ബെംഗളൂരു:ബിജെപിയില്‍ ചേരാന്‍ 30 കോടി രൂപയുടെ വാഗ്‍ദാനം ലഭിച്ചെന്ന് ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ.ബിജെപി എംഎല്‍എ അശ്വത് നാരായണന്‍റെ നേതൃത്വത്തില്‍ വാഗ്‍ദാനവുമായി എത്തിയെന്നാണ് ശ്രീനിവാസ ഗൗഡയുടെ ആരോപണം.പണം വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി രൂപ വീട്ടില്‍ വെച്ചിട്ട് പോയെന്നും ശ്രീനിവാസ് ഗൗഡ നിയമസഭയെ അറിയിച്ചു.വിശ്വാസ വോട്ടെടുപ്പിന് മുൻപേയുള്ള ചര്‍ച്ചയിലാണ് ശ്രീനിവാസ് ഗൗഡ ഇക്കാര്യം അറിയിച്ചത്.കോഴ ആരോപണവുമായി മന്ത്രിയും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയില്‍ അറിയിച്ചത്.അതേസമയം ഉച്ചയ്ക്ക് 1.30ന് മുന്‍പ് വിശ്വാസ വോട്ട് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കോണ്‍ഗ്രസ്സ് തള്ളി. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് നടത്താനാകില്ലെന്നും കോണ്‍ഗ്രസ്സ് അറിയിച്ചു. വിശ്വസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടി.
പൂനെയില്‍ വാഹനാപകടം.9 വിദ്യാര്‍ഥികള്‍ മരിച്ചു
പൂനെ:പൂനെ-സോലാപൂര്‍ ദേശീയപാതയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒൻപത് വിദ്യാര്‍ഥികള്‍ മരിച്ചു.പൂനെ നഗരത്തില്‍നിന്നു 20 കിലോമീറ്റര്‍ അകലെ കാഡംവാക് വാസ്തിക്കു സമീപം പുലര്‍ച്ചെ 1.30ഓടെയാണ് കാറും നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ഒൻപതു പേരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം 19നും 23നും ഇടയില്‍ പ്രായമുള്ളവരാണെന്നു ലോനി കാല്‍ഭര്‍ പോലീസ് പറഞ്ഞു. കാര്‍ യാത്രക്കാര്‍ റായ്ഗറില്‍ നിന്ന് യാവതിലേക്കു മടങ്ങുന്നതിനിടെയാണ് അപടകമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.അന്വേഷണം തുടങ്ങിയെന്നും പോലിസ് പറഞ്ഞു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
സോന്‍ഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു;പ്രദേശത്ത് സംഘർഷ സാധ്യത
ഉത്തർപ്രദേശ്:മിര്‍സാപൂരിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോൺഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ വെച്ചത്.മിര്‍സാപൂരിലെത്തിയ പ്രിയങ്കയെ പോലീസ് തടഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രിയങ്ക റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഒന്ന് കാണുകയും ആശ്വസിപ്പിക്കുകയും മാത്രമാണ് തന്റെ ആവശ്യം. ഒരു കരുണയുമില്ലാതെയാണ് അവരുടെ ഉറ്റവരെ കൊലപ്പെടുത്തിയത്. എന്റെ മകന്റെ പ്രായമുള്ള ഒരു ആണ്‍കുട്ടിയും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഇവിടെ തടഞ്ഞ് വെച്ചിരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. പരിക്കേറ്റവരെ വരാണസിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്.രണ്ടുവര്‍ഷം മുൻപ് ഗ്രാമമുഖ്യന്‍ യാഗ്യ ദത്ത് എന്നയാൾ ഇവിടെ 36 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തുകയും ട്രാക്ടറുകള്‍ എത്തിച്ചു നിലമുഴാനും തുടങ്ങി.ഈ നീക്കം ഗ്രാമവാസികള്‍ തടഞ്ഞു. തുടര്‍ന്ന് യാഗ്യ ദത്തിന്റെ അനുയായികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.അതേസമയം സംഭവത്തില്‍ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കർണാടകയിൽ വിശ്വാസവോട്ടിന് ഗവർണ്ണറുടെ അന്ത്യശാസനം;ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിശ്വാസവോട്ട് തേടണം
ബെംഗളൂരു:കർണാടകയിൽ വിശ്വാസവോട്ടിന് ഗവർണ്ണറുടെ അന്ത്യശാസനം.കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിശ്വാസവോട്ട് തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തുനല്‍കി. വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നാണ് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.ഇന്നലെ തന്നെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സ്പീക്കര്‍, ഇന്നലത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഗവര്‍ണര്‍ നല്‍കിയ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും.വിശ്വാസവോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപിയും കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞതില്‍ പ്രതിഷേധിച്ച് യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും നിയമസഭില്‍ തന്നെ കിടന്നുറങ്ങി പ്രതിഷേധിച്ചിരുന്നു.
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു
ചെന്നൈ:കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു.ജയിലിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ കോടതി ശിക്ഷിച്ചത്.കേസില്‍ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഏതാനും ദിവസംമുൻപാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയ രാജഗോപാലിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പുഴല്‍ ജയിലില്‍ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശനിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു. മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഇദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു.ശരവണഭവൻ ഹോട്ടലിലെ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. രണ്ടു ഭാര്യമാരുള്ള രാജഗോപാലിന്റെ മൂന്നാംഭാര്യയാകാന്‍ വിസമ്മതിച്ച ജീവജ്യോതി 1999-ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തി.ഇതേ തുടർന്ന് 2001-ല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കി.രണ്ടുദിവസത്തിനുള്ളില്‍ പ്രിൻസ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.കൊടൈക്കനാലിലെ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് നീതി.ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചു.പാകിസ്താന്‍ സൈനിക വിധിക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് നടപടി.ഹേഗിലെ രാജ്യാന്തര മധ്യസ്ഥ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.ഇന്ത്യന്‍ ചാരനെന്ന് മുദ്രക്കുത്തി 2017 ഏപ്രിലിലാണ് പാകിസ്താന്‍ പട്ടാള കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. കുല്‍ഭൂഷണിന്റെ പേരില്‍ കുറ്റസമ്മത മൊഴിയും പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ജാദവിനെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം തള്ളി. അതേസമയം പട്ടാകളകോടതി വിധി റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചില്ല.2017 ഡിസംബറില്‍ കുല്‍ഭൂഷണിന്റെ മാതാവിനും ഭാര്യക്കും അദ്ദേഹത്തെ കാണാന്‍ പാകിസ്താന്‍ അവസരം നല്‍കിയിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരായത്.
നാവിക സേനയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് നടത്തി വന്ന കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ചില്‍ ചബഹര്‍ തുറമുഖത്തിനു സമീപത്തു നിന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ജാദവിനെ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാകിസ്താന്റെ അവകാശവാദം.അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാകിസ്താന്‍ സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത കുറ്റസമ്മതമൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാകിസ്താന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
കർണാടകത്തിന്റെ വിധി ഇന്നറിയാം;വിശ്വാസ വോട്ടെടുപ്പ് 11 മണിക്ക്
ബെംഗളൂരു: 16 ഭരണപക്ഷ എംഎല്‍എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ ഭാവി ഇന്ന് അറിയാം. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭിയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കും. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോൾ സര്‍ക്കാര്‍ വീഴാനാണ് സാധ്യത കൂടുതല്‍. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന 12 വിമത എംഎല്‍എമാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് രാമലിംഗ റെഡ്ഡി ഇന്നലെ വ്യക്തമാക്കിയത്.എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയിൽ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും കോടതി തള്ളി.രാജി കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.
ജോലി സമയത്ത് ടിക് ടോക് വീഡിയോ ചിത്രീകരിച്ചു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍
തെലങ്കാന: ജോലി സമയത്ത് ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍. ജോലി സമയത്ത് ടിക് ടോക്കില്‍ അഭിനയിച്ചവരെ സ്ഥലം മാറ്റിയതിന് ഒപ്പം ഇവരുടെ ശമ്പളവും വെട്ടിക്കുറച്ചു. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കിടെ ടിക് ടോക്ക് വീഡിയോയില്‍ അഭിനയിച്ചതിന് സ്ഥലം മാറ്റിയത്.ജീവനക്കാരുടെ ടിക് ടോക്ക് വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെയും ഇവരെ അനുകൂലിച്ചും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വരുന്നുണ്ട്.ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ സമയമില്ലാതെ ടിക് ടോക് ചെയ്ത ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍.ഭുവനേശ്വറില്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നടപടി നേരിടേണ്ടി വന്നിരിന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ടിക് ടോക് വാര്‍ത്ത പുറത്തു വരുന്നത്.
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി;സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡൽഹി:കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എ മാരുടെ ആവശ്യം.രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നാണ് സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.വിമത എംഎൽഎമാരുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ കുമാര സ്വാമി സര്‍ക്കാര്‍ വീഴും.എന്നാല്‍ ഒരേസമയം രാജിക്കത്ത് സ്വീകരിക്കാനും അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കാനും സ്പീക്കർക്ക് കോടതി അനുമതി നൽകിയാൽ സര്‍ക്കാര്‍ക്കാരിന് പിന്നെയും പ്രതീക്ഷക്ക് വകയുണ്ടാകും. കര്‍ണാടക നിയമ സഭയില്‍ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സഖ്യത്തിനും വിമത എം.എല്‍.എമാര്‍ക്കും ബി.ജെ.പിക്കും ഇന്നത്തെ ഉത്തരവ് വളരെ നിർണായകമാണ്.കേസിന്റെ ഭരണഘടന വശങ്ങള്‍ ഇന്നലെ സുപ്രിം കോടതി വിശദമായി പരിശോധിച്ചിരുന്നു. രണ്ട് ഭാഗത്തിന്റെയും വാദങ്ങള്‍ക്ക് ബലമുണ്ടെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സ്പീക്കര്‍ എന്ത് തീരുമാനം എടുക്കണം എന്ന് നിര്‍ദ്ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം വൈകിയതിനെയും കോടതി വാദത്തിനിടെ ചോദ്യം ചെയ്തു.എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറുടെ മേല്‍ സമയം നിശ്ചയിക്കുന്നതിന് പോലും കോടതിക്ക് ഭരണഘടനാപരമായ പരിമിതിയുണ്ടെന്നാണ് സ്പീക്കറുടെ പ്രധാന വാദം.
ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 44 ആയി
ബീഹാർ:ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 44 ആയി. എഴുപത് ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു.ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നദികളെല്ലാം കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. 15 മരണം റിപ്പോര്‍ട്ട് ചെയ്ത അസമില്‍ 30 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. 43 ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു. കാസിരംഗ ദേശീയ പാര്‍ക്ക്, പൊബി തോറ വന്യജീവി സങ്കേതം, മാനസ് ദേശീയ പാര്‍ക്ക് എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഒരുലക്ഷം ഹെക്ടറിലധികം കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. ബീഹാറിലും മരണസംഖ്യ 24 കടന്നു. ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളും ത്രിപുരയും മഴക്കെടുതിയിലാണ്. ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ ആശയവിനിമയം നടത്തി. ആവശ്യമായ സഹായങ്ങള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രിമാര്‍ അറിയിച്ചു.