ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശില്‍ 14, മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ എട്ട് വീതം, ഡല്‍ഹിയില്‍ 7, ഹരിയാനയില്‍ 10, ജാർഖണ്ഡ് നാല് എന്നിങ്ങനെയായി ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.രാവിലെ ഏഴുമണിയോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്.കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.ഡല്‍ഹിയിലും ഹരിയാനയിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. ത്രിപുര ഈസ്റ്റിലെ 168ഉം തേനിയിലെ 12ഉം ബൂത്തുകളില്‍ റീപോളിങ്ങും ഇതോടൊപ്പം നടക്കും.അസംഗഢില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവർ ഇന്ന് ജനവിധി തേടും.ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്രസിങ്, ബിജെപിക്കായി കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ മത്സരരംഗത്തുണ്ട്.ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയും ദ്വിഗ് വിജയ് സിങ്ങിനെതിരെ ഭീകരാക്രമണക്കേസിലെ പ്രതി പ്രഗ്യാസിങ് മത്സരിക്കുന്ന ഭോപ്പാലും ഇന്ന് വിധിയെഴുതും. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
സിബിഎസ്‌ഇ പത്താംതരം പരീക്ഷയില്‍ 60 ശതമാനം നേടിയ മകനെ അഭിനന്ദിച്ച് ഒരമ്മയെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡൽഹി:സിബിഎസ്‌ഇ പത്താംതരം പരീക്ഷയില്‍ 60 ശതമാനം നേടിയ മകനെ അഭിനന്ദിച്ച് ഒരമ്മയെഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദില്ലിയിലെ വീട്ടമ്മയായ വന്ദന കത്തോച്ച് ആണ് തന്റെ മകനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.പരീക്ഷയില്‍ മകന്‍ നേടിയ 60 ശതമാനം വിജയം അഭിനന്ദനാര്‍ഹമാണ്. അത് 90 ശതമാനം അല്ലെങ്കില്‍ പോലും തനിക്ക് ഉണ്ടാകുന്ന സന്തോഷത്തില്‍ മാറ്റമൊന്നുമില്ലെന്നു പറഞ്ഞാണ് വന്ദനയുടെ കുറിപ്പ് ആരംഭിക്കുന്നത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ എന്റെ മകന്റെ വിജയത്തില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുന്നു.അത് 90 ശതമാനം മാര്‍ക്കല്ല എങ്കില്‍ പോലും എനിക്കുണ്ടാകുന്ന സന്തോഷത്തില്‍ മാറ്റമൊന്നുമില്ല.ചില വിഷയങ്ങളില്‍ അവന്‍ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് എനിക്കറിയാം. കഴിഞ്ഞ ഒന്നര മാസം അവന്‍ അതിന് വേണ്ടി എത്രത്തോളം പരിശ്രമിച്ചുവെന്നറിയാം. ഈ വിജയം നിന്നെ പോലുള്ളവര്‍ക്ക് അഭിമാനിക്കേണ്ട ഒന്നാണ്”-വന്ദന പറയുന്നു.ചില ഉപദേശങ്ങളും ഇവരുടെ പോസ്റ്റിലുണ്ട്.വിശാലമായ സമുദ്രം പോലെയുള്ള ഈ ജീവിതത്തിൽ എങ്ങനെ ജീവിക്കണമെന്ന് നീതന്നെ തീരുമാനിക്കുക.ഒപ്പം നിന്റെ നന്മയും അന്തസ്സും കാത്തു സൂക്ഷിക്കുക.നിന്റെ തമാശ രീതിയിലുള്ള ഇടപഴകലും ഒപ്പം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏഴായിരത്തിലധികം തവണയാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം അഭിപ്രായങ്ങളും പോസ്റ്റിന് ലഭിച്ചു.മക്കളുടെ യഥാർത്ഥ കഴിവിനെ അംഗീകരിക്കുന്ന പൊങ്ങച്ചം കാണിക്കാതെ കളവ് പറയാൻ പ്രേരിപ്പിക്കാതെ ജീവിതത്തിൽ വേണ്ടത് മാർക്ക് മാത്രമല്ല എന്ന ലോകത്തോട് വിളിച്ചു പറഞ്ഞ ധീരയും സ്നേഹനിധിയുമായ അമ്മയായാണ് പലരും വന്ദനയെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കാത്തതിന്റെ പേരിൽ മക്കളെ ക്രൂരമായി ഉപദ്രവിക്കുന്നവരുടെ ഇടയിൽ വന്ദന വ്യത്യസ്തയാവുന്നതിങ്ങനെയാണ്.ഈ പോസ്റ്റ് കണ്ട പലരും’ഇങ്ങനെയൊരു അമ്മയെ ലഭിച്ച ആ കുട്ടി ഭാഗ്യവാനാണെന്ന്’ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിന് ഇത്തരത്തിലൊരു പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അവര്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. മാത്രമല്ല മകനോടും തന്നോടുമുള്ള സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
ലോക്സഭാ ഇലക്ഷൻ;ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച;കൊട്ടിക്കലാശം ഇന്ന്
ന്യൂഡൽഹി:ലോക്സഭാ ഇലക്ഷന്റെ ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും.ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മദ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുക. ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ ഏഴും ഹരിയാനയില്‍ 11 ഉം ലോക്സഭ മണ്ഡലങ്ങളാണുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഇവിടങ്ങളിലെ പരസ്യപ്രചാരണം അവസാനിക്കും.ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, അജയ് മാക്കന്‍, ബി.ജെ.പി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൌതം ഗംഭീര്‍, ആംആദ്മി പാര്‍ട്ടിയുടെ ആതിഷി മെര്‍ലേന, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എന്നീ പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്. ബീഹാറില്‍ നിന്ന് കേന്ദ്രമന്ത്രി രാധ മോഹന്‍ സിങാണ് ജനവിധി തേടുന്ന പ്രമുഖന്‍.
നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി
ലണ്ടൻ:വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി.വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം.ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുമ്പ് രണ്ടു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ക്രമവിരുദ്ധമായി 13,000 കോടി രൂപ വായ്പയെടുത്ത് മുങ്ങി എന്നാണ് കേസ്.കഴിഞ്ഞ ജനുവരിയില്‍ രാജ്യംവിട്ട നീരവ് മോദി ബ്രിട്ടണില്‍ ആഡംബര ജീവിതം നയിച്ചുവരുന്നതായി ലണ്ടനിലെ ഒരു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19ന് സ്‌കോട്ട്‌ലന്‍ഡ്‌യാഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.നീരവ് മോദിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല
കേരളത്തില്‍ ഐ.എസ്. ഭീകരര്‍ ചാവേറാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി എൻഐഎ
തിരുവനന്തപുരം:കേരളത്തില്‍ ഐ.എസ്. ഭീകരര്‍ ചാവേറാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ. ഇതുസംബന്ധിച്ച് മാസങ്ങള്‍ക്കു മുൻപ് തന്നെ സംസ്ഥാന പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളില്‍ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും ഗൗരവത്തോടെ എടുത്തില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. അതേസമയം കേരളത്തില്‍ നടന്ന് ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റുകളെ കുറിച്ചു നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്.രണ്ട് വ്യത്യസ്തസംഘങ്ങളായാണ് സംസ്ഥാനത്തുനിന്ന് ഐഎസിലേക്ക് ആളെ ചേര്‍ത്തതെന്നും ഇതില്‍ അുദാബി മൊഡ്യൂള്‍ എന്ന പേരിലറിയപ്പെടുന്ന സംഘം വിദേശത്തെത്തിയ മലയാളികളെ ഐ.എസില്‍ എത്തിച്ചു. ഈ റിക്രൂട്ട്‌മെന്റുകളില്‍ കൂടുതല്‍ നടന്നതും യെമന്‍ വഴി ആയിരുന്നു. യെമന്‍ വഴി ഐ.എസ്സിലെത്തിയവര്‍ മിക്കവരും അഫ്ഗാനിസ്താനിലാണ് എത്തിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് ഈ സംഘങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്.സജ്ജാതും റാഷിദും ശബ്ദസന്ദേശങ്ങളിലൂടെയും മറ്റുമാണ് സംസ്ഥാനത്ത് ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തത്.അഫ്ഗാനിലിരുന്നു കൊണ്ടും സംസ്ഥാനത്ത് ചാവേറാക്രമണങ്ങള്‍ക്ക് ഇവർ ആഹ്വാനം നടത്തിയിരുന്നു. കാസര്‍കോട് സംഘടിപ്പിച്ച ക്‌ളാസുകളില്‍ ആക്രമണോത്സുക ജിഹാദിന് ആഹ്വാനവും നടത്തിയിരുന്നു. ജില്ലയില്‍ നിന്നും പതിനാറിലധികം പേരെ ഐഎസില്‍ എത്തിച്ചതും അബ്ദുള്‍റാഷിദ് അബ്ദുള്ളയാണ്.കൊച്ചിയില്‍ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന എന്‍.ഐ.എ. മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യോഗം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റേണ്ടി വന്നെങ്കിലും വിഷയത്തില്‍ തുടരന്വേഷണം നടത്താനോ സംസ്ഥാനത്തെ ഐ.എസ്. സ്‌ളീപ്പര്‍ സെല്ലുകളെ കണ്ടെത്താനോ സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെന്നും എന്‍ഐഎ പറയുന്നു.രാജ്യത്ത് നിന്നും മനുഷ്യക്കടത്ത് തടയാന്‍ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ശക്തമാക്കണമെന്നും ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇക്കാര്യത്തിലും നടപടിയുണ്ടായില്ല. മുനമ്ബത്ത് നിന്നും ബോട്ടില്‍ വന്‍ സംഘം അടുത്തിടെ അനധികൃതമായി പുറപ്പെട്ട് പോയിരുന്ന സംഭവത്തിലും കേരളത്തിലെ അന്വേഷണ ഏജന്‍സികളുടെ വീഴ്ച പുറത്ത് വന്നിരുന്നു.
പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ അഞ്ചു മരണം
മുംബൈ:പൂനെയില്‍ വസ്ത്രവ്യാപാര ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ അഞ്ചു മരണം.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം.പൂനെയിലെ ഉര്‍ലി ദേവച്ചി എന്ന പ്രദേശത്തെ വസ്ത്രവ്യാപാര ഗോഡൗണിലാണ് തീപിടിച്ചത്. ഗോഡൗണിനുള്ളില്‍ ഉറങ്ങുകയായിരുന്ന അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അതിവേഗത്തില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് പുറത്തേക്ക് പോകാന്‍ സാധിക്കാത്തതാണ് മരണത്തിനിടയാക്കിയത്.സംഭവത്തെ തുടര്‍ന്ന് അഗ്നിശമനസേനയുടെ നാല് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, തീ പടരാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.
ബംഗളൂരു മെട്രോ സ്റ്റേഷനില്‍നിന്ന് സുരക്ഷാ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട അജ്ഞാതനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്;സുരക്ഷ ശക്തമാക്കി
കർണാടക:ബംഗളൂരു മെട്രോ സ്റ്റേഷനില്‍നിന്ന് സുരക്ഷാപരിശോധനയ്ക്കിടെ രക്ഷപ്പെട്ട അജ്ഞാതനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്. അരയില്‍ സംശയകരമായ വസ്തു ഘടിപ്പിച്ചെത്തിയ അജ്ഞാതനാണ് സുരക്ഷാ പരിശോധനയ്ക്കിടെ കടന്നു കളഞ്ഞത്. അറബി വസ്ത്രം ധരിച്ചെത്തിയ ഇയാളെ ചോദ്യം ചെയ്യാന്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവച്ചെങ്കിലും രക്ഷപെടുകയായിരുന്നു. ഇയാള്‍ക്ക് നാല്‍പത് വയസ്സ് പ്രായം തോന്നിക്കും.മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന ഒഴിവാക്കി അകത്തു കടക്കാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു.സുരക്ഷാവേലി ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞപ്പോള്‍ കടത്തിവിടുന്നതിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു.അജ്ഞാതനെ സുരക്ഷാ ജീവനക്കാര്‍ മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുമ്ബോള്‍ ബീപ് ശബ്ദം കേട്ടതായി ബംഗളൂരു മെട്രോ വക്താവ് യശ്വന്ത് ചവാന്‍ പറഞ്ഞു. ബീപ് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ പെട്ടെന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിഎംടിസി, കെഎസ്‌ആര്‍ടിസി, റെയില്‍വെ സ്റ്റേഷന്‍, മജെസ്റ്റികിന്‍റെ പരിസരപ്രദേശങ്ങള്‍, നഗരത്തിലെ എല്ലാ മെട്രോസ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിമാനത്തിന്റെ ടയറിനടിയിൽപ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം
കുവൈറ്റ്:കുവൈറ്റ് എയര്‍വേയ്സ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളിയായ ജീവനക്കാരന് ദാരുണാന്ത്യം.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. കുവൈറ്റ് എയര്‍വേയ്സിന്റെ് സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് (34) മരിച്ചത്.വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലായിരുന്നു അപകടം. ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തില്‍ യാത്രക്കാരോ ജീവനക്കാരോ ഇല്ലായിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് കുവൈറ്റ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിന, മകള്‍ നൈനിക ആനന്ദ്.മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് എത്തിക്കും.
ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം;സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു
ന്യൂഡൽഹി:ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് എതിരായ ലൈംഗികാരോപണത്തിൽ പ്രതിഷേധം നടന്നതിന് പിന്നാലെ സുപ്രീം കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു. ലൈംഗീക പീഡന പരാതിയില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെ സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ സുപ്രീം കോടതി പരിസരത്ത് പ്രതിഷേധം നടന്നത്.വനിതാ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി സ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.സുപ്രീംകോടതിയ്ക്ക് മുന്‍പില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്‌ആപ്പ് ഗ്രൂപ്പാണ് സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം ആഹ്വാനം ചെയ്തത്. കൂടാതെ, ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. ചില വനിതാ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതി ലൈംഗികാരോപണ കേസിൽ ചീഫ് ജസ്റ്റീസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റീസിനെതിരേ ആരോപണം ഉന്നയിച്ചത്. പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് നല്‍കാത്തത് നീതിയല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ണമായും അനീതിയായാണ് തോന്നുന്നതെന്ന് സിപിഎം നേതാവ് വൃന്ദാ കാരാട്ട് പറഞ്ഞു.അതേസമയം പരാതി അന്വേഷിക്കാന്‍ നിയോഗിച്ച സമിതിക്ക് മുമ്ബാകെ ഹാജരാവില്ലെന്ന് പരാതിക്കാരി നിലപാടെടുത്തിരുന്നു.സമിതിയില്‍ നിന്നും നീതി കിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അതിനാല്‍ പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം തുടരാന്‍ സമിതി തീരുമാനമെടുത്തിരുന്നു.
വിവിപാറ്റ് പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണേണ്ടതില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയതുകൊണ്ടു മാത്രം കാര്യമില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് കമ്മിഷന്‍ അറിയിച്ചതിനെ ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.