കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്കില്ലെന്നും മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരം ചെയ്യുന്ന റസിഡന്‍റ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ബംഗാളില്‍ ചേര്‍ന്ന റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് തീരുമാനം. ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് ചര്‍ച്ചക്കുള്ള മമതയുടെ ക്ഷണം ഇക്കാരണത്താല്‍ തന്നെ നേരത്തെ ഡോക്ടര്‍മാര്‍ നിരസിച്ചിരുന്നു.ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം. എന്നാല്‍, മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച എന്നാണ് ഡോക്ടര്‍മാരുടെ നിബന്ധന.മറ്റ് സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.സമരം നീളുന്നത് രോഗികളെ വലക്കുകയാണ്. ചികിത്സകിട്ടാതെ ബംഗാളിലെ 24 പര്‍ഗാനാസില്‍ നവജാത ശിശു കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മുന്നൂറ് ഡോക്ടര്‍മാര്‍ ഇതിനോടകം രാജി വച്ചുകഴിഞ്ഞു. പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൗസ് സര്‍ജ്ജന്മാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. പ്രശ്ന പരിഹാരം തേടി മമത ബാനര്‍ജിക്കും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.
ചരിത്രം ആവർത്തിച്ചു;ഏഴാംവട്ടവും പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം
മാഞ്ചസ്റ്റർ:ചരിത്രം ആവർത്തിച്ചു.ഏഴാംവട്ടവും പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം.89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടി.രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.78 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ രസംകൊല്ലിയായി മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍.
ബംഗാളിലെ ഡോക്റ്റർമാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു
കൊൽക്കത്ത:പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.24 മണിക്കൂറാണ് പണിമുടക്ക്.ഇന്ന് രാവിലെ ആറുമണി മുതല്‍ ചൊവ്വാഴ‌്ച രാവിലെ ആറുമണി വരെ അടിയന്തര സേവനങ്ങള്‍ ഒഴികെ മുഴുവന്‍ വിഭാഗവും പണിമുടക്കിൽ പങ്കെടുക്കും.എമര്‍ജന്‍സി, കാഷ്വാലിറ്റി സേവനങ്ങള്‍ പതിവുപോലെ നടക്കും. ഡോക്ടര്‍മാരുടെയും മെഡിക്കല്‍മേഖലയിലെ മറ്റ‌് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രതലത്തില്‍തന്നെ നിയമം രൂപീകരിക്കണമെന്നാണ‌് ഐഎംഎയുടെ ആവശ്യം.കേരളത്തില്‍ തിങ്കളാഴ‌്ച രാവിലെ ആറുമുതല്‍ ചൊവ്വാഴ‌്ച രാവിലെ ആറുവരെ ഡോക‌്ടര്‍മാര്‍ പണിമുടക്കും. കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒപി ബഹിഷ്കരിക്കും. കെജിഎസ്ഡിഎയുടെ നേതൃത്വത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒപിയില്‍നിന്നു വിട്ടുനില്‍ക്കും. അത്യാഹിതവിഭാഗങ്ങളെ ബാധിക്കില്ലെങ്കിലും സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം നിശ്ചലമാകും.
ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം ഇന്ന്
മാഞ്ചസ്റ്റര്‍:ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം ഇന്ന് നടക്കും.വൈകീട്ട് മൂന്നിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്.ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും തോല്‍പ്പിച്ചാണ് കോലിപ്പട മാഞ്ചസ്റ്ററിലേക്കെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ ന്യുസീലന്‍ഡിനെതിരായ പോര് മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഞ്ച് പോയിന്‍റുള്ള ഇന്ത്യ നാലാമതും നാല് കളിയിൽ മൂന്ന് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്തുമാണ്.ലോകകപ്പുകളില്‍ നേര്‍ക്കുനേര്‍ വന്ന ആറ് മത്സരങ്ങളിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു.ഇത്തവണയും പാകിസ്താന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്‍ലിയും കൂട്ടരും തയ്യാറല്ല.രോഹിതും കോഹ്‍ലിയും ധോണിയുമെല്ലാം പാക് ബൌളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ.മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്.മഴ വില്ലനാകിങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതി പരിഹരിക്കാനുള്ള സഹായം എന്നിവ ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം നല്‍കും.മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്.കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിൻവലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരനും ചർച്ചയിൽ പങ്കെടുക്കാനിടയുണ്ട്.
