കാര്‍വാര്‍: നാവിക സേനയുടെ ഐഎന്‍എസ് വിക്രമാദിത്യ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ ലഫ്. കമാന്‍ഡര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കാര്‍വാറില്‍ വച്ചാണ് സംഭവം.ലഫ്. കമാന്‍ഡര്‍ ഡി. എസ്. ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് നാവിക സേന അറിയിച്ചു.തുറമുഖത്തേക്ക് കപ്പല്‍ കയറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാജ്യത്തെ ഏക വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ.തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പലില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ചൗഹാന്‍ ശ്വാസം മുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു.സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കാര്‍വാറിലെ നാവിക സേനാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടുത്തമുണ്ടായെങ്കിലും കപ്പലിന് കാര്യമായ തകരാര്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന. അപകടമുണ്ടായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2004 ജനുവരിയിലാണ് റഷ്യയില്‍നിന്ന് 2.3 ബില്യണ്‍ യുഎസ് ഡോളറിന് ഇന്ത്യ വിമാനവാഹിനിക്കപ്പല്‍ വാങ്ങിയത്. അറ്റകുറ്റപ്പണികള്‍ വൈകിയതിനാല്‍ 2013ലാണു വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്.284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട്. ഏകദേശം 20 നില കെട്ടിടത്തിന്‍റെ ഉയരമാണിത്. 40,000 ടണ്‍ ഭാരമുള്ള വിക്രമാദിത്യയാണ് ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും ഭാരമേറിയതും വലിപ്പമുള്ളതുമായ കപ്പല്‍.ഫ്രാന്‍സിന്‍റെ നാവികസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ നാവികസേന മെയ് 1 മുതല്‍ നടത്താനിരുന്ന വരുണ നാവികാഭ്യാസത്തിലെ പങ്കാളിയായിരുന്നു ഐ.എന്‍.എസ് വിക്രമാദിത്യ.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസി കളക്‌ട്രേറ്റിലാണ് പ്രധാനമന്ത്രി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. വാരണാസിയിലെ കാലഭൈരക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണത്തിന് എത്തിയത്.എന്‍ഡിഎയിലെ സഖ്യകക്ഷി നേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കളക്ടേറ്റില്‍ പ്രധാനമന്ത്രിക്കായി കാത്തുനിന്നു. പുഷ്പവൃഷ്ടി നടത്തിയാണ് അണികള്‍ പ്രധാനമന്ത്രിയെ വരവേറ്റത്.ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പീയുഷ് ഗോയല്‍, ഉദ്ധവ് താക്കറെ, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍, അണ്ണാ ഡിഎംകെ നേതാവ് ഒ പനീര്‍ ശെല്‍വം, ജെഡിയു നേതാവ് നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി എത്തിയിരുന്നു
ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം
ദോഹ:ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അഭിമാന താരമായ പി.യു.ചിത്ര സ്വര്‍ണം നേടി. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കണ്ടില്‍ ഫിനിഷ് ചെയ്താണ് താരം കേരളത്തിന്റെ അഭിമാനം കാത്തത്.പക്ഷേ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്ബ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്.
കൊച്ചിയില്‍ നിന്നും കേസന്വേഷണത്തിനായി തമിഴ്നാട്ടില്‍ പോയ പൊലീസ് സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു
കോയമ്പത്തൂർ:കൊച്ചിയില്‍ നിന്നും കേസന്വേഷണത്തിനായി തമിഴ്നാട്ടില്‍ പോയ പൊലീസ് സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.കോയമ്പത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായ സംഭവം അന്വേഷിക്കാനാണ് സംഘം പോയത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഹരിനാരായണന്‍ ആണ് മരിച്ചത്.ഒരു എ എസ് ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോയത്. എ എസ് ഐ വിനായകന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, അര്‍നോള്‍ഡ്, ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുടെ മറ്റൊരു ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. എ എസ് ഐ വിനായകന്‍റെ ആരോഗ്യ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂർ കോവൈ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.
