ന്യൂഡൽഹി:ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും റോഡ് ടാക്‌സും ഒഴിവാക്കി കേന്ദ്രസർക്കാർ.ഇത് സംബന്ധിച്ചുള്ള കരട് ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു. 1989 ലെ മോട്ടോര്‍ വാഹനചട്ടത്തിലെ 81ആം നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്ത് നിലവില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലും ഒഴിവാക്കിയിട്ടുണ്ട്.2023 മുതല്‍ഇലക്ട്രിക് വാഹനങ്ങളും 2025 മുതല്‍ 150 സിസിയ്ക്ക് താഴെയുള്ള ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും മാത്രം വില്‍പന നടത്താനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനുമായാണ് രാജ്യത്തെ ഗതാതഗ സംവിധാനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
നിപ ലക്ഷണങ്ങളോടെ മലപ്പുറം തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍
പുതുച്ചേരി:നിപ രോഗ ലക്ഷണങ്ങളോടെ മലപ്പുറം തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍.തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശിയായ ഇയാളെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ രക്തസാംപിള്‍ പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.സാംപിള്‍ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് വിവരം.79-കാരനായ ഇയാള്‍ക്ക് പനി കലശലായതിനെ തുടര്‍ന്ന് മരുമകന്‍ കേരളത്തിലെത്തി ഇയാളെ തമിഴ്നാട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. കടലൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഡോക്റ്റർമാർ ഇയാളെ ജിപ്മെർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.നിലവില്‍ ജിപ്മെറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് രോഗിയുള്ളത്.ഇയാളുടെ രക്തവും ശരീരസ്രവങ്ങളും അടക്കമുള്ള സാംപിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ്;മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് നിർദേശം
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിന്മേൽ ബിനോയ് കൊടിയേരിക്കെതിരെ അന്വേഷണം ശക്തമാക്കി മുംബൈ പോലീസ്.ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബൈ പൊലീസ് നിര്‍ദേശിച്ചു. മുംബൈ ഓഷിവാര പൊലീസാണ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അതിനിടെ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.നിലവില്‍ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്‌സ് ആപ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം.കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ടെന്നാണ് വിവരം.കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ തിരഞ്ഞെടുത്തു
ന്യൂഡൽഹി:ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള, രണ്ടാം തവണയാണ് ലോക്സഭയിൽ എത്തുന്നത്.മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ സുമിത്ര മഹാജന് പിന്‍ഗാമിയായിട്ടാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. സുമിത്ര മഹാജന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ല.സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ലോക്സഭ പിരിയും. നാളെ രാഷ്ട്രപതി ഇരുസഭകളിലെയും എംപിമാരെ അഭിസംബോധന ചെയ്യും.
ബീഹാറില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി
ഗയ:ബീഹാറില്‍ കൊടും ചൂട് തുടരുന്നു. 45 ഡിഗ്രി സെല്‍ഷ്യസാണ് താപനില.ഉഷ്ണ തരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 184 ആയി.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്.ഔറംഗബാദ് , നവാഡ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേതുടർന്ന് ഈ മാസം 22 വരെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതേസമയം ദില്ലിയിൽ കനത്ത ചൂടിന് ആശ്വാസമായി പലസ്ഥലത്തും മഴ പെയ്തു. 32 ഡിഗ്രിയാണ് ദില്ലിയിൽ രേഖപ്പെടുത്തിയ താപനില.
ബിനോയ് കൊടിയേരിക്കെതിരായ പരാതി;മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ:വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് ബിനോയ് കൊടിയേരിക്കെതിരെ അന്വേഷണം ആരംഭിച്ചു.വാട്‌സ് അപ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാല്‍ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പോലീസ് അറിയിച്ചിട്ടില്ല.ദുബായിയില്‍ വ്യവസായിയായ ബിനോയ് കോടിയേരി (37)ക്കെതിരെ മുംബൈയില്‍ സ്ഥിര താമസമാക്കിയ ബീഹാര്‍ സ്വദേശിനിയായ 35 കാരിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് ആണെന്ന് പറയുന്ന യുവതി ഇത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്നും അറിയിച്ചു.
ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച പശ്ചാത്തലത്തിലാണ് ഹർജി.ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം, ബംഗാളിൽ ഡോക്ടറെ മര്ദിച്ചവർക്കെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. ബംഗാളിൽ നിന്നുള്ള അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി
ബീഹാർ:ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി.മസ്തിഷ്കജ്വരം ബാധിച്ച ഇരുനൂറ്റി എഴുപതിലധികം കുട്ടികളാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച മാത്രം ഇരുപത് കുട്ടികളാണ് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് മുസഫര്‍പൂരില്‍ മരിച്ചത്. ചികിത്സയില്‍ ആയിരുന്ന എണ്‍പത്തിമൂന്ന് കുട്ടികള്‍ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ മരിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ആശുപത്രിയല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തന്നെ നാല് കുട്ടികള്‍ മരണപ്പെട്ടിരുന്നു.രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കുറഞ്ഞതാണ് കുട്ടികളുടെ പെട്ടന്നുള്ള മരണത്തിന് കാരണം. ബിഹാറിലെ കാലാവസ്ഥയും മരണത്തിലേക്ക് നയിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.കഴിഞ്ഞ വര്‍ഷവും മസ്തിഷ്‌ക്കവീക്കം ബാധിച്ച് ബിഹാറില്‍ പത്ത് കുട്ടികള്‍ മരിച്ചിരുന്നു.മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ബീഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തിന്റെ മോഡലില്‍ ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും
ശ്രീനഗർ:പുല്‍വാമ ആക്രമണത്തിന്റെ മോഡലില്‍ ഇന്ത്യയിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും.ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് വിവരം കൈമാറിയത്. ഇതു സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.ഷാങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായതെന്നും ശ്രദ്ധേയമാണ്. അവന്തിപൊരയ്ക്കു സമീപം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതയാണ് മുന്നറിയിപ്പ്.മുന്നറിയിപ്പിനു പിന്നാലെ ജമ്മു കാശമീരില്‍ സുരക്ഷ ശക്തമാക്കി.കാശ്മീരിലെ ത്രാല്‍ മേഖലയില്‍ കഴിഞ്ഞ മാസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘം അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് തലവന്‍ സാകിര്‍ മൂസയെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പകരം വീട്ടാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.2017 മെയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനെ കശ്മീരില്‍ നിരോധിച്ചതോടെ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഘസ്‌വാത് ള്‍ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത് സംഘടന തലവനായ സക്കീര്‍ മുസ ആയിരുന്നു.
ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍;രണ്ട് ഭീകരരെ വധിച്ചു
ജമ്മു:ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.ബധോര ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൂടുതല്‍ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൂചന.ജൂണ്‍ 12-ന് അനന്ത്നാഗില്‍ ഭീകരാക്രമണം ഉണ്ടായതിന്റെ പിന്നാലെയാണ് മേഖലയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച ഉണ്ടായ ആക്രമണത്തില്‍ 6 സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ബൈക്കിലെത്തിയ ജയ്ഷെ മുഹമ്മദ് ഭീകരര്‍ സിആര്‍പിഎഫ്-പോലീസ് പട്രോള്‍ സംഘത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പ് നടത്തിയിരുന്നു. വെടിവയ്പില്‍ ബിഎസ്‌എഫ് ജവാന് പരുക്കറ്റു. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് സംഭവം.