ന്യൂഡൽഹി:ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.പാകിസ്ഥാൻ പുല്‍വാമയിൽ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകരരുടെ ക്യാമ്ബുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു.മിറാഷ് 2000 യുദ്ധവിമാനമുപയോഗിച്ച് 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചത്. ആക്രമണത്തില്‍ 300ഓളം ഭീകര്‍ കൊല്ലപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക
വാഷിങ്ങ്ടൺ:ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക.ഇന്ത്യയോടും പാകിസ്താനോടും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും പാക് ഭീകരയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും അമേരിക്കൻ വിദേശകാര്യ സെക്രെട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു.വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയുമായും മൈക്ക് പോംപിയോ വെവ്വേറെ ചര്‍ച്ച നടത്തി. ”മേഖലയില്‍ സമാധാനം പാലിക്കണം. ഒരു തരത്തിലും സൈനിക നടപടി പാടില്ല. പ്രകോപനപരമായ പ്രസ്താവനകളോ നടപടികളോ മേഖലയില്‍ നടത്തരുത്. അതിര്‍ത്തി മേഖലയില്‍ ഉള്ള ഭീകരക്യാംപുകള്‍ക്കെതിരെ ഉടനടി പാകിസ്ഥാന്‍ എടുത്തേ മതിയാകൂ.” മൈക്ക് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഇന്നലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാട് അംഗീകരിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. പക്ഷേ ഇനി സമാധാനം പാലിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും ആവശ്യപ്പെടുന്നുണ്ട്.
അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു;സൈന്യം രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ചു
ന്യൂഡൽഹി:അതിർത്തിയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഷോപ്പിയാനിലെ മെമന്താറില്‍ പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ചു.ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പൊലീസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടി വയ്‌ക്കുകയായിരുന്നു. സേന തിരിച്ചടിക്കുകയും ചെയ്‌തു. തീവ്രവാദി സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു.പ്രദേശവാസികളെ മനുഷ്യ കവചമാക്കിയാണ് പാക് സൈന്യത്തിന്റെ ആക്രമണമെന്ന് ഇന്ത്യ ആരോപിക്കുന്നു. പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്. എന്നാല്‍ പ്രദേശവാസികളില്‍ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക വക്താവ് പറഞ്ഞു.ഇന്ത്യന്‍ കര-വ്യോമ സേനാ വിഭാഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിൽ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലഖിച്ചു.ശക്തമായ വെടിവെപ്പ് ഈ മേഖലകളിലെ നിയന്ത്രണ രേഖയിലുണ്ടായതായാണ് റിപ്പോർട്ട്.ചെറിയ പീരങ്കികള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതായാണ് വിവരം. ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധനുവ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചത്.
ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് താഴെയിട്ടു
അഹമ്മദാബാദ്: ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് താഴെയിട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങളില്‍ പുലര്‍ച്ചെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷം ആറരയോടെയാണ് ഗുജറാത്തിലെ കച്ച് അതിര്‍ത്തിയില്‍ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് ഇട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.ഇന്ന് പുലർച്ചെയാണ് പുൽവാമ അക്രമണത്തിനെതിരായി ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നൽകിയത്.ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ മൂന്ന് ജയ്ഷെ താവളങ്ങളാണ് തരിപ്പണമായത്. ഇതില്‍ ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്സും ഉള്‍പ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം.
ഇന്ത്യൻ തിരിച്ചടി;വ്യോമസേനാ പൈലറ്റുമാർക്ക് സല്യൂട്ട് നൽകി രാഹുൽ ഗാന്ധി
ന്യൂഡൽഹി:പുല്‍വാമ ഭീകരാക്രണത്തിന് പാകിസ്താന്‍ അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കിയ വ്യോമാസേന പൈലറ്റുമാര്‍ക്ക് സല്യൂട്ട് നൽകി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ന്ധി. ‘സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ്’ എന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചത്.ഭീകരവാദികള്‍ക്ക് എതിരെ സൈന്യവും കേന്ദ്രസര്‍ക്കാറും സ്വീകരിക്കുന്ന ഏത് നടപടികൾക്കും പ്രതിപക്ഷം പിന്തുണ നല്‍കുമെന്ന് പുല്‍വാമ ഭീകരാക്രണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ആക്രമണത്തിനിടയില്‍ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കിയിരുന്നു.ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖകടന്നുള്ള ഇന്ത്യയുടെ തിരിച്ചടിയുണ്ടായത്.അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം മോദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കി
ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയില്‍ മോദിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.ഈ യോഗത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് സൈന്യം വ്യോമാതിര്‍ത്തി ലംഘിച്ച് ഭീകരക്യാംപുകള്‍ ആക്രമിച്ചത്. അല്‍പസമയത്തിനകം ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വീണ്ടും ഉന്നതതലയോഗം ചേരും.പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി, ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് എന്നിവരുള്‍പ്പടെ യോഗത്തിനെത്തും. ഇപ്പോള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നുണ്ട്. ഇതിനുശേഷം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഉണ്ടായേക്കും.പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രാഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയ സൈന്യം ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് സൈന്യം ആക്രമണം നടത്തി മടങ്ങിയത്.പുല്‍വാമ ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാനും കനത്ത ജാഗ്രതയിലായിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്.