ഫാനി ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേയ്ക്ക്, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്
തിരുവനന്തപുര: ശ്രീലങ്കയുടെ തെക്കുകിഴക്ക് രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ‘ഫാനി’ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ട്.ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 26 ന് അതിരാവിലെ 12 മണിക്ക് മുമ്ബ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ന്യൂനമര്‍ദം രൂപപ്പെടുന്ന വ്യാഴാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28 ഓടെ ഇത് 80-90 കിലോമീറ്റര്‍ വേഗം വേഗം കൈവരിക്കാം. തമിഴ്‌നാട് തീരത്ത് 40-50 കിലോമീറ്റര്‍ വേഗത്തിലാകും കാറ്റ് വീശുക. 30-ന് -ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്. ഇന്ന് രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.അതേസമയം തിരുവനന്തപുരം തീരത്ത് കടലാക്രമണം രൂക്ഷമാണ്.വലിയതുറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടല്‍ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം 10 ലധികം വീടുകളില്‍ വെള്ളം കയറി.തുറമുഖ വകുപ്പിന്‍റെ ഓഫീസ് തിരമാലയില്‍ തകര്‍ന്നു.ശക്തമായി ഉയര്‍ന്ന തിരമാലകള്‍ അന്‍പത് മീറ്ററോളം കരയിലേക്ക് അടിച്ച് കയറി.അഞ്ചുതെങ്ങ്, ശംഖുമുഖം ഭാഗങ്ങളില്‍ കടല്‍ തിരകള്‍ റോഡിലേക്ക് അടിച്ച് കയറി .നിരവധി ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഇന്ന് രാത്രി വരെ ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി
ചെന്നൈ: യുവതലമുറയുടെ മേലുള്ള സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീല വീഡിയോകളുടെ പ്രചാരണം അനുവദിക്കരുത് എന്ന വ്യവസ്ഥയ്ക്ക് മേലാണ് നിരോധനം നീക്കിയത്.അശ്ലീലം കലര്‍ന്നതും വിവാദപരവുമായ ഏതെങ്കിലും വീഡിയോകള്‍ വ്യവസ്ഥ ലംഘിച്ച് അപ് ലോഡ് ചെയ്യപ്പെട്ടു എന്ന് കണ്ടാല്‍ അത് കോടതി അലക്ഷ്യമായി കണക്കാക്കുമെന്ന് ജസ്റ്റിസുമാരായ എന്‍. കിരുബാകരന്‍, എസ്‌എസ് സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി. അശ്ലീല വീഡിയോകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് തടയണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് പത്രപ്രസ്താവനയില്‍ അറിയിച്ചു. അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അഭിഭാഷകനായ മുത്തുകുമാര്‍ നല്‍കിയ കേസിലാണ് ഏപ്രില്‍ മൂന്നിന് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഏപ്രില്‍ 18ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക്ക് പിന്‍വലിച്ചിരുന്നു.തുടര്‍ന്ന് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് വീണ്ടും മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധിയെന്നും ഇതുമൂലം കമ്പനിക്ക് വലിയ രീതിയില്‍ നഷ്ടമുണ്ടായെന്നും ടിക് ടോക് കോടതിയില്‍ വാദിച്ചു.അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാമെന്ന് ടിക് ടോക് അറിയിച്ചതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്.നിരോധനം നീക്കിയതോടെ ആപ്ളിക്കേഷന്‍ വീണ്ടും പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ചൈനീസ് ആപ്പായ ടിക് ടോകിന് ഇന്ത്യയിലാണ് കൂടുതല്‍ ഉപഭോക്താക്കളെന്നാണ് റിപ്പോര്‍ട്ട്. നിരോധനത്തെ തുടര്‍ന്ന് ജീവനക്കാരെയും പ്രതിസന്ധിയില്‍ ആഴ്ത്തിയിരിന്നു. അതേസമയം അമേരിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ്:പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വാരാണസിയില്‍ പത്രിക സമര്‍പ്പിക്കും
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. വാരാണസിയിലെ സിറ്റിംഗ് എംപിയായ മോദി ഇത്തവണയും വാരാണസിയില്‍നിന്നു തന്നെയാണ് ജനവിധി തേടുന്നത്.പത്രിക സമര്‍പ്പണത്തിന് മോദിയെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും നിതിഷ് കുമാര്‍, പ്രകാശ് സിംഗ് ബാദൽ, രാം വിലാസ് പസ്‌വാന്‍, ഉദ്ധവ് താക്കറെ തുടങ്ങിയവരും അനുഗമിക്കും.വെള്ളിയാഴ്ച രാവിലെ 11.30ഓടെ മോദി പത്രിക സമര്‍പ്പിക്കുമെന്നും വ്യാഴാഴ്ച മോദി വാരാണസിയില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
ഗുജറാത്ത് കലാപം;ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ഗുജറാത്ത് കലാപത്തിലെ ഇരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ബില്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലി നല്‍കണണമെന്നും അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് താമസ സൌകര്യം ഒരുക്കിക്കൊടുക്കണമെന്നും ഗുജറാത്ത് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സഗത്തിന് ഇരയായ ബില്‍കിസ് ബാനുവിന്‍റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.മകളെ തറയിലെറിഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബില്‍കിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്.
ന്യൂന മര്‍ദ്ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രില്‍ 25 ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയാവാനും 26ന് വേഗത മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തില്‍ 25, 26 തിയതികളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിലുണ്ട്.
പത്രപ്പരസ്യങ്ങളില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് സ്വന്തം ചിത്രം വെച്ചു;മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയ്ക്കെതിരെ പരാതി
തിരുവനന്തപുരം:പത്രപ്പരസ്യങ്ങളില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് സ്വന്തം ചിത്രം വെച്ചതിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയ്ക്കെതിരെ പരാതി.ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരെ പരാതി നല്‍കിയത്.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതിയിലുള്ളത്.തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത് എന്നതിനാലാണ് മീണയ്ക്ക് തന്നെ പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നല്‍കിയ പരസ്യത്തില്‍ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു.