മുംബൈ:ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും.മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ടീം അംഗങ്ങളെ പ്രഖ്യാപിക്കുന്നത്.മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.ലോകകപ്പിന്റെ ഫൈനല്‍ ജൂലൈ പതിനാലിന് ലോര്‍ഡ്സില്‍ വെച്ചാണ് നടക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്.ജൂണ്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ജൂണ്‍ 9ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ,13ന് ന്യൂസിലന്‍ഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് ഇന്ത്യ പാകിസ്ഥാനെയും നേരിടും.ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റന്‍ഡീസ് എന്നീ പത്ത് ടീമുകളാണ് ലോകകപ്പില്‍ പോരാട്ടത്തിനിറങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ്;അഞ്ചു ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി.ഇതോടെ ഫലം പുറത്തുവരുന്ന സമയത്തിന് താമസം ഉണ്ടായേക്കാം. ഒരു ശതമാനം വിവിപാറ്റ് എണ്ണാന്‍ ഒരു മണിക്കൂറെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ചില മണ്ഡലങ്ങളില്‍ ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വരും.ഒരു മണ്ഡലത്തിലെ ഒരു ഇ.വി.എമ്മിലെ വിവിപാറ്റുകള്‍ എണ്ണുന്നതാണ് നിലവിലെ രീതി. അത് അഞ്ച് യന്ത്രങ്ങളിലെ വിവിപാറ്റുകള്‍ ആക്കി ഉയര്‍ത്തണമെന്നാണ് കോടതി നിര്‍ദേശം.50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.അതേസമയം കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ വോട്ടെണ്ണൽ രണ്ടുദിവസത്തിനുള്ളില്‍ നടക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. മെയ് 23നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടി വന്നാല്‍ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.കൂടാതെ, 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കില്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് കുറഞ്ഞത് 9 ദിവസമെങ്കിലും വേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.എന്നാല്‍, ഫലപ്രഖ്യാപനം എത്ര വൈകിയാലും കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്.
വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുമെന്നതാണ് വിവി പാറ്റ് മെഷിന്റെ പ്രത്യേകത. അതിനാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.തത്സമയം തന്നെ ഫീഡ്ബാക്ക് ലഭിക്കുന്നതോടെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നോ എന്ന് അറിയാന്‍ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്. വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇലക്‌ട്രോണിക് വോട്ടിഗ് യന്ത്രത്തില്‍ മാത്രമല്ല, അത് വിവിപാറ്റിലും അതേസമയം രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. അതായത് തിരഞ്ഞെടുപ്പിന് ശേഷം ഇലക്‌ട്രോണിക് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ പോലും വിവി പാറ്റില്‍ തല്‍സമയം പ്രിന്റാകുന്ന വോട്ട് രേഖയില്‍ പിന്നീട് മാറ്റംവരുത്തുക സാധ്യമല്ല. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്ബോള്‍ അത് വിവിപാറ്റിലും രേഖപ്പെടുത്തപ്പെടും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റില്‍നിന്ന് ഒരു കടലാസ് പ്രിന്റൗട്ട് ആയി പുറത്തു വരും. ആ പേപ്പര്‍ രസീതുകളില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് ആ പേപ്പര്‍ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടര്‍മാര്‍ക്ക് ഏഴ് സെക്കന്റ് സമയം നല്‍കും.എന്നാല്‍ ആ രസീതുകള്‍ പോളിങ് ബൂത്തുകള്‍ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ അനുവദിക്കില്ല. അതത് ബൂത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടികളില്‍ രസീതുകള്‍ നിക്ഷേപിക്കപ്പെടും.ഇത്തരത്തില്‍ പേപ്പര്‍ രസീതുകള്‍ ബോക്‌സുകളില്‍ നിക്ഷേപിക്കുന്നതുകൊണ്ട് വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ ഇവ എണ്ണാന്‍ സാധിക്കും. വിവിപാറ്റ് മെഷിനുകള്‍ വോട്ടര്‍മാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു.
2018 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ചരിത്ര നേട്ടവുമായി വയനാട്ടിൽ നിന്നുള്ള ആദിവാസി പെൺകുട്ടി
തിരുവനന്തപുരം: 2018ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പരീക്ഷയിൽ 410 ആം റാങ്ക് സ്വന്തമാക്കി വയനാട്ടില്‍നിന്നുള്ള വനവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് കേരളത്തിന് അഭിമാനമായി.കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ വനവാസി വിഭാഗത്തില്‍നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ്.വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ് ശ്രീധന്യ.ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റു യൂണിവേഴ്സിറ്റിയില്‍ നിന്നു അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശ്രീധന്യ സിവില്‍ സര്‍വീസില്‍ പ്രധാന വിഷയമായി തെരഞ്ഞെടുത്തത് മലയാളമാണ്.
അതേസമയം 29 ആം റാങ്കുമായി തൃശൂര്‍ സ്വദേശി ആര്‍ ശ്രീലക്ഷ്മി, രഞ്ജിനാ മേരി വര്‍ഗീസ് (49 ആം റാങ്ക്), അര്‍ജുന്‍ മോഹന്‍(66 ആം റാങ്ക്) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.കനിഷാക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. അക്ഷിത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.ഐഐടി ബോംബെയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കനിഷാക് കടാരിയ ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. ആദ്യ 25 റാങ്ക് ജേതാക്കളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.
അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വ്യോമസേന;പാകിസ്താന്റെ എഫ്16 വെടിവച്ചിട്ടതിന് തെളിവുണ്ട്
ന്യൂഡൽഹി:പാകിസ്താന്റെ എഫ്16 ഇന്ത്യ വെടിവെച്ചിട്ടിട്ടില്ല എന്ന അമേരിക്കൻ മാധ്യമത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വ്യോമസേന.കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ എഫ് 16 വെടിവെച്ചിട്ടതിന് തങ്ങളുടെ പക്കൽ കൃത്യമായ തെളിവുകളുണ്ടെന്നും ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി.പാകിസ്ഥാന്റെ കൈവശമുള്ള എഫ്-16 വിമാനങ്ങളെല്ലാം അവരുടെ കൈവശം തന്നെയുണ്ടെന്ന് രണ്ട് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാനും ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തതവരുത്തി ഇന്ത്യന്‍ വ്യോമസേന രംഗത്തെത്തിയത്.പാക്ക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16 വിമാനം വെടിവച്ച് വീഴ്‌ത്തിയതെന്ന് ഓപറേഷന്‍സ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ വ്യക്തമാക്കി. വ്യോമാക്രമണം നടന്ന ദിവസം പാകിസ്ഥാന്റെ എഫ്16 വിമാനം തിരിച്ചെത്തിയില്ലെന്ന് പാക്ക് വ്യോമസേനയുടെ റേഡിയോ വിനിമയത്തിലും വ്യക‌്‌തമായിരുന്നു. വിമാനത്തില്‍ നിന്നുള്ള ഇജക്‌ഷന്‍ സംബന്ധിച്ച ഇലക്‌ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റെ എഫ്-16 ആണെന്ന സൂചനയുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചത് റഡാര്‍ സിഗ്നേച്ചറും മിസൈലിന്റെ അവശിഷ്‌ടങ്ങളും കാണിച്ച് ഇക്കാര്യത്തില്‍ ഇന്ത്യ അന്നേ സ്ഥിരീകരണം നടത്തിയിരുന്നു.
യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡൽഹി:യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് അഭിസംബോധന ചെയ്തതിനാണ് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തത്.കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ ‘മോദി സേന’ എന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്‍ യോഗിയോട് വിശദീകരണം തേടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഔചിത്യം പാലിക്കണമെന്നും ഇത്തരം പ്രസ്ഥാവനകൾ ഇനി ആവർത്തിക്കരുതെന്നും യോഗിക്കയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു.അതിനിടെ, കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചു. ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ പ്രസ്താവനയിലും പ്രവര്‍ത്തനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ കമ്മീഷന്‍ , നീതി ആയോഗ് വൈസ് ചെയർമാൻ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി.നീതി ആയോഗ് വൈസ് ചെയർമാൻ എന്ന നിലയിലല്ല സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന രീതിയിലാണ് താൻ ന്യായ് പദ്ധതിയെ വിമര്‍ശിച്ചതെന്ന് രാജീവ് കുമാര്‍ വിശദീകരിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യൻ വാദം തള്ളി അമേരിക്ക
വാഷിംഗ്ടൺ:പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടെന്ന ഇന്ത്യൻ വാദം തള്ളി അമേരിക്കൻ മാഗസിനിൽ റിപ്പോർട്ട്.അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്.ബാലാകോട്ട് ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയ പാക് വിമാനങ്ങളെ ഇന്ത്യന്‍ വിമാനങ്ങള്‍ തുരത്തുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ സൈനികനായ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്താന്‍ പിടിയിലാകുന്നത്. ഇതിന് തൊട്ടുമുന്‍പ് പാക്കിസ്താന്‍റെ എഫ് 16 വിമാനം തകര്‍ത്തതായി അഭിനന്ദന്‍ വര്‍ധമാന്‍ ഡി ബ്രീഫിംഗ് സമയത്തടക്കം വെളിപ്പെടുത്തിയിരുന്നു.ഈ വാദമാണ് ഇപ്പോൾ അമേരിക്ക തള്ളിയിരിക്കുന്നത്.പാക്കിസ്ഥാന് അമേരിക്ക എഫ്-16 നല്‍കിയത് നിരവധി ഉപാധികളോടെ ആയിരുന്നു. മറ്റുരാജ്യങ്ങളേ ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്നും ഭീകരതയെ നേരിടാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ആയിരുന്നു അമേരിക്കന്‍ നിഷ്‌കര്‍ഷ. എന്നാല്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ചു എന്ന വാദം ഇന്ത്യ ഉയര്‍ത്തിയതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാവുകയായിരുന്നു.ഇന്ത്യ വെടിവച്ചിട്ടത് എഫ്-16 തന്നെയെന്ന് ഉറപ്പിച്ചിരുന്നെങ്കില്‍ ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടി ആകുമായിരുന്നു. എന്നാല്‍ ഇന്ത്യ വീഴ്‌ത്തിയത് ഈ വിമാനം അല്ലെന്നാണ് ഇപ്പോള്‍ അമേരിക്ക സ്ഥിരീകരിച്ചതായി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആക്രമണത്തിന് ഉപയോഗിച്ചത് എഫ് 16 വിമാനമല്ലെന്ന് പാക്കിസ്ഥാന്‍ നേരെത്തെയും അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദേശ മന്ത്രാലയം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസിന് ആശ്വാസം;ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി:നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് താത്കാലിക ആശ്വാസം. ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ലാന്‍ഡ് ഡെവലപ്മെന്‍റ് ഓഫീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.ഹെരാൾഡ് ഹൗസ് ഒഴിപ്പിക്കൽ നടപടിയുമായി കേന്ദ്രസർക്കാരിന് മുന്നോട്ട് പോകാമെന്നായിരുന്നു ഫെബ്രുവരി 28ലെ ഹൈക്കോടതി ഉത്തരവ്. ഇതിനെതിരായി അസോസിയേറ്റ് ജേണൽ ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്ത 2011-12 സാമ്പത്തിക വർഷത്തെ വരുമാനം സംബന്ധിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെന്നാരോപിച്ച് സുബ്രമണ്യൻ സ്വാമിയാണ് കേസ് നൽകിയത്.
മാവോയിസ്റ്റ് ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ്:കാങ്കർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു.രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബിഎസ്എഫ് ബറ്റാലിയൻ 114 അംഗങ്ങൾ പരിശോധന നടത്തവേയാണ് ആക്രമണമുണ്ടായത്.ഇക്കഴിഞ്ഞ 28 ന് സിആര്‍പിഎഫിന്റെ കോബ്ര ബറ്റാലിയനും ഛത്തീസ്ഗഡ് പോലീസ് ഫോഴ്‌സും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
ബിഎസ്എൻഎല്ലിൽ കൂട്ടപ്പിരിച്ചുവിടൽ;54,000പേര്‍ക്ക് ജോലി നഷ്ടമാകും
ന്യൂഡല്‍ഹി:പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എന്‍എല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു.ഇതോടെ 54,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്ബ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്‌എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ബി എസ് എന്‍ എല്ലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികള്‍ ആരംഭിച്ചത്.അതേ സമയം 50 വയസ്സിന് മേലെയുള്ള ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബിഎസ്‌എന്‍എലില്‍ ഇന്ത്യയിലാകമാനം 1.76 ലക്ഷം ജീവനക്കാരാണ് ഉള്ളത്.കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്‌എന്‍എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ബിഎസ്‌എന്‍എലില്‍ ശമ്പളം മുടങ്ങിയിരിക്കുന്നത്.
ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം ബഹിരാകാശനിലയത്തിന് ഭീഷണിയെന്ന് നാസ
വാഷിങ്ടൺ:കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ മിഷന്‍ ശക്തി എന്ന ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്‍റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയായിരുന്നെന്ന് നാസ.400 കഷ്ണങ്ങളായാണ് ചിതറിയ ഇതിന്‍റെ അവശിഷ്ടങ്ങള്‍ ഭൗമതലത്തില്‍ അവശേഷിക്കുന്നത്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപടകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.നാസയുടെ തലവന്‍ ജിം ബ്രിഡന്‍സ്റ്റിന്‍ ആണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബഹിരാകാശ നിലയത്തിനും ഉപഗ്രഹങ്ങള്‍ക്കും ഭീഷണിയായി കൂട്ടിമുട്ടല്‍ സാധ്യതയുള്ള അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് ഒഴുകി നടക്കുന്നതായി നേരത്തെ അമെരിക്കന്‍ സൈന്യം കണ്ടെത്തിയിരുന്നു.പത്ത് സെന്‍റീ മീറ്ററില്‍ അധികം വലിപ്പമുള്ള 23,000 വസ്തുക്കളാണ് ഇത്തരത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പതിനായിരം എണ്ണം ബഹിരാകാശ അവശിഷ്ടങ്ങളാണ്. 3000 എണ്ണം 2007ല്‍ ചൈന നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിന്‍റെ അവശിഷ്ടങ്ങളാണ്.ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുള്ള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 ഭാഗങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടുന്നു.