ന്യൂഡൽഹി:രാജ്യത്തുടനീളം ഇനി മുതൽ ഒരേ ഒരു ഹെല്പ് ലൈൻ നമ്പർ മാത്രം.പോലീസ് (100), ഹെല്‍ത്ത് (108), വനിത സുരക്ഷ (108) എന്നീ നമ്ബറുകള്‍ക്ക് പകരമാണ് ‘112’ എന്ന ഒറ്റ നമ്പർ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് നമ്ബര്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, പുതുച്ചേരി, ലക്ഷ്യദീപ്, ആന്‍ഡമാന്‍, ജമ്മു ആന്റ് കാശ്മീര്‍ തുടങ്ങിയിടങ്ങളിലാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പർ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കുളള സംവിധാനം ഇപ്പോള്‍ അഹമ്മദാബാദ്, ബംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരബാദ്, കൊല്‍ക്കട്ട, ലക്നൗ, മുംബൈ എന്നീ എട്ട് നഗരങ്ങളിലാണ് നടപ്പിലാക്കുന്നത്.
കർണാടക ബന്ദിപ്പൂർ വനത്തിൽ വൻ കാട്ടുതീ;600 ഏക്കറോളം വനം കത്തിനശിച്ചു
മൈസൂരു:കർണാടക ബന്ദിപ്പൂർ വനത്തിൽ വൻ കാട്ടുതീ.600 ഏക്കറോളം വനം കത്തിനശിച്ചു. ഗോപാലസ്വാമി ബേട്ട എന്ന് സ്ഥലത്ത് നിന്ന് ആരംഭിച്ച തീ പിന്നീട് ശക്തമായ കാറ്റിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു.600 ഏക്കറിലേറെ വനഭൂമി കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച്ച ഉച്ചയോടെയാണ് ഗോപാല്‍സ്വാമി പേട്ട ഭാഗത്ത് നിന്നും തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തീ പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളി മേഖലയിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.ബന്ദിപ്പൂര്‍ വനമേഖലയുടെ ഭാഗമായി ലൊക്കെരെയിലെ രണ്ടു ചെറുകുന്നുകളും കെബ്ബാപുരയിലെ രണ്ടു ചെറുകുന്നുകളും കാട്ടുതീയില്‍ കത്തിനശിച്ചു. കടുവ സംരക്ഷണ കേന്ദ്രത്തിന് അകത്തേക്ക് തീ പടര്‍ന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇവിടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്.തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മൈസൂര്‍-ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിന്‍റെ തുടര്‍ച്ചയായ വയനാട് വന്യജീവി സങ്കേതത്തിലേക്കും തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിരീക്ഷണം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിര്‍ത്തിയിലെ വനമേഖലയേയും ബാധിക്കാന്‍ സാധ്യതയുണ്ട്.കാട്ടു തീ നേരിടാനുള്ള കര്‍ണാടക വനംവകുപ്പ് സംവിധാനത്തോടൊപ്പം മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിമശമനസേന തുടരുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്.
പ്രണയാഭ്യര്‍ഥന നിരസിച്ച അദ്ധ്യാപികയെ ക്ലാസ് റൂമില്‍ വെച്ച് യുവാവ് വെട്ടിക്കൊന്നു
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച അദ്ധ്യാപികയെ ക്ലാസ് റൂമില്‍ വെച്ച് യുവാവ് വെട്ടിക്കൊന്നു.തമിവ്‌നാട്ടിലെ കടലൂരിലെ ഒരു സ്വകാര്യ സ്കൂളിൽ ഇന്നലെയാണ് സംഭവം നടന്നത്. അദ്ധ്യാപികയായ എസ്. രമ്യ (23) ആണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.സ്‌കൂളിനു സമീപത്ത് തന്നെ വീട്ടില്‍ താമസിക്കുന്ന അദ്ധ്യാപിക എല്ലാ ദിവസങ്ങളിലും നേരത്തെ സ്കൂളിലെത്താറുണ്ട്.ഇന്നലെ രാവിലെ ക്ലാസ് മുറിയിലിരുന്ന രമ്യയോട് രാജശേഖര്‍ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയിരിക്കാമെന്നും ഇതു നിരസിച്ചതിനെ തുടര്‍ന്ന് രാജശേഖര്‍ അവരെ ആക്രമിച്ചതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. കോളജ് പഠനകാലം മുതല്‍ രാജശേഖര്‍ പ്രണയാഭ്യര്‍ഥനയുമായി രമ്യയെ സമീപിച്ചിരുന്നു.രമ്യയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആറു മാസം മുൻപ് രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതു നിരസിച്ചു. കൃത്യത്തിനു ശേഷം താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹോദരിക്കു സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍പോയ രാജശേഖറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പുല്‍വാമ മാതൃകയില്‍ ജമ്മു കാശ്മീരില്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ശ്രീനഗര്‍:പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാനമായ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് അക്രമണത്തിന് പദ്ധതിയൊരുക്കുന്നതെന്നും വരുന്ന രണ്ട് ദിവസത്തിനകം നടപ്പാക്കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്‍സീം എന്ന തീവ്രവവാദസംഘടനയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജെന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പച്ച നിറത്തിലുള്ള സ്‌കോര്‍പ്പിയോ കാറില്‍ ജമ്മുവിലെ ചൗകിബാല്‍, തങ്ദാര്‍ എന്നിവിടങ്ങളില്‍ ഐ ഇ ഡി ആക്രമണം നടത്താന്‍ തന്‍സീം ഗ്രൂപ്പില്‍ പെട്ടവര്‍ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
സാംസങ് പുതിയ ഫോൾഡിങ് ഫോൺ അവതരിപ്പിച്ചു
മുംബൈ:സാംസങ് തങ്ങളുടെ പുതിയ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. മടക്കി സ്മാര്‍ട്ഫോണായും ടാബ്‍ലറ്റായും ഇത് ഉപയോഗിക്കാന്‍ സാധിക്കും. തുറക്കുമ്ബോള്‍ 4.6 ഇഞ്ച് വലുപ്പമാണ് ഫോണിന്റെ ഡിസ്‌പ്ലേ. സാംസങ്ങിന്റെ പുതിയ ഇന്‍ഫിനിറ്റി ഫ്ലെക്സ് ഡിസ്‌പ്ലേയാണ് മടക്കാവുന്ന ഫോണിനായി നല്‍കിയിട്ടുള്ളത്.ആപ്പ് കന്‍ട്യൂനിറ്റി എന്ന സംവിധാനമാണ് ഫോണിനെ ഇത്തരത്തില്‍ സ്മാര്‍ട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാന്‍ സഹായിക്കുന്നത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നിവര്‍ത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്റ് വളരെ എളുപ്പത്തില്‍ തന്നെ മാറും എന്നതാണ് പ്രത്യേകത. മടക്കിയാല്‍ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാല്‍ വലിയ സ്ക്രീനില്‍ മടക്കിന്റെ അടയാളങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയുമില്ല. മൊത്തം ആറു ക്യാമറകളാണ് ഈ ഫോണിനുള്ളത്. മൂന്നെണ്ണം പിന്നിലും ഒന്ന് നടുക്കും, രണ്ടെണ്ണം ഉള്ളിലും. ഫോണ്‍ എങ്ങനെ പിടിക്കുന്നോ അതിനനുസരിച്ച് ഫോട്ടോ എടുക്കാമെന്ന് സാംസങ് പറയുന്നു.അതുപേലെ തന്നെ 4,380 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ഇത് മുറിച്ച് രണ്ടു വശത്തുമായി പിടിപ്പിച്ചിരിക്കുകയാണ്. ഭാരം ക്രമീകരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് സാംസങ് പറഞ്ഞു. ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയവയും ഉണ്ട്.ഒരേ സമയം സ്‌ക്രീന്‍ മൂന്നായി വിഭജിച്ച് മൂന്ന് ആപ്പുകളെ ഒരേ സമയം പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റ സവിശേഷ.യുട്യൂബ് കാണുകയും വാട്സാപ്പില്‍ സന്ദേശം കുറിക്കുകയും ഇന്റര്‍നെറ്റ് ബ്രൗസു ചെയ്യുന്നതും ഒരേ സമയത്തു നടത്താമെന്ന് വേണമെങ്കില്‍ പറയാം.ഈ വര്‍ഷം ഏപ്രില്‍ അവസാനം മാത്രമായിരിക്കും ഗ്യാലക്സി ഫോള്‍ഡ് വിപണിയിലെത്തുക. ഏകദേശം 2,000 ഡോളറാണ് ഫോണിന്റെ വില.
കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
ഡല്‍ഹി: അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേർ മരിച്ചു.ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27), സുമിതിന്റെ മാതാവ് റീത(65) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്റെ മകനെ (4) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലായിരുന്ന ലോറി യു-ടേണ്‍ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സുമിതും കുടുംബവും സഞ്ചരിച്ചിരുന്ന ഓഡി കാര്‍ പൂര്‍ണമായും ലോറിക്കടിയില്‍ പെട്ടു.രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് കാറിന് മുകളില്‍ നിന്ന് ലോറി മാറ്റിയത്.
രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി 13 മരണം;18 പേർക്ക് ഗുരുതരമായി പരിക്കേറ്റു
ജയ്‌പൂർ:രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി കുട്ടികളടക്കം 13 പേർ മരിച്ചു.18 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.രാജസ്ഥാനിലെ പ്രതാപഗര്‍ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്.തിങ്കളാഴ്‌ച്ച രാത്രിയാണ് ദേശീയപാത 113 ഇൽ സമീപം രാംദേവ് ക്ഷേത്രത്തിന് സമീപം നാടിനെ നടുക്കിയ ദുരന്തം നടന്നത്. ബാന്‍സ്വരയില്‍ നിന്നും നിംബഹരയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് ഈ ഭാഗത്ത് നടന്നു വരികയായിരുന്ന വിവാഹ ഘോഷയാത്രയിലേക്ക് ഇടിച്ചു കയറിയത്. ട്രക്ക് അമിത വേഗതയിലായിരുന്നുവെന്ന് ഡിഎസ്‌പി വിജയ്പാല്‍ സിങ് പറഞ്ഞു. പരുക്കേറ്റവരെ ചോട്ടി സാദ്രിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഉദയ്പൂരിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോയി.എന്നാല്‍ വിവാഹ ഘോഷയാത്ര വരുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്നാണ് ട്രക്ക് ഡ്രൈവര്‍ മൊഴിനൽകിയത്.
പുൽവാമ ഭീകരാക്രമണം;രണ്ടു ഭീകരരെ വധിച്ചതായി റിപ്പോർട്ട്
ശ്രീനഗര്‍:പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ ദിവസം 40 സൈനികരുടെ ജീവനെടുത്ത ആക്രമണത്തിന് നേതൃത്വം നല്‍കിയ ആദില്‍ അഹമ്മദ് ധറിന്‍റെ കൂട്ടാളികളായ കമ്രാന്‍, ഗാസി എന്നീ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍, ഇക്കാര്യത്തില്‍ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈനികര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു മേജര്‍ അടക്കം 4 സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. സംഭവത്തില്‍ ഒരു സൈനികന് പരുക്കേറ്റു.അതേസമയം, ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്.സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നത് വരെ വിശ്രമമില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കാസര്‍ഗോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതു വരെ വിശ്രമമില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.കോണ്‍ഗ്രസ് പ്രസ്ഥാനമാകെ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിനൊപ്പമുണ്ടെന്നും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രാഹുല്‍ കുറിച്ചു.ഇന്നലെ രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലായിരുന്നു സംഭവം. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ജീപ്പിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.
പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു;മേജർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗര്‍:പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ തുടരുന്നു.മൂന്ന് ദിവസം മുൻപ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട്ടല്‍.സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളെന്ന് കരുതുന്ന മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു.ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു.സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ധര്‍ ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്.ആദിലിന് മൂന്നോ നാലോ സഹായികള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.