ന്യൂഡൽഹി:മണിക്കൂറുകള്‍ നീണ്ട വാദ-പ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റി. വിധിയെ അനുകൂലിച്ചും എതിര്‍ത്തുമുളള വാദങ്ങള്‍ മൂന്നര മണിക്കൂറാണ് കോടതി കേട്ടത്. മുഴുവന്‍ ഹര്‍ജികളും കേള്‍ക്കാന്‍ തയ്യാറാകാത്ത കോടി അവശേഷിച്ച ഹര്‍ജികളില്‍ വാദം എഴുതി നല്‍കാന്‍ നിര്‍ദേശം നല്‍കി.രാവിലെ പത്ത് മണിയോടെയാണ് ശബരിമല കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷകരാണ് ആദ്യം വാദിച്ചത്. എന്‍എസ്‌എസിന് വേണ്ടി കെ പരാശരന്‍, ശബരിമല തന്ത്രിക്ക് വേണ്ടി വിവി ഗിരി, പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി മനു അഭിഷേഖ് സിംഗ്വി, ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖര്‍ നാഫ്‌ഡെ, ബിജെപി നേതാവ് രാധാകൃഷ്ണ മേനോന് വേണ്ടി മോഹന്‍ പരാശരന്‍, ഉഷ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കര നാരായണന്‍, പന്തളം കൊട്ടാരത്തിന് വേണ്ടി സായ് ദീപക് അടക്കമുളളവര്‍ വാദിച്ചു.ഹര്‍ജിക്കാരുടെ വാദങ്ങള്‍ മുഴുവന്‍ കേള്‍ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ അഭിഭാഷകര്‍ ബഹളമുണ്ടാക്കി. എന്നാല്‍ മര്യാദയ്ക്ക് പെരുമാറുന്നില്ലെങ്കില്‍ കോടിയലക്ഷ്യം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ബാക്കിയുളളവരുടെ വാദങ്ങള്‍ എഴുതി നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത വാദിച്ചു. പുനപരിശോധനാ ഹര്‍ജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ നിലപാടെടുത്തത്.ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞ ശേഷം വാദം വീണ്ടും തുടര്‍ന്നു. ദേവസ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദം ആരംഭിച്ചു. സര്‍ക്കാര്‍ നിലപാടിനോട് യോജിച്ച് കൊണ്ടുളള വാദങ്ങളാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ട് വെച്ചത്. തുടര്‍ന്ന് ഹാപ്പി ടു ബ്ലീഡ്, ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ക്ക് വേണ്ടി ഇന്ദിര ജയ്‌സിംഗ് ഹാജരായി. വിധി തുടരണമെന്ന് ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.മൂന്ന് മണിയോടെ വാദം പൂര്‍ത്തിയായി കോടതി കേസ് വിധി പറയുന്നതിനായി മാറ്റി.
ശബരിമല യുവതീ പ്രവേശന വിധി;പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു; വിധിയില്‍ പിഴവെന്ന് എന്‍എസ്‌എസ്
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശന വിധിക്കെതിരായുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വാദം കേൾക്കുന്നത്.സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹരജികള്‍, പുറമെ വിധിയിലെ മൌലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹരജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹരജികള്‍ , ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി. അങ്ങനെ ആകെ 65 ഹരജികളാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.
എന്‍എസ്‌എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആദ്യം വാദം കേള്‍ക്കുന്നത്.യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍എസ്‌എസ് വാദമുയര്‍ത്തിയത്. പ്രധാന വിഷയങ്ങള്‍ കോടതിയ്ക്ക് മുമ്ബില്‍ എത്തിയില്ലെന്നാണ് എന്‍എസ്‌എസിന്റെ വാദം. എന്‍എസ്‌എസിന് വേണ്ടി അഡ്വ.കെ.പരാശരന്‍ ആണ് വാദിക്കുന്നത്. വിധിയിലെ പിഴവുകള്‍ എന്താണെന്ന് പുനഃപരിശോധനാ ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമെന്ന് എന്‍എസ്‌എസ് അഭിഭാഷകന്‍ അറിയിച്ചു.
