മുംബൈ: മഹാരാഷ്ടയിലെ ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. മൂന്ന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിക്കിടക്കുന്നതായ സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് ഭീവണ്ടിയിലെ ശാന്തി നഗറില്‍ എട്ടുവര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്.കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 22 കുടുംബങ്ങളെ അധികൃതര്‍ ഇവിടെനിന്നും ഒഴിപ്പിച്ചിരുന്നു.എന്നാല്‍ സാധനങ്ങളെടുക്കാനായി തിരികെയെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. എന്‍ഡിആര്‍എഫും അഗ്‌നിശമനസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പരിക്കേറ്റ നാലുപേര്‍ ചികില്‍സയിലാണ്. അനധികൃതമായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നാണ് ഭീവണ്ടി നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.
ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്;കേരളത്തിലും ജാഗ്രത നിർദേശം
തിരുവനന്തപുരം: ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്.റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.ബസ്സ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും.സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ശ്രീലങ്ക വഴി ആറ് ലഷ്കര്‍-ഇ-ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് വിവരം. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചെക്ക് കേസിൽ യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം
അജ്മാൻ: ചെക്ക് കേസിൽ യു.എ.ഇയിൽ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം. വ്യവസായ പ്രമുഖൻ എം.എ.യൂസുഫലിയാണ് ജാമ്യസംഖ്യ നൽകിയതും അഭിഭാഷകരെ ഏർപ്പെടുത്തിയതും.ഒമ്പതു ദശലക്ഷം ദിർഹം നൽകാനുണ്ടെന്നു കാണിച്ച് തൃശൂർ സ്വദേശി നസീൽ അബ്ദുല്ല നൽകിയ പരാതിയിൽ ചൊവ്വാഴ്ചയാണ് അജ്‌മാൻ പോലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.ഒന്നര ദിവസം ജയിലിൽ കിടന്ന ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അജമാനിലെ ഹോട്ടലിലേക്കാണ് തുഷാര്‍ വെള്ളാപ്പള്ളി എത്തിയത്. ഒരു മില്യൻ യുഎഇ ദിര്‍ഹമാണ് ജാമ്യത്തുകയായി കെട്ടിവച്ചത് എന്നാണ് അറിയുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു മാസത്തേക്ക് യുഎഇ വിട്ടുപോകാൻ കഴിയില്ലെന്നാണ് വിവരം. എന്നാൽ പാസ്പോര്‍ട്ട് പിടിച്ചു വച്ചോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. ജാമ്യം അനുവദിച്ചപ്പോൾ വ്യവസ്ഥകളെന്തെങ്കിലും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരാനിരിക്കുന്നതെ ഉള്ളു.
അറസ്റ്റിലായ പി.ചിദംബരത്തിന് ജാമ്യം നിഷേധിച്ചു;നാല് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ തുടരും
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. നാല് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിടാനും കോടതി തീരുമാനിച്ചു. തിങ്കളാഴ്ച്ച വരെയാണ് ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ തുടരുക. നേരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.ചിദംബത്തിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യമില്ലാ വാറണ്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കൂട്ടുപ്രതിക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇന്ദ്രാണി മുഖർജിയെ അറിയില്ലെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും പി ചിദംബരം ചോദ്യം ചെയ്യലിൽ പറഞ്ഞു.കാർത്തി ചിദംബരവും ഇന്ദ്രാണി മുഖർജിയുമായുള്ള ടെലഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങളിൽ ചിദംബരം മൗനം പാലിച്ചു. കേസുമായി ബന്ധപ്പെട്ട് മുൻപ് എടുത്ത നിലപാട് തന്നെയാണ് അദ്ദേഹം ചോദ്യം ചെയ്യലിലും തുടർന്നത്. ചിദംബരത്തിനെ ഇന്നലെ രാവിലെ മുതലാണ് സി.ബി.ഐ ചോദ്യം ചെയ്യാനാരംഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ കുറ്റാരോപിതരെ പാർപ്പിക്കുന്ന ലോക്കപ്പിലെ നമ്പർ 3 ലാണ് ചിദംബരം കഴിഞ്ഞ div രാത്രി കഴിച്ച് കൂട്ടിയത്.
വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍
അജ്‌മാൻ:വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്.ബിസിനസ് പങ്കാളിക്ക് വണ്ടിചെക്ക് നല്‍കിയ കേസിലാണ് അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദജുള്ളയുടെ പരാതിയിലാണ് അറസ്റ്റ്.പത്തു വര്‍ഷം മുൻപാണ് കേസിനാസ്പദമായ സംഭവം.പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസിലാണ് നടപടി. ഏകദേശം 20 കോടി രൂപയുടെ വണ്ടിചെക്കാണ് തുഷാര്‍ നല്‍കിയത്. ഒത്തുതീര്‍പ്പിനെന്ന പേരില്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. തുഷാറിനെ അജ്മാന്‍ ജയിലിലേക്ക് മാറ്റി.പത്തുവര്‍ഷം മുൻപ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്. പത്തുമില്യണ്‍ യുഎഇ ദിര്‍ഹമാണ് നല്‍കിയത്.പിന്നീട് നാട്ടിലേയ്ക്ക് കടന്ന തുഷാര്‍ പലതവണ പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.യുഎഇ സ്വദേശിയുടെ മധ്യസ്ഥതയില്‍ കേസ് ഒത്തു തീര്‍ക്കാനായി തുഷാറിനെ അജ്മാനിലേയ്ക്ക് നാസില്‍ വിളിച്ചു വരുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കള്ളം പറഞ്ഞാണ് തുഷാറിനെ യുഎഇയിലേക്ക് വിളിച്ചുവരുത്തിയത്. ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകർന്ന് മൂന്നു മരണം
ന്യൂഡൽഹി:ഉത്തരാഖണ്ഡില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകർന്ന് മൂന്നുപേർ മരിച്ചു.പൈലറ്റ് രാജ്പാല്‍, സഹപൈലറ്റ് കപ്തല്‍ ലാല്‍, പ്രദേശവാസിയായ രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്.ഉത്തരകാശി ജില്ലയിലാണ് സംഭവം. സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഹെലികോപ്ടര്‍ താഴുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.ഉത്തരകാശിയിലെപ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായിമോറിയില്‍ നിന്നും പ്രളയ ബാധിത പ്രദേശമായ മോള്‍ഡിയിലേക്ക് പറന്ന ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളായിരുന്നു ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.ഉത്തരാഖണ്ഡില്‍ പ്രളയം മൂലം റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ ഹെലികോപ്ടര്‍ മാര്‍ഗമാണ് എത്തിക്കുന്നത്.
ഉത്തരേന്ത്യയിൽ പ്രളയ ദുരിതം തുടരുന്നു;യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു
ന്യൂഡൽഹി:ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല.യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല.ഉത്തരേന്ത്യയില്‍ ഇതുവരെ പ്രളയക്കെടുതിയില്‍ മരിച്ചത് 85 പേരാണെന്നാണ് കണക്ക്. പലയിടങ്ങളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.പഞ്ചാബ് ഗവണ്‍മെന്റ് വെള്ളപ്പൊക്കത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ദുരിതാശ്വാസത്തിനായി 100 കോടി രൂപ അനുവദിച്ചു.
ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ അവസാനിപ്പിക്കുന്നു
മുംബൈ:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013ലാണ് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെ ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക് വിടുകയായിരുന്നു.ക്രിക്കറ്റിന് തന്നെ നാണക്കേടായ ഒത്തുകളി വിവാദത്തില്‍ 2013 ഓഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ശ്രീശാന്തിനു പുറമേ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത് ചവാന്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 15ന് ബിസിസിഐ അച്ചടക്ക കമ്മിറ്റിയുടെ ഉത്തരവ് സുപ്രീം കോടതി തള്ളി ശ്രീശാന്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷ ജെയ്ന്‍ പുനപരിശോധിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് അന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെയ്ന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു;മരണം 80 കടന്നു;യമുനാ നദി അപകട നിലയ്ക്കും മുകളില്‍; പ്രളയഭീതിയില്‍ ഡല്‍ഹി
ഡൽഹി:ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് വിനോദ സഞ്ചാരികളക്കം നിരവധി ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു.മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.22 പേരെ കാണാനില്ല. ഹിമാചൽപ്രദേശിലെ കുളുവിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മണാലി -കുളു ദേശീയപാത തകർന്നു. ഹൗൽ – സ്പിതി ജില്ലയിൽ കുടുങ്ങിയ വിദേശികളും മലയാളികളുമടക്കം 150 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.സർസാദിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.പഞ്ചാബിൽ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
അതേസമയം യമുനാ നദിയിലിലെ