ബെംഗളൂരു: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മരണത്തിന് കീഴടങ്ങി. വ്യോമ സേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുളള 13 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായിട്ടാണ് ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വരുണ്‍സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വരുണ്‍ സിങ്ങിന് ചര്‍മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചര്‍മം ബംഗളുരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചര്‍മ ബാങ്ക് കമാന്‍ഡ് ആശുപത്രിക്ക് കൈമാറിയിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അപകടമുണ്ടായത്. ധീരതയ്‌ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര് ചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. വ്യോമ സേനയിൽ വിങ് കമാൻഡറായ വരുൺ സിംഗ് 2020 ഒക്ടോബർ 12 തേജസ് യുദ്ധ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് അദ്ദേഹം ശൗര്യചക്രയ്‌ക്ക് അർഹനായത്.
ഹർനാസ് സന്ധു വിശ്വസുന്ദരി; രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം
എയ്‌ലാറ്റ്: 2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്.21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്.പഞ്ചാബ് സ്വദേശിനിയാണ് 21 കാരിയായ ഹർനാസ് സന്ധു.ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു 70ാമത് വിശ്വസുന്ദരി മത്സരം നടന്നത്.ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ പിന്തള്ളിയാണ് ഹർനാസിന്റെ കിരീടനേട്ടം. 2020തിലെ മുൻ വിശ്വസുന്ദരിയായ ആൻഡ്രിയ മെസ ഹർനാസിനെ കിരീടം ചൂടിച്ചു. 2000ത്തിൽ ലാറ ദത്തയാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്. 1994ൽ സുസ്മിത സെന്നിനാണ് ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി പട്ടം ആദ്യമായി ലഭിക്കുന്നത്. 80 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു.2017-ലാണ് ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
രണ്ട് ചോദ്യങ്ങളാണ് മത്സരത്തിൽ ഹർനാസിന് നേരിടേണ്ടി വന്നത്.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇന്നത്തെ സ്ത്രീകൾക്ക് നൽകുന്ന സന്ദേശമെന്താണെന്നതായിരുന്നു ആദ്യത്തെ ചോദ്യം. ‘അവനവനിൽ തന്നെ വിശ്വസിക്കാനാണ് ഓരോ സ്ത്രീയും പഠിക്കേണ്ടത്. ഓരോ വ്യക്തിയും പ്രത്യേകതകൾ ഉള്ളവരാണ്.അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ഒഴിവാക്കുക.നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും.ലോകത്തിൽ നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.നമുക്ക് വേണ്ടി ശബ്ദിക്കാൻ നാം മാത്രമാണ് ഉള്ളതെന്ന് മനസിലാക്കണം. നിങ്ങളുടെ ശബ്ദം നിങ്ങൾ മാത്രമാവുക.ഞാൻ എന്നിൽ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ വേദിയിൽ നിൽക്കുന്നത്’ എന്നായിരുന്നു ഹർനാസിന്റെ ഉത്തരം.കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വ്യാജവാദമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്താണ് നിങ്ങളുടെ പ്രതികരണം എന്നതായിരുന്നു ചോദ്യം. വാചകമടിയെക്കാൾ പ്രകൃതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും, തനിക്കാവുന്നതെല്ലാം താൻ ചെയ്യുമെന്നുമായിരുന്നു ഹർനാസിന്റെ മറുപടി.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ മൂന്നര വയസുള്ള കുഞ്ഞും; മുംബൈയിൽ കൂട്ടംകൂടലുകൾ നിരോധിച്ചു
മുംബൈ: മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളിൽ മൂന്നര വയസുള്ള കുഞ്ഞും ഉൾപ്പെട്ടതായി വിവരം. കഴിഞ്ഞ ദിവസം ഏഴ് പുതിയ ഒമിക്രോൺ രോഗികളായിരുന്നു സംസ്ഥാനത്ത് പുതിയതായി സ്ഥിരീകരിച്ചിരുന്നത്. ഇതിൽ മൂന്നും മുംബൈയിലാണ്. രോഗം ബാധിച്ച കുഞ്ഞുള്ളതും ഇവിടെയാണ്. ആകെ 17 രോഗികളാണ് മഹാരാഷ്‌ട്രയിൽ മാത്രം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 32 ആയി. വളരെ ചെറിയ തോതിൽ മാത്രം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവർക്കും ഒട്ടുമേ ലക്ഷണങ്ങൾ കാണിക്കാതിരുന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ രണ്ട് ദിവസത്തേക്ക് ജനങ്ങൾ കൂട്ടം കൂടുന്നതും വലിയ ഒത്തുകൂടലുകളും നിരോധിച്ചിട്ടുണ്ട്. ടാൻസാനിയ, യുകെ, നെയ്‌റോബി എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം ബാധിച്ചത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ പടർന്ന് തുടങ്ങിയ സാഹചര്യത്തിൽ മാസ്‌ക് ധാരണത്തിൽ ജനങ്ങൾ അശ്രദ്ധ ചെലുത്തുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അപകടകരമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ലോകം കടന്നുപോകുന്നതെന്നും ചെറിയ പിഴവ് വലിയ ആഘാതം സൃഷ്ടിക്കാമെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന്;യാത്രാമൊഴി നല്‍കാന്‍ ഒരുങ്ങി ജന്മനാട്; ഉച്ചയോടെ മൃതദേഹം കേരളത്തിലെത്തിക്കും
തൃശ്ശൂർ: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളിയായ ജൂനിയർ വാറൻഡ് ഓഫീസർ പ്രദീപിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ജന്മനാട്ടിലെത്തിക്കും.ഡൽഹിയിൽ നിന്ന് വിമാനം രാവിലെ ഏഴ് മണിയോടെ പുറപ്പെട്ടു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മൃതദേഹത്തെ അനുഗമിക്കും. 11 മണിയോടെ സൂലൂർ വ്യോമതാവളത്തിൽ എത്തുന്ന മൃതദേഹം റോഡ് മാർഗമാണ് തൃശ്ശൂരിലെത്തിക്കുക.പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തും.ഇന്നലെയാണ് വിദഗ്ധ പരിശോധനകൾക്ക് ശേഷം പ്രദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞ്. പിന്നാലെ ബന്ധുക്കൾക്ക് വിട്ട് നൽകുകയും ചെയ്തിരുന്നു.അതേസമയം തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു.രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പ്രദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.
ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്കാരം ഇന്ന്
ന്യൂഡൽഹി:ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരം ഇന്ന്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്റോൺമെന്റിലെ ബ്രാർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മറ്റ് സൈനികരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷം ജന്മനാട്ടിലേക്ക് അയക്കും.രാവിലെ ഒൻപത് മണിയോടെ സൈനിക ആശുപത്രിയിൽ നിന്നും കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്കാണ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹമെത്തിക്കുക. 11 മണി മുതൽ പൊതുജനങ്ങൾക്കും 12.30 മുതൽ ജനറൽ ബിപിൻ റാവത്തിന്‍റെ സഹപ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ലഭിക്കും. 1.30ന് വിലാപയാത്രയായി മൃതദേഹം ഡൽഹി കന്‍റോണിലെത്തിക്കും. ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.ബ്രിഗേഡിയർ എൽ എസ് ലിഡറിന്‍റെ സംസ്കാരവും ഡൽഹി കാന്‍റിൽ നടക്കും. അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപ് ഉൾപ്പെടെയുള്ളവരുടേ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷമേ ജന്മനാട്ടിലേക്കയക്കൂ.
കര്‍ഷകസമരം പിന്‍വലിച്ചു;കർഷകരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കി കേന്ദ്രം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു വർഷത്തിലേറെയായി തുടരുന്ന കർഷകസമരം പിൻവലിച്ചു.കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചു. കിസാൻ സംയുക്ത മോർച്ചയ്‌ക്ക് ഉറപ്പുകൾ രേഖാമൂലം നൽകി. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിംഘുവിൽ സംയുക്ത മോർച്ച യോഗം പുരോഗമിക്കുകയാണ്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് കർഷക നേതാക്കൾ അറിയിച്ചിരിക്കുന്നത്. സിംഘുവിലെ ടെന്റുകളും കർഷകർ പൊളിച്ചു തുടങ്ങി.കർഷസമരം അവസാനിപ്പിക്കാനായി അഞ്ച് വാഗ്ദാനങ്ങളുമായി സംയുക്ത കിസാൻ മോർച്ചയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ കത്തയച്ചിരുന്നു. കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് സംസ്ഥാനങ്ങൾ വഴി നഷ്ടപരിഹാരം, പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങിയാൽ കേസുകൾ പിൻവലിക്കാം, താങ്ങുവില പരിശോധിക്കാൻ കർഷക പ്രതിനിധികൾ ഉൾപ്പെട്ട സമിതി, വൈദ്യുത ഭേദഗതി ബില്ലിൽ കർഷകർക്ക് എതിർപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കും, മലിനീകരണ നിയന്ത്രണ നിയമത്തിൽ കർഷകർക്കെതിരെ ക്രിമിനൽ കുറ്റവും പിഴയും ചുമത്താനുള്ള വ്യവസ്ഥ ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കേന്ദ്രം നൽകിയത്. ഇതിൽ രേഖാമൂലം ഉറപ്പ് നൽകണമെന്ന് ഇന്നലെ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കർഷകരുടെ നിലപാട്.
കർഷക സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്;സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് കർഷക സംഘടനകൾ
ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം ഇന്ന്.ഉച്ചക്ക് 12 ന് സിംഗുവില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുക്കുക. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ ധാരണ.കർഷകർക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഹരിയാന, യു പി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ രേഖാമൂലം നല്‍കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
ഹെലികോപ്റ്റർ അപകടം;ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും; സംസ്‌കാരം നാളെ
ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരങ്ങൾ ഇന്ന് ഡൽഹിയിലെത്തിയ്‌ക്കും. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ചയാകും സംസ്‌കാരം. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക.രാവിലെ എട്ട് മണിയോടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന സൈനിക ആശുപത്രിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിക്കും. തുടർന്ന് 13 വാഹനങ്ങളിലായി മൃതശരീരങ്ങൾ കോയമ്പത്തൂരിലെത്തിയ്‌ക്കും. ഇവിടെ നിന്നും വിമാനമാർഗ്ഗമാകും മൃതദേഹങ്ങൾ ഡൽഹിയിലെത്തിയ്‌ക്കുക.ഡൽഹിയിലെ കാമാരാജ് മാർഗിലാണ് അദ്ദേഹത്തിന്റെ വസതി. പ്രത്യേക വിമാനത്തിൽ ഇവിടേക്കാകും ഇന്ന് വൈകിട്ട് ഭൗതിക ദേഹങ്ങൾ കൊണ്ടുവരിക. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വെയ്‌ക്കും. ശേഷം സൈനിക വാഹനത്തിൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ എത്തിക്കും. ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങൾ സംസ്‌കരിക്കുക.ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ക്യാപ്റ്റൻ വരുൺ സിംഗാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.മാരകമായി പരിക്കേറ്റ അദ്ദേഹം നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹെലികോപ്റ്റർ അപകടം;മരിച്ചവരിൽ മലയാളി സൈനികനും;മരിച്ചത് തൃശൂർ സ്വദേശി എ. പ്രദീപ്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും.തൃശൂർ സ്വദേശി എ പ്രദീപാണ് മരിച്ചത്.എംഐ 17വി5 ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.അപകടം സംഭവിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മലയാളിയും ഉൾപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റ് വിവരങ്ങൾ ലഭ്യമായിരുന്നില്ല. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തൃശൂർ മരത്താക്കര സ്വദേശിയായ സൈനികൻ എ. പ്രദീപും ഉണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ജൂനിയർ വാറന്റ് ഓഫീസറാണ് എ. പ്രദീപ്.ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.ഗ്രൂപ്പ് ക്യാപ്റ്റർ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിക്കുകളോടെ ഇദ്ദേഹം വെല്ലിംഗ്ടൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്‌ക്ക് 12.20ഓടെയായിരുന്നു ഊട്ടിക്കടുത്ത് കുനൂരിൽ 14 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കത്തി തകർന്ന് വീണത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരും മരിച്ചിരുന്നു.
ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം;ബ്ലാക്ക് ബോക്സ് കണ്ടെത്തി; അന്വേഷണത്തിൽ നിർണായകമാകും
ചെന്നൈ: സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്തി.ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 വി5 എന്ന ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സാണ് കണ്ടെത്തിയിരിക്കുന്നത്. ഊട്ടി കൂനൂരിനടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.വിങ് കമാന്‍ഡര്‍ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാൽ അറിയാൻ സാധിക്കും. ബ്ലാക്ക് ബോക്‌സിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകട കാരണം വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.എംഐ 17 v5 ഹെലികോപ്റ്റർ ആധുനികവും ഏറ്റവും സുരക്ഷിതവുമായ ഹെലികോപ്ടറുകളിലൊന്നാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ സാങ്കേതിക തകരാർ ഉണ്ടാകാൻ സാദ്ധ്യതയില്ല. അങ്ങനെയെങ്കിൽ അപകടം എങ്ങനെ സംഭവിച്ചു എന്ന് അറിയാനുള്ള ഏകമാർഗ്ഗം ബ്ലാക്ക് ബോക്‌സ് മാത്രമാണ്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേര്‍ മരിച്ചിരുന്നു.കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്.