ശ്രീനഗർ:ജമ്മുവിലെ ബസ്സ്റ്റാന്‍റില്‍ രണ്ടു പേരുടെ മരണത്തിനും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ ഒൻപതാം ക്ലാസ്സുകാരൻ.ഭക്ഷണപാത്രത്തിലാണ് ഗ്രനേഡ് കൊണ്ടുവന്നതെന്നും തെളിഞ്ഞു.സംഭവസ്ഥലത്ത് കാറില്‍ എത്തിയ കുട്ടി ബസ്സില്‍ ഭക്ഷണപാത്രം വച്ച് തിരികെ വരികയായിരുന്നു. ഇയാള്‍ ഒരു കാറിലാണ് എത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഡ്രൈവറെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുമാണ് 15 വയസ്സുകാരനെ പോലീസ് കൂട്ടിക്കൊണ്ടുപോയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളാണ് ബോംബ് നിര്‍മ്മിച്ചതെന്ന് തെളിഞ്ഞത്.യൂട്യൂബില്‍ നിന്നുമാണ് ഗ്രനൈഡ് എങ്ങിനെ നിര്‍മ്മിക്കുമെന്നും ഉപയോഗിക്കുമെന്നും കണ്ടെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഇന്നലെ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണെന്നും ഇതിന്റെ നേതാവ് ഫറൂഖ് അഹമ്മദ് ഭട്ടാണ് ആക്രമണത്തിന് കുട്ടിയെ നിയോഗിച്ചതെന്നും ജമ്മുകശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.
ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്;വാർത്ത തള്ളി പ്രതിരോധമന്ത്രാലയം
ശ്രീനഗർ:ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടില്‍ നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ ആരംഭിച്ചു. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ അംഗമാണ് തട്ടിക്കൊണ്ട് പോകപ്പെട്ട സൈനികന്‍.എന്നാല്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം സൈനികനെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും സൈനികന്‍ സുരക്ഷിതനാണെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുദ്ഗാമിലെ ഖാസിപോര ചദൂരയിലെ വീട്ടില്‍ കഴിഞ്ഞ മാസം 26 ന് ആണ് ഒരു മാസത്തെ അവധിക്കായി യാസീന്‍ ഭട്ട് എത്തിയത്. അദ്ദേഹം വീട്ടില്‍ സുരക്ഷിതനായുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്നവിവരം.
കടൽകുതിരയെ കടത്താൻ ശ്രമം;മുംബൈയിൽ യുവാവ് അറസ്റ്റിൽ
മുംബൈ: കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ച യുവാവിനെ മഹാരാഷ്ട്ര സ്‌റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്. 30 കിലോഗ്രാം ഉണക്കിയ കടല്‍ക്കുതിരകളെയാണ് ഇയാളിൽ നിന്നും പിടികൂടിയത്.സംശയാസ്പദമായി ബാഗില്‍ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്.അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നവയാണ് കടല്‍ക്കുതിരകള്‍. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടല്‍ക്കുതിരകള്‍ മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പാരമ്പര്യ ചൈനീസ് മരുന്നുകള്‍, ലൈംഗികോത്തേജന മരുന്നുകള്‍ എന്നിവയുടെ നിർമാണത്തിനായായാണ് കടല്‍ക്കുതിരകളെ കൂടുതലായതും ഉപയോഗിക്കുന്നത്.
രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് പൊളിച്ചു;തകർത്തത് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്
മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു.ഒന്നരയേക്കറില്‍ കോടികള്‍ ചെലവഴിച്ച് നീരവ് മോദി കെട്ടി ഉയര്‍ത്തിയ ഒഴിവുകാല വസതിയാണ് ഇതോടെ തകർന്നത്.കയ്യേറ്റങ്ങളും നിര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. 33,000 ചതുരശ്ര അടിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ‘രൂപാന’ എന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. 25 കോടി രൂപ ചെലവിട്ടാണ് നീരവ് മോദി ബംഗ്ലാവ് കെട്ടിപ്പടുത്തതെന്നാണ് വിവരം. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം. മുപ്പത് കിലോ സ്ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്തുക്കളും ലേലത്തില്‍ വയ്ക്കും.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടില്‍ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.
അയോധ്യതർക്കം;മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം
ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിർദേശം.ഇതിനായി മൂന്ന് പേരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ചു.സുപ്രീംകോടതി റിട്ട. ജഡ്ജി ഖലീഫുല്ലയാണ് സമിതി ചെയര്‍മാന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീംറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.മധ്യസ്ഥ ചര്‍ച്ചക്ക് ഒരു തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി. ചര്‍ച്ച രഹസ്യമായിരിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.അതേസമയം എല്ലാ ചര്‍ച്ചകളും റെക്കോര്‍ഡ് ചെയ്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഫൈസാബാദിലാണ് ചര്‍ച്ച നടക്കുക. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്‌ത് നല്‍കണം.ഒരാഴ്‌ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും എട്ട് ആഴ്ചക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നാലാഴ്ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം സുപ്രീം കോടതി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥതയെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്.ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്.
ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം; രണ്ടു മരണം
ജമ്മു:ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ രണ്ടുപേർ മരിച്ചു.27 പേർക്ക് പരിക്കേറ്റു.ഉത്തരാഖണ്ഡ് ഹരിദ്വാർ സ്വദേശി മുഹമ്മദ് ഷരീഖ്(17),അനന്തനാഗ് സ്വദേശി മുഹമ്മദ് റിയാസ് എന്നിവരാണ് മരിച്ചത്.മുഹമ്മദ് ഷരീഖ് ഇന്നലെ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.ജമ്മുവിലെ സർക്കർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഹമ്മദ് റിയാസ് ഇന്ന് പുലർച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ജമ്മു നഗരത്തിലെ ബസ്സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്.ബസ്റ്റാന്റിൽ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സിനടിയിലേക്കാണ് ഗ്രനേഡ് എറിഞ്ഞത്.ആക്രമണത്തില്‍ പിന്നില്‍ ഹിസ്‍ബുല്‍ മുജാഹിദീനെന്ന് പൊലീസ് വ്യക്തമാക്കി.ഗ്രനേഡ് എറിഞ്ഞ യാസീന്‍ ഭട്ടെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസ്‍ബുല്‍ മുജാഹിദീന്‍ കമാന്‍ററുടെ നിര്‍ദേശപ്രകാരമാണ് ഭട്ട് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.മേഖലയില്‍ സുരക്ഷ ശക്തമാക്കി.ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ട് ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതിയാണിതെന്ന് സംശയിക്കുന്നതായി ജമ്മു ഐജി എം.കെ സിൻഹ പറഞ്ഞു.
20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം
ന്യൂഡല്‍ഹി: 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം.12 കോണുകളുള്ള രൂപത്തിലായിരിക്കും നാണയം. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകിയിട്ടുണ്ട്.രണ്ടു നിറത്തിലാകും 27 മില്ലീ മീറ്റര്‍ നീളത്തിലുള്ള നാണയം പുറത്തിറങ്ങുക.നാണയത്തിന്‍റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാവും നിര്‍മിക്കുക. നടുവിലെ ഭാഗത്തിന് 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ഉപയോഗിക്കും.10 രൂപ നാണയം ഇറങ്ങി 10 വര്‍ഷം തികയുന്ന സമയത്താണ് പുതിയ 20 രൂപ നാണയമിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന വിലയിരുത്തലിലാണ് നാണയം പുറത്തിറക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈ ദേവ്നാറിൽ മാലിന്യക്കൂമ്പാരം കത്തുന്നു; നഗരത്തിന് ഭീഷണിയായി വിഷപ്പുക
മുംബൈ:രാജ്യത്തെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ സ്ഥലമായ ദേവ്നാറിൽ മാലിന്യക്കൂമ്പാരം കത്തുന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് മാലിന്യകൂമ്പാരത്തിൽ നിന്നും തീയുയരുന്നത് കണ്ടത്.തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക നഗരത്തിന് ഭീഷണിയായിട്ടുണ്ട്.മൂന്നുകോടി ജനസംഘ്യയുള്ള പ്രദേശമാകെ കറുത്ത പുകയില മൂടിയിരിക്കുകയാണ്.ഫയർ എൻജിനുകൾ തീകെടുത്താനുള്ള ശ്രമത്തിലാണ്.7000 മുതൽ 9000 മെട്രിക് ടൺ വരെയുള്ള മാലിന്യമാണ് ദിവസവും ഇവിടെയെത്തുന്നത്.തീപടരാനുള്ള കാരണം വ്യക്തമല്ല.
കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ:കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പ്രദേശത്തെ മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ സുരക്ഷാ സേന ഭീകരര്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തിരുന്നു. കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ ഒപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തത്.
അയോദ്ധ്യ കേസിൽ മധ്യസ്ഥത;കേസ് സുപ്രീം കോടതി വിധിപറയാനായി മാറ്റി
ന്യൂഡൽഹി:അയോദ്ധ്യ കേസിൽ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച കേസ് സുപ്രിം കോടതി വിധി പറയാനായി മാറ്റി.മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദം ഒന്നരമണിക്കൂര്‍ നീണ്ടിരുന്നു. ഇതിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.വിശ്വാസവും വൈകാരികവുമായ പ്രശ്നമാണിതെന്നും അതിനാൽ മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യത പോലും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്‍റ് ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തര്‍ക്കം പരിഹരിക്കാന്‍ കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഈ നീക്കം.ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് ഇന്നു കേസ് പരിഗണിച്ചത്. എന്നാൽ മധ്യസ്ഥതയെ ഹിന്ദു സംഘടനകൾ എതിർത്തു.പൊതുജനങ്ങൾ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ഹിന്ദു മഹാസഭ വാദിച്ചു.മധ്യസ്ഥതയ്ക്ക് ഉത്തരവിടും മുൻപ് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കണമെന്നും ഹിന്ദു മഹാസഭ പറഞ്ഞു.എന്നാൽ നിങ്ങൾ ഇതിനെ മുൻവിധികളോടെയാണോ കാണുന്നതെന്ന് ഹിന്ദു സംഘടനകളോട് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ചോദിച്ചു.പരാജയപ്പെട്ടാലും കോടതി മധ്യസ്ഥതയുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.