കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

keralanews congress will take over chief minister post in karnataka
ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. ജെഡിഎസില്‍നിന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കിയേക്കും.ജി. പരമേശ്വര കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേതൃയോഗത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. നിലവിലെ മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി ഉപമുഖ്യമന്ത്രിയായേക്കും. സഖ്യത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും സ്വരചേര്‍ച്ചയില്ലായ്മയുമാണ് ബിജെപിക്ക് അവസരമൊരുക്കിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസും കോണ്‍ഗ്രസും പ്രത്യേകം യോഗം ചേരുന്നുമുണ്ട്. ഈ യോഗങ്ങളില്‍ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതിനെ മറികടക്കാന്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് കര്‍ണാടക പിസിസി ആലോചിക്കുന്നത്.അതേസമയം മറുവശത്ത് ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങിയിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചതിന് ശേഷം സംസ്ഥാനത്തെ സര്‍ക്കാരിനോടുള്ള നിലപാടെന്താണെന്ന് തീരുമാനിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

കർണാടകയിൽ വാഹനാപകടത്തിൽ നാല് കൂത്തുപറമ്പ് സ്വദേശികൾ മരിച്ചു;മരണപ്പെട്ടത് വിവാഹം കഴിഞ്ഞ് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ

keralanews four malayalees died in an accident in karnataka (2)

ബെംഗളൂരു:കർണാടകയിലെ മധൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു.കണ്ണൂർ കൂത്തുപറബ് സ്വദേശികളായ രണ്ടു ദമ്പതികളാണ് മരിച്ചത്.കൂത്തുപറമ്പ് പൂക്കോട് കുന്നപ്പടി ഈക്കിലിശ്ശേരി ജയ്‌ദീപ്,ഭാര്യ ജ്ഞാനതീർത്ഥ,ജയദീപിന്റെ സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ,ഭാര്യ ജിൻസി,എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.വിവാഹം കഴിഞ്ഞ് ബംഗളൂരുവിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയതായിരുന്നു ഇവർ.ഒരാഴ്ച മുൻപാണ് കിരണിന്റെയും ജിൻസിയുടെയും വിവാഹം കഴിഞ്ഞത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവർ ബെംഗളൂരുവിലേക്ക് യാത്രതിരിച്ചത്.തിരിച്ച് നാട്ടിലേക്ക് മടങ്ങവേ പുലർച്ചെ മധൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.ജയദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ.കാർ ഓടിച്ചിരുന്ന ജയദീപടക്കം മൂന്നുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെട്ടത്.ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കൂത്തുപറമ്പ്.

ലോക്സഭാ ഇലക്ഷൻ;തോൽവിയുടെ കാരണങ്ങൾ പഠിച്ച ശേഷം പരിഹാരം കാണുമെന്ന് സിപിഎം

keralanews loksabha election cpm said solution will find after studying the reason for defeat

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി. ഭാവിയില്‍ വെല്ലുവിളികളെ വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നേരിടണമെന്നും സി.പി.എം പി.ബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ബംഗാളിലും ത്രിപുരയിലും കേരളത്തിലും കനത്ത തോൽവിയാണു സിപിഎമ്മിന് നേരിടേണ്ടി വന്നിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ രണ്ട് സീറ്റില്‍ സിപിഐയും രണ്ട് സീറ്റില്‍ സിപിഎമ്മും ലീഡ് ചെയ്യുന്നു എന്നത് മാത്രമാണ് ആശ്വാസം.2014 ല്‍ ത്രിപുരയില്‍ 64 ശതമാനം വോട്ടും രണ്ട് സീറ്റുകളും പിടിച്ച സിപിഎം ഇക്കുറി രണ്ട് സീറ്റുകളിലും ബഹുദൂരം പിറകിലാണെന്നു മാത്രമല്ല മൂന്നാം സ്ഥാനത്തുമാണ്.2014 ല്‍ പോളിറ്റ് ബ്യൂറോ മെംബര്‍ കൂടിയായ മൊഹമ്മദ് സലിം വിജയിച്ച റായ്ഗഞ്ചില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.സിറ്റിംഗ് എം.പിയായ സലിം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്ന് മാത്രമല്ല. ബിജെപിയെക്കാള്‍ ഒരു ലക്ഷത്തോളം വോട്ടിനു നിലവില്‍ പിന്നിലാണ്.

നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ച് ലോകരാഷ്ട്രങ്ങൾ

keralanews world nations congratulates narendramodi

ന്യൂഡൽഹി:പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിശയിപ്പിക്കുന്ന പ്രകടനവുമായി കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്.തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ മുന്നേറ്റം നടത്തി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്. ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും മാത്രം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ മോദിയെ അഭിനന്ദിച്ചു. അതേസമയം ബിജെപി ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നാണ് സൂചനകള്‍. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകിട്ട് 5.30ന് ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും.

വയനാട്ടിൽ വൻ മുന്നേറ്റവുമായി രാഹുൽ ഗാന്ധി;അമേത്തിയിൽ പിന്നിൽ

keralanews rahul gandhi leading in wayanad

വയനാട്:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരള-കേന്ദ്ര രാഷ്ട്രീയം ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി വൻ മുന്നേറ്റം നടത്തിയിരിക്കുന്നു.ഏകദേശം എഴുപത് ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി മുന്നിലാണ്.ഏകദേശം രണ്ടരലക്ഷത്തോളമാണ് രാഹുലിന്റെ ഭൂരിപക്ഷം. ഇത് ഇനിയും ഉയരുമെന്നാണ് സൂചന. എൽഡിഎഫ് സ്ഥാനാർഥി പി.സുനീറാണ് വയനാട്ടിൽ രണ്ടാം സ്ഥാനത്ത്.അതേസമയം രാഹുൽ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേത്തിയിൽ സ്‌മൃതി ഇറാനി തേരോട്ടം തുടരുകയാണ്.സിറ്റിംഗ് എംപിയായ രാഹുൽ ആദ്യ റൗണ്ടിൽ മുന്നേറിയെങ്കിലും പിന്നീട് സ്‌മൃതി ഇറാനി ലീഡ് നിലനിർത്തുന്ന കാഴ്ചയാണ് കണ്ടത്.കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ് അമേത്തി.

കേന്ദ്രത്തിൽ എൻഡിഎ ക്ക് മികച്ച മുന്നേറ്റം;ലീഡ് നില കേവലഭൂരിപക്ഷവും കടന്നു

keralanews nda leading in central lead level crossed the absolute majority

ന്യൂഡൽഹി:തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേന്ദ്രത്തിൽ എൻഡിഎ ക്ക് മികച്ച മുന്നേറ്റം.ലീഡ് നില കേവലഭൂരിപക്ഷവും കടന്നു.രാവിലെ പത്തുമണിയോടെയുള്ള ഫലസൂചനകളിൽ 542 ൽ 327 സീറ്റിൽ ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്.മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു.

വോട്ടെണ്ണൽ ആരംഭിച്ചു;ദേശീയതലത്തിൽ എൻഡിഎ ക്ക് മുൻ‌തൂക്കം;കേരളത്തിൽ ഒപ്പത്തിനൊപ്പം

keralanews vote counting nda leads in national level

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ദേശീയ തലത്തിൽ എൻഡിഎ മുന്നിട്ട് നിൽക്കുകയാണ്.ആദ്യ ഫലസൂചനയനുസരിച്ച് 24 മണ്ഡലങ്ങളിൽ പതിനാറിടങ്ങളിലും ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്.ആറിടത്ത് കോൺഗ്രസ് മുന്നിലാണ്.കേരളത്തിൽ പത്തു സീറ്റുകളിലായി എൽഡിഎഫും യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്.കാസർകോഡ്,കണ്ണൂർ,വടകര, കോഴിക്കോട്, ആറ്റിങ്ങൽ,കൊല്ലം,ആലപ്പുഴ,ആറ്റിങ്ങൽ,തൃശൂർ,പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

keralanews the election commission rejected the demand of opposition party to count vivipat first

