പാര്‍ലമെന്റില്‍ കാര്‍ഷിക ബില്ല് പിന്‍വലിക്കുന്നതുവരെ സമരം തുടരും;കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം; കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകണമെന്നും കർഷക സംഘടനകൾ

keralanews strike against the farmers shouldbe withdraw until the agriculture bill withdrawn cases against the farmers should be withdrawn financial assistance to the families of farmers killed

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍.സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം നിയമപരമായി ഉറപ്പാക്കിയ ശേഷം മാത്രമാകും സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതുവരെ കേന്ദ്രസര്‍ക്കാരിന് എതിരെ ട്രാക്റ്റർ റാലി അടക്കമുള്ള പ്രക്ഷോഭങ്ങൾ തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.താങ്ങുവിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍വെയ്ക്കും. നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി.

തമിഴ്നാട്ടില്‍ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണ് ഒന്‍പത് മരണം

keralanews nine died when house collpases du to heavy rain in tamilnadu

ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി തമിഴ്‌നാട്ടിൽ കനത്ത മഴ. വെല്ലൂരില്‍ വീടിനുമുകളില്‍ മതില്‍ ഇടിഞ്ഞു വീണ് ഒന്‍പത് പേര്‍ മരിച്ചു.ഇന്ന് രാവിലെ 6.30 ഓടെ പേരണംപേട്ട് ടൗണിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.സമീപത്തെ മതില്‍ തകര്‍ന്ന് വീടിന് മുകളില്‍ വീഴുകയായിരുന്നു. പാലാര്‍ നദി തീരത്തെ വീടാണ് അപകടത്തില്‍ തകര്‍ന്നത്. കനത്ത മഴയില്‍ നദി കരകവിഞ്ഞ സാഹചര്യത്തില്‍ ഇവിടെ നിന്നും ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌ മാറി താമസിക്കാന്‍ തയ്യാറാകാതിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.ഇവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലും വെല്ലൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷ്ണഗിരി, ധര്‍മപുരി, വെല്ലൂര്‍, തിരുപ്പട്ടൂര്‍, ഈറോട്, സേലം ജില്ലകളില്‍ അടുത്ത 12 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം; കനത്ത മഴയിൽ ആന്ധ്ര‍യില്‍ വെള്ളപ്പൊക്കം; തിരുപ്പതിയില്‍ കുടുങ്ങി നൂറുകണക്കിന് തീര്‍ത്ഥാടകര്‍

keralanews low pressure formed in bay of bengal floods in andhra pradesh due to heavy rains hundreds of pilgrims trapped in tirupati

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വെങ്കടേശ്വര ഭഗവാന്റെ ആസ്ഥാനമായ തിരുമലയില്‍ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് ഒറ്റപ്പെട്ടത്.ക്ഷേത്രനഗരിയായ തിരുപ്പതിയിലും ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലും നിരവധി ഭക്തര്‍ കുടുങ്ങിയിരിക്കുകയാണ്.വെള്ളപ്പൊക്കം മൂലം തീര്‍ത്ഥാടകര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഭഗവാന്റെ ദര്‍ശനവും നിര്‍ത്തിവച്ചിരിക്കുകയാണ്. തിരുമലയിലെ ജപാലി ആഞ്ജനേയ സ്വാമി ക്ഷേത്രം വെള്ളത്തിനടിയിലാവുകയും പ്രതിഷ്ഠാവിഗ്രഹം മുങ്ങുകയും ചെയ്തു.വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തിരുമല മലനിരകളിലേയ്ക്കുള്ള രണ്ട് ചുരങ്ങള്‍ അടച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടു.തിരുപ്പതി, കടപ്പ ചിറ്റൂര്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെങ്കിലും ന്യൂനമര്‍ദ്ദം കരതൊട്ടതിനാല്‍ തീവ്രമഴയില്ല. കടപ്പ ജില്ലയില്‍ ചെയേരു നദി കരകവിഞ്ഞൊഴുകിയതിനേത്തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പല ഗ്രാമങ്ങളിലും വീടുകളില്‍ വെള്ളംകയറി. അനന്ത്പുര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദക്ഷിണ ചെന്നൈ തീരം കടന്ന ന്യൂനമര്‍ദ്ദം അനന്ത്പുര്‍- ബെംഗളൂരു ബെല്‍റ്റിലേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മേഖലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും;ഗുരുനാനാക് ജയന്തി ദിനത്തിൽ നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

keralanews agriculture laws to be withdrawn pm makes crucial announcement on guru nanak jayanti

ന്യൂഡൽഹി:രാജ്യത്ത് വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും മോദി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നു. എന്നാല്‍ ചിലര്‍ക്ക് നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തി. ഈ നിയമങ്ങള്‍ ആത്മാര്‍ത്ഥമായാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും മോദി വ്യക്തമാക്കി. കര്‍ഷകരുടെ പ്രയത്‌നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്നും, കര്‍ഷകരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ഷകരോട് ക്ഷമ ചോദിക്കുന്നുവെന്നും, കര്‍ഷക ക്ഷേമത്തിന് സ‌ര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകരുടെ വിജയമാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ പ്രതികരിച്ചു. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയവും മാറണം. പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം വേണം. സമരത്തില്‍ മാറ്റം വരുത്തുന്നതില്‍ കൂടിയാലോചന നടത്തുമെന്നും കിസാന്‍ സഭ അറിയിച്ചു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച്‌ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ തന്നെ നടപടികള്‍ ഉണ്ടാവും.കര്‍ഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

വായു മലിനീകരണം;ഡൽഹിയിലെ സ്കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുത്;സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നും നിർദേശം

keralanews air pollution schools and colleges in delhi not reopened until further notice 50 percent work from home should be done by private companies

ന്യൂഡൽഹി:വായു മലിനീകരണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ദില്ലിയിലെ സ്കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ നിർദേശം.സ്വകാര്യ സ്ഥാപനങ്ങള്‍ 50% വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. ട്രക്കുകള്‍ക്കും, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ദില്ലി നഗരത്തില്‍ ഓടാന്‍ അനുമതിയില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഈ മാസം 21 വരെ വിലക്ക് ഏര്‍പ്പെടുത്തി.സര്‍ക്കാര്‍ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മാത്രം അനുമതി നല്‍കിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍ ,ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും നിര്‍ദ്ദേശം പാലിക്കണമെന്നും എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മീഷന്‍ അറിയിച്ചു.വായുമലിനീകരണ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യക്തികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു.നിലവിലെ സാഹചര്യത്തിൽ ആൾക്കൂട്ടമുള്ള ഇടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ എൻ95 മാസ്‌ക് ധരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.പുറത്ത് പോകണമെന്നുള്ളവർ അതിരാവിലെയോ, അല്ലെങ്കിൽ രാത്രിയിലോ പുറത്തിറങ്ങുന്നതായിരിക്കും ഉചിതമെന്നും ഇവർ പറയുന്നു.

കോയമ്പത്തൂരിലെ പ്ലസ്​ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;അധ്യാപകന്‍ അറസ്​റ്റില്‍

keralanews suicide of plus two student in coimbatore teacher arrested

ചെന്നൈ: കോയമ്പത്തൂരിൽ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂർ ആര്‍.എസ്.പുരം ചിന്മയ വിദ്യാലയത്തിലെ ഊര്‍ജതന്ത്രം അധ്യാപകനായ മിഥുന്‍ ചക്രവര്‍ത്തിയാണ് (32) അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്കൂൾ പ്രധാനദ്ധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച്‌ രക്ഷിതാക്കള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ആര്‍എസ് പുരത്തെ കോര്‍പറേഷന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 17 വയസ്സുകാരിയെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ നിന്നു കണ്ടെടുത്ത പെണ്‍കുട്ടി എഴുതിയതായി കരുതുന്ന കത്തിലാണ് സംഭവത്തെക്കുറിച്ച്‌ സൂചന നല്‍കുന്നത്. കത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയെ കൂടാതെ രണ്ടു പേരുകള്‍ കൂടിയുണ്ടെന്നു പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോൾ മോശമായി സംസാരിച്ചെന്നും കഴിഞ്ഞ മാര്‍ച്ചില്‍ പ്രത്യേക ക്ലാസുണ്ടെന്നു പറഞ്ഞ് സ്‌കൂളില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നുമാണ് ആരോപണം. സ്വകാര്യ സ്‌കൂളില്‍ പഠിക്കുമ്പോൾ മിഥുന്‍ ചക്രവര്‍ത്തി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.വിവരമറിഞ്ഞ് പ്രധാന അദ്ധ്യാപികയോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കഴിഞ്ഞ സെപ്റ്റംബറില്‍ കോര്‍പറേഷന്‍ സ്‌കൂളിലേക്കു മാറ്റിയത്.സംഭവം വിവാദമായതോടെ മിഥുന്‍ ചക്രവര്‍ത്തി സെപ്റ്റംബറില്‍ സ്‌കൂളില്‍ നിന്നു രാജിവച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സ്വകാര്യ സ്‌കൂളിലെ പ്രധാനാധ്യാപികയ്‌ക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസെടുത്തു.

നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി

keralanews land slide in nagarcoil railway track trains canceled

നാഗർകോവിൽ:നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം പാസഞ്ചർ, ചെന്നൈ എഗ്മോർ-ഗുരവായൂർ എക്‌സ്പ്രസ് ട്രെയിനുകൾ എന്നിവ പൂർണമായും റദ്ദാക്കി. കൂടാതെ പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ-കൊല്ലം അനന്തപുരി എക്‌സപ്രസ്, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്, കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്‌സ്പ്രസ്, കൊല്ലം-ചെന്നൈ അനന്തപുരി എക്‌സപ്രസ്, തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇൻറർസിറ്റി എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇൻറർസിറ്റി എക്‌സ്പ്രസ്, ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്‌സ്പ്രസ്, നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്പ്രസ്, കന്യാകുമാരി-ഹൗറ വീക്ക്‌ലി എക്‌സ്പ്രസ്, ചെന്നൈ എഗ്മോർ-കന്യാകുമാരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്.

 

മണ്ണിടിച്ചിൽ;കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

keralanews land slide kannur yeshwantpur express escaped from tragedy

ധർമ്മപുരി: ട്രാക്കിലേക്ക് : മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് പാളം തെറ്റിയ കണ്ണൂർ യശ്വന്ത്പൂർ എക്‌സ്പ്രസ് രക്ഷപെട്ടത് വലിയ ദുരന്തത്തിൽ നിന്ന്. തമിഴ്‌നാട്ടിലെ ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ തീവണ്ടിയുടെ ഏഴ് കോച്ചുകൾ പാളം തെറ്റിയിരുന്നു. മലയാളികൾ ഉൾപ്പെടെ 2348 യാത്രക്കാരാണ് അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 3.50 ഓടെയായിരുന്നു അപകടം.തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ട്രാക്കിനോട് ചേർന്ന മൺതിട്ട ഈർപ്പം തങ്ങിനിന്ന് ഇടിഞ്ഞ് വലിയ ഉരുളൻകല്ലുകൾ ഉൾപ്പെടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വീഴുകയായിരുന്നു. എസ് 6 മുതൽ എസ് 10 വരെയുളള സ്ലീപ്പർ കോച്ചുകളും ബി1, ബി 2 തേർഡ് എസി കോച്ചുകളുമാണ് അപകടത്തിൽ പെട്ടത്. ബംഗളൂരു ഡിആർഎം ശ്യാം സിംഗും ഡിവിഷണൽ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അപകടവിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയിരുന്നു. 4.45 ഓടെ റെയിൽവേയുടെ മെഡിക്കൽ എക്യുപ്്‌മെന്റ് വാഹനവും സ്ഥലത്തെത്തി.അപകടത്തിൽപെടാത്ത ആറ് ബോഗികളും യാത്രക്കാരെയും ആദ്യം തൊപ്പുരുവിലേക്കും പിന്നീട് സേലത്തേക്കും ഇവർ മാറ്റി. തൊപ്പുരുവിൽ നിന്ന് യാത്രക്കാർക്ക് വേണ്ടി 15 ബസുകൾ ഏർപ്പാടാക്കി.ഹുബ്ബല്ലിയിലെ റെയിൽവേ ദുരന്ത നിവാരണ സെല്ലിന്റെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.

കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം; 22 മുതല്‍ വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം; ക്വാറന്റീനും ആവശ്യമില്ല

keralanews u k recognition for covaxin admission for those who have been vaccinated no quarantine required

ലണ്ടൻ:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം. നവംബര്‍ 22 മുതല്‍ കോവാക്സിന്‍ എടുത്ത യാത്രക്കാര്‍ക്കും യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ് ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ 22ന് പുലര്‍ച്ചെ നാല് മണി മുതലാണു മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീന്‍ എന്നിവയിലും ഇളവുണ്ടാകും.ഇന്ത്യക്കു പുറമേ, ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുകള്‍.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്സീനാണ് കോവാക്സിന്‍.ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സിന്‍ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകള്‍ക്കും യുകെയുടെ അംഗീകാരം നല്‍കി.

തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു;നാല് മരണം; നാല് ജില്ലകളിൽ പൊതു അവധി

keralanews heavy rain continues in tamilnadu four deaths pulic holiday in four districts

ചെന്നൈ:തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു.മഴക്കെടുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നഗരത്തിന്‍റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദിവസവും ചെന്നൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസര്‍പ്പാടി, പെരമ്പലൂര്‍ തുടങ്ങിയ മേഖലകളില്‍നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടർന്ന് പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൽ കലക്ടർമാർക്ക് നിർദ്ദേശം നൽകി. 2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കുകയും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് ഉറപ്പുനൽകുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനൽകി.