സേലം:ദളിത് യുവാവിനെ പ്രണയിച്ചതിന് എൻജിനീയറിങ് വിദ്യാർത്ഥിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയില്‍ കഴിഞ്ഞദിവസമാണു സംഭവം. നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) എന്നിവരെയാണു വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ ലോഷിനിയെ(19)യും തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും പിന്നീട് കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.സംഭവം നടന്ന ഞായറാഴ്ച രാത്രി മുത്തശ്ശിയുടെ വീട്ടിലായിരുന്നു ദമ്പതികളുടെ മകൻ പ്ലസ് ടു വിദ്യാർത്ഥിയായ ലോക്‌നാഥ്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെത്തി വാതില്‍ തട്ടിനോക്കിയപ്പോള്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളേയും അയല്‍ക്കാരേയും വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.ആദ്യം കൂട്ട ആത്മഹത്യയാണെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ രമ്യ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തി. മരണത്തില്‍ സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ ചോദ്യം ചെയ്തു. ദളിത് വിഭാഗത്തില്‍പെട്ട ഇയാളെ പ്രണയിച്ചതു രമ്യയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.സേലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണു രമ്യ. കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് രമ്യ കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പിന്നീട് മാതാപിതാക്കളും ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് പറഞ്ഞു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി
ന്യൂഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി.ഇത് ആറാം തവണയാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ അവസാന തീയതി സര്‍ക്കാര്‍ നീട്ടുന്നത്. നേരത്തേ മാര്‍ച്ച് 31 വരെയാണ് സമയം നല്‍കിയിരുന്നത്.അതേസമയം ഈ സാമ്പത്തിക വർഷം മുതൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആധാർ നമ്പറുമായി പാൻ ബന്ധിപ്പിച്ചിരിക്കണമെന്നത് ആദായ നികുതി വകുപ്പ് നിർബന്ധമാക്കി.ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.റിട്ടേൺ സമർപ്പിക്കുന്നവർക്ക് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള വിവിധ വഴികൾ ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2019 മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹം എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട:ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റ് കൂടാതെ ലിത്വാനിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 28 ചെറു ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. പി.എസ്.എല്‍.വി സി-45 റോക്കറ്റില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത.436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും .ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്‌എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും.മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ.ഡി.ആര്‍.ഡി.ഒയും ഐഎസ്‌ആര്‍ഒയും സംയുക്തമായാണ് എമിസാറ്റ് നിര്‍മ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അവരുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകള്‍ പോലുള്ള ആയുധങ്ങളുടെയും സിഗ്‌നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച് നടപ്പാക്കും. ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്‌നലുകള്‍ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.
ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ;നാല് ഭീകരരെ വധിച്ചു
ശ്രീനഗർ:ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു.ലഷ്‌ക്കർ ഇ തോയ്‌ബ ഭീകരരാണ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുല്‍വാമയിലെ ലാസ്സിപുര മേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.ഇതിനിടെയാണ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തത്.തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.സംഭവ സ്ഥലത്ത് നിന്ന് എകെ47 ഉള്‍പ്പെടെയുള്ള തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും
ന്യൂഡൽഹി:ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും.രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.എകെ ആന്‍റണിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.ദക്ഷിണേന്ത്യയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളും രാഹുലിന് വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമസ്ഥലം എന്ന നിലയിലാണ് വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്
ചെന്നൈ:തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്.ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പരിക്കേറ്റവരെല്ലാം മലയാളികളാണെന്നാണ് സൂചന.പത്തനംതിട്ട-ബാംഗ്ലൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അവിനാശി മംഗള മേല്‍പാതയില്‍ നിന്ന് ബസ് താഴേക്കു പതിക്കുകയായിരുന്നു. മുപ്പത് യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ സെബി വര്‍ഗീസ് എന്ന യുവതിയുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശിച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും.
രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്
ന്യൂഡൽഹി:രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഉടന്‍ മുന്‍ കരുതല്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്.ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണെമന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രധാന സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും ഈ മേഖലകളിലൂടെ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.250 ഗ്രാമിനു മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണം. സുരക്ഷ മേഖലകള്‍ അടയാളപ്പെടുത്തി പൊലീസ് ആക്‌ട് വഴി വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കേന്ദ്രനിര്‍ദ്ദേശമനുസരിച്ച് കേരളത്തിലെ അതീവ സുരക്ഷാ മേഖലകള്‍ ഉള്‍പ്പെടുത്തി ഉടന്‍ റെഡ്സോണ്‍ പ്രഖ്യാപിക്കാനുള്ള നടപടികളിലാണ് കേരളാ പോലീസ്.
ബോളിവുഡ് നടി ഊര്‍മിള മുംബൈ നോര്‍ത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയാകും
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ നിന്നും ജനവിധി തേടും. ബുധനാഴ്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറക്ക് ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമായിരുന്നു ഊര്‍മിള അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി പ്രഖ്യാപനം നടത്തി.ഏഴാം വയസില്‍ ബാല താരമായി മറാത്തി ചിത്രത്തിലൂടെയാണ് ഊര്‍മിള സിനിമാരംഗത്തെത്തിയത് തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നായികയായിട്ടുണ്ട്.
സിനിമ ഷൂട്ടിങ്ങിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരണം
ബംഗളൂരു: സിനിമാ ഷൂട്ടിംഗിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു മരണം.ചിത്രീകരണം കാണാനെത്തിയ സുമേരയും(28) മകള്‍ ആര്യ(8)യുമാണ് മരിച്ചത്.സുമേരയുടെ ഭര്‍ത്താവിനും ഇളയ കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തെലുങ്ക് സംവിധായകന്‍ വി സമുദ്രയുടെ ‘രണം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയാണ് അപകടമുണ്ടായത്.രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് തീ പിടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.കാര്‍ പൊട്ടിത്തെറിക്കുമ്പോൾ മറ്റുള്ളവര്‍ ഒഴിഞ്ഞുമാറിയെങ്കിലും സുമേരക്കും കുഞ്ഞിനും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അപകടത്തെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചു.ചേതന്‍, ചിരഞ്ജീവി സര്‍ജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.
ഡൽഹിയിൽ ഇരുനില ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ ഇരുനില ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു.സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ യമുന എക്സ്പ്രസ്‌വേയിലായിരുന്നു അപകടം.ആഗ്രയില്‍നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചുവരുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരേ ദിശയില്‍ സഞ്ചരിച്ച ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.