അഭിനന്ദൻ വർധമാനെ പരിഹസിച്ച പാക് ചാനലിന്റെ ക്രിക്കറ്റ് ലോകകപ്പ് പരസ്യം വിവാദത്തില്‍

keralanews the world cup cricket advertisement of pakisthan channel mocking abhinandan vardhamaan

ദില്ലി:ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച പാക് ചാനലിന്റെ ക്രിക്കറ്റ് ലോകകപ്പ് പരസ്യം വിവാദത്തില്‍.ഇന്ത്യ – പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക് ചാനലായ ജാസ് ടിവി തയാറാക്കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്.അഭിനന്ദനെ പിടികൂടിയതിന് ശേഷം പാക് സൈന്യം ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ചായ കുടിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യത്തിന്റെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കുന്നതായിരുന്നു ആ വീഡിയോ. അതിന്റെ മാതൃകയിലാണ് പുതിയ പരസ്യ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.അഭിനന്ദന്‍ വര്‍ധനമാന്റെ മുഖവുമായി സാമ്യമുള്ളയാളാണ് പരസ്യചിത്രത്തില്‍. അഭിനന്ദനെ പോലെ മീശവെച്ച അഭിനേതാവാണ് പരസ്യചിത്രത്തിലുള്ളത്.ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയോട് സാമ്യമുള്ള നീല ടീഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്.കൈയ്യില്‍ ഒരു ചായക്കോപ്പയും ഉണ്ട്.
ഐ ആം സോറി, ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്(ക്ഷമിക്കു, ഇതേക്കുറിച്ച് എനിക്കൊന്നും പറയാനാവില്ല) എന്നതായിരുന്നു അന്ന് അഭിനന്ദൻ പാകിസ്താന്‍ സൈനികര്‍ ചോദിച്ച പല നിർണായക ചോദ്യങ്ങൾക്കും നൽകിയ മറുപടി.ഇതേ മറുപടി തന്നെയാണ് ഇപ്പോള്‍ പരസ്യത്തില്‍ പരിഹാസ്യമായി ഉപയോഗിച്ചിരിക്കുന്നത്.ടോസ് കിട്ടിയാല്‍ എന്ത് ചെയ്യും? പ്ലെയിങ് ഇലവനില്‍ ആരൊക്കെ ഉണ്ടാകും? എന്നൊകെയാണ് ചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരം ‘ ഐ ആം സോറി. ഐ ആം നോട്ട് സപ്പോസ്ഡ് ടു ടെല്‍ യു ദിസ്’ എന്ന് തന്നെ.ഭീതി നിറഞ്ഞ മുഖഭാവവും പതറിയ ശരീരഭാഷയും ഒക്കെയാണ് പരസ്യത്തിലെ കഥാപാത്രത്തിനുള്ളത്. ഒടുവിലത്തെ ചോദ്യം ചായയെക്കുറിച്ചായിരുന്നു. ചായ ഗംഭീരമാണെന്നാണ് മറുപടി.എന്നാല്‍ പോയ്‌ക്കോളൂ എന്ന് പറയുമ്പോള്‍ ആശ്വാസത്തോടെ പോവാന്‍ തുനിയുകയാണ് പരസ്യത്തിലെ കഥാപാത്രം.അപ്പോള്‍ പിടിച്ചുവച്ചുകൊണ്ട് പറയുന്നു- കപ്പ് എവിടേയ്ക്ക് കൊണ്ടുപോകുന്നു എന്ന്.എന്നിട്ട് ആ കപ്പ് പിടിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്.

കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

keralanews wreckage of missing indian airforce jet found

ഇറ്റാനഗർ:കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ വ്യോമപാതയിൽ നിന്ന് 15-20 കിലോമീറ്റർ വടക്ക് മാറി അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്.ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്.ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

അമിത ചൂട്; കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

keralanews excessive heat four passengers died in kerala express

യു.പി:അമിത ചൂട് കാരണം കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം.ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് ഇവർ.തമിഴ്നാട് സ്വദേശികളായ പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്.  വരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി.ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.ഡല്‍ഹിയും ഉത്തര്‍ പ്രദേശും ഉയര്‍ന്ന ചൂട് കാരണം പൊള്ളുകയാണ്.40 ഡിഗ്രിക്ക് മുകളിലാണ് താപനില.

പരിക്ക് വില്ലനായി;ശിഖർ ധവാൻ ലോകകപ്പിൽ നിന്നും പുറത്ത്

LONDON, ENGLAND - JUNE 08:  Shikhar Dhawan of India reacts to the crowd as he leaves the field after being dismissed during the ICC Champions trophy cricket match between India and Sri Lanka at The Oval in London on June 8, 2017  (Photo by Clive Rose/Getty Images)

സതാംപ്റ്റൺ:ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് താരത്തിന്‍റെ വിരലിനാണ് കൊണ്ടത്. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും.വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. നിലവില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടിലും വിജയിച്ച്‌ നാല് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ധവാന് ടീമില്‍ തിരിച്ചെത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം ധവാന് പകരം ഋഷഭ് പന്തിനെ ടീമിലെടുക്കാനാണ് സാധ്യത. കെ.എല്‍.രാഹുല്‍ ആയിരിക്കും രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്നും സൂചനകളുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശിഖര്‍ ധവാന്റെ അസാന്നിധ്യം ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

പശ്ചിമ ബംഗാളിൽ സംഘർഷം തുടരുന്നു;രണ്ട് ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു

keralanews violence continues in west bengal two rss workers killed

കോല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു.നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കന്‍കിനാരയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ഒരു ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം തിങ്കളാഴ്ച മരത്തില്‍ തൂക്കിയ നിലയിലും കണ്ടെത്തിയിരുന്നു. ഹൗറയിലെ സര്‍പോത ഗ്രാമത്തില്‍ സമതുല്‍ ഡോളു എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു.ശനിയാഴ്ചയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായിട്ടില്ല.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. ഒരാഴ്ചക്കിടെ ഈ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

keralanews yuvaraj singh retired from international cricket

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം.2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്‌സ് പായിച്ച്‌ കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്ബോഴും ടീമിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു.2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി മാറിയ കളിക്കാരനാണ് യുവരാജ് സിങ്.

കത്വ പീഡനക്കേസ്;മൂന്നു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

keralanews katua rape case life time imprisonment for three accused

പഠാന്‍കോട്ട്: കത്വ കൂട്ട ബലാത്സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യല്‍ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നിവര്‍ക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.പഞ്ചാബിലെ പഠാന്‍കോട്ട് സെഷല്‍സ് കോടതിയുടേതാണ് വിധി.കേസിൽ  ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.മറ്റ് മൂന്ന് പ്രതികൾക്ക് അഞ്ച് വര്‍ഷം തടവും പിഴയും വിധിച്ചു.സഞ്ജീ റാം, സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക് കജോരിയ, സുരീന്ദര്‍ കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥരായ തിലക് രാജ്, ആനന്ദ് ദത്ത, പ്രവീഷ് കുമാര്‍ എന്നിവരെയാണ് കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാല്‍സംഗക്കേസില്‍ ഏഴില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാന്‍ കോട്ട് പ്രത്യേക കോടതി കേസില്‍ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പ്രതികള്‍ ഇയാളെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മരുമകനും കേസില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ്.പഠാന്‍കോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്‍വീന്ദര്‍ സിംഗാണ് കേസില്‍ വിധി പറ‌ഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.പതിനഞ്ച് പേജ് കുറ്റപത്രത്തില്‍ എട്ട് വയസുള്ള പെണ്‍കുട്ടി ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ക്ഷേത്രത്തിനകത്ത് വച്ച് ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതായും ആന്തരീകാവയവയങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. 2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം നടന്നത്.പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബകര്‍വാള്‍ സമുദായത്തെ ഭയപ്പെടുത്തി സ്ഥലത്ത് നിന്ന് അകറ്റുന്നതിനാണ് ഇത്തരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കത്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്;ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി

keralanews kathua rape and murder case six accused convicted

ശ്രീനഗർ:കശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി.കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, വിശാല്‍ എന്നീ പ്രതികളും രണ്ട് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.പഞ്ചാബിലെ പഠാന്‍ കോട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ മാസം മൂന്നിന് കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.രണ്ടായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമുള്ള കേസില്‍ 114 സാക്ഷികളെയാണ് വിസ്തരിച്ചത്.പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസിന്റെ വിചാരണ കശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്കു മാറ്റിയത്.2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്.എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. കേസിലെ മുഖ്യപ്രതിയായ സഞ്ചി റാം, പെണ്‍കുട്ടിയുടെ സമുദായത്തില്‍ പെട്ടവരെ കശ്മീരില്‍ നിന്ന് ആട്ടിപ്പായിക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു കൊലപാതകം എന്നാണ് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നത്.

ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയ്ക്ക് രണ്ടാം ജയം

keralanews world cup cricket second victory for india (2)

സതാംപ്റ്റൻ:ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയ്ക്ക് രണ്ടാം ജയം.ഓസീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനു നിശ്ചിത ഓവറില്‍ എല്ലാവരുടെയും വിക്കറ്റ് നഷ്ടമായി.നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. ഇന്ത്യക്കായി ശിഖര്‍ ധവാന്‍ (117) സെഞ്ചുറിയും വിരാട് കോഹ്ലി( 82) രോഹിത് ശര്‍മ( 57) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറിയും പാണ്ഡ്യ 48 റണ്‍സും നേടി.ഓസീസിനായി സ്റ്റീവ് സ്മിത്ത്(70 പന്തില്‍ 69), വാര്‍ണര്‍(84 പന്തില്‍ 56) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.ഓപ്പണിങ് കൂട്ടുകെട്ടില്‍ സ്കോര്‍ 61ല്‍ എത്തിനില്‍ക്കേ 36 റണ്‍സ് എടുത്ത് ഫിഞ്ച് പുറത്തായെങ്കിലും വാര്‍ണറും സ്മിത്തും ചേര്‍ന്ന് കളി മുന്നോട്ടു കൊണ്ടുപോയി. വാര്‍ണര്‍ 56 റണ്‍സെടുത്ത് 24ആം ഓവറില്‍ പുറത്തായെങ്കിലും പിന്നീടെത്തിയ ഉസ്മാന്‍ ഖവാജ 39 പന്തില്‍ 42 റണ്‍സെടുത്ത് സ്മിത്തിന് മികച്ച പിന്തുണ നല്‍കി. 36ആം ഓവറില്‍ ബുംറയുടെ പന്തില്‍ ഖവാജ പുറത്തായെങ്കിലും പിന്നീടെത്തിയ മാക്‌സ്‌വെല്‍ സ്മിത്തുമായി ചേര്‍ന്ന് സ്കോറിങ് വേഗം ഉയര്‍ത്തി. ഒരുഘട്ടത്തില്‍ ഓസീസ് ജയിക്കുമെന്ന് നിലയിലെത്തിയപ്പോളാണ് ഭുവനേശ്വര്‍ കുമാറിന്റെ 39ആം ഓവറില്‍ സ്മിത്തും ആറാമനായി ഇറങ്ങിയ സ്റ്റോയ്‌നിസും(2 പന്തില്‍ ൦) പുറത്താകുന്നത്. തൊട്ടടുത്ത ഓവറില്‍ മാക്സ്‌വെല്ലിനെ(14 പന്തില്‍ 28) യുസ്‌വേന്ദ്ര ചഹല്‍ പുറത്താക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു.അവസാന ഓവറുകളില്‍ അലക്സ് കാരെ പുറത്താകാതെ (35 പന്തില്‍ 55) രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഓസീസിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കായി ബുംറ, ബുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്നും ചഹല്‍ രണ്ടും വിക്കറ്റ് നേടി.

ദുബായ് ബസ്സപകടം;മരിച്ച മലയാളികളുടെ എണ്ണം എട്ടായി;കണ്ണൂർ മൊറാഴ സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

keralanews the number of malayalees died in dubai bus accident is eight

കണ്ണൂർ:ദുബായ് ബസ്സപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.പാളിയത്ത് വളപ്പ് രാജൻ പുതിയ പുരയിൽ (49) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.മോറാഴയിലെ പരേതനായ പുതിയ പുരയിൽ ഗോപാലന്റെയും നാരായണിയുടെയും ഏകമകനാണ് രാജൻ.തലശ്ശേരി സ്വദേശിയായ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂരില്‍ നിന്നുള്ള ജമാലുദീൻ, കിരൺ ജോണി, വാസുദേവൻ, കോട്ടയം സ്വദേശി വിമൽ കുമാർ, രാജൻ ഗോപാലൻ എന്നിവരാണ് മരിച്ച മലയാളികൾ.ഇരുപത് വർഷമായി വിദേശത്ത് ജോലി ചെയ്തു വരുന്ന രാജൻ പെരുന്നാൾ അവധിയായതിനാൽ ഒമാനിലെ ബന്ധുക്കളെ കണ്ട് മടങ്ങി വരവെയാണ് അപകടം നടന്നത്. ദുബായിലെ കംമ്പേയ്ന്റ് ഗ്രൂപ്പ് കോൺട്രാക്റ്റ് എന്ന കമ്പനിയിൽ സ്റ്റോർ ഹെഡായി ജോലി ചെയ്ത് വരികയാണ് രാജൻ. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്.ഭാര്യ സുജന.മകൾ :നേഹ ,മരുമകൻ: രാഹുൽ. ബന്ധുക്കൾ ദുബായിലുള്ള രാജന്റെ സുഹൃത്തുക്കളുമായും സന്നദ്ധ സംഘടനകളുമായും, ജോലി ചെയ്യുന്ന കമ്പനി അധികാരികളുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.