ന്യൂ ഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ 95 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണം നടത്തും. കര്‍ണാടകയില്‍ 14ഉം മഹാരാഷ്ട്രയില്‍ 10ഉം ഉത്തര്‍പ്രദേശില്‍ 8ഉം സീറ്റുകളിലാണ് വോട്ടെടുപ്പ്. അസം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ 5ഉം ജമ്മുകശ്മീരില്‍ 2ഉം മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒരു സീറ്റിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും പണം നല്‍കി വോട്ട് പിടിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.സുരക്ഷാ കാരണങ്ങളാല്‍ ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ നാളെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് മാറ്റി.കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ, മുന്‍ കേന്ദ്രമന്ത്രി കെ.എച്ച് മുനിയപ്പ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ ഹരിപ്രസാദ് അടക്കം നിരവധി പ്രമുഖരാണ് കര്‍ണാടകയില്‍ നിന്ന് ജനവിധി തേടുന്നത്. കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, ജിതേന്ദ്ര സിങ്, പൊന്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാംദാസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്, ദയാനിധിമാരന്‍, കനിമൊഴി, കാര്‍ത്തി ചിദംബരം, എ രാജ, ഹേമമാലിനി, താരിഖ് അന്‍വര്‍ എന്നിവരും നാളെ ജനവിധി തേടുന്നവരില്‍ പെടുന്നു.
ആന്ധ്രയില്‍ വാഹനാപകടത്തിൽ ഏഴു മരണം
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ആനന്ദപുരം ജില്ലയില്‍ മിനിബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു.അപകടത്തിൽ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.ദേശീയപാത 42-ലാണ് അപകടമുണ്ടായത്.മരിച്ചവരില്‍ അധികവും ആനന്ദപുരം ജില്ലയില്‍ നിന്നുള്ളവരാണ്.അപകടത്തില്‍ പരിക്കേല്‍ക്കാതിരുന്ന ബസ് ഡ്രൈവര്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 100 ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തി
ന്യൂഡൽഹി:സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാന്‍ തടവിലാക്കിയിരുന്ന 100 ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തി. ഗുജറാത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് പാകിസ്ഥാന്‍ വിട്ടയച്ചത്.പാകിസ്ഥാനില്‍ നിന്നും അമൃത്സറില്‍ എത്തിയ മത്സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം വഡോദരയില്‍ എത്തി.അതേസമയം തടവിലെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി ബാബു പറഞ്ഞു. ഒരു ഇടുങ്ങിയ മുറിയിലാണ് പാര്‍പ്പിച്ചിരുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ വലിയ പീഡനങ്ങൾ ഉണ്ടായതായും ബാബു വ്യക്തമാക്കി. ഈ സമയത്ത് തങ്ങളെ മുറിയില്‍ അനങ്ങാന്‍ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ വധശ്രമം നടന്നിട്ടില്ല;മുഖത്തു പതിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള പ്രകാശമെന്നും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്
ന്യൂഡല്‍ഹി:പത്രികാ സമർപ്പണത്തിന് ശേഷം നടന്ന റാലിക്കിടെ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്.രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ വെളിച്ചം മൊബൈല്‍ ഫോണില്‍ നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വെളിച്ചമാണ് രാഹുലിന്‍റെ മുഖത്ത് പതിഞ്ഞതെന്നാണ് എസ്പിജിയുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഏഴ് തവണയാണ് രാഹുലിന്‍റെ മുഖത്ത് ലേസര്‍ വെളിച്ചം പതിഞ്ഞത്.രാഹുലിന്‍റെ തലയില്‍ പതിച്ച രശ്മി ഒരു സ്നിപര്‍ ഗണില്‍ (വളരെ ദൂരെ നിന്നും വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന തോക്ക്) നിന്നും വന്നതാവാം എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചത്.ഇതുമായി ബന്ധപ്പെട്ട ചില വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടിരുന്നു.രാഹുല്‍ ഗാന്ധിയെ വധിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമം നടന്നതായി കോൺഗ്രസ്
ലക്‌നൗ:രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമം നടന്നതായി കോൺഗ്രസ്.അമേഠിയിലെ പത്രിക സമര്‍പ്പണത്തിനിടെ രാഹുലിന്‍റെ മുഖത്ത് ലേസര്‍ പതിഞ്ഞതായാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നല്‍കിയിട്ടുണ്ട്.നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിക്കു മേല്‍ പച്ച നിറത്തിലുള്ള ലേസര്‍ രശ്മികള്‍ പതിച്ചത്.സ്നൈപര്‍ ഗണ്‍ ഉപയോഗിച്ചതാണോയെന്ന് സംശയമുണ്ടെന്നാണ് കോണ്‍ഗ്രസ് സംശയം പ്രകടിപ്പിക്കുന്നത്. ദൂരത്ത് നന്നും കൃത്യതയോടെ വെടിവെക്കാനായാണ് സ്നൈപര്‍ തോക്കുകളില്‍ ലേസര്‍ ഉപയോഗക്കുന്നത്. ഏഴ് തവണയാണ് പച്ച നിറത്തിലുള്ള ലേസര്‍ രാഹുലിന്‍റെ മുഖത്ത് പതിഞ്ഞത്.സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും, അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം;രണ്ടു പേര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്:ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം.പോളിങ്ങിനിടെ അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്‌ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായി.ഒപ്പം വ്യാപകമായ കല്ലേറുമുണ്ടായി.തുടര്‍ന്ന് പരിക്കേറ്റ രണ്ടു പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ മരിച്ചത്.രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.ഇലുരു നഗരത്തില്‍ പോളിംഗ് സ്റ്റേഷനുള്ളില്‍ ടിഡിപി-വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വൈഎസ്‌ആര്‍ പ്രവര്‍ത്തകന് കുത്തേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ്;ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി.ആന്ധ്രാ പ്രദേശ് അടക്കം 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചോടെ അവസാനിക്കും.ആന്ധ്രാ പ്രദേശ്(25), ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര( ഏഴ്), ആസം(അഞ്ച്), ഉത്തരാഖണ്ഡ് (അഞ്ച്), ബിഹാര്‍ (നാല്), ഒഡീഷ(നാല്), അരുണാചല്‍ പ്രദേശ്( രണ്ട്), പശ്‌ചിമ ബംഗാള്‍ ( രണ്ട്), മേഘാലയ(രണ്ട്),ജമ്മു കശ്മീര്‍ (രണ്ട്), ത്രിപുര (ഒന്ന്), ചത്തീസ്ഗഡ്(ഒന്ന്), മണിപ്പൂര്‍(ഒന്ന്), മിസോറാം (ഒന്ന്), നാഗാലാന്‍ഡ്(ഒന്ന്), സിക്കിം(ഒന്ന്), കേന്ദ്ര ഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍(7), ലക്ഷദ്വീപ്(1) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പമാണ്.ജമ്മുകശ്മീരില്‍ ജമ്മു, ബാരാമുല്ല മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ ഹുര്‍റിയത്ത് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിഘടന വാദികള്‍ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ സൈന്യത്തിന്റെ പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചത്തിസ്ഗഢില്‍ മാവോവാദികളുടെ സ്വാധീനമുള്ള ബസ്തര്‍ മണ്ഡലത്തിലും ഇന്നാണ് പോളിങ്. ചത്തിസ്ഗഢില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെയും കനത്ത സുരക്ഷയിലാണ് പോളിങ്. പ്രശ്നബാധിത മേഖലകളില്‍ നാല് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകും. സ്ഥാനാര്‍ഥികളുടെ ആധിക്യം മൂലം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന തെലങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിലൊഴികെ പൂര്‍ണമായും വോട്ടിങ് യന്ത്രമാണ് പോളിങ്ങിന് ഉപയോഗിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ്;ആദ്യഘട്ട വോട്ടെടുപ്പ് നാളെ
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ വിധയെഴുതും. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, സിക്കിം, നാഗാലന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ആദ്യ ഘട്ടത്തിലാണ് പോളിംഗ്.മഹാരാഷ്ട്രയിലെ ഏഴും ഉത്തര്‍പ്രദേശിലെ എട്ടും ബിഹാറിലെയും ഒഡീഷയിലെയും നാലും പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നാളെ തന്നെയാണ്.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു
ന്യൂഡൽഹി:ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടു.ദണ്ഡേവാഡയില്‍ ബിജെപി വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആക്രമണമുണ്ടായത്.കിരണ്‍ദുലില്‍ നടന്ന ബിജെപി മഹിള മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എംഎല്‍എ ഉള്‍പ്പെടുന്ന സംഘം.വഴിമധ്യേ സ്ഥാപിച്ച കുഴിബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തി വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു മാവോയിസറ്റ് സംഘം. ദന്തേവാഡയില്‍ സി.ആര്‍.പി.എഫും മാവോയിസറ്റുകളും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുകയാണ്.ദണ്ഡേവാഡ ഉൾപ്പെട്ട ബസ്തർ ലോക്സഭാമണ്ഡലത്തിൽ നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.2013 മേയിൽ ബസ്തറിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമ്മ,മുൻ കേന്ദ്രമന്ത്രി വി.സി ശുക്ല എന്നിവരുൾപ്പെടെ 27 പേർ കൊല്ലപ്പെട്ടിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള കുറ്റപത്രം നാളെ സമർപ്പിക്കും
കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം നല്‍കും.നാളെ പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫ്രാങ്കോ മുളക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 83 സാക്ഷികളാണുള്ളത്.10 പേരുടെ രഹസ്യമൊഴിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത 7 ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്.നാളെ പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴുവനോ 10 വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം.ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഒരു മാസം മുന്‍പ് കുറ്റപത്രം തയ്യാറായിരുന്നുവെങ്കിലും ചില തിരുത്തുകള്‍ പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഡി.ജി.പിയുടെ പരിഗണനയ്ക്ക് വിട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ഡി.ജി.പി അനുമതി നല്‍കിയത്.