ന്യൂഡൽഹി:സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെ അലോക് വര്‍മ്മ സര്‍വ്വീസില്‍ നിന്നും രാജി വെച്ചു. സ്വാഭാവിക നീതി തനിക്ക് നിഷേധിച്ചു എന്ന് ആരോപിച്ചാണ് അലോക് വര്‍മ്മയുടെ രാജി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സിബിഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്നും വീണ്ടും നീക്കിയത്. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കായിരുന്നു മാറ്റം. എന്നാല്‍ ചുമതല ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി നല്‍കിയ കത്തിലാണ് സര്‍വ്വീസില്‍ നിന്നും രാജി വെക്കുന്നതായി അലോക് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.ഈ മാസം 31ന് വിരമിക്കാനിരിക്കുകയായിരുന്നു അലോക് വര്‍മ. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക് വര്‍മയെ സിബിഐ തലപ്പത്തുനിന്ന് മാറ്റിയത് അദ്ദേഹം റഫേല്‍ കേസില്‍ അന്വേഷണത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെയാണ്. അലോക് വര്‍മയെ പുറത്താക്കിയശേഷം സംഘപരിവാറിന്റെ വിശ്വസ്‌തനും വിവാദപുരുഷനുമായ നാഗേശ്വരറാവുവിനെയാണ് സിബിഐ തലപ്പത്ത് അവരോധിച്ചത്. ചുമതലയേറ്റയുടന്‍ റാവു നടപ്പാക്കിയത് കൂട്ടസ്ഥലംമാറ്റമാണ്. അന്യായസ്ഥലംമാറ്റത്തിനെതിരെ എ കെ ശര്‍മ എന്ന ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണം ഉയര്‍ത്തിയിരുന്നു.ബിജെപിയുടെ വിശ്വസ്‌തനായ രാകേഷ് അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ച് രാഷ്ട്രീയസര്‍ക്കാര്‍ അജന്‍ഡ നടപ്പാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്‌തത്.അസ്‌താനയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അലോക് വര്‍മ ശ്രമിച്ചതും സ്ഥാനചലനത്തിനു കാരണമായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചുവന്ന അലോക് വര്‍മ സിബിഐ ആസ്ഥാനത്ത് വീണ്ടും അഴിച്ചുപണിക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് കസേര നഷ്‌ടമായി.
സി.ബി.ഐ ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ പുറത്താക്കി
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം റദ്ദാക്കി സുപ്രീംകോടതി തിരിച്ചെടുത്ത സി. ബി. ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്‌ഷന്‍ കമ്മിറ്റി ഭൂരിപക്ഷ തീരുമാനത്തോടെ ( 2-1) തല്‍സ്ഥാനത്ത് നിന്ന് മാറ്റി.സമിതി അംഗമായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിയോജിപ്പ് തള്ളിയാണ് തീരുമാനം.ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയുടെ യോഗമാണ് വര്‍മ്മയെ മാറ്റിയത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗം അലോക് വര്‍മ്മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തു. പ്രധാനമന്ത്രിയും സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ. കെ. സിക്രിയും സി.വി.സി നിഗമനങ്ങള്‍ ശരിവച്ചപ്പോള്‍ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. തീരുമാനം മാറ്റി വയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.അലോക് വർമ്മയെ നീക്കേണ്ടതില്ലെന്നും റാഫേൽ കേസിൽ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.സി. വി. സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടര മാസം മുന്‍പ് അലോക് വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്‌താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി മാറ്റിയത്. അതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി.സി റിപ്പോര്‍ട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്‌ചയ്‌ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ചയാണ് സി.ബി.ഐ ഡയറക്‌ടര്‍ പദവിയില്‍ അലോക് വര്‍മ്മ തിരിച്ചെത്തിയത്. അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. വര്‍മ്മയ്‌ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.ബുധനാഴ്‌ച രാത്രി ഉന്നതതല സമിതി ചോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഇലക്ട്രിക് വാഹന വിപണി പിടിച്ചടക്കാൻ ടാറ്റാ മോട്ടേർസും മഹേന്ദ്രയും കടുത്ത മത്സരത്തിൽ
മുംബൈ:രാജ്യത്ത് ഇലക്ട്രിക്ക് വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ ചെയ്യുന്നതിനായി ഗവണ്മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്ന EESL(Energy Efficiency Services) കമ്പനിയിൽ നിന്നും കൂടുതൽ കോൺട്രാക്റ്റുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് നിൽവിൽ വാഹന നിർമാണ രംഗത്ത് ഇന്ത്യയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സും മഹിന്ദ്ര ആൻഡ് മഹീന്ദ്രയും.ഇതിന്റെ ഭാഗമായി നിലവിൽ വിതരണം ചെയ്ത 150 യൂണിറ്റ് കാറുകൾക്ക് പുറമെ 4800 ബാറ്ററി പവേർഡ് Verito Sedan കാറുകൾ കൂടി വിതരണം ചെയ്യാനുള്ള കോൺട്രാക്ട് EESL കമ്പനിയിൽ നിന്നും മഹിന്ദ നേടിക്കഴിഞ്ഞു.അതേസമയം 5050 ഇലക്ട്രിക്ക് കാറുകൾ വിതരണം ചെയ്യനുള്ള കോൺട്രാക്ടാണ് ടാറ്റ മോട്ടോഴ്സിന് ലഭിച്ചിരിക്കുന്നത്.കൂടുതൽ കോൺട്രാക്ട് നേടിയെടുത്തെങ്കിലും മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ കോൺട്രാക്റ്റിലൂടെ ടാറ്റ മോട്ടോഴ്സിന് ലഭിക്കുന്ന വരുമാനത്തിൽ കുറവുണ്ടാകും.അതായത് 13.5 ലക്ഷം രൂപ(വാർഷിക മെയ്ന്റനൻസ് കോൺട്രാക്ട് ഉൾപ്പെടെ)വിലമതിക്കുന്ന 4950 ഇലക്ട്രിക്ക് വെരിറ്റോ കാറുകൾ വിതരണം ചെയ്യുമ്പോൾ മഹിന്ദ ആൻഡ് മഹിന്ദ്ര കമ്പനിക്ക് ലഭിക്കുന്ന വരുമാനം 668 കോടി രൂപയാണ്.അതേസമയം 11.2 ലക്ഷം രൂപ(വാർഷിക മെയ്ന്റനൻസ് കോൺട്രാക്ട് ഉൾപ്പെടെ) വിലയുള്ള 5050 ഇലക്ട്രിക്ക് ടിഗോർ വിതരണം ചെയ്യുന്നതിലൂടെ ടാറ്റ മോട്ടോഴ്സിന്റെ വരുമാനം 556 കോടി രൂപയാണ്.ഇത് മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്.
2017 ഇൽ EESL നേടിയെടുക്കാൻ ശ്രമിച്ച ആദ്യ 10000 യൂണിറ്റുകളുടെ ഭാഗമാണ് ഈ ഓർഡറുകൾ.അടുത്തിടെ മാധ്യമങ്ങളുമായി സംസാരിച്ച മഹിന്ദ്ര കമ്പനിയുടെ മാനേജിങ് ഡയറക്റ്റർ പറഞ്ഞത് EESL ന്റെ ആദ്യഘട്ട ഓർഡറിന്റെ അടിസ്ഥാനത്തിൽ 4800 ഇലക്ട്രിക്ക് വെരിറ്റോ കാറുകൾ വിതരണം ചെയ്യാനുള്ള കോൺട്രാക്റ്റുകൾ ലഭിച്ചിട്ടുണ്ട് എന്നാണ്.മാസം തോറും 500 യൂണിറ്റ് കാറുകൾ വീതം വിതരണം ചെയ്ത് ഒരു വർഷത്തിനുള്ളിൽ തങ്ങൾ ഈ ഓർഡറുകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
EESL ആവശ്യപ്പെടുന്ന യൂണിറ്റ് കാറുകൾ വിതരണം ചെയ്യുന്നതിനായി കമ്പനിയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിച്ചുവരികയാണ് തങ്ങളെന്ന് ടാറ്റ മോട്ടോഴ്സിന്റെ കമ്പനി വക്താവ് അറിയിച്ചു.ഇലക്ട്രിക്ക് റ്റിയാഗൊ,ടിഗോർ കാറുകൾ തങ്ങളുടെ കൈവശമുണ്ടെങ്കിലും അവ വിപണിയിലിറക്കാൻ ടാറ്റ മോട്ടോർസ് ഇതുവരെ തയ്യാറായിട്ടില്ല.”നാളെ തന്നെ ഈ കാറുകൾ നിരത്തിലിറക്കാൻ തങ്ങൾ തയ്യാറാണ്.എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെയും ചാർജിങ് സ്റ്റേഷനുകളുടെയും അഭാവം തങ്ങളെ ഇതിൽ നിന്നും പിന്നോട്ടുവലിക്കുകയാണെന്നും” കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2019 ലും 2020 ലും രണ്ട് പുതിയ ലോഞ്ചുകൾ നടത്തിക്കൊണ്ട് മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനി ഇലക്ട്രിക്ക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തും.കോംപാക്റ്റ് യൂട്ടിലിറ്റി വാഹനമായ KUV 100 ന്റെ ഇലക്ട്രിക്ക് മോഡൽ അടുത്ത വർഷം മധ്യത്തോടെ നിരത്തിലിറക്കും.XUV 300 ന്റെ ബാറ്ററി പവേർഡ് വേർഷൻ 2020 ന്റെ ആദ്യപകുതിയുടെ അവസാനത്തോടെ ഷോറൂമുകളിലെത്തും.ഈ സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ആവശ്യകത കുറഞ്ഞത് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് വാഹന വിപണിയെ പിന്നോട്ട് വലിച്ചിരിക്കുകയാണ്.Society of Indian Automobile Manufacturers (SIAM)ന്റെ കണക്കനുസരിച്ച് മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ 37 ശതമാനം കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.അതായത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 530 യൂണിറ്റ് കാറുകൾ വിറ്റപ്പോൾ ഈ വർഷം അത് 330 യൂണിറ്റ് മാത്രമാണ്.
പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി; ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാം
ന്യൂഡല്‍ഹി:ചരക്ക് സേവനനികുതിക്ക് മേല്‍ പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി. ഒരു ശതമാനം സെസ് രണ്ടു വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാം.ഏത് ഉത്പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ്സെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തരപുനര്‍നിര്‍മ്മാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം.ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ.ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിയിരുന്നു. അതേസമയം, ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇതു നേട്ടമാകും.
സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു
ന്യൂഡൽഹി:സി ബി ഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു. ഡയറക്ടര്‍ ചുമതലയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.ജൂലൈ മാസം മുതല്‍ സിബിഐ തലപ്പത്തു പ്രശ്നമുണ്ടായിട്ടും ഒക്ടോബര്‍ 23 നു അര്‍ദ്ധരാത്രി നാടകീയ നീക്കങ്ങളിലൂടെയാണ്അലോക് വർമയെ പുറത്താക്കിയത്.പൂര്‍ണ അധികാരമുള്ളപ്പോള്‍ പുറത്താക്കപ്പെട്ട അലോക് വര്‍മ ഭാഗികമായ അധികാരങ്ങളോടെയാണ് തിരിച്ചു വന്നിരിക്കുന്നത്.രാവിലെ 10 45 ഓടെ ആസ്ഥാനത്തെത്തിയ അലോക് വര്‍മ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു.നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെങ്കിലും പുതിയ കേസുകള്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനും, പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുന്നതിനും അലോക് വര്‍മക്ക് തടസങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.അതേസമയം അലോക് വര്‍ക്കെതിരായ പരാതികള്‍ ഒരാഴ്ച്ചക്കകം പരിഗണിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ഹൈപവര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈപവര്‍ കമ്മിറ്റി അംഗമായ ചീഫ് ജസ്റ്റിസ് യോഗത്തില്‍ പങ്കെടുക്കില്ല. പകരം ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയുള്ള ഹരജി പരിഗണിച്ചതും വിധിയെഴുതിയതും ചീഫ് ജസ്റ്റിസായിരിരുന്നു. ഇതിനാലാണ് ഹൈപവര്‍ കമ്മിറ്റിയില്‍ യോഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം.പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുനെ ഖാര്‍ഗേയുമാണ് ഹൈ പവര്‍ കമ്മിറ്റിയിലുള്ള മറ്റു അംഗങ്ങള്‍.
സിബിഐ കേസിൽ കേന്ദ്രത്തിന് തിരിച്ചടി;അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി.അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.ജസ്റ്റിസ് എസ്.കെ കൗൾ,കെ.എം ജോസഫ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. ഈ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ്മ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി.അലോക് വര്‍മ്മക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അതിന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടാണ് സിവിസി നല്‍കിയത്. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ വിവാദം ദേശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അലോക് വര്‍മ്മ ജനുവരി 31-നാണ് സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ടിയിരുന്നത്.
ജനത്തെ വലച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു;കെഎസ്ആർടിസി അടക്കം ഗതാഗതം മുടങ്ങി;ട്രെയിൻ ഗതാഗതവും താറുമാറായി
ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നിലയ്ക്കും.റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും.സംസ്ഥാനത്തും പണിമുടക്ക് പൂർണ്ണമാണ്.പലയിടത്തും ട്രെയിന്‍, കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രെയിന്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. അന്തര്‍സംസ്ഥാന സര്‍വ്വീസുകളും മുടങ്ങി.വേണാട്, രപ്തിസാഗര്‍, ജനശതാബ്ദി എക്‌സ്പ്രസുകള്‍ തിരുവനന്തപുരത്ത് തടഞ്ഞു. വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.എറണാകുളത്ത് നിന്നുള്ള കെഎസ്‌ആര്‍ടിസി ഷെഡ്യൂളുകള്‍ മുടങ്ങി. വയനാട് നിന്നുളള കെഎസ്‌ആര്‍ടിസി സര്‍വീസുകളും മുടങ്ങി.അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല.നിലയ്ക്കല്‍,എരുമേലി, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല.പണിമുടക്കിന്‍റെ ഭാഗമായി കടകള്‍ നിര്‍ബന്ധിപ്പിച്ച് അടക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചേളാരി ഐഒസി പ്ലാന്‍റിലും എറണാകുളം സെസിലും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സഹപ്രവര്‍ത്തകര്‍ തടഞ്ഞു. അതേസമയം തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പതിവ് പോലെ കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരെ തടഞ്ഞു.
ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം
സിഡ്‌നി:ഓസ്‌ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചു.അവസാന ടെസ്റ്റില്‍ ഓസീസ് ഫോളോ ഓണ്‍ ചെ്യതു കൊണ്ടിരിക്കെ അഞ്ചാം ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു.ആദ്യ ഇന്നിങ്സില്‍ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 322 റണ്‍സിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും ബാറ്റിങിനയച്ചു. രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിക്കാനിരുന്ന ഓസീസിന് മഴ മൂലം അതിന് സാധിച്ചില്ല. ശക്തമായ മഴയായതിനാല്‍ അവസാന ദിനം ഉപേക്ഷിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്യുകയായിരുന്നു.ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്ബര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കൊഹ്‌ലി സ്വന്തമാക്കി.പരമ്പരയിലെ കേമനും പുജാര തന്നെയാണ്.നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 2-1 നാണ് ഇന്ത്യന്‍ ജയം. അഡലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനും, മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 137 റണ്‍സിനും ഇന്ത്യ ജയിച്ചപ്പോള്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 146 റണ്‍സിന് ഓസീസ് ജയം നേടുകയായിരുന്നു.
48 മണിക്കൂർ ദേശീയപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.ജിഎസ്ടി മൂലമുള്ള വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.ബാങ്കിങ‌്, പോസ്റ്റല്‍, റെയില്‍വേ തുടങ്ങി സമസ‌്ത മേഖലയിലും പണിമുടക്ക‌് പ്രതിഫലിക്കും. ടാക‌്സികളും പൊതുവാഹനങ്ങളും പണിമുടക്കുമെന്ന‌് ട്രാന്‍സ‌്പോര്‍ട്ട‌് തൊഴിലാളികളുടെ അഖിലേന്ത്യാ ഏകോപന സമിതി പ്രഖ്യാപിച്ചു. പിന്തുണയുമായി വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന‌് നിരവധി സംഘടനകളാണ‌് രംഗത്തെത്തിയത‌്. ആള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ‌് യൂണിയന്‍ നാഗാലാന്‍ഡ‌് ഘടകവും സംയുക്ത സംഘടനയായ അസം മോട്ടോര്‍ വര്‍ക്കേഴ‌്സ‌് യൂണിയനടക്കമുള്ള സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും.സംഘടിതമേഖലയ‌്ക്കൊപ്പം തെരുവുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും.ശബരിമല വിഷയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ക്ക് പിന്നാലെയാണ് ദേശീയ പണിമുടക്ക്, 19ഓളം തൊഴിലാളി യൂണിയനുകള്‍ പങ്കെടുക്കുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറാനാണ് സാധ്യത.പാല്‍, പത്രം, ആശുപത്രി, ടൂറിസം മേഖലകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ഒരുതരത്തിലുള്ള ബല പ്രയോഗങ്ങളും ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.
ഷിംല:ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു.സിര്‍മോര്‍ ജില്ലയിലെ ദാവ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ആറ് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ഡ്രൈവറുമാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.12 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പലരുടേയും നില ഗുരുതരമായ തുടരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി .