ക്രൈസ്റ്റ് ചർച്ച്:ന്യൂസിലൻഡിലെ രണ്ടു മുസ്ലിം പള്ളികളിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി.ഇതിൽ മലയാളി അടക്കം അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു.ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചെന്നാണ് ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സ്ഥിരീകരിച്ചത്. അഹമ്മദാബാദ് സ്വദേശി മെഹ്‌ബൂബ് കോക്കർ, ഹൈദരാബാദ് സ്വദേശി ഒസൈർ ഖാദർ, ഗുജറാത്ത് സ്വദേശി ആസിഫ് വോറ, മകൻ റമീസ് വോറ എന്നിവരാണ് അൻസിക്ക് പുറമെ മരിച്ച ഇന്ത്യാക്കാർ.ന്യൂസിലാന്‍റിലെ ലിൻകോൺ സർവകലാശാലയിലെ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മന്റ് വിദ്യാർഥിയായിരുന്നു അൻസി. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസർ പരിക്കുകളോടെ ചികിത്സയിലാണ്. അൻസിയുടെ മൃതദേഹം നാലു ദിവസത്തിനകം നാട്ടിൽ എത്തിക്കാനാകുമെന്ന് നോർക്ക റൂട്സ് അധികൃതർ പറഞ്ഞു.
ഗോവ മുഖ്യമന്ത്രി മനോജ് പരീക്കർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം പനാജിയിൽ
ഗോവ:ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന മനോജ് പരീക്കർ(63) അന്തരിച്ചു.സംസ്കാരം ഇന്ന് വൈകുന്നേരം പനാജിയിൽ.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പനാജിയിലെ വസതിയിലായിന്നു അന്ത്യം. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു. മോദി മന്ത്രിസഭയില്‍ 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. രാജ്യത്തെ ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു പരീക്കര്‍. പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു പരീക്കര്‍. ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13–ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി.മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994–ൽ നിയമസഭാംഗമായി.1999ല്‍ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. 2000 മുതല്‍ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ല്‍ ഗോവന്‍ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാനമേറ്റു.അതേസമയം പരീക്കറിന്റെ സംസ്ക്കാരച്ചടങ്ങുകൾ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.മനോഹര്‍ പരീക്കറിന്റെ മരണത്തോടനുബന്ധിച്ച് മാര്‍ച്ച് 18ന് ദേശീയ ദുഖാചരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വനം ചെയ്തിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഇന്നു കാലത്ത് 10 മണിക്ക് കേന്ദ്ര മന്ത്രിസഭ കൂടാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും.
കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു
ശ്രീനഗര്‍:കശ്മീരില്‍ തീവ്രവാദിയുടെ വെടിയേറ്റ് വനിത പോലീസ് ഉദ്യോഗസ്ഥ മരിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുഷ്ബൂ ജാന്‍ ആണ് മരിച്ചത്. വീടിനു പുറത്തു വെച്ചാണ് ഇവര്‍ക്ക് തീവ്രവാദിയുടെ വെടിയേല്‍ക്കുന്നത്. ഗുരുതരമായ പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷോപിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.40നാണ് സംഭവം. തീവ്രവാദിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വന്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സിആര്‍പിഎഫും സൈന്യവും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി.ആര്‍മിയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സിആര്‍പിഎഫും സംയുക്തമായി പ്രദേശം വളഞ്ഞിരിക്കുകയാണ്.പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ജവന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരില്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സേനയും പൊലീസും നടപടികള്‍ ശക്തമാക്കിയിരുന്നു. ഇത്തരമൊരു ഓപ്പറേഷന്റെ ഭാഗമായി നിരവധി തീവ്രവാദികളെ കഴിഞ്ഞദിവസം സേന ഇല്ലാതാക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിലാണ് ഇപ്പോള്‍ സേനാംഗങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തുന്നത്.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചിരുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി:ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ചിരുന്നതായി റിപ്പോർട്ട്.വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ടുമായി ഇന്ത്യയിലെത്തിയ ഇയാൾ വാലി ആദം ഈസ എന്ന പേരിലാണ് ഇവിടെ മുറികളെടുത്തത്. 1994 ലായിരുന്നു ഇത്.ന്യൂഡൽഹിയിലെ അശോക് ജൻപഥ്,ഷീഷ് മഹൽ ഹോട്ടൽ എന്നിവിടങ്ങളിലാണ് ഇയാൾ താമസിച്ചിരുന്നത്.ബംഗ്ലാദേശ് സന്ദർശനത്തിന് ശേഷം ജനുവരി 29 നാണ് ഇയാൾ ഡൽഹിയിലെത്തിയത്.ഡൽഹിയിലെത്തിയ ദിവസം കശ്മീർ സ്വദേശിയായ അഷ്‌റഫ് ദർ എന്നയാളെ ഫോണിൽ വിളിച്ചു.ഇയാൾ പിന്നീട് ഹർക്കത്തുൽ അൻസാരെന്ന ഭീകരസംഘടനയിലെ അംഗമായ അബു മഹ്മൂദിനൊപ്പം മസൂദിനെകാണാൻ അശോക് ഹോട്ടലിലെത്തി.ഇവർക്കൊപ്പം സഹാരൻപൂരിൽ പോയി.പിന്നീട് ജനുവരി 31 ന് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തി.അന്നുമുതൽ കൊണാട് പ്ലേസിലുള്ള ജൻപഥ് ഹോട്ടലിലാണ് കഴിഞ്ഞത്.പിന്നീട് മൗലാനാ അബുഹസൻ നദ്‌വി എന്നയാളെ കാണാൻ ബസിൽ ലഖ്‌നൗവിലേക്ക് പോയെങ്കിലും അയാളെ കാണാനാകാതെ ഡൽഹിയിലേക്ക് തിരികെ പോന്നു. പിന്നീട് കരോൾബാഗിലെ ഷീഷ്‌മഹൽ ഹോട്ടലിലാണ് ഇയാൾ താമസിച്ചത്.ഫെബ്രുവരി ഒൻപതിന് വൈകുന്നേരം ശ്രീനഗറിലെത്തിയ ഇയാൾ ഹർക്കത്തുൽ ജിഹാദ് അൽ ഇസ്ലാമിയെന്ന ഭീകരം സംഘടനയിലെ അംഗങ്ങളായ സജ്ജാദ് അഫഗാനി,അംജദ് ബിലാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഫെബ്രുവരി പത്താംതീയതി മതിഗുണ്ടിൽ പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരർ ഒത്തുചേർന്ന യോഗത്തിലെത്തി. ഇവിടെ നിന്നും അനന്തനാഗിലേക്കുള്ള യാത്രാമധ്യേ വഴിയിൽ വെച്ച് കാർ കേടായതിനെ തുടർന്ന് പിന്നീടുള്ള യാത്ര ഓട്ടോയിലാക്കി.രണ്ടുമൂന്നു കിലോമീറ്ററുകൾ പിന്നിട്ടപ്പോഴേക്കും സൈനികർ ഓട്ടോ തടയുകയും മസൂദ് അസറിനെ തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മുംബൈ ഛത്രപതി ശിവജി ടെര്‍മിനല്‍ നടപ്പാലം തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചു
മുംബൈ:മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് രണ്ടു സ്ത്രീകളടക്കം ആറു പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക് പറ്റി.പ്ലാറ്റ്ഫോമില്‍ നിന്നും ബി.ടി ലൈനിലേക്ക് ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്.അറ്റകുറ്റപണി നടക്കുന്നതിനിടയിലും പാലം ഉപയോഗിക്കാനായി തുറന്നിട്ടതാണ് അപകട കാരണമെന്നാണ് സൂചന.വൈകിട്ട് ഛത്രപതി ശിവജി ടെര്‍മിനലില്‍ തിരക്കേറിയതോടെ പാലം തകരുകയായിരുന്നു. പാലത്തിന്‍റെ സ്ലാബാണ് അടര്‍ന്ന് വീണതെന്നും പാലം മോശം അവസ്ഥയിലായിരുന്നില്ലെന്നും മഹാരാഷ്ട്രയിലെ മന്ത്രി വിനോദ് താവ്ഡെ പറഞ്ഞു.സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പരിക്കേറ്റവരുടെ ചികിത്സ ചിലവും സർക്കാർ വഹിക്കും.സിഎസ്ടി റെയിൽവേ സ്റ്റേഷനെയും ആസാദ് മൈദാൻ പോലീസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ പാലം കസബ് പാലം എന്നും അറിയപ്പെടുന്നു.2011 ല്‍ മുബൈ ഭീകരകരമാണത്തിൽ അജ്മല്‍ കസബും കൂട്ടാളിയും ചേര്‍ന്ന് 58 പേരെ കൊന്നടുക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു പുറത്തേക്ക് കടന്നത് ഈ മേല്‍പ്പാലം വഴിയായിരുന്നു.
ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു
ന്യൂഡൽഹി:ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി.ബി.സി.സി.ഐ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഇനി ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി വേണമെങ്കില്‍ ബി.സി.സി.ഐക്ക് തീരുമാനിക്കാം എന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. മൂന്ന് മാസത്തിനകം ശ്രീശാന്തിന്‍റെ പരാതിയില്‍ തീര്‍പ്പാക്കണം എന്നും സുപ്രിം കോടതി പറഞ്ഞു.ജസ്‌റ്റിസുമാരായ അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.2013ലെ വാതുവെയ്‌പ്പ് കേസില്‍ ഇപ്പോളും തുടരുന്ന ബിസിസിഐ വിലക്കിനെതിരെയാണ് ശ്രീശാന്ത് ഹര്‍ജി നല്‍കിയത്.സുപ്രീം കോടതിയുടെ വിധിയെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു എന്നും മുപ്പത്തിയാറ് വയസ്സായ ഞാന്‍ ഇനി ആര്‍ക്കും ഒരു വെല്ലുവിളി ആയിരിക്കുമെന്ന് തോന്നുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ഇനി സീസണ്‍ ഉള്ളത്. വിദേശ കൌണ്ടി ക്രിക്കറ്റ് ടുര്‍ണ്ണമെന്‍റുകളാണ് തന്‍റെ ലക്ഷ്യമെന്നും അതിനായി പരിശീലനം തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു.2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി.ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.എന്നാൽ, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകൾ പൂർണമായും നീക്കാൻ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും ബി.സി.സി.ഐ പറയുന്നു. വിഷയത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബി.സി.സി.ഐ നിലപാടാണ് ശരിവച്ചിരുന്നത്.തുടർന്നാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞു
ന്യൂഡല്‍ഹി:ജയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന വീണ്ടും തടഞ്ഞു.യുഎന്‍ രക്ഷാ സമിതിയിലാണ് ചൈന എതിര്‍പ്പുമായി രംഗത്ത് വന്നത്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈനയുടെ തടസ്സവാദം.മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വെച്ചത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നും ചൈന യു.എന്നില്‍ അഭിപ്രായപ്പെട്ടു.മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽപെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടെ യു .എന്‍ എടുക്കാവൂ എന്നതാണ് ചൈനയുടെ നിലപാട്.ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിച്ചത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന നേരത്തെ വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.ജയ്ഷെ മുഹമ്മദ് ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫ്രാന്‍സ്, യുഎസ്, യുകെ രാജ്യങ്ങള്‍ സംയുക്തമായി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെ നടപടികളും ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയത്തെയാണ് ചൈന എതിര്‍ത്തത്.അതേസമയം ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചൈനയെ പേരെടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യു
ശ്രീനഗർ:പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യു.കശ്മീര്‍ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്.വീടിന് സമീപത്ത് വച്ചാണ് സൈനികന് വെടിയേറ്റതെന്നാണ് സൂചന. പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്‍റെ വീട്. ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ആക്രമണത്തിന്‍റെ വിവരം കിട്ടിയ ഉടന്‍ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീര്‍ പോലീസിന്‍റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.
എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി
ന്യൂഡൽഹി:വൈകീട്ട് നാല് മണിക്ക് മുമ്പായി ഇന്ത്യയിലെ എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നിലത്തിറക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. എത്യോപ്യയിലെ വിമാനപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.വൈകിട്ട് നാല് മണിക്ക് വിമാനക്കമ്പനികളുടെ യോഗവും വ്യോമയാന മന്ത്രാലയം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.ആകസ്മികമായി ഉണ്ടാകുന്ന അപകടങ്ങളെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സ്പൈസ് ജെറ്റിന് പതിമൂന്ന് ബോയിങ് 737 മാക്സ് 8 വിമാനങ്ങളും,ജെറ്റ് എയര്‍വൈസിന് അഞ്ചുമാണ് ഉള്ളത്. ഇതില്‍ ജെറ്റ് എയര്‍വെയ്സിന്‍റെ വിമാനങ്ങള്‍ സാമ്പത്തിക പ്രശ്നം കാരണം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. അടിയന്തരമായി നിലത്തിറക്കണമെന്ന നിര്‍ദേശം ഇന്നലെ തന്നെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആ സമയത്ത് സ്പൈസ് ജെറ്റ് വിമാനങ്ങള്‍ പലതും യാത്രയിലായിരുന്നു. അതിനാല്‍ നാലുമണിക്ക് ഉള്ളില്‍ നിര്‍ദേശം നടപ്പാക്കാനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉത്തരവ്.നിര്‍ദേശത്തിന് പിന്നാലെ ഫ്ലൈറ്റുകള്‍ റദ്ദാക്കിയതായുള്ള വിവരം സ്പൈസ് ജെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ മുഴുവന്‍ പണവും നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു.