മുംബൈ:മുംബൈയിലെ സർക്കാർ ആശുപത്രിയായ ബി വൈ എൽ നായർ ഹോസ്പ്പിറ്റലിൽ റസിഡന്റ് ഡോക്ട്ടരും ഗൈനക്കോളജി വിദ്യാർത്ഥിനിയുമായ പായൽ ആശുപത്രിയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതെ ആശുപത്രിയിലെ തന്നെ മൂന്ന് സീനിയർ ഡോക്റ്റർമാർ അറസ്റ്റിൽ.പായലിന്റെ റൂം മേറ്റ് ഡോ.ഭക്തി മോഹാര,ഡോ.ഹേമ അഹൂജ,ഡോ.അങ്കിത ഖണ്ഡൽവാർ എന്നിവരാണ് അറസ്റ്റിലായത്.പായലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവിൽ പോയിരുന്നു. സവർണ്ണരായ സീനിയർ വിദ്യാർത്ഥിനികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിച്ചിരുന്നതായി സഹപ്രവർത്തകർ മൊഴിനല്കിയിരുന്നു.ജാതി പീഡനം മൂലമാണ് പായൽ ആത്മഹത്യാ ചെയ്തതെന്ന് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജനും സ്ഥിതീകരിച്ചു. മൂന്നുപേരും മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പായലിന്റെ കുടുംബം ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
രാജി നിലപാടിൽ ഉറച്ച് രാഹുൽ ഗാന്ധി;പുതിയ അധ്യക്ഷനെ കണ്ടെത്താൻ നിർദേശം
ന്യൂഡൽഹി:2019 ലെ ലോക്സഭാ ഇലക്ഷനിൽ ഏറ്റ കനത്ത പരാജയത്തെ തുടർന്ന് രാജി വെയ്ക്കാനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.മുതിർന്ന നേതാക്കളും സഹോദരി പ്രിയങ്ക ഗാന്ധിയും പലവട്ടം രാജി തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി.അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവ് സ്ഥാനവും പാർട്ടി പുനഃസംഘടനാ ചുമതലയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. അനുനയത്തിനായെത്തിയ അശോക് ഗെലോത്ത്, സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ തുടങ്ങിയവരെ കാണാൻ പോലും രാഹുൽ ഇന്നലെ കൂട്ടാക്കിയിരുന്നില്ല.മറ്റ് പി.സി. സികളും രാജി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടുത്ത് തന്നെ കോണ്‍ഗ്രസ് പ്രവർത്തക സമിതി ചേര്‍ന്നേക്കും.
ബംഗാളിൽ രണ്ട് തൃണമൂല്‍ എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു
കൊൽക്കത്ത:മമത ബാനര്‍ജിയെ സമ്മര്‍ദത്തിലാക്കി പശ്ചിമ ബംഗാളിൽ അട്ടിമറി നീക്കവുമായി ബി.ജെ.പി. രണ്ട് എം.എല്‍.എമാരും അന്‍പതോളം കൌണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നു. മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒരു സി.പി.എം എം.എൽ.എയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.തൃണമൂൽ കോൺഗ്രസിൻറ എം.എൽ.എമാരായ ബീജ്പൂരിൽ നിന്നുള്ള ശുബ്രാങ്ശു റോയ്, ബിഷ്ണുപൂരിൽ നിന്നുള്ള തുഷാർ കാന്ദി ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. അതേസമയം ഇനിയും കുറേ പേര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹെംതാബാദിൽ നിന്നുള്ള സി.പി.എം എം.എൽ.എ രവീന്ദ്രനാഥ് റോയിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ച മറ്റൊരു എം.എല്‍.എ. പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയത് മുതൽ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്.എം.എൽ.എമാരെയും കൌണ്‍സിലര്‍മാരെയും ചാക്കിട്ട് പിടിച്ചതോടെ മമത ബാനര്‍ജിയെയും തൃണമൂൽ കോൺഗ്രസിനെയും കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണ് ബി.ജെ.പി.