തകർന്നുവീണ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
അരുണാചൽപ്രദേശ്:കഴിഞ്ഞദിവസം തകർന്നുവീണ നിലയിൽ കണ്ടെത്തിയ വ്യോമസേന വിമാനം എ.എന്‍ 32വില്‍ ഉണ്ടായിരുന്ന മലയാളികള്‍ അടക്കമുള്ള 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.മൃതദേഹങ്ങള്‍ അരുണാചല്‍ പ്രദേശിലെ വനത്തില്‍ നിന്ന് ഹെലികോപ്ടറില്‍ ഇന്നലെ പുറത്തെത്തിച്ചു.എ.എന്‍ 32വിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെടുത്തിട്ടുണ്ട്.വിമാനം കാണാതായി 10 ദിവസത്തിന് ശേഷമാണ് വിമാനം തകര്‍ന്ന സ്ഥലത്ത് എത്താന്‍ തെരച്ചില്‍ സംഘത്തിനായത്.എം.ഐ 17 ഹെലികോപ്ടര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ എ.എന്‍ 32 വിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ നിരപ്പായ പ്രദേശമല്ലാത്തതിനാല്‍ ഹെലികോപ്ടറിന് ഇവിടെ ഇറങ്ങാന്‍ സാധിച്ചില്ല. തൊട്ടടുത്ത മറ്റൊരു സ്ഥലത്തെ എട്ടംഗ സംഘത്തെ ഇറക്കുകയും ഇവര്‍ കാല്‍നടയായി സ്ഥലത്ത് എത്തുകയുമായിരുന്നു.എട്ട് പേരടങ്ങുന്ന തെരച്ചില്‍ സംഘം ഇന്നലെ രാവിലെയോടെയാണ് വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 13 മൃതദേഹങ്ങളും കണ്ടെടുക്കുകയായിരുന്നു.ജൂണ്‍ 3ന് ഉച്ചയോടെ അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് എ.എന്‍ 32 വിമാനം കാണാതായത്. വിവിധ സേനാ വിഭാഗങ്ങളോടൊപ്പം ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് വഴിയുള്ള തെരച്ചിലും നടത്തിയിരുന്നു.കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി ഷെരിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
വായു ചുഴലിക്കാറ്റിന്റെ ഗതി മാറി;ഗുജറാത്തിൽ ഭീതിയൊഴിയുന്നു;തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ്‍വീശില്ല
ന്യൂഡല്‍ഹി: അറബിക്കലില്‍ രൂപം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ വായു ചുഴലിക്കാറ്റിന്റെ ഗതിമാറുന്നു.വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്.ഇതോടെ വായു ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ് വീശില്ല. തീരത്തിന്റെ സമീപത്ത് കൂടി വടക്ക്,പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റ് വീശുക.വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.മാത്രമല്ല ശക്തമായ കടൽക്ഷോഭം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.കേരളത്തിലും ഇന്നും അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യോമസേനാ വിമാനം തകർന്നു വീണ സംഭവം;കാണാതായ ഉദ്യോഗസ്ഥർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
അരുണാചൽപ്രദേശ്:ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്നു വീണതിനെ തുടർന്ന് കാണാതായ ഉദ്യോഗസ്ഥർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ ആയെങ്കിലും സ്ഥലം ചെരിഞ്ഞ ഭൂപ്രകൃതിയായതിനാല്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ക്ക് ഇവിടെ ഇറങ്ങാന്‍ ആയില്ല. എന്നാല്‍ അനുയോജ്യമായ തൊട്ടടുത്തുള്ള ഒരു സ്ഥലം കണ്ടെത്തി അവിടെ രാവിലെയോടെ സൈനികരെ ഇറക്കും. വ്യോമസേനയുടെ പര്‍വ്വതാരോഹകര്‍ അടങ്ങിയ സംഘം മലയാളികളടക്കമുള്ള വ്യോമസേന ഉദ്യോഗസ്ഥര്‍ക്കുള്ള തിരച്ചില്‍ നടത്തും.അപകടം നടന്ന സ്ഥലം നിബിഢ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.എം.ഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ച നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് പതിനാറ് കിലോമീറ്റര്‍ അകലെ വച്ച് വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയത്.കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ ഷെരിന്‍ എന്നിവര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തിൽ ഉണ്ടായിരുന്നത്.
ഡൽഹി ചുട്ടുപൊള്ളുന്നു;ചൂട് സര്‍വകാല റെക്കോര്‍ഡില്‍
ന്യൂഡല്‍ഹി:തലസ്ഥാനം ചുട്ടുപൊള്ളുന്നു.48 ഡിഗ്രി താപനിലയാണ് തിങ്കളാഴ്ച രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ജൂണ്‍ 9 ന് രേഖപ്പെടുത്തിയ 47.8 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്.വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ചൂടിന് പുറമെ പൊടിക്കാറ്റും രൂക്ഷമായതോടെ ഡല്‍ഹിയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.ഡല്‍ഹിയിലെ എക്കാലത്തേയും ഉയര്‍ന്ന ചൂട് 1998 മെയ് 26 ന് രേഖപ്പെടുത്തിയ 48.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016 മെയ് മാസത്തില്‍ രാജസ്ഥാനിലാണ് രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന താപനിലയായ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു;പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
അഹമ്മദാബാദ്:അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു.അടുത്ത 24 മണിക്കൂറിനുളളിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന വായു വ്യാഴാഴ്ച രാവിലെ ഗുജറാത്തിലെ തീരങ്ങളിൽ ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിന്‍റെ മുന്നോടിയായി ഗുജറാത്ത് തീരത്തു നിന്നും പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.കച്ചിൽ നിന്ന് മാത്രമാണ് പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചത്. ഏകദേശം 60 ലക്ഷത്തോളം ആളുകളെ വായു ബാധിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. കൂടുതൽ ആളുകളെ സുരക്ഷിതമായി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.ഇതിനായി 160 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തി.കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറ് തെക്കുപടിഞ്ഞാറ് ദിശയില്‍ ഗോവയില്‍ നിന്നും 350ഉം മുംബൈയില്‍ നിന്ന് 510ഉം ഗുജറാത്തില്‍ നിന്നും 650ഉം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ വായു ചുഴലിക്കാറ്റ് നീങ്ങുന്നത്.കാറ്റ് ഗുജറാത്ത് തീരത്തെത്തിയാല്‍ ഏറെ ബാധിക്കുക സൗരാഷ്ട്ര, കച്ച് മേഖലകളെയാണ്.24 മണിക്കൂര്‍ കാറ്റ് തുടരാനുമിടയുണ്ട്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തീരദേശ സേന, നേവി, കരസേന, വ്യോമ സേന എന്നിവ സജ്ജമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.