ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഗണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി 30 പേര്‍ മരിച്ചു.ഞായറാഴ്ച റെക്കോര്‍ഡ് മഴ ലഭിച്ച ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടു.ഹിമാചല്‍ പ്രദേശില്‍ നൂറു കണക്കിന് ടൂറിസ്റ്റുകള്‍ കുടുങ്ങി കിടക്കുന്നതാണ് റിപ്പോര്‍ട്ടുകളുണ്ട്. ബംഗാളിലെ പല മേഖലകളിലും കനത്ത മഴയുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. യമുനനദി കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കി.ശക്തമായ മഴയില്‍ കുളു – മണാലി ദേശീയപാത -3 തകർന്നു. ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഇതുവരെയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും മേഘവിസ്‌ഫോടനത്തില്‍ 22 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ
തിരുവനന്തപുരം:എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ.ഇനി എടിഎം സേവനങ്ങള്‍ രാത്രി 11 മുതല്‍ രാവിലെ ആറുവരെ ലഭ്യമാകില്ല എന്നാണ് എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ സമയനിയന്ത്രണങ്ങളുമായി എസ്ബിഐ രംഗത്തുവന്നിരിക്കുന്നത്.തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നതോടെ പല നിയന്ത്രണങ്ങളും ബാങ്ക് അധികൃതര്‍ കൊണ്ടുവന്നിരുന്നെങ്കിലും അവയൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സമയനിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി. പുതിയ മാറ്റത്തെക്കുറിച്ച് എടിഎം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച് ഇടപാടുകാരെ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
മലയാളിയായ ഒളിമ്പ്യൻ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം
ന്യൂഡൽഹി:മലയാളിയായ ഒളിമ്പ്യൻ മാനുവല്‍ ഫ്രെഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം. കായികരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പുരസ്‌കാര നിര്‍ണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു സമര്‍പ്പിച്ചു.കണ്ണൂര്‍ സ്വദേശിയായ ഫ്രെഡറിക്ക് 1972ലെ ഒളിമ്ബിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിമ്ബിക് മെഡല്‍ നേടിയ ഏക മലയാളി കൂടിയാണ് ഫ്രെഡറിക്ക്. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഹോളണ്ടിനെ തോല്‍പ്പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. ഗോള്‍മുഖത്തെ കടുവ എന്നാണ് മാനുവല്‍ ഫ്രെഡറിക്ക് അറിയപ്പെട്ടിരുന്നത്. അന്ന് വെങ്കലം നേടിയ ടീമിലെ എട്ട് പേര്‍ക്ക് അര്‍ജുന അവാര്‍ഡും രണ്ട് പേര്‍ക്ക് പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു. ഏറെക്കാലം നീണ്ട അവഗണനകള്‍ക്കൊടുവിലാണ് ഫ്രെഡറിക്കിനെ തേടി പുരസ്‌കാരം എത്തുന്നത്.അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളികളായ മുഹമ്മദ് അനസ്, മിനിമോള്‍ എബ്രഹാം, സജന്‍ പ്രകാശ് എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. ക്രിക്കറ്റില്‍ നിന്ന് ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് സാധ്യത. പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്ന പന്ത്രണ്ടംഗ സമിതി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്.
ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ മോചിതരായി
ടെഹ്‌റാൻ:ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ മോചിതരായി.മൂന്നുമലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കെ.കെ.അജ്മല്‍ (27), കാസര്‍കോട് ഉദുമ നമ്ബ്യാര്‍ കീച്ചില്‍ ‘പൗര്‍ണമി’യില്‍ പി. പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത് (33), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ (40) എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികള്‍.മേയ് 13ന് യു.എ.ഇയിലെ ഫുജൈറയില്‍ നിന്നും മൂന്നുലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയുമായി സിറിയയിലേക്കു പോയ ‘ഗ്രെയ്‌സ് വണ്‍’ എന്ന കപ്പലിനെ സ്‌പെയിനിനു സമീപം ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു മാറി ബ്രിട്ടന്റെ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. 18,000 കിലോമീറ്ററും 25 രാജ്യങ്ങളും താണ്ടി കഴിഞ്ഞ മാസം 4ന് ജിബ്രാള്‍ട്ടറില്‍ എത്തിയപ്പോള്‍ ഭക്ഷണസാധനങ്ങള്‍ നിറയ്ക്കുന്നതിനായി കപ്പല്‍ കരയിലേക്കു നീങ്ങി. ഈ സമയത്താണ് ഹെലികോപ്റ്ററില്‍ എത്തിയ ബിട്ടീഷ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ജീവനക്കാരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു. ഒരാഴ്ച മുന്‍പ് ഫോണ്‍ തിരിച്ചു കിട്ടിയതോടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്കൂട്ടർ 2022-ഓടെ ഇന്ത്യന്‍ നിരത്തുകളിൽ
2022-ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജുമായി സഹകരിച്ചായിരിക്കും കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറും നിരത്തിലെത്തുകയെന്നാണ് വിവരം. ഓസ്ട്രേലിയന്‍ വാഹന നിര്‍മാതാക്കളായ കെടിഎമ്മിന്റെ 48 ശതമാനം ഓഹരി ബജാജിന്റെ കൈവശമാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത് ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇ-സ്പീഡ് എന്ന ഇലക്‌ട്രിക് സ്‌കൂട്ടറായിരിക്കും. കെടിഎം ബൈക്കുകളെ പോലെ തന്നെ സ്പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെയും പ്രധാന ആകര്‍ഷണം.എന്നാല്‍, ഈ സ്‌കൂട്ടറിന്റെ കരുത്തും വിലയും മറ്റ് ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ബജാജിന്റെ മേധാവി രാഗേഷ് ശര്‍മ മണികണ്‍ട്രോള്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സോണിയ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷ
ന്യൂഡൽഹി:അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു.രാഹുലിന്റെ രാജി കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു.ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്.നേതൃത്വമില്ലാതെ ആടിയുലഞ്ഞ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള ബലം തല്‍ക്കാലം നല്കുന്നതാണ് ഈ തീരുമാനം.ജൂലൈ ആറിനാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
അധ്യക്ഷ പദവിയിലേക്ക് പാര്‍ട്ടിയില്‍ ഒന്നിലധികം പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ പേരുകളായിരുന്നു അധികവും.ഒടുവില്‍ പി. ചിദംബരമാണ് സോണിയയുടെ പേര് ശുപാര്‍ശ ചെയ്തത്. പ്രവര്‍ത്തകസമിതി യോഗത്തിലായിരുന്നു ഇത്.എന്നാല്‍ സോണിയ ഇതു നിഷേധിച്ചു.യോഗത്തിലുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ചിദംബരത്തെ എതിര്‍ത്തു.പക്ഷേ സോണിയ തയ്യാറാണെങ്കില്‍ ആര്‍ക്കും എതിര്‍ത്തു പറയാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു.ചിദംബരത്തെ എതിര്‍ത്തുകൊണ്ട് എ.കെ ആന്റണി യോഗത്തില്‍ എഴുന്നേറ്റുനിന്നു.എന്നാല്‍ ആന്റണിയോട് ഇരിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.എന്തുകൊണ്ട് സോണിയ ആയിക്കൂടാ എന്ന് സിന്ധ്യ ചോദിച്ചു.സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനമേറ്റെടുക്കാന്‍ സോണിയ മുന്നോട്ടുവരണമെന്ന് സിന്ധ്യ പറഞ്ഞു.
കോയമ്പത്തൂരിൽ റെയില്‍വെ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്ന് വീണ് രണ്ടുപേർ മരിച്ചു
കോയമ്പത്തൂര്‍: റെയില്‍വെ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചു. പവിഴമണി, ഇബ്രാഹിം മേട്ടുപാളയം എന്നിവരാണ് മരിച്ചത്. രാജു എന്ന തൊഴിലാളിക്ക് പരിക്കുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം.റെയില്‍വെ അധികൃതര്‍ അറിയിച്ചതനുസരിച്ച് 50ഓളം അഗ്നിശമന സേനാംഗങ്ങളും റെയില്‍വെ സുരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.കെട്ടിടത്തിനകത്ത് അകപ്പെട്ട മൂന്ന് പേരെയും ഉടന്‍ തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പവിഴമണിയുടേയും ഇബ്രാഹിമിേന്‍റയും ജീവന്‍ രക്ഷിക്കാനായില്ല. രാജുവിെന തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു
ന്യൂഡൽഹി:മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.66 വയസ്സായിരുന്നു.ദീർഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുഷമ സ്വരാജ്. ഇതിനിടയിലാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹൃദയാഘാതത്തെ തുടർന്നായി അന്ത്യം.രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി,കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു. മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാരം.അതിനു മുൻപായി ആയി 11:00 വരെ വരെ വസതിയിലും ശേഷം 3 മണി വരെ ബി.ജെ.പി ആസ്ഥാനത്തും പൊതുദർശനത്തിനു വെയ്ക്കും.അന്തസ്, ധൈര്യം, സമഗ്രത എന്നിവയുടെ പ്രതീകമായ നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായമാണ് അവസാനിക്കുന്നതിന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അസാധാരണ നേതാവും പ്രശസ്ത പ്രാസംഗികയും മികച്ച പാർലമെന്റേറിയനുമായിരുന്നു സുഷമാ സ്വരാജ് എന്ന് രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മിസോറാം മുൻ ഗവർണറും സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശൽ ആണ് ഭർത്താവ്.
ഉത്തരാഖണ്ഡിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 7 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു
ഉത്തരാഖണ്ഡ്:ഉത്തരാഖണ്ഡിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 7 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു.തെഹ്‌രി ഗര്‍വാളിലെ കാങ്‌സാലിയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് ഏഴ് കുട്ടികള്‍ മരിച്ചത്. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 18 പേരാണ് ബസിലുണ്ടായത്. ബദരിനാഥ് ഹൈവേയിലാണ് രണ്ടാമത്തെ അപകടം. ബസിനു മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് പതിക്കുകയായിരുന്നു. ഈ അപകടത്തില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പൂനെയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാതായി
പൂനെ:മഹരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും കൂടെയുണ്ടായ മലയാളിയെ കാണാതാവുകയും ചെയ്തു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരെയാണ്(40) കാണാതായത്. വൈശാഖിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിതീഷ് ഷേലാരുവാണ് മരിച്ചത്.നിതീഷും വൈശാഖും കൂടി കൊയ്‌ന അണക്കെട്ടിലേക്ക് വിനോദ യാത്ര പോയതായിരുന്നു. ശനിയാഴ്ച രാത്രിയോടെ പബല്‍ നാല എന്ന സ്ഥലത്തുവച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ അപകടത്തില്‍പ്പെട്ട കാര്‍ കാണുന്നത്.സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിതീഷിന്റെ മൃതദേഹം കാറില്‍ നിന്ന് ലഭിച്ചു.അതേസമയം പൊലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല.കുടുംബസമേതം ന്യൂസിലാൻഡിൽ താമസിക്കുന്ന വൈശാഖ് ഔദ്യോഗിക ആവശ്യത്തിനായി അടുത്തിടെയാണ് പൂനെയിലെത്തിയത്.