ലോകകപ്പ് സന്നാഹ മത്സരം;ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
ഇംഗ്ലണ്ട്:ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ ഇന്ത്യ ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. ന്യൂസിലൻഡിനോട് തോറ്റ ആദ്യ സന്നാഹ മത്സരത്തിൽ കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം; രാജിവെയ്ക്കാനൊരുങ്ങി രാഹുൽഗാന്ധി; അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളുടെ ശ്രമം
ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാനൊരുങ്ങി രാഹുൽ ഗാന്ധി.അധ്യക്ഷ പദം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ നേതൃപദവി ഏറ്റെടുക്കണമെന്നാണ് രാഹുലിന്റെ നിലപാട്.രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.താന്‍ മാത്രമല്ല, സോണിയയോ, പ്രിയങ്കയോ അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നുമാണ് രാഹുലിന്റെ പക്ഷം.രാജി സന്നദ്ധത അറിയിച്ചെങ്കിലും പുതിയൊരാളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് രാഹുല്‍ സമയം നല്‍കിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്തെങ്കിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കാത്തതാണ് രാഹുലിനെ ചൊടിപ്പിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായുള്ള കൂടിക്കാഴ്ചയും മറ്റ് യോഗങ്ങളുമെല്ലാം റദ്ദാക്കാനും രാഹുല്‍ നിര്‍ദേശം നല്‍കി. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
രാജ്യത്ത് 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം
ന്യൂഡൽഹി:മലിനീകരണ രഹിത റോഡുകൾക്കായി 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം വിൽക്കാനൊരുങ്ങി സർക്കാർ.ഇതിനായി 2025 ഏപ്രിൽ 1 മുതൽ 150cc ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ.പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് നിരോധനം. കൂടാതെ 2023 ഏപ്രിലോടെ പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരോധിക്കാനും നിർദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാഹനങ്ങൾക്ക് പകരം ഇലക്‌ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഓട്ടോകളും നിരത്തിലിറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഇതുമൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാമെന്നാണ് കരുതുന്നത്.മലിനീകരണ നിയന്ത്രണത്തിനുള്ള ബിഎസ് 6 നിയമം നടപ്പിലാക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.ഭാരത് സ്റ്റേജ് 6 നിലവാരം പാലിക്കുന്നതിനായി കോടിക്കണക്കിനു രൂപയാണ് വിവിധ ഇരുചക്ര വാഹന നിർമാതാക്കൾ നിക്ഷേപിക്കുന്നത്.ഇക്കാരണത്താലാണ് നിരോധനം പെട്ടെന്ന് നടപ്പിലാക്കാതെ അഞ്ചുവർഷത്തെ സാവകാശം സർക്കാർ ഇവർക്ക് നൽകുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി അത്യന്തം ആശങ്കയോടെയാണ് ഈ പുതിയ നീക്കത്തെ കാണുന്നത്.രാജ്യത്തെ പ്രമുഖ ഇരുചക്ര ബ്രാൻഡുകളുടെ വിൽപ്പനയിൽ മുഖ്യപങ്കും വഹിക്കുന്നത് 150cc ഇൽ താഴെയുള്ള വാഹനങ്ങളാണ്.നീക്കം നടപ്പിലായാൽ രാജ്യത്തെ വാഹന ചരിത്രത്തിൽ നിർണായകമായ മാറ്റമാകും ഇത്.
സൂറത്ത് തീപിടുത്തം;മരണസംഘ്യ 20 ആയി;ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ
ഗുജറാത്ത്:സൂറത്ത് തക്ഷശില കോംപ്ലക്സിൽ ഉണ്ടായ തീപിടിത്തത്തിൽ മരണം 20 ആയി. സംഭവത്തിൽ ട്യൂഷൻ സെന്റര്‍ ഉടമ ഭാർഗവ ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കം 3 പേർക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെൻററിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരന്നില്ലെന്ന് പൊലീസ് കണ്ടെത്തി. തക്ഷശില കോംപ്ലക്സ് ഉടമകളായ ജിഗ്നേഷ്, ഹർഷാൽ ട്യൂഷൻ സെന്റർ ഉടമ ഭാർഗവ ഭൂട്ടാനി എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.ഭാർഗവയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു
ന്യൂഡൽഹി:നരേന്ദ്രമോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.വൈകീട്ട് പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍ഡിഎ എം.പിമാരുടെ യോഗമാണ് നരേന്ദ്രമോദിയെ നേതാവായി തിരഞ്ഞെടുത്തത്.ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദേശിച്ചത്.നിതിൻ ഗഡ്‌കരി,രാജ്‌നാഥ് സിങ് എന്നിവർ ഇതിനെ പിന്താങ്ങി. രാഷ്ട്രപതിയോട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കാനുള്ള അനുമതിയും നരേന്ദ്രമോദിക്ക് യോഗം നല്‍കി. അല്പസമയത്തിനകം തന്നെ രാഷ്ട്രപതിയെകണ്ട് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്രമോദി ഉന്നയിക്കും.അതിനിടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശം ഉന്നയിച്ച് കഴിഞ്ഞാല്‍ രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍ഡിഎയെ ക്ഷണിക്കും.മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി,മുരളീ മനോഹർ ജോഷി,മറ്റ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സൂറത്തിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലനകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം;15 മരണം
ഗാന്ധിനഗർ:ഗുജറാത്തിൽ സൂറത്തിൽ സാരസ്ഥാന മേഖലയിലുള്ള ഒരു ബഹുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ വിദ്യാർത്ഥികൾക്കായുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം.തീപിടുത്തത്തിൽ 15 പേർ മരിച്ചു.അഗ്‌നിശമന സേനയുടെ 18യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.15പേരുടെ മരണം സ്ഥിരീകരിച്ചതായും,മരണസംഖ്യ ഇനിയും ഉയരുമെന്നും സൂറത് പോലീസ് കമ്മീഷണർ സതീഷ് കുമാർ മിശ്ര പറഞ്ഞു. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം മരിച്ച കുട്ടികളുടെ കുടുംബത്തിന് 4ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുന്നതായും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി:നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.മോദിക്കൊപ്പം മുതിർന്ന നേതാക്കളും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും.ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന.അമിത് ഷാ ഇത്തവണ ധനമന്ത്രിയാകുമെന്നാണ് സൂചന. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ഇത്തവണ മന്ത്രിസ്ഥാനം നൽകിയേക്കില്ല എന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.ധനവകുപ്പിന് പുറമെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരുവാനുള്ള താൽപ്പര്യവും അമിത് ഷാ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.കേന്ദ്രമന്ത്രിസഭയിൽ രണ്ടാമനായി രാജ്‌നാഥ് സിങ് തന്നെ തുടരുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.ആഭ്യന്തര വകുപ്പ് തന്നെയാകും നൽകുക എന്നാണ് സൂചന.സുഷമ സ്വരാജ്,നിതിൻ ഗഡ്‌കരി തുടങ്ങിയ മുതിർന്ന നേതാക്കളുടെ വകുപ്പുകളിലും മാറ്റമുണ്ടാകില്ല.