ബര്‍മിംഗ്‌ഹാം:ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമിഫൈനലിൽ കടന്നു.എട്ട് കളികളില്‍ നിന്നും 13 പോയിന്‍റോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് മനോഹരമായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.48 ഓവറില്‍ 286ന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ(104 റണ്‍സ്) സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 314 റണ്‍സ് നേടി.ലോകേഷ് രാഹുലുമൊത്ത് 180 റണ്‍സിന്‍റെ കൂട്ടുകെട്ടിന് ശേഷമാണ് രോഹിത് മടങ്ങിയത്. രാഹുല്‍ 77(92) റണ്‍സെടുത്തു.ശേഷം വന്ന നായകന്‍ കോഹ്‍ലി 26 റണ്‍സും റിഷബ് പന്ത് 48 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ധോണി 35 റണ്‍സ് നേടി മടങ്ങി. അവസാന ഓവറുകളില്‍ ബംഗ്ലാദേശ് മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെയാണ് 314 എന്ന സ്കോറില്‍ ഇന്ത്യ ഒതുങ്ങിയത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ച് വിക്കറ്റെടുത്തു.ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ഇന്നിംഗ്സ് 286 ല്‍ അവസാനിക്കുകയായിരുന്നു. ജസ്പ്രീത് ബൂമ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.ഹര്‍ദ്ദിക് മൂന്നും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനായി ഷക്കീബ് അല്‍ ഹസനും മുഹമ്മദ് സെയ്ഫുദ്ദീനും അര്‍ദ്ധ സെഞ്ച്വറി നേടി.
മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു;ഡാം തകർന്ന് രണ്ടുപേർ മരിച്ചു;22 പേരെ കാണാതായി
മുംബൈ : മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു.വരുന്ന രണ്ട് ദിനം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.ജാഗ്രത നിര്‍ദേശത്തെതുടര്‍ന്ന് ഇന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അതിനിടെ രത്നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു22 ഓളം പേരെ കാണാതായി.15 വീടുകള്‍ ഒഴുകിപ്പോയി.അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെളളപ്പൊക്കമുണ്ടായി.രാത്രി 10 മണിയോടെ അണക്കെട്ട് തകര്‍ന്ന് വെള്ളം അണക്കെട്ടിന് സമീപമുള്ള ചിപ്ലുന്‍ താലൂക്കിലെ ജനവാസ മേഖലയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്.കനത്ത മഴയില്‍ ഇന്നലെ 35 പേരാണ് മരിച്ചത്. മുംബൈ നഗരവും താനെ, പല്‍ഘര്‍ മേഖലകളും വെള്ളത്തില്‍ മുങ്ങി.ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. 203ലെറെ വിമാനസര്‍വീസുകള്‍ ഇന്നലെ റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.1500 ലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ്. വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.മഴ മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷ സര്‍ക്കുലര്‍ ഇറക്കി. ജനങ്ങളെ സഹായിക്കുന്നതിലെ ഫഡ്നാവിസ് സര്‍ക്കാരിന്റെ അലംഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പീഡന പരാതി;ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി ഇന്ന് വിധി പറയും
മുംബൈ:വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ കോടതി ഇന്ന് വിധി പറയും.ജാമ്യപേക്ഷയിൽ വിധി എതിരായാൽ ബിനോയെ അറസ്റ്റ് ചെയ്യും. ബിനോയിക്കെതിരായ പീഡനക്കേസിലെ ജാമ്യാപേക്ഷയിൽ മുംബൈ ദിൻഡോഷി സെഷൻസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച വാദം കേട്ടിരുന്നു. അതിന് ശേഷം കോടതി വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. എന്നാൽ പ്രോസിക്യൂഷന്റെ വാദത്തിന് പുറമെ കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവ എഴുതി നൽകാൻ കോടതി നിർദേശിച്ചിരുന്നു.ഈ വാദമുഖങ്ങൾ കൂടി എഴുതി നൽകിയതിനാലാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് ജാമ്യാപേക്ഷയിൽ വിധി എതിരായാൽ ബിനോയിയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് മുംബൈ പോലീസ് നീങ്ങും.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലിസ് കേരളത്തിലെത്തിയപ്പോഴേക്കും ബിനോയ് ഒളിവില്‍ പോയിരുന്നു. ഒളിവിലുള്ള ബിനോയ്ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തുവിട്ടിട്ടുണ്ട്. ബിനോയ് രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.ബിനോയ് കോടിയേരിക്കെതിരായി പരാതിക്കാരിയുടെ കുടുംബം കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പലതവണ പണമയച്ചതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. നേരത്തെ, യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നു രേഖപ്പെടുത്തിയതിന്റെ പകര്‍പ്പും പുറത്തുവിട്ടിരുന്നു.
ആധാര്‍ ഭേദഗതി ബിൽ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡൽഹി:ആധാര്‍ ഭേദഗതി ബിൽ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതാണ് പുതിയ ഭേദഗതി ബില്ല്. നേരത്തെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍, സുപ്രിംകോടതി ഇടപെട്ട് ഇത് റദ്ദാക്കിയിരുന്നു. കോടതി വിധിയനുസരിച്ച് ആധാര്‍ നിയമം പരിഷ്കരിക്കുന്നതാണ് പുതിയ ഭേദഗതി. ഇതനുസരിച്ച് ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാകില്ല. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയോടെ ഒഴിവാകും. ബില്ല് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കും.ഇതിനു പുറമെ ഇന്ത്യൻ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലും ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും.
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രം തുറന്നു
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രം തുറന്നു.ടെർമിനൽ കെട്ടിടത്തിലെ ഡിപ്പാർച്ചർ,അറൈവൽ വിഭാഗങ്ങളിൽ ഓരോ ലോഞ്ച് വീതമാണ് ആരംഭിച്ചത്.ടി.വി,വാഷ്‌റൂം സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.ചായയും ലഘുഭക്ഷണവും അതിഥികൾക്ക് ഇവിടെ നിന്നും ലഭിക്കും.നേരത്തെ ഉൽഘാടന സമയത്ത് വിമാനത്താവളത്തിൽ വി ഐ പി ലോഞ്ച് സജ്ജീകരിച്ചിരുന്നത്.ഡിപ്പാർച്ചർ ഭാഗത്തെ ലോഞ്ചിൽ നാലുമണിക്കൂർ ചിലവഴിക്കാൻ 1121 രൂപയാണ് ഈടാക്കുന്നത്.തുടർന്നുള്ള ഓരോ മണിക്കൂറിനും 236 രൂപ നൽകണം.അറൈവൽ ഭാഗത്തെ ലോഞ്ചിൽ 826 രൂപയാണ് നാലുമണിക്കൂറിന് ഈടാക്കുന്നത്.തുടർന്നുള്ള ഓരോമണിക്കൂറിനും 236 രൂപ ഈടാക്കും.വിമാനത്താവളത്തിൽ വിവിധ വിമാനക്കമ്പനികളും യാത്രക്കാർക്കായി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്.ഇതിന്റെ നിർമാണപ്രവർത്തികൾ പുരോഗമിക്കുകയാണ്.യാത്രക്കാർക്ക് സമയം ചിലവിടുന്നതിനുള്ള ഷോപ്പുകളും പാർക്കുകളും നിർമിക്കാൻ കിയാൽ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
പീഡന പരാതി;ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ കോടതി.ദിന്‍ദോഷി കോടതിയാണ് ബിനോയിയുടെ അറസ്റ്റ് തടഞ്ഞത്. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി തിങ്കളാഴ്ച വിധിപറയും.അതേസമയം, പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.ഇരുഭാഗത്തിന്റേയും ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉയര്‍ന്നത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതിനെ ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ ആരോപിച്ചത്. ഇതോടെയാണ് വാദങ്ങള്‍ എഴുതി നല്‍കാം പക്ഷെ വാദം നടത്താനാകില്ലെന്ന് കോടതി പറഞ്ഞത്. എഴുതി നല്‍കിയ വാദങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയില്‍ യുവതി പുതിയ തെളിവുകള്‍ പുറത്തുവിട്ടു.തനിക്കും കുട്ടിക്കും ദുബായിയിലേക്ക് പോകാൻ ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ച് നല്‍കിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ-മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്.കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായില്‍ പ്രതിയായ ക്രിമിനല്‍ കേസുകളുടെ വിവരവും അപേക്ഷയില്‍ മറച്ചുവെച്ചെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി ആവശ്യപ്പെടുന്നു.
ട്രെയിനുകളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡൽഹി:ട്രെയിനുകളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ.സുഖകരമായ യാത്രയ്ക്ക് സഹായകമേകുന്നത് പുതിയ കപ്ലറുകള്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്ന എല്‍.എച്ച്.ബി. കോച്ചുകളാണ്.ഇതോടെ കോച്ചുകള്‍ക്കിടയിലെ വിടവ് കുറയുന്നതും യാത്രയിലെ കുലുക്കം കുറയ്ക്കാന്‍ സഹായിക്കും. ആദ്യഘട്ടത്തില്‍ ശതാബ്ദി, രാജധാനി ട്രെയിനുകളിലാണ് എല്‍.എച്ച്.ബി. കോച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.പുതിയ കപ്ലറുകള്‍ ഘടിപ്പിച്ച 12000-ലേറെ എല്‍.എച്ച്.ബി. കോച്ചുകള്‍ ട്രെയിനുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ 5000 ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ ഘടിപ്പിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം ഇന്ന്
മാഞ്ചസ്റ്റർ:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-വെസ്റ്റ് ഇന്‍റീസ് പോരാട്ടം ഇന്ന് നടക്കും.മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ വൈകിട്ട് മൂന്നിനാണ് മത്സരം.ജയത്തോടെ സെമി പ്രവേശനം ഉറപ്പ് വരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് വെസ്റ്റിൻഡീസ് ഇപ്പോൾ.ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും എല്ലാ കളികളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ടീമെന്ന നിലയില്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കണം. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ.ജയം മാത്രം ലക്ഷ്യമിട്ട് വിരാട് കോലിയുടെ സംഘവും ജാസണ്‍ ഹോള്‍ഡറിന്റെ സംഘവും മുഖാമുഖം വരുമ്ബോള്‍ മത്സരം ആവേശകരമാകുമെന്നതില്‍ തര്‍ക്കമില്ല. മാഞ്ചെസ്റ്ററിലെ ഓള്‍ഡ്ട്രാഫോഡില്‍ ഇന്ത്യന്‍ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്.
ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ:വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് തടയാൻ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മുംബൈ ദിന്‍ ഡോഷി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.ജഡ്ജി അവധിയിലായിരുന്നതിനാലാണ് ഉത്തരവ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.ഒരുപക്ഷെ ജാമ്യം കിട്ടിയാല്‍ ബിനോയ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന. ഇതിനിടയില്‍ ഇന്നലെ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജൂണ്‍ 13 ന് ആണ് യുവതി ബിനോയ്‌ക്കെതിരെ മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് അവിടെനിന്നും കടന്നിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ സെഷന്‍ കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്.നിലവില്‍ അറസ്റ്റിനു കോടതി വിലക്കില്ലെങ്കിലും കോടതി തീരുമാനം വരുന്നവരെ കാത്തിരിക്കാനാണ് മുംബൈ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.2009 മുതല്‍ 2018 വരെ ബിനോയ് തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു.
എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡ, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.തന്നെ പുറത്താക്കിയതോടെ കോണ്‍ഗ്രസ് സന്തോഷിക്കുന്നുണ്ടായിരിക്കും. എന്നാല്‍ താനുള്‍പ്പെടുന്ന ന്യുനപക്ഷ വിഭാഗത്തിന്റെ താല്‍പര്യ പ്രകാരമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.താനിപ്പോള്‍ ദേശീയ മുസ്ലീം ആയി.തന്റെ പ്രവര്‍ത്തനമണ്ഡലം പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ലക്ഷ്യം.-അബ്ദുള്ളക്കുട്ടി പറഞ്ഞു.തന്നെ സിപിഎമ്മും കോണ്‍ഗ്രസ്സും പുറത്താക്കിയത് ഒരേ കാരണത്തിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ വികസന നയത്തെ പിന്തുണച്ചതിനായിരുന്നു അത്. മോദിയുടെ കൈകളില്‍ രാജ്യത്തെ മുസ്ലിങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിയില്‍ ചേരാന്‍ മോഡി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. പോസ്റ്റില്‍ മോഡിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.