ശക്തമായ തിരിച്ചടി നൽകി ഇന്ത്യ;പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങളിൽ വ്യോമസേനയുടെ ബോംബാക്രമണം
ന്യൂഡൽഹി: പുല്‍വാമയില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശക്തമായി തിരിച്ചടി നൽകി ഇന്ത്യ.അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു.12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വിവരം പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അക്രമണം. 1000 കിലോയിലേറെ ബോംബുകള്‍ വര്‍ഷിച്ചതായാണ് സൂചന.ജയിഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന ബലാപൂരിനെയാണ് മിറാഷ് വിമാനങ്ങള്‍ പ്രധാനമായും ആക്രമിച്ചത്. ലേസര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ബോംബ് വര്‍ഷത്തില്‍ മുന്നൂറോളം ഭീകരരെ വധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഇതാദ്യമായാണ് പാക്കിസ്ഥാനിൽ കടന്നുകയറി ഇന്ത്യൻ വ്യോമസേനാ ആക്രമണം നടത്തുന്നത്.നേരത്തെ കാർഗിൽ യുദ്ധത്തിലും മറ്റും പാക് അധീന കാശ്മീരിൽ വ്യോമസേനാ ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനിൽ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരതവളത്തിൽ ബോംബ് മിറാഷ് യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി.യുദ്ധവിമാനങ്ങൾക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തതായി സൈന്യം പറഞ്ഞു.മുസഫറാബാദ് മേഖലയില്‍ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ജയ്ഷെ ക്യാംപിലെ തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ചെന്നൈയിൽ നിർത്തിയിട്ടിരുന്ന 184 കാറുകൾ കത്തിനശിച്ചു
ചെന്നൈ:ചെന്നൈയിൽ പോരൂർ എസ്.ആർ.എം.സി കോളേജിന് സമീപം നിർത്തിയിട്ടിരുന്ന 184 കാറുകൾ കത്തിനശിച്ചു.ഞായറാഴ്ചയാണ് സംഭവം.കോൾ ടാക്സി കമ്പനിയുടെ കാറുകളാണ് കത്തിനശിച്ചത്.സമീപത്തെ മാലിന്യത്തിൽ നിന്നും തീ കാറിലേക്ക് പടർന്നുപിടിച്ചതാണ് കാരണം. കാറുകളുടെ ടയറുകൾ,പെട്രോൾ,ഗ്യാസ് ടാങ്കുകൾ,എന്നിവ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.മിനിറ്റുകൾക്കുള്ളിൽ നൂറിലധികം കാറുകളിലേക്ക് തീ പടരുകയായിരുന്നു.50 അഗ്‌നിശമന സേന വാഹനങ്ങളും ടാങ്കർ ലോറികളും തീയണയ്ക്കാൻ എത്തി.തീയണയ്ക്കുന്നതിനിടെ ഏതാനും അഗ്നിശമനസേനാംഗങ്ങൾക്കും പൊള്ളലേറ്റു.
പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്റൂമിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചു
ചെന്നൈ:പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്റൂമിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചു.കടലൂര്‍ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യ(23)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജശേഖറി(23)നെയാണ് വിഴുപുരം ജില്ലയിലെ ഉളുന്തൂര്‍പ്പേട്ടുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന കൊലപാതകത്തിനുശേഷം ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കടലൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജശേഖര്‍ രണ്ടുവര്‍ഷം മുൻപാണ് അവിടെയുള്ള കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന രമ്യയെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുക്കളായി.പഠനം പൂര്‍ത്തിയാക്കിയ രമ്യ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതിനുശേഷവും സൗഹൃദം തുടര്‍ന്നു. ഇതിനിടെ രാജശേഖര്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും രമ്യ നിരസിച്ചു. വിവാഹാഭ്യർത്ഥനയുമായി രാജശേഖർ രമ്യയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും അവരും നിരസിക്കുകയായിരുന്നു.ഇതേ തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ രമ്യ ഒരു ക്ലാസ് മുറിയില്‍ തനിച്ചിരിക്കുന്ന സമയം അവിടെയെത്തിയ പ്രതി കുത്തിക്കൊന്നുവെന്നാണ് പോലീസ് കേസ്. ബൈക്കില്‍ രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു
ന്യൂഡൽഹി:ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു.മാർച്ച് ഒന്നുമുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുക.അധികാരത്തില്‍ എത്തിയാല്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന മോദിയുടെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ചു കൊണ്ടാണ് കെജ്രിവാള്‍ നിരാഹാര സമരം തുടങ്ങുന്നത്.പലവട്ടം കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരത്തിന് അയുധമാക്കിയ പൂര്‍ണ സംസ്ഥാന പദവി വിഷയമാണ് ആം അദ്മി പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്തി കൊണ്ടു വരുന്നത്. സമരത്തിലൂടെ ഡല്‍ഹിയില്‍ മോദിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുക,സഖ്യത്തിന് ശ്രമിച്ചിട്ടും വഴങ്ങാത്ത കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുക തുടങ്ങിയവയാണ് കെജ്രിവാളിന്‍റെ ലക്ഷ്യം.ഏഴു സീറ്റും പാര്‍ട്ടി നേടിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി എന്നതാണ് കെജ്രിവാളിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. കഴിഞ്ഞ തവണ ഡല്‍ഹിയിലെ ഏഴു ലോക്സഭാ സീറ്റും ബി.ജെ.പിയാണ് ജയിച്ചത്. ഡല്‍ഹിയുടെ പൂര്‍ണമായ വികസനത്തിന് സര്‍ക്കാരിന് പൂര്‍ണമായി ഇടപെടാനും വികസനം പൂര്‍ണമാക്കാനും പൂര്‍ണ സംസ്ഥാന പദവി ആവശ്യമാണെന്ന് കെജ്രിവാള്‍ പറയുന്നു.