ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിംഗിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിംഗ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിസ്ഥാനത്തുള്ള അരുണ്‍ സിംഗ് ബി.ജെ.പി നേതാവും ഉന്നാവ് ബ്ലോക് പ്രസിഡന്റുമാണ്.ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടിച്ച ലോറിയുടെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ചു മായ്ച്ച നിലയിലായിരുന്നുവെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്‌ത്രീകള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അതേസമയം, കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന ബി. ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഇരയായ പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും യു.പി സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും.
ഉന്നാവോ പെണ്‍കുട്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവം; കേസ് സി ബി ഐ അന്വേഷിക്കും
ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയുടെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ അന്വേഷണം കേന്ദ്രം സി ബി ഐക്കു കൈമാറി.പെണ്‍കുട്ടിക്കു നേരെയുണ്ടായത് ആസൂത്രിത കൊലപാതകശ്രമമാണെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് കേസ് സിബിഐക്കു വിട്ടിരിക്കുന്നത്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ ട്രക്ക് പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സി ബി ഐ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടായ റായ്ബറേലിയിലെ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കൂടാതെ ഗുരുബക്ഷ്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.ബി ജെ പി എം എല്‍ എ കുല്‍ദീപ് സെന്‍ഗറിനെതിരെയാണ് പെണ്‍കുട്ടി ബലാല്‍സംഗ പരാതി നല്‍കിയിരുന്നത്. 2017ല്‍ ജോലി അന്വേഷിച്ച് ചെന്ന തന്നെ എം എല്‍ എ ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ പരാതിയും സി ബി ഐയാണ് അന്വേഷിക്കുന്നത്.
ഡോക്റ്റർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോകസഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഡോക്റ്റർമാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു.24 മണിക്കൂറാണ് സമരം. ഇന്ന് കാലത്ത് ആറു മണിക്ക് ആരംഭിച്ച പണിമുടക്ക് നാളെ രാവിലെ ആറു വരെ തുടരും.അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് രാജ്യവ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദപ്രവേശനത്തിന് മാനദണ്ഡമാക്കാനടക്കം ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് അടക്കമുള്ള വ്യവസ്ഥകളും പുതിയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലുണ്ട്.
ഡി എൻ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കോടതി നിർദേശമനുസരിച്ച് ഡിഎൻഎ ടെസ്റ്റിനായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി.ഇന്ന് തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബിനോയിയോട് ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഡി.എന്‍.എ പരിശോധനാഫലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിക്കുകയുണ്ടായി.മുംബൈ ഓഷിവാര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവ്. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചിരുന്നു. മുംബൈ ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ വെച്ചാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. ഫലം രണ്ടാഴ്ച്ചക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം; ഡോക്ടര്‍മാര്‍ നാളെ രാജ്യ വ്യാപകമായി പണിമുടക്കും
ന്യൂഡൽഹി: ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പണി മുടക്കും. ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സർക്കാർ സ്വകാര്യമേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ നേതൃത്വം അറിയിച്ചു.അത്യാഹിത വിഭാഗത്തെയും അടിയന്തിര ശസ്ത്രക്രിയാ വിഭാഗത്തെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കും.പ്രതിപക്ഷത്തിന്‍റെ എതിർപ്പ് മറികടന്നാണ് മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ സർക്കാർ പാസാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവാദ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാകും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കും തുടങ്ങിയവയും ബില്ലിലെ വ്യവസ്ഥകളാണ്.അതേസമയം മൂന്ന് ദശാംശം അഞ്ച് ലക്ഷം വ്യാജ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ബില്ല് കാരണമാകുമെന്ന ഗുരുതരമായ ആരോപണമാണ് ഡോക്റ്റർമാരുടെ ഭാഗത്തുനിന്നുമുള്ളത്.
പീഡനകേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് നടത്താൻ കോടതി ഉത്തരവ്
മുംബൈ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനാകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാനും കോടതി ബിനോയിയോട് നിർദേശിച്ചു.ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഓഷിവാര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിക്കണവേയാണ് ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് കോടതി ഉത്തരവിട്ടത്. നാളെത്തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയിയോട് പറഞ്ഞ കോടതി രണ്ടാഴ്ച്ചക്കുളളിൽ ഡി.എൻ.എ പരിശോധന ഫലം സമർപ്പിക്കാനും നിർദേശിച്ചു.പരിശോധനഫലം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം. പരിശോധനയ്ക്ക് തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് കോടതിയെ അറിയിച്ചു. കേസ് അടുത്തമാസം 26ന് കോടതി വീണ്ടും പരിഗണിക്കും. നേരത്തെ, കേസിൽ ബിനോയിക്ക് ജാമ്യം അനുവദിച്ച മുംബൈ ദിൻഡോഷി സെഷൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ നിലനിൽക്കുന്നതിനാൽ രക്തസാമ്പിൾ നല്കാനാവില്ലെന്നായിരുന്നു ബിനോയിയുടെ നിലപാട്.ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശിച്ചത്.
ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;രണ്ട് സ്ത്രീകള്‍ മരിച്ചു; അപകടത്തിന് പിന്നില്‍ എംഎല്‍എയെന്ന് പെണ്‍കുട്ടിയുടെ അമ്മ;സാധാരണ അപകടമെന്ന് പോലീസ്
യു.പി:ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോവുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ജയിലിന് 15 കി.മീ അകലെ വച്ച് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം അപകടത്തില്‍ ഗൂഡാലോചന ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന എംഎല്‍എ തന്നെയാണ് മകള്‍ സഞ്ചരിച്ച വാഹനം അപകടപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുകയാണ് ബിജെപി എംപിയായ കുല്‍ദീപ് സെന്‍ഗാര്‍. 2017 ലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചു എന്നാണ് കേസ്.
എന്നാൽ സംഭവം സാധാരണ അപകടമാണെന്നാണ് പോലീസ് പറയുന്നത്.പക്ഷെ ഇടിച്ച ലോറിയുടെ നമ്പർ പ്ലേറ്റ് കറുത്ത ചായം കൊണ്ട് മായ്ച്ചത് അന്വേഷിക്കുന്നുണ്ട്. ഡ്രൈവറെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രഥമ ദൃഷ്ട്യാ അപകടമായാണ് തോന്നുന്നതെന്ന് പോലീസ് പറയുന്നു.പെണ്‍കുട്ടിക്ക് നല്‍കിയിരുന്ന സുരക്ഷ അപകടസമയത്തുണ്ടായില്ലെന്നതും അന്വേഷണ വിധേയമാക്കുന്നുണ്ട്. കാറില്‍ സ്ഥമില്ലാത്തതുകൊണ്ട് പെണ്‍കുട്ടി പറഞ്ഞതനുസരിച്ചാണ് സുരക്ഷ നല്‍കാതിരുന്നതെന്നാണ് പോലീസിന്റെ ന്യായീകരണം.
കർണാടകയിൽ വിശ്വാസവോട്ട് നേടി യെദ്യൂരപ്പ; നിയമസഭാ പ്രമേയം പാസാക്കിയത് ശബ്ദവോട്ടോടെ
ബെംഗളൂരു:കർണാടക നിയമസഭയിൽ ഭൂരിപക്ഷം നേടി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്.കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. വിശ്വാസവോട്ട് നേടിയതോടെ ആറ് മാസത്തേക്ക് ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭരണം ഉറപ്പിച്ചു.രാവിലെ പത്തിന് സഭ ചേര്‍ന്ന ശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്.ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ടായിരുന്നു. 107 പേരുടെ പിന്തുണയായിരുന്നു ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. സ്വതന്ത്രനായിരുന്ന ആര്‍. ശങ്കറിനെ അയോഗ്യനാക്കിയതോടെ, ഒരാള്‍ കുറഞ്ഞു. 17 പേരെ അയോഗ്യരാക്കിയതോടെ, സഭയിലെ ആകെ അംഗസംഖ്യ, 208 ആയി ചുരുങ്ങി. ഇതോടെ കേവല ഭൂരിപക്ഷം 105 ആയി മാറി. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനിപ്പോള്‍ ഉള്ളത് 99 പേര്‍ മാത്രമാണ്.
ബി.എസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും
ബെംഗളൂരു:കര്‍ണാടക മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്നിനാണു മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുക. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പിക്കുള്ളതിനാല്‍ അവര്‍ക്ക് പ്രമേയം പാസാക്കാനാകുമെന്നാണു കരുതുന്നത്. ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ട്.ഭൂരിപക്ഷം തെളിയിച്ച ശേഷമായിരിയ്ക്കും ബി.ജെ.പി മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളുമെല്ലാം പ്രഖ്യാപിയ്ക്കുക. ധനബില്ലിന് ഇന്ന് അംഗീകാരം നല്‍കാനും സാധ്യതയുണ്ട്.അതേസമയം, കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത എംഎല്‍എമാരെ ഇന്നലെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. നേരത്തെ മൂന്ന് എംഎല്‍എമാരെയും ഇന്നലെ 14 എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്.ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സാധിയ്ക്കില്ല.2023 മെയ് 23 വരെയാണ് അയോഗ്യത. ഇന്നലെ അയോഗ്യരാക്കിയ 14 പേരും ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.
കര്‍ണാടകയില്‍ പതിനാല് വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി
ബെംഗളൂരു:കര്‍ണാടകയില്‍ പതിനാല് വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് അംഗങ്ങളെയും മൂന്ന് ജെ.ഡി.എസ് അംഗങ്ങളെയുമാണ് ഇന്ന് അയോഗ്യരാക്കിയത്. ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പി.സി.സി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തേ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ആകെ എണ്ണം 17 ആയി. ഭൈരതി ബാസവരാജ്, മുനിരത്‌ന, എസ് ടി സോമശേഖര്‍, റോഷന്‍ ബേയ്ഗ്, ആനന്ദ് സിങ്, എം ടി ബി നാഗരാജ്, ബി സി പാട്ടീല്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ഡോ. സുധാകര്‍, ശിവരാം ഹെബ്ബാര്‍, ശ്രീമന്ത് പാട്ടീല്‍(കോണ്‍ഗ്രസ്), കെ ഗോപാലയ്യ, നാരായണ ഗൗഡ, എ എച്ച് വിശ്വനാഥ്(ജെഡിഎസ്) എന്നിവരെയാണ് ഇന്ന് രാവിലെ സ്പീക്കര്‍ അയോഗ്യരാക്കിയത്.അതേസമയം നേരത്തേ സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് പേര്‍ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പരാതി ലഭിച്ചതെന്നും ഇതാണ് നടപടിക്ക് പിന്നിലെന്നും സ്പീക്കര്‍ അറിയിച്ചു. നാളെയാണ് മുഖ്യമന്ത്രി യെദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത്. ഇതിന് മുമ്പായി വിമതരുടെ കാര്യത്തില്‍ തീരുമാനമായത് ബി.ജെ.പിയ്ക്ക് അനുകൂലമാണ്. 17 പേരെ അയോഗ്യരാക്കിയതോടെ സഭയിലെ അംഗസംഖ്യ 208 ആയി മാറി. കേവല ഭൂരിപക്ഷം 105. നിലവില്‍ 106 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്.