ആര്യന് ജയിലില്‍ തന്നെ തുടരേണ്ടതായി വരും.ഈ മാസം എട്ടു മുതല്‍ ആര്യനും സംഘവും മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. ഇതിനുമുന്‍പ് മൂന്നുതവണ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു ദിവസത്തെ വാദംകേള്‍ക്കലിന് ഒടുവിലാണ് വ്യാഴാഴ്ച ജാമ്യം നല്‍കിയത്.ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്റെ സുഹൃത്തായ അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‌സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍ഖാന് മുന്‍കാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയില്‍ ഉന്നയിക്കപ്പെട്ടു.എന്നാല്‍ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്.

കുതിച്ചുയർന്ന് ഇന്ധന വില;കേരളത്തില്‍ പെട്രോള്‍ വില 110 രൂപ കടന്നു

keralanews fuel price is increasing in the state in kerala petrol price croses 110 rupees

ന്യൂഡൽഹി:രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധന വില.കേരളത്തിൽ ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വര്‍ധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയില്‍ 108 രൂപ 55 പൈസ പെട്രോളിനും 102. രൂപ 40 പൈസ ഡീസലിനുമായി.അതേസമയം രാജ്യത്ത് 120 രൂപയും കഴിഞ്ഞും ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 120 രൂപയും 49 പൈസയുമാണ്. ഡീസലിന് 111 രൂപയും 40 പൈസയുമായി ഉയര്‍ന്നു.അതിനിടെ ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കേരളത്തില്‍ നവംബര്‍ ഒൻപതുമുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. 2018-ല്‍ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാര്‍ജ് എട്ടുരൂപയാക്കിയത്. ഇപ്പോള്‍ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞു. 2011-ല്‍ 34,000 ബസുകള്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡിനുമുന്‍പ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോള്‍ 6000 ബസുകളാണ് നിരത്തിലുള്ളത്.മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റര്‍ നിരക്ക് ഒരുരൂപയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

രാജ്യത്ത് ഇനി മുതല്‍ കുട്ടികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു;9 മാസം മുതല്‍ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ തലയ്ക്ക് ചേരുന്ന ഹെല്‍മറ്റ് ധരിക്കണം

keralanews helmets mandatory for children on two wheelers in the country children between the ages of 9 months and 4 years are required to wear helmets

ഡല്‍ഹി: രാജ്യത്ത് ഇനിമുതല്‍ കുട്ടികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവ്.അപകടങ്ങളില്‍പ്പെടുന്ന കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയമം നടപ്പാക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഇതിനുള്ള നിര്‍ദ്ദേശം അയച്ചു.നാല് വയസ്സ് വരെ പ്രായമുള്ള കുട്ടി ബൈക്കില്‍ ഡ്രൈവര്‍ക്കൊപ്പം ഇരിക്കുകയാണെങ്കില്‍, ബൈക്കിന്റെ വേഗത 40 കിലോമീറ്ററില്‍ കൂടരുത്. 9 മാസം മുതല്‍ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍, പുറകിലിരുന്ന്, തലയ്ക്ക് ചേരുന്ന ഹെല്‍മറ്റ് ധരിക്കണമെന്ന് മോട്ടോര്‍ സൈക്കിള്‍ ഡ്രൈവര്‍ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.കുട്ടി ധരിക്കുന്ന ഹെല്‍മെറ്റും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബിഐഎസ്) അംഗീകാരം നേടിയിരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടാകും.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയെ ഡ്രൈവറുമായി ബന്ധിപ്പിക്കുന്നതിന് ഒരു സുരക്ഷാ ഹാര്‍നെസ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് അതില്‍ പറയുന്നു.ഒരു സുരക്ഷാ ഹാര്‍നെസ് എന്നത് കുട്ടി ധരിക്കുന്ന ഒരുതരം വസ്ത്രമാണെന്ന് പറയാം. ഇത് ക്രമീകരിക്കാവുന്നതാണ്, വെസ്റ്റില്‍ ഘടിപ്പിക്കുന്ന ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവര്‍ ധരിക്കുന്ന ഒരു ഷോള്‍ഡര്‍ ലൂപ്പും അടങ്ങിയിരിക്കുന്നു. ഈ രീതിയില്‍ കുട്ടിയുടെ ശരീരത്തിന്റെ മുകള്‍ഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നു.സുരക്ഷാ കവചം സംബന്ധിച്ച്‌, അത് ബിഐഎസിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതും ക്രമീകരിക്കാവുന്നതുമാണ്. ഇത് വാട്ടര്‍പ്രൂഫും മോടിയുള്ളതുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദ്ദേശമോ എതിര്‍പ്പോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇമെയില്‍ വഴി അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

കൊവാക്‌സിന് ആഗോള അംഗീകാരം ലഭിച്ചില്ല; ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെന്ന് ലോകാരോഗ്യ സംഘടന

keralanews covaxin did not receive global recognition world health organaisation says more clarity needed

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല.വാക്സിന് അംഗീകാരം നല്‍കുന്നതിന് മുൻപായി നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത തേടി. വാക്സിന്റെ അന്തിമ വിലയിരുത്തലിനായി സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരും.ഇത്തവണത്തെ സാങ്കേതിക ഉപദേശക സമിതി യോഗത്തില്‍ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതീക്ഷ. എന്നാല്‍ ,ഭാരത് ബയോടെക്കിനോട് കൂടുതല്‍ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. കൊവാക്‌സിന്റെ ജൂലൈ മുതല്‍ ഉള്ള വിവരങ്ങള്‍ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പല രാജ്യങ്ങളും കൊവാക്‌സിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിര്‍ണായകമാണ് അതേസമയം പഠനം നടത്താതെ , വ്യക്തമായി വിവരങ്ങള്‍ പരിശോധിക്കാതെ വാക്‌സിന്‍ സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ലെന്ന് നിലപാടിലാണ് ലോകാരോഗ്യ സംഘടന.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ നിര്‍മിക്കുന്നയത്. ഉപയോഗ അനുമതി ലഭിച്ചെങ്കിലും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിന് അംഗീകാരം ഇല്ല.