ന്യൂഡൽഹി:വിവിപാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.വിവിപാറ്റിന് പകരം ഇ.വി.എമ്മിലെ വോട്ടുകളാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷൻ അറിയിച്ചു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഫലസൂചന വൈകുമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇ.വി.എം തിരിമറിയുടെ സാധ്യത മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ സുതാര്യത വേണമെന്ന ആവശ്യമുന്നയിച്ചാണ് വിവിപാറ്റുകള്‍ ആദ്യമെണ്ണണമെന്ന് പ്രതിപക്ഷം ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ വോട്ടുകളും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വോട്ടു വ്യത്യാസമുണ്ടായാല്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം തെരഞ്ഞടുപ്പ് കമ്മീഷന്‍ നിരാകരിച്ചാല്‍ കോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് ആലോചനയുണ്ട്.അതേസമയം വിവിപാറ്റ് ആദ്യം എണ്ണില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം നിരാശാജനകമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടു. കമ്മീഷന്റെ തീരുമാനത്തില്‍ ഭിന്നതയുണ്ടോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കുകയാണ്. ഇവിഎം ബി.ജെ.പിയുടെ ഇലക്ട്രോണിക് വിക്ടറി മെഷീന്‍ ആണോയെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്‌വി ചോദിച്ചു.

വോട്ടെണ്ണൽ നാളെ;രാജ്യം ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

keralanews loksbha election only hours left to know who will rule the country

തിരുവനന്തപുരം:കാത്തിരിപ്പിന‌് വിരാമം കുറിച്ച‌് പതിനേഴാം ലോക്സഭാ ഇലെക്ഷൻറെ ഫലം നാളെ അറിയും.കേരളത്തിൽ വ്യാഴാഴ‌്ച  29 ഇടത്തായി 140 കേന്ദ്രത്തിലാണ‌് വോട്ടെണ്ണൽ നടക്കുക. എക‌്സിറ്റ‌്പോൾ പ്രവചനങ്ങളുടെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിലും യഥാർഥ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ‌് കേരളം. രാവിലെ എട്ടിന‌് തപാൽ വോട്ടുകളാണ‌് ആദ്യം എണ്ണുക. ഒപ്പം സർവീസ‌് വോട്ടുകളുടെ സ‌്കാനിങ‌് ആരംഭിക്കും.ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ്‌ ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും.വോട്ടിങ‌് യന്ത്രത്തിലെ എണ്ണൽ രാവിലെ എട്ടരയോടെ ആരംഭിക്കും. ആദ്യഫലസൂചന രാവിലെ ഒമ്പതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും.ഒരു റൗണ്ട‌് എണ്ണിക്കഴിഞ്ഞ‌് ലീഡ‌് നില തെരഞ്ഞെടുപ്പ‌് കമീഷന്റെയും എൻഐസിയുടെയും പോർട്ടലിലേക്ക‌് അപ‌്‌ലോഡ‌് ചെയ‌്ത ശേഷമേ അടുത്ത റൗണ്ട‌് എണ്ണൂ. സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായെന്ന്‌ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ക്ക് കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്ത് മാതൃക വോട്ടെണ്ണൽ കേന്ദ്രവും സജ്ജമാക്കി.തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസിലെ വിദ്യാനഗറിലാണ് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രം.വ്യാഴാഴ്ച രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതത്‌ നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. 2640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയില്‍നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.

വോട്ടെണ്ണൽ;ആദ്യം വിവിപാറ്റ്‌ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിഗണിക്കും

keralanews vote counting election commission will consider the demand of opposite parties to count the vivipat first

ന്യൂഡൽഹി:നാളെ നടക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ആദ്യം വിവിപാറ്റ്‌ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിഗണിക്കും.സുപ്രീം കോടതി നിർദേശിച്ച പ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിങ് സ്റ്റേഷനിലെ വിവിപാറ്റ്‌ ഒത്തുനോക്കുന്ന നടപടി ആദ്യം പൂർത്തിയാക്കണം. അതിനു ശേഷം മാത്രമേ മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങാവൂ.വോട്ടുകളും വിവിപാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റും എണ്ണണം.പോൾ ചെയ്ത വോട്ടുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ എന്തുചെയ്യുമെന്ന് വ്യക്തത വരുത്തണം,ഇ വി എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻപാകെ വെച്ചിരിക്കുന്നത്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 22 പാർട്ടികൾ ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. യോഗത്തിനു ശേഷമാണ് ഇത്തരം ആവശ്യങ്ങളുമായി ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ എത്തിയത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്,സിപിഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി,മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്,അഹമ്മദ് പട്ടേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.