ഡൽഹിയിലെ ഫ്ലാറ്റിൽ വൻ തീപിടുത്തം;രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു മരണം

keralanews six including two kids died when huge fire broke out in a flat in delhi

ന്യൂഡൽഹി:ഡൽഹിയിലെ സാക്കിർ നഗറിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തതിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർ മരിച്ചു.11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആളുകൾ തിങ്ങിപ്പാർത്തിരുന്ന കെട്ടിടത്തിലാണ് അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. പൂലർച്ചെ 2 മണിയോടെ, കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്സിലുണ്ടായ തീ പിടിത്തം കെട്ടിടം മുഴുവൻ വ്യാപിക്കുകയായിരുന്നു.പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിന് ചുറ്റും നിർത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും തീ പിടിത്തത്തിൽ കത്തി നശിച്ചു. എട്ട് ഫയർ എഞ്ചിനുകൾ രാത്രി മുഴുവൻ ശ്രമിച്ചാണ് തീ പൂർണമായും അണയ്ക്കാനായത്.

സംഘർഷ സാധ്യത;കശ്​മീരില്‍​ 8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

keralanews possibility of conflict an additional 8000 paramilitaries were deployed in kashmir

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ആം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിറകെ സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച്‌ കേന്ദ്രസര്‍ക്കാര്‍.8000 അര്‍ധ സൈനികരെയാണ് വ്യോമസേനയുടെ സി-17 യാത്രാവിമാനത്തില്‍ ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ് അര്‍ധസൈനികരെ കശ്മീരിലേക്ക് കൊണ്ടുപോയത്. ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മുപ്പത്തി അയ്യായിരത്തിലധികം അര്‍ദ്ധസൈനികരെ കേന്ദ്രം ജമ്മു കാശ്‌മീരിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു.നിലവില്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം തന്നെ വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ രാജ്യസഭയില്‍ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച്‌ ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയായിരുന്നു.

അഭിനന്ദൻ 151 പ്ലാനുമായി ബിഎസ്എൻഎൽ;ഡാറ്റ അലോട്ട്മെന്റ് പ്രതിദിനം 1.5 ജി.ബി ഡാറ്റയായി ഉയര്‍ത്തി

keralanews bsnl abhinandan 151 plan daily data alotment raised to 1.5gb

ന്യൂഡൽഹി:ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്.കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലോട്ട് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ അഭിനന്ദൻ 151 എന്ന പ്ലാൻ ആവിഷ്‌ക്കരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇത് കൂടുതല്‍ മത്സരാത്മകമാക്കുന്നതിന്, ബി‌.എസ്‌.എന്‍‌.എല്‍ ഉപഭോക്താവിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഇത് പരിഷ്കരിച്ചിരിക്കുകയാണ്. നേരത്തെ ഈ പാക്കിൽ ദിവസേന 1gb ഡാറ്റയാണ് ബിഎസ്എൻഎൽ നൽകിയിരുന്നത്.എന്നാൽ ഇപ്പോൾ ഇത് 1.5 GB ആയി ഉയർത്തിയിരിക്കുകയാണ്.ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, ദിനവും 1.5 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് ലഭിക്കുക. ഡൽഹി, മുംബൈ അടക്കം ബി.എസ്.എൻ.എല്ലിൻറെ എല്ലാ മേഘലകളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും. ബി.എസ്.എൻ.എൽ 151 രൂപ പ്ലാനിൻറെ സമയപരിധി 180 ദിവസമാണ്. പക്ഷേ ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്.എം.എസും 24 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക. നിലവിൽ  കണക്ഷൻ ഉള്ളവർക്കും പുതുതായി കണക്ഷൻ എടുക്കുന്നവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം.345 ദിവസ്സം വരെ ലഭ്യമാകുന്ന ഓഫറുകളും BSNL പുറത്തിറക്കിയിരുന്നു.1,188 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന മാതുറാം പ്രീ പെയ്ഡ് ഓഫറുകളാണിത് .1188 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കൾക്ക്  അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു.കൂടാതെ 1,200 SMS മുഴുവനായി ഇതില്‍ ലഭ്യമാകുന്നതാണ്.345 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും തീരുമാനം

keralanews special status for jammu kashmir canceled and decision to split state into two

ശ്രീനഗർ:ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനും തീരുമാനമായി. ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കാനാണ് തീരുമാനം.കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370 ആം വകുപ്പ്.ജമ്മു കശ്മീരിനെ സംബന്ധിച്ച്‌ മൂന്ന് ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രാജ്യസഭ അധ്യക്ഷന്‍വെങ്കയ്യ നായിഡു പ്രത്യേക അധികാരം ഉപയോഗിച്ച്‌ അനുമതി നല്‍കുകയായിരുന്നു. നേരത്തെ ഒരു ബില്‍ മാത്രമാണ് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.അതേസമയം, വിഷയത്തില്‍ രാജ്യസഭയില്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം നടത്തിയത്.കാശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പത്രികയിലും ബി.ജെ.പി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.

ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:-

* ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രതേക പദവിയില്ല.

* ജമ്മു-കശ്മീര്‍ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരില്‍ നിയമസഭ ഉണ്ടായിരിക്കും.

* ലഡാക്ക് ഇനി കശ്മീരിന്‍റെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല.

ആർട്ടിക്കിൾ 35A:

1954ല്‍ രാഷ്ട്രപതിയുടെയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് 35ആം അനുച്ഛേദം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത്. ജമ്മു കാശ്മീരിലെ പൗരന്മാര്‍ക്ക് പ്രത്യേക അധികാരവും അവകാശങ്ങളും നല്‍കുന്നതാണ് ഈ നിയമം. ഈ നിയമം അനുസരിച്ച്‌ പുറത്തുനിന്നും ഒരാളെ വിവാഹം കഴിക്കുന്ന ജമ്മു കാശ്മീരിലെ ഒരു യുവതിക്ക് ജമ്മു കാശ്മീരിലുള്ള തന്റെ സ്വത്തുക്കളില്‍ അവകാശം ഉണ്ടായിരിക്കില്ല. ഇങ്ങനെ വിവാഹം കഴിക്കുന്ന സ്ത്രീയ്ക്ക് മാത്രമല്ല അവരുടെ അനന്തരാവകാശികള്‍ക്കും ഈ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കാനാകില്ല. മാത്രമല്ല പുറത്ത് നിന്നും കാശ്മീരിലേക്ക് എത്തുന്നവര്‍ക്ക് സ്ഥലം, വീട് പോലുള്ള സ്വത്തുക്കള്‍ സമ്ബാദിക്കാന്‍ ഈ നിയമം അനുവദിക്കുന്നില്ല. ഇവര്‍ക്ക് അനിശ്ചിതകാലത്തേക്ക് സംസ്ഥാനത്ത് താമസിക്കാനോ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാകാനോ സാധിക്കില്ല. സ്ഥിരതാമസക്കാരല്ലാത്തവരെ സര്‍ക്കാരില്‍ ജോലിക്കെടുക്കുന്നതിനും ഈ നിയമം അനുസരിച്ച്‌ വിലക്കുണ്ട്.ഈ വ്യവസ്ഥ പ്രകാരമുള്ള നിയമസഭയുടെ ഒരു നടപടിയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല.1954ല്‍ നെഹ്രു മന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.ജമ്മുകാശ്‌മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ രാഷ്‌ട്രപതിക്ക് അധികാരം നല്‍കുന്ന 370 (1) (ഡി ) വകുപ്പ് പ്രകാരമായിരുന്നു ഉത്തരവ്.ഭരണഘടനയിലെ 368 (i) വകുപ്പ് പ്രകാരം പാര്‍‌ലമെന്റിന് മാത്രമാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരം.