ശബരിമല;പുനഃപരിശോധനാ,റിട്ട് ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ,റിട്ട് ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹര്‍ജികള്‍, വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹര്‍ജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി എന്നിവയാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. മുന്‍ അറ്റോര്‍ണി ജനറല്‍ കെ. പരാശരന്‍, മോഹന്‍ പരാശരന്‍, വി ഗിരി, ശ്യാം ദിവാന്‍, രാജീവ് ധവാന്‍ തുടങ്ങി ഒരു കൂട്ടം മുതിര്‍ന്ന അഭിഭാഷകര്‍ വാദ പ്രതിവാദങ്ങള്‍ക്ക് ഹാജരാകും. നേരത്തെ ജനുവരി 28 ന് ഹര്‍ജികള്‍ പരിണഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഭരണ ഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനെ തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു.
മമതയ്ക്ക് തിരിച്ചടി;കൊൽക്കത്ത കമ്മീഷണർ ചോദ്യം ചെയ്യലിനായി സിബിഐക്ക് മുൻപിൽ ഹാജരാകണമെന്ന് സുപ്രീം കോടതി
കൊൽക്കത്ത:സി.ബി.ഐ- ബംഗാള്‍ പൊലീസ് തര്‍ക്ക കേസില്‍ മമത സര്‍ക്കാരിന് തിരിച്ചടി. കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നും സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പൊലീസിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കവെയാണ് കോടതി പരാമര്‍ശം. അതേസമയം കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. കോടതിയലക്ഷ്യ പരാതിയില്‍ ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് അയക്കും.ബംഗാള്‍ സര്‍ക്കാരിന്റേത് സായുധ കലാപമാണെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനാണ് സിബിഐ അവിടെ എത്തിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ നിരവധി വിവരങ്ങള്‍ പോലീസില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്നുവെന്ന് സിബിഐ പറഞ്ഞു. അന്വേഷണത്തില്‍ മുഖ്യപ്രതിയില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ കൈമാറിയില്ലെന്നും സിബിഐ ആരോപിച്ചു. ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇതില്‍ ഉണ്ടായിരുന്നു. കൂടാതെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും കൈമാറിയില്ല.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസില്‍ വാദം കേട്ടത്.
പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമസേനയ്ക്ക് ചിലവായ 102 കോടി രൂപയുടെ ബിൽ കേരളത്തിന് അയച്ചതായി കേന്ദ്രം
ന്യൂഡൽഹി:പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമസേനയെ ഉപയോഗിച്ചതിന് ചിലവായ 102 കോടി രൂപയുടെ ബിൽ കേരളത്തിന് അയച്ചതായി കേന്ദ്രം. ഇക്കാര്യം രാജ്യസഭയെ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് അറിയിച്ചത്.വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഒപ്പം ഹെലികോപ്റ്ററുകള്‍ 634 തവണയും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പറന്നുവെന്നും അതില്‍ 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയതായും പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരാണ് ഇത്തരം സേവനങ്ങള്‍ക്കുള്ള തുക കൈമാറാനുള്ളത്.എന്നാല്‍ കേരളത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഈടാക്കാമെന്നും മന്ത്രി വ്യക്തമാക്കി.സൈന്യവും നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ തുകയുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ തയ്യാറാക്കുകയാണ് എന്നും ഉടന്‍ തന്നെ ഇതിന്‍റെ കണക്ക്പുറത്ത് വരുമെന്നും മന്ത്രി പറഞ്ഞു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യാഗ്രഹത്തില്‍
കൊൽക്കത്ത:പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സത്യാഗ്രഹത്തില്‍. ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനായി സത്യാഗ്രഹ സമരം നടത്താന്‍ പോകുകയാണെന്നു പ്രഖ്യാപിച്ച മമത കോല്‍ക്കത്തയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.മമതയ്ക്കൊപ്പം മന്ത്രിമാരും സത്യാഗ്രഹ സമരം നടത്തുന്നുണ്ട്. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ മമതാ ബാനര്‍ജി രംഗത്തെത്തിയത്. കമ്മിഷണറെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു.ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബി.ജെ.പി ബംഗാലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ലോക‌്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കമെന്നും മമത ആരോപിച്ചു. കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മിഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമതാ ബാനര്‍ജി പിന്നീട് അറിയിച്ചു.
നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈൽഡ്‌ലൈൻ നടത്തിയ റെയ്‌ഡിൽ മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തി
ചെന്നൈ:നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈൽഡ്‌ലൈൻ നടത്തിയ റെയ്‌ഡിൽ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തി. ആന്ധ്രാപ്രദേശിലെ സമാൽകോട്ടിലുള്ള ഒരു പെൺകുട്ടിയുടെ ‘അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്ചെന്നൈ ടി നഗറിലുള്ള ഭാനുപ്രിയയുടെ വസതിയിൽ നിന്നും പെൺകുട്ടികളെ കണ്ടെത്തിയത്.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് തന്റെ പതിനാലു വയസ്സുള്ള മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും മകളെ പീഡിപ്പിക്കുന്നുവെന്നും കാണിച്ച് സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്.മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.പതിനായിരം രൂപ ശമ്ബളം നല്‍കാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാല്‍ കുറച്ചു മാസങ്ങളായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു.എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം.നടിക്കെതിരെയും സഹോദരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.മുൻപ് പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു.
ബീഹാറിൽ ട്രെയിൻ പാളം തെറ്റി ഏഴ് മരണം
ന്യൂഡൽഹി:ബീഹാറിൽ ട്രെയിൻ പാളം തെറ്റി ഏഴ് മരണം.ബീഹാറിൽ വൈശാലി ജില്ലയിലാണ് സീമാഞ്ചല്‍ എക്സ്പ്രസ്സ് ട്രെയിൻ പാളം തെറ്റിയത്.അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.പാളം തെറ്റിയ ഒന്‍പതു കോച്ചുകളില്‍ മൂന്നെണ്ണം പൂര്‍ണമായും തകര്‍ന്നു. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്.അപകടം നടക്കുന്ന സമയത്ത് ട്രെയിൻ അമിത വേഗതയിലായിരുന്നെന്നും ആരോപണമുണ്ട്.ഒരു ജനറല്‍ കംപാര്‍ട്ട്മെന്‍റ്, മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എ.സി കോച്ച് തുടങ്ങി ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. ദുരന്ത നിവാരണ സേനയും ഡോക്ടര്‍മാരും അടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി
ബെംഗളൂരു:അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.കര്‍ണാടക സര്‍ക്കാരിന്റെ പരിശ്രമത്തെ തുടര്‍ന്നാണ് സെനഗളില്‍ നിന്ന് രവി പൂജാരിയെ പിടികൂടാന്‍ സാധിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും.രവി പൂജാരിക്കെതിരെ ബെംഗളൂരു പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ആഫ്രിക്കൻ രാജ്യമായ സെനഗളിൽ നിന്നാണ് രവി പൂജാരി പിടിയിലാകുന്നത്.സെനഗളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് കോളുകള്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. രവി പൂജാരി ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് ഇവിടെ ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് വിട്ടുനല്‍കുന്നത്.
കേന്ദ്ര ബജറ്റ് 2019;അഞ്ചുലക്ഷം രൂപ വരെ ആദായനികുതിയില്ല
ന്യൂഡൽഹി:ആദായ നികുതിയിൽ വൻ ഇളവ് നൽകി കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ്.ആദായ നികുതി പരിധി അഞ്ച് ലക്ഷം രൂപയാക്കി. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂർണ്ണ ഇളവ് ഏര്‍പ്പെടുത്തിയാണ് പിയൂഷ് ഖോയല്‍ ഈ പ്രഖ്യാനപനം നടത്തിയത്.നേരത്തെ ഇത് 2.5 ലക്ഷ്യമായിരുന്നു.അതേസമയം ഈ വര്‍ഷം നിലവിലെ പരിധി തുടരും. നിലവില്‍ നികുതി അടയ്ക്കുന്ന മൂന്ന് കോടി ജനങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കൂടാതെ, നികുതി നല്‍കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യമാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി 1.5 ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 7 ലക്ഷം വരെ ആദായനികുതിയില്‍ നിന്നും ഇളവു ലഭിക്കും. ബജറ്റിലെ ഈ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് ലോക്‌സഭാഗങ്ങള്‍ സ്വീകരിച്ചത്.