മോസ്‌കോ:റഷ്യയിലെ കെർഷ് കടലിടുക്കിൽ റഷ്യൻ കടലിൽ ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച രണ്ട് ചരക്ക് കപ്പലുകൾക്ക് തീപിടിച്ചു.റഷ്യൻ സമുദ്രാതിർത്തിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.ടാൻസാനിയയുടെ പതാകയുള്ള കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്.ഇന്ത്യ,തുർക്കി,ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ ജീവനക്കാർ.ഒരു കപ്പലിൽ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും മറ്റൊന്ന് ടാങ്കറുമായിരുന്നു.പ്രകൃതി വാതകം ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.രണ്ടു കപ്പലുകളിലുമായി 32 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇതിൽ 15 പേർ ഇന്ത്യക്കാരാണ്. അപകടത്തിൽ 11 പേർ മരിച്ചതായി റഷ്യൻ വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.ഇതിൽ എത്രപേർ ഇന്ത്യക്കാരാണെന്ന് വ്യക്തമല്ല.ആദ്യം ഒരു കപ്പലിന് തീപിടിക്കുകയും ഇത് അടുത്ത കപ്പലിലേക്ക് പടരുകയുമായിരുന്നു.തീപിടുത്തമുണ്ടായ ഉടനെ കടലിൽ ചാടിയ ജീവനക്കാരിൽ പന്ത്രണ്ടുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു.ഒൻപതു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി 8 ന് സുപ്രീം കോടതി പരിഗണിച്ചേക്കും
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 8ന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയുള്ള താത്കാലിക തീയതിയാണിത്.ശബരിമല വിധിയുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജികള്‍ക്കു ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂയെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധി തുടരുന്നതിനാല്‍ 22-ാം തീയതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തീയതി കോടതി പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന തീയതി നീട്ടിയാല്‍ റിട്ട് ഹര്‍ജി പരിഗണിക്കുന്ന തീയതിയും നീണ്ട് പോകും.
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയരുന്നു
ന്യൂഡൽഹി:തുടർച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനവ്.പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.ഇതോടെ പെട്രോളിന്‍റെ വില ലിറ്ററിന് 74 കടന്നു. 70രൂപ 60 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്‍റെ ഇന്നത്തെ വില.രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ‌് ഓയില്‍ വില കൂടിയതുമാണ‌് വര്‍ധനയ‌്ക്ക‌് കാരണമെന്ന‌് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു.
ചരിത്രം രചിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു
കൃഷ്ണഗിരി(വയനാട്):ചരിത്രം രചിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ കടന്നു. കൃഷ്ണഗിരിയില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം ആദ്യ സെമി പ്രവേശം സാധ്യമാക്കിയത്.ഇത്തവണത്തെ ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമാണ് എടുത്തത്.എന്നാല്‍, പേസര്‍മാര്‍ 162 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടതോടെ കേരളത്തിന് വിജയ സാധ്യത കണ്ടുതുടങ്ങി. 195 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും കേരള ബൗളര്‍മാരെ വെല്ലുവിളിക്കാന്‍ ഗുജറാത്തിന് ആയില്ല. 20 റണ്‍സെടുക്കുന്നതിനിടയ്ക്ക് മൂന്ന് വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ത്തത്. നാല് വിക്കറ്റുമായി സന്ദീപ് വാരിയര്‍ പിന്തുണകൊടുത്തു.വിദര്‍ഭയായിരിക്കും സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍. വയനാട്ടില്‍ വെച്ച് തന്നെയാണ് സെമിഫൈനലും നടക്കുന്നത്.
മേഘാലയ ഖനി അപകടം;ഒരാളുടെ മൃതദേഹം കണ്ടെടുത്തു
ദില്ലി: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.2018 ഡിസംബര്‍ 13ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. 15 തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.മറ്റുള്ളവർക്കായി നാവികസേന തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് ഖനിക്കുള്ളിൽ വെള്ളം കയറിയത് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുന്നു.ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഖനിയ്ക്കുള്ളില്‍ 200 അടിയോളം താഴ്ച്ചയിലാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേന അറിയിക്കുന്നത്.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
ഷാർജ:ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ബഹ്റൈനെതിരായി ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു.വിം കോവർമാൻ സിന്റെ പിൻഗാമിയായി 2015ൽ ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റ കോൺസ്റ്റന്റൈനു കീഴിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173 ആം സ്ഥാനത്തുനിന്ന് 97 ആം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. നേരത്തെ 2002-2005 വര്‍ഷങ്ങളിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിട്ടുള്ള കോണ്‍സ്റ്റന്റൈന്‍, തന്റെ രണ്ടാം വരവില്‍ ഇന്ത്യയെ നേട്ടങ്ങളിലേക്ക് നയിക്കുകയായിരുന്നു.എന്നാല്‍ ഏഷ്യാകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ ഈ അന്‍പത്തിയാറുകാരന്‍ തീരുമാനിക്കുകയായിരുന്നു.
ഏഷ്യൻ കപ്പ് ഫുട്ബോൾ;ഇന്ത്യ പുറത്ത്
ഷാർജ:എഎഫ‌്സി ഏഷ്യന്‍ കപ്പ് ഫുട‌്ബോളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബഹ്റൈനോട‌് തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്ത്. എതിരില്ലാത്ത ഒരു ഗോളിനാണ‌് ബഹ‌്റൈന്റെ ജയം. കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജമാല്‍ റഷീദാണ‌് വിജയഗോള്‍ നേടിയത‌്.ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി.തുടക്കംമുതല്‍ ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബഹ്റൈനെ പ്രതിരോധക്കരുത്തിലാണ‌് ഇന്ത്യ അവസാനംവരെ തടഞ്ഞുനിര്‍ത്തിയത‌്. യുഎഇയെ നേരിട്ട ഇന്ത്യന്‍നിരയില്‍ ഒരു മാറ്റവുമായാണ‌് പരിശീലകന്‍ സ‌്റ്റീഫന്‍ കോണ്‍സ‌്റ്റന്റൈന്‍ ടീമിനെ വിന്യസിച്ചത‌്.മൂന്നു മത്സരങ്ങളില്‍ തായ്‌ലന്‍ഡിനെതിരായ ജയത്തില്‍നിന്ന‌് ലഭിച്ച മൂന്ന‌് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ അവസാന സ്ഥാനത്തായി. ഗ്രൂപ്പിലെ രണ്ടാംമത്സരത്തില്‍ യുഎഇയെ ഒരു ഗോളിന‌് സമനിലയില്‍ തളച്ച തായ്‌ലന്‍ഡ്, ഗ്രൂപ്പില്‍ മൂന്നാമതെത്തി. ഒരു ജയവും രണ്ട‌് സമനിലയും ഉള്‍പ്പെടെ അഞ്ച‌് പോയിന്റുമായി യുഎഇയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒരു ജയവും സമനിലയും ഉള്‍പ്പെടെ നാല‌് പോയിന്റുമായി ബഹ്റൈന്‍ രണ്ടാംസ്ഥാനത്തെത്തി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.യുവതീപ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ ജഡ്ജി ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധിയിലായ പശ്ചാത്തലത്തിലാണ് മുന്‍നിശ്ചയ പ്രകാരം 22ന് കേസ് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയെടുത്തിരിക്കുന്ന ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറയ്ക്ക് കേസ് കേള്‍ക്കുന്ന പുതിയ തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അൻപതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളും മറ്റ് കോടതിയലക്ഷ്യ ഹര്‍ജികളുമാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. എല്ലാ ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് നേരത്തെ അറിയിച്ചിരുന്നു.
ഇലക്ട്രിക്ക് മാരുതി സുസുകി വാഗൺ ആർ കാറുകൾ ഇന്ത്യൻ നിരത്തിൽ
‘ബെസ്റ്റ്’ ബസ് തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക് കടന്നു
മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുംബൈ ഇലക്‌ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട് (ബെസ്റ്റ്) തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ഏകദേശം 30 ലക്ഷത്തോളം യാത്രക്കാര്‍ക്കാണ് ബെസ്റ്റ് ബസിന്‍റെ സേവനം ലഭിക്കുന്നത്. ഇതുകൊണ്ടു തന്നെ ജനജീവിതത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.കടബാധ്യത ഇല്ലാതാക്കുക, ശമ്പള പരിഷ്‌കരണം കൂടാതെ തൊഴിലാളികള്‍ക്ക് ബോണസ് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.