ആര്‍ട്ടിക്കിള്‍ 370:

ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് സ്വയംഭരണാധികാരം നല്‍കുന്ന നിയമമാണ് ആര്‍ട്ടിക്കിള്‍ 370. എന്നാല്‍ ഇത് ‘താല്‍ക്കാലിക’ നിയമമാണ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മേല്‍നോട്ടത്തിലാണ് ഈ നിയമം നിലവില്‍ വരുന്നത്. ഈ നിയമം അനുസരിച്ച്‌ കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും, പ്രത്യേക ഉപഭരണഘടനയുമുണ്ട്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളില്‍ മാത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നത്.മറ്റു വകുപ്പുകളില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമാണ്.പക്ഷെ ഈ പദവികള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല. പ്രത്യേക പദവികള്‍ ഉണ്ടെങ്കിലും 1952 ലെ ഡല്‍ഹി കരാര്‍ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലേതിന് സമാനമായ മതേതരത്വം നിയമവിധേയമായ സംസ്ഥാനമാണ് കാശ്മീര്‍.മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ ഭരണഘടനാ വ്യവസ്ഥകളും ജമ്മുകാശ്‌മീരിന് ബാധകമല്ല. ജമ്മുകാശ്മീരിന് സ്വന്തം ഭരണഘടനയുണ്ട്.പ്രതിരോധം, വിദേശകാര്യം, ധനകാര്യം, കമ്മ്യൂണിക്കേഷന്‍സ് എന്നിവ ഒഴികെ എല്ലാ നിയമങ്ങളും ജമ്മുകാശ്മീരില്‍ ബാധകമാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി വേണം.പൗരത്വം, സ്വത്ത് ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തിന് സ്വന്തം നിയമങ്ങളാണ്.ഭരണഘടനയിലെ 360 ആം വകുപ്പ് പ്രകാരമുള്ള സാമ്ബത്തിക അടിയന്തരാവസ്ഥ കാശ്‌മീരില്‍ ഏര്‍പ്പെടുത്താന്‍ 370 ആം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമില്ല.യുദ്ധമോ വിദേശാക്രമണമോ ഉണ്ടായാല്‍ മാത്രമേ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ.ആഭ്യന്തര സംഘര്‍ഷമുണ്ടായാലും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല.

സുരക്ഷാഭീഷണി;അമര്‍നാഥ് തീര്‍ഥാടകര്‍ ഉടൻ തന്നെ താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍

keralanews security threat amarnath pilgrims asked to leave kashmir valley

ശ്രീനഗർ:സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയും പെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍.അമര്‍നാഥ് യാത്രയ്ക്കുനേരെ പാകിസ്ഥാന്‍ സൈന്യവും ഭീകരരും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി സൈന്യം അവകാശപ്പെട്ടതിന് പിന്നാലയാണ് സര്‍ക്കാര്‍ നിര്‍ദേശം.അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പാകിസ്ഥാന്‍ നിര്‍മിത കുഴിബോംബുകളും അമേരിക്കന്‍ നിര്‍മിത റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ഥയാത്രാപാതയില്‍നിന്ന് പാക്സൈന്യത്തിന്റെ കുഴിബോംബും ടെലിസ്‌കോപ്പ് ഘടിപ്പിച്ച എം 24 അമേരിക്കന്‍ സ്നൈപ്പര്‍ തോക്കും കണ്ടെത്തിയതായി ചിന്നാര്‍ കോര്‍പ്സ് കമാണ്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കശ്‌മീരിലെ സമാധാനം നശിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും ധില്ലന്‍ പറഞ്ഞു. കശ്മീരില്‍ കൂടുതലായി സൈന്യത്തെ വിന്യസിക്കുന്നതു സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കരസേന വാര്‍ത്താസമ്മേളനം വിളിച്ചത്.

ഉന്നാവ് അപകടം; ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും

keralanews unnao accident cbi will question bjp mla kuldeep sengar

ന്യൂഡല്‍ഹി: ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസന്വേഷിക്കുന്ന സിബിഐ ഇന്ന് ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗറിനെ ചോദ്യം ചെയ്തേക്കും.സീതാപൂര്‍ ജയിലില്‍ കഴിയുന്ന എം എല്‍ എ യെ ചോദ്യം ചെയ്യാന്‍ ലാഹോര്‍ കോടതി അനുമതി നല്‍കിയിരുന്നു. എം എല്‍ എ യെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകനും അപകടം ഉണ്ടാക്കിയ ട്രക്കിന്റെ ഉടമയുമായ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും.ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍റെയും മൊഴിയെടുക്കും. റായ്ബറേലി ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.അപകടസ്ഥലം കേന്ദ്ര ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും. ഇതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്നൗവിലെത്തും.യുപി റായ്‍ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച്‌ മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്.അപകടത്തിൽ രണ്ടുപേർ മരിച്ചു.ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

keralanews parliament passed pocso bill providing death penalty for child abuse

ന്യൂഡൽഹി:കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.രാജ്യത്തെ ജനങ്ങളുടെ 39 ശതമാനത്തോളം വരുന്ന കട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വനിതാ – ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. രാജ്യസഭ നേരത്തെതന്നെ പാസാക്കിയ ബില്‍ ഇനി രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും. ഈ വര്‍ഷം ജനുവരി 8ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്.പുതിയ ഭേദഗതി പ്രകാരം കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കാം. അതേപോലെ കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.ഇതിന് പുറമെ ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്‍റെ പരിധിയില്‍ വരും.പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍.

ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് പിടിയിൽ

keralanews former vice president of the maldives was arrested while attempting to enter india on a freight ship

തൂത്തുക്കുടി:ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലിദ്വീപിന്റെ മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്‌ദുല്‍ ഗഫൂര്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായി.വധശ്രമക്കേസില്‍ വിചാരണ നേരിടുന്ന അദീബിനെ തൂത്തുക്കുടി തുറമുഖത്ത് വച്ചാണ് പിടികൂടിയത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് യമീനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിന് പുറമെ ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.ചരക്കുകപ്പിലിലെ ജീവനക്കാരനെന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിവിധ കേസുകളില്‍ അദീബിനെ അടുത്തിടെ മാലിദ്വീപിലെ കോടതി കുറ്റവിമുക്തനാക്കിയെന്നും വിവരമുണ്ട്. എന്നാല്‍ ചില കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്‌പോര്‍ട്ട് മാലിദ്വീപ് അധികൃത‌ര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന വിചാരണയ്‌ക്ക് കോടതിയില്‍ ഹാജരാകാനും അദീബ് എത്തിയിരുന്നില്ല. ഇതിനിടെ അദീബ് ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന വിവരം മാലിദ്വീപ് അധികൃതര്‍ കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് നടത്തിയ തെരച്ചിലിലാണ് അദീബ് പിടിയിലായത്.

ജാർഖണ്ഡിൽ മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു

keralanews three year old girl gang raped and beheaded in jamshedpur

ജാർഖണ്ഡ്:ജാർഖണ്ഡിലെ ജംഷഡ്പൂരിൽ മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു.കേസില്‍ ഉള്‍പ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊലയാളികളില്‍ ഒരാള്‍ 2015ല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയതാണ്.ഇക്കഴിഞ്ഞ  ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.ഇതു സംബന്ധിച്ച്‌ കുട്ടിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി പരിശോധനയില്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതായി കാണുന്നുണ്ട്.തന്റെ ഭര്‍ത്താവിനെ സംശയിക്കുന്നതായാണ് ആദ്യം കുട്ടിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളാണ് കുറ്റവാളികളെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്. വിച്ഛേദിക്കപ്പെട്ട ശേഷം പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം റെയില്‍വേ സ്റ്റേഷനു നാലു കിലോമീറ്റര്‍ ദൂരത്തുള്ള കുറ്റിക്കാട്ടില്‍ വച്ചാണു ചൊവ്വാഴ്ച രാത്രി കണ്ടെത്തിയത്.

മു​ത്ത​ലാ​ഖ് ബി​ല്ലി​ന് മു​ന്‍​കാ​ലപ്രാ​ബ​ല്യ​ത്തോ​ടെ രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

keralanews president give approval for muthalaq bill

ന്യൂഡൽഹി:മുത്തലാഖ് ബില്ലിന് മുന്‍കാല പ്രാബല്യത്തോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ  അംഗീകാരം.ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗീകാരത്തോടെ നിയമമായത്.മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമ ബില്‍(മുത്തലാഖ് നിരോധന ബില്‍) കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് പാസാക്കിയിരുന്നു.2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വരുന്നത്.പലതവണ രാജ്യ സഭയുടെ പടി കയറിയ മുത്തലാഖ് ബില്‍ ജൂലൈ 30 നാണ് പാസായത്. ബില്ലിനെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 84 പേരായിരുന്നു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയത്.മുസ്ലീം പുരുഷന്‍ ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും