ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിന് അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ വ്യക്തമാക്കി.ഇന്ന് വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂർത്തിയാക്കി ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.അര്‍ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു.വേണമെങ്കില്‍ നടപടികള്‍ക്കായി താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഭ പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു.ഇനി വോട്ടെടുപ്പ് നീട്ടാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷം വ്യക്തമാക്കിയതോടെ നിയമസഭ ബഹളത്തില്‍ മുങ്ങി.കഴിഞ്ഞ വെള്ളിയാഴ്ച ഗവര്‍ണര്‍ നിര്‍ദേശിച്ച രണ്ടു സമയപരിധിയും തള്ളിയാണു സര്‍ക്കാര്‍ ചര്‍ച്ച ഇന്നലത്തേക്കു നീട്ടിയെടുത്തത്. ജനങ്ങള്‍ അവജ്ഞയോടെയാണ് ഇതെല്ലാം കണ്ടിരിക്കുന്നയെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടിയതു ഭരണപക്ഷം വകവച്ചില്ല. വിമത എംഎല്‍എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്.ഇതിനിടയില്‍ തന്നെ ഇതുപോലെ ത്രിശങ്കുവില്‍ ഇരുത്തിയാല്‍ രാജിവെയ്ക്കുമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയോടും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയോടും പറഞ്ഞു.സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ചപ്പോള്‍ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് സിദ്ധരാമയ്യയും കണ്ടു. തന്നെ ഇങ്ങനെ ബലിയാടാക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി ഇരു നേതാക്കളോടും സ്പീക്കര്‍ ക്ഷുഭിതനായെന്നാണ് സൂചന. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കില്‍ താന്‍ ‘രാജി വയ്ക്കു’മെന്ന് സ്പീക്കര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് സൂചന.
ഇന്ത്യയ്ക്ക് അഭിമാന നിമിഷം;ചാന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു;ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ശ്രീഹരിക്കോട്ട:ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണം ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു.ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2. ‘ബാഹുബലി’ എന്ന വിളിപ്പേരും ഇതിനു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂലെ 15-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.
അതേസമയം ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും.ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. പുതിയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐഎസ്‌ആര്‍ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരും ഇന്ന് അഭിമാനിക്കുന്നു. ഈ ദൗത്യം ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ അറിവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.
കപ്പലുകളിൽ അകപ്പെട്ട എല്ലാ മലയാളി ജീവനക്കാരും സുരക്ഷിതർ;മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി:ഇറാനും ബ്രിട്ടനും പരസ്പരം പിടിച്ചെടുത്ത കപ്പലുകളിലകപ്പെട്ട മലയാളി ജീവനക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. കപ്പലുകളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജിബ്രാള്‍ട്ടറില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ മലപ്പുറം സ്വദേശികളുള്‍പ്പടെ മൂന്ന് മലയാളികളാണ് അകപ്പെട്ടത്. മലപ്പുറം സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളതെന്നാണ് വിവരം.ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളുള്‍പ്പടെ 18 ഇന്ത്യക്കാര്‍ ഉള്ളതായാണ് ഔദ്യോഗിക സ്ഥിരീകരണം. ക്യാപ്റ്റനുള്‍പ്പടെ മൂന്നുപേരും എറണാകുളം സ്വദേശികളാണ്.ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ 4-ന് ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു.ഈ കപ്പൽ 30 ദിവസം കൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പെന്നോണം, ഹോർമൂസ് കടലിടുക്കിൽ വച്ച് വെള്ളിയാഴ്ച ബ്രിട്ടന്റെ സ്റ്റെനാ ഇംപറോ എന്ന എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്.
ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി
മുംബൈ:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകാനാവില്ലെന്ന് ബിനോയ് കോടിയേരി. കേസിൽ തനിക്കെതിരായി റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഇപ്പോൾ രക്ത സാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് പൊലീസിനെ അറിയിച്ചു.കഴിഞ്ഞ തവണ ഹാജരായപ്പോൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിൾ നൽകിയിരുന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിൻദോഷി സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്.ഇതനുസരിച്ച് ഇന്നും ബിനോയ് കോടിയേരി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി.
പീഡന പരാതി;കേസ്-റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു
മുംബൈ:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും. ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്.എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് സാംപിൾ നൽകിയിരുന്നില്ല.മറ്റു തടസ്സങ്ങളില്ലെങ്കില്‍ ബിനോയിയുടെ രക്തസാംപിള്‍ ഇന്നെടുത്തേക്കും.
ചന്ദ്രയാൻ 2 വിക്ഷേപണം ഇന്ന്
ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാന്‍-2വിന്റെ വിക്ഷേപണം ഇന്ന്.ഉച്ചയ്ക്ക് 2.43ന് ശ്രീഹരികോട്ടയില്‍ നിന്നാണ് വിക്ഷേപണം . ഇന്നലെ വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. ജൂലൈ 15 ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു.തകരാറുകള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും ചാന്ദ്രയാന്‍ – 2 കുതിക്കാനൊരുങ്ങുന്നത്.വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സല്‍ ശനിയാഴ്ച രാത്രി പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഞായറാഴ്ച വൈകിട്ട് 6.43-ന് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഐഎസ്‌ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍-2. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് തീരുമാനം. മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ 2വിന്റെ ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി ലാന്‍ഡിംഗ് മൊഡ്യൂളിന് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ചന്ദ്രയാന്‍ 2 റോവര്‍ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല. ചന്ദ്രയാന്‍ – ഒന്നാം ദൗത്യത്തില്‍ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്‌ആര്‍ഒ അവലംബിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്‌ആര്‍ഒ. ഇന്ത്യക്ക് മുമ്ബ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. 978 കോടി ചെലവ് വരുന്ന ചന്ദ്രയാന്‍ വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമാകും.
ഈ മാസം നാലാം തീയതി ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ മൂന്നു മലയാളി ജീവനക്കാർ ഉള്ളതായി സ്ഥിതീകരിച്ചു
ബ്രിട്ടൺ:ഈ മാസം നാലാം തീയതി ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ മൂന്നു മലയാളി ജീവനക്കാർ ഉള്ളതായി സ്ഥിതീകരണം.ടാങ്കറിലെ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളത്.കപ്പലിലുള്ളവര്‍ നിലവില്‍ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അജ്മല്‍ സാദിഖിന്റെ സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം വിളിച്ചിരുന്നുവെന്നും ഉടനെ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഈ മാസം നാലിനാണ് ബ്രിട്ടന്‍, ജിബ്രാള്‍ട്ടറില്‍ നിന്നും ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണം ബ്രിട്ടന്റെ കപ്പല്‍ ഇറാനും പിടിച്ചെടുത്തിരുന്നു.ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലും മൂന്ന് മലയാളികളുണ്ട്‍. എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനെ കൂടാതെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും തൃപ്പൂണിത്തുറയില്‍ നിന്നുള്ള മറ്റൊരാളുമാണ് ഈ കപ്പലിലുള്ള മലയാളികള്‍. ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പച്ച നിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു
ന്യൂഡൽഹി:പച്ച നിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു.യുപിയിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സയീദ് വാസീം റിസ്‌വിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇത്തരം പതാകകള്‍ കാരണമാകുന്നുവെന്നാണ് റിസ്വിയുടെ പ്രധാന വാദം.ഇത്തരം പതാകകൾ ഉയർത്തുന്നത് ഇസ്ലാം വരുദ്ധമാണെന്നും റിസ്‌വി വാദിക്കുന്നു. 1906 സ്ഥാപിതമായ മുസ്ലിം ലീഗിന്‍റെ പതാകയാണ് പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമടങ്ങുന്നത്. ഇത് ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമുമായോ സാമുദായിക ആചാരങ്ങളുമായോ പതാകയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും റിസ്‌വി ഹർജിയിൽ പരാമർശിക്കുന്നു.
ഷാംപൂവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ;ഉല്പാദന കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ 57 പേർ അറസ്റ്റിൽ
ഭോപ്പാൽ:ഷാംപുവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ നിർമിക്കുന്നതായി കണ്ടെത്തൽ. മധ്യപ്രദേശിലാണ് സംഭവം.വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിൽ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു പാല്‍ വിതരണം ചെയ്‌തിരുന്നത്. 10,000 ലിറ്റര്‍ കൃത്രിമ പാലും 500 കിലോ കൃത്രിമവെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി റെയ്ഡിന് നേതൃത്വം നല്‍കിയ എസ്.പി രാജേഷ് ബഡോറിയ വ്യക്തമാക്കി. 30 ശതമാനം യഥാര്‍ഥ പാലും ബാക്കി മറ്റ് രാസ വസ്തുക്കളും ചേര്‍ത്താണ് പാല്‍ നിര്‍മ്മാണം നടത്തിയത്. പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ ഉത്പാദിപ്പിച്ചിരുന്നത്. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്.ഉത്തരേന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് ഇവയെല്ലാം.ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പാല്‍ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്.ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്. റെയ്ഡിനെ തുടര്‍ന്ന് ഫാക്ടറികള്‍ പോലീസ് അടച്ചുപൂട്ടി.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായ ഷീലാ ദീക്ഷിത് അന്തരിച്ചു
ന്യൂഡൽഹി:ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായ ഷീലാ ദീക്ഷിത്(81) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഡല്‍ഹി മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. കൂടാതെ അഞ്ചുമാസം കേരളാ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു.1998 മുതല്‍ 2013 വരെയുള്ള കാലത്താണ് ഷീല ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.