മുംബൈ:സാധാരണക്കാരന്റെ വാഹനമായി 2009 ല്‍ നിരത്തിലിറങ്ങിയ നാനോ കാറിന്റെ നിര്‍മ്മാണം അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ കമ്പനി.2020ന് അപ്പുറത്തേക്ക് നാനോയുടെ ഉല്‍പ്പാദനം തുടരാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാനോ ഉല്‍പ്പാദനം നിര്‍ത്തുകയാണെന്ന കൃത്യമായ പ്രഖ്യാപനം ഔദ്യോഗികമായുണ്ടാവുന്നത് ഇതാദ്യമായാണ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബിഎസ്-6 (ഭാരത് സ്റ്റേജ് 6) മാനദണ്ഡങ്ങള്‍ താങ്ങാന്‍ നാനോയ്ക്ക് ശേഷിയില്ലെന്നാണ് ഇതിനു കാരണമായി കമ്പനിയുടെ പാസഞ്ചര്‍ വെഹിക്കിൾ ബിസിനസ് യൂനിറ്റ് തലവനായ മായങ്ക് പരീഖ് അറിയിച്ചിരിക്കുന്നത്.പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഫീച്ചറുകള്‍ ഏര്‍പ്പെടുത്താനും നവീകരണങ്ങള്‍ വരുത്താനും നാനോയില്‍ സാധ്യമല്ലെന്നും അതിനാൽ 2020 ഏപ്രില്‍ മാസത്തോടെ നാനോ ഉല്‍പ്പാദനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഖീനാവ
മുംബൈ:പുതിയ ഐ-പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒഖീനാവ.1.15 ലക്ഷം രൂപയാണ് ഇന്റലിജന്റ് സ്കൂട്ടർ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഐ പ്രെയ്‌സിന്റെ വില.കഴിഞ്ഞ പതിനഞ്ചു ദിവസംകൊണ്ട് നാനൂറ്റിയമ്പതില്‍പ്പരം ബുക്കിംഗ് പുതിയ സ്‌കൂട്ടര്‍ നേടിക്കഴിഞ്ഞതായി ഒഖീനാവ വെളിപ്പെടുത്തി.ബുക്ക് ചെയ്തവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ നാവിക സേനയാണ് ആദ്യമുള്ളത്.തിളക്കമേറിയ റെഡ്, ഗോള്‍ഡന്‍ ബ്ലാക്ക്, ഗ്ലോസി സില്‍വര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഐ-പ്രെയ്‌സ് ലഭ്യമാവുക.ഊരിമാറ്റാവുന്ന ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് ഒഖീനാവ ഐ-പ്രെയിസില്‍.സാധാരണ 5A പവര്‍ സോക്കറ്റ് മതി ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍. അതായത് ചാര്‍ജ്ജിംഗ് സ്റ്റേഷനില്ലെങ്കിലും കുഴപ്പമില്ല. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന മാതൃകയില്‍ വീട്ടിലെ പ്ലഗില്‍ കുത്തിയിട്ട് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമെന്ന് ഒഖീനാവ പറയുന്നു.
നിരോധിത കീടനാശിനികള്‍ വ്യാജലേബലില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക്
ചെന്നൈ:നിരോധിത കീടനാശിനികള്‍ വ്യാജലേബലില്‍ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നതായി റിപ്പോർട്ട്.അംഗീകൃത കീടനാശിനികളുടെ വ്യാജ ലേബല്‍ പതിച്ചാണ് തമിഴ്നാട്ടിലെ ഇടനിലക്കാര്‍ നിരോധിത മരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.മെര്‍ക്കുറിക്ക് ക്ലോറേഡ്,ഫ്രഫന്ന ഫോസ് , ട്രൈസോഫോസ്, മോണോക്രോട്ടോഫോസ് തുടങ്ങി നിരോധിത പട്ടികയിലുള്ള കീടനാശിനികള്‍ എത്ര അളവ് വേണമെങ്കിലും ചെന്നൈയിലെ ഇടനിലക്കാരില്‍ നിന്ന് ലഭ്യമാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ സാധാരണ പരിശോധന ഉണ്ടാകാറില്ലെന്നും, മുന്‍കരുതല്‍ എന്ന നിലയില്‍ അംഗീകൃത കീടനാശിനികളുടെ വ്യാജലേബല്‍ പതിച്ചാണ് അയക്കുകയെന്നും ഇടനിലക്കാര്‍ തന്നെ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.ചെറിയ അളിവാലാണെങ്കില്‍ മലയോര മേഖലയില്‍ ജോലിക്കെത്തുന്ന തൊഴിലാളികളുടെ വാഹനത്തിലോ ചരക്ക് വാഹനങ്ങളെയോ കേരളത്തിലേക്ക് എത്തിക്കും. അനിലോഫോസ്, പാരക്ക്വറ്റ്, അട്ടറസൈന്‍ തുടങ്ങിയ കീടനാശിനികളുടെ വില്‍പനയ്ക്ക് തമിഴ്നാട്ടിലും വിലക്ക് ഉണ്ടെങ്കിലും പരിശോധന കാര്യക്ഷമം അല്ലാത്തതിനാല്‍ ചെറുകടകളില്‍ പോലും ലഭ്യമാണ്. വിലപ്രശ്നമെങ്കില്‍ തമിഴ്നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ലോക്കല്‍ കീടനാശിനി എത്തിച്ച് നല്‍കാനും ഇടനിലക്കാര്‍ തയാറാണ്.
പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്;കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറി
ന്യൂഡൽഹി:പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കി കോൺഗ്രസിന്റെ കരുത്തുറ്റ നീക്കം.കിഴക്കൻ യുപിയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രെട്ടറിയായി പ്രിയങ്ക ചുമതലയേറ്റു.സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയാണ് ഇന്നലെ നിയമനം നടത്തിയത്.പ്രിയങ്ക ഫെബ്രുവരി ആദ്യം ചുമതലയേല്‍ക്കും.ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു.രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് പോയപ്പോള്‍ ഒഴിവുവന്ന എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി പദവിയിലാണ് കെ.സി വേണുഗോപാലിനെ നിയമിച്ചത്.യുപിയില്‍ എസ‌്പി–ബിഎസ‌്പി സഖ്യത്തില്‍നിന്ന‌് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന‌് കടുത്ത നിരാശയിലായിരുന്നു കോണ്‍ഗ്രസ‌് അണികള്‍. പഴയ ശക്തികേന്ദ്രത്തില്‍ ഏതുവിധേനയും വീണ്ടും സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായാണ‌് പ്രിയങ്കയുടെ രംഗപ്രവേശം.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി, ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരഗ്‌പുര്‍, സോണിയയും രാഹുലും പ്രതിനിധാനം ചെയ്യുന്ന റായ‌്ബറേലി, അമേത്തി, നെഹ‌്റുവിന്റെ മണ്ഡലമായിരുന്ന ഫൂല്‍പ്പുര്‍ എന്നിവ കിഴക്കന്‍ യുപിയിലാണ‌്.
ഇന്ത്യയുടെ സ്വിറ്റ്‌സർലാന്‍ഡ് എന്നറിയപ്പെടുന്ന കോത്തഗിരിയിലേക്ക് ഒരു യാത്ര
യാത്രകളെ പ്രണയിക്കുന്നവരുടെ കാഴ്ചകൾക്ക് നിറം പകരാനും ഹൃദയത്തിന് കുളിരേകാനും യാത്രപോകാം ‘ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെട്ടുന്ന കോത്തഗിരിയിലേക്ക്.ഊട്ടിയിൽ നിന്നും ഏകദേശം 29 കിലോമീറ്റർ അകലെയാണ് കോത്തഗിരി ഹിൽ സ്റ്റേഷൻ.ഊട്ടിയുടെ അത്ര പ്രശസ്തമല്ലെങ്കിലും വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്.നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തിൽ ഊട്ടിയെ തോൽപ്പിക്കും. അതിഗംഭീരമൊരു വെള്ളച്ചാട്ടവും മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയുടെ പ്രധാന ആകർഷണങ്ങൾ.
പ്രകൃതി സൗന്ദര്യത്തിന്റെ കലവറയായ കോത്തഗിരിയിലെത്താന്‍ മേട്ടുപാളയത്തു നിന്നും 34 കിലോമീറ്റര്‍ മല കയറി റോഡിലൂടെ സഞ്ചരിക്കണം.പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരിയിൽ എത്തിച്ചേരാം. ഇരുള്‍മുറ്റി നില്‍ക്കുന്ന വന്‍മരങ്ങളും വള്ളികളും പാറക്കെട്ടുകളും ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളും നിറഞ്ഞ റോഡാണ് മേട്ടുപാളയം. ഹെയര്‍പിന്‍ വളവുകള്‍ക്കരികില്‍ വാനരക്കൂട്ടം ഉൾപ്പടെ ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി തുടങ്ങിയവയും പതിവു കാഴ്ചയാണ്.കോത്തഗിരിയിലെ കാലാവസ്ഥ സ്വിറ്റ്സർലാൻഡിലേതിനു കിടപിടിക്കുന്നതാണെന്നാണ് സഞ്ചാരികളുടെ വിലയിരുത്തൽ.
കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ കാഴ്ചകൾ.ഹോളിവുഡ് സിനിമകളിലെ അദ്ഭുത ലോകത്തു പ്രത്യക്ഷപ്പെടാറുള്ള പർവതങ്ങളുടെ രൂപമാണ് രംഗസ്വാമി മലയ്ക്ക്.അതുപോലെ കണ്ണിനു കുളിർമ്മ നൽകുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ കാതറിന്‍ വെള്ളച്ചാട്ടം.തണുപ്പുകാലത്ത് ഊട്ടിയുടെ അത്ര കഠിന തണുപ്പും ചൂടുകാലത്ത് ഊട്ടിയുടെ അത്ര ചൂടും ഇവിടെ അനുഭവപ്പെടാറില്ല.ബ്രിട്ടീഷുകാര്‍ പണിത അനേകം ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു.
പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു
തിരുച്ചിറപ്പള്ളി: പോളിഷ് ചെയ്ത് വിപണിയിലിറക്കാൻ സൂക്ഷിച്ച പ്രളയത്തിൽ നശിച്ച നൂറു ലോഡ് അരി തമിഴ്‌നാട്ടിലെ മില്ലിൽ നിന്നും കണ്ടെടുത്തു.കേരളത്തിലെ പ്രളയത്തിൽ നശിച്ച,കന്നുകാലികൾക്ക് പോലും നൽകരുതെന്ന് നിർദേശിച്ച അരിയാണ് കണ്ടെടുത്തത്. പോളിഷ് ചെയ്ത് വിപണിയിലിറക്കാനായി കരുതിയിരുന്ന ലോഡ് കണക്കിന് അരിയാണ് തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. പകുതിയോളം അരി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തും സൂക്ഷിച്ചിട്ടുണ്ട്. അരികളില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും ലേബലുകളുണ്ട്.കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു പോളിഷ് ചെയ്ത് ഇറക്കാന്‍ സൂക്ഷിച്ചതെന്ന് പരിശോധന നടത്തിയ പാലക്കാട്ടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തെ തുടർന്ന് മിൽ ഉടമകൾ ഒളിവിലാണ്.
ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍
കൊച്ചി: ഇന്ത്യയില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഭക്ഷണസംബന്ധമായ വീഡിയോകള്‍ നിരീക്ഷിക്കണമെന്ന് ഇന്റർനെറ്റ് ദാതാക്കളായ ഗൂഗിളിനോടും ഫേസ്ബുക്കിനോടും സര്‍ക്കാര്‍.ഭക്ഷണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഐടി മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.ഇത്തരം വീഡിയോകളും സന്ദേശങ്ങളും നീക്കം ചെയ്യണമെന്നും ഇവ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് തടയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (ഫസ്സായി) സിഇഒ പവന്‍കുമാര്‍ അഗര്‍വാള്‍ ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേപ്പിയറിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം
നേപ്പിയർ: നേപ്പിയറിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 38 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി.മാര്‍ട്ടിന്‍ ഗുപ്റ്റില്‍(5), കോളിന്‍ മണ്‍റോ (8), റോസ് ടെയ്‌ലര്‍ (24), ടോം ലാഥം (11 ), ഹെന്റി നിക്കോള്‍സ് (12), മിച്ചല്‍ സാന്റ്‌നര്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (64) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് കിവീസ് ബാറ്റിങ് നിറയെ തകർത്തെറിഞ്ഞത്.ഇതോടെ ഏകദിനക്രിക്കറ്റില്‍ 100 വിക്കറ്റെന്ന നേട്ടവും ഷമി സ്വന്തമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയാണ് ഷമി ഈ നേട്ടത്തിലെത്തിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്ത ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്.
ചരിത്രനേട്ടം;ഐസിസി അവാർഡിൽ മൂന്നും സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി
മുംബൈ:2018 ലെ ഐസിസി അവാർഡിൽ മൂന്നും സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോലി.ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയറിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി, ഐസിസി മെന്‍സ് ടെസ്റ്റ് പ്ലെയര്‍, ഐസിസി ഏകദിന താരം എന്നീ അവാര്‍ഡുകളാണ് താരം കരസ്ഥമാക്കിയത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ച കോലിയെ ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും തെരഞ്ഞെടുത്തു. 2018ല്‍ 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1322 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളും അദ്ദേഹം തികച്ചു. 14 ഏകദിനങ്ങളില്‍ നിന്നും 1202 റണ്ണും, 133.55 ശരാശരിയും, ആറ് സെഞ്ചുറിയും താരം നേടി. 10 ടി20 മത്സരങ്ങളില്‍ നിന്ന് 211 റണ്ണും കരസ്ഥമാക്കി.കഴിഞ്ഞ വര്‍ഷം സര്‍ ഗാരിഫീല്‍ഡ് ട്രോഫിയും, ഐസിസി ഏകദിന താരത്തിനുള്ള പുരസ്‌കാരവും വിരാട് കോലി നേടിയിരുന്നു.മുന്നോട്ടുള്ള യാത്രയ്ക്ക് ഉത്തേജകമാണ് തനിക്ക് ലഭിച്ച ഈ നേട്ടവും അംഗീകാരവുമെന്ന് കോഹ്‌ലി പ്രതികരിച്ചു.
ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും;ട്രെയിൻ ഗതാഗതമടക്കം താറുമാറായി
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി. മൂടല്‍മഞ്ഞും കാഴ്ച പരിധിയും കുറഞ്ഞതിനാല്‍ ട്രെയിൻ സര്‍വീസ് വൈകുകയാണ്.നഗരത്തില്‍ നിന്നുള്ള 15 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് ടത്തിയത്. തിങ്കളാഴ്ച ഉച്ച മുതലാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചത്. നഗരത്തിന്‍റെ വിവിധ മേഖലയില്‍ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിക്കല്‍ വകുപ്പ് അറിയിച്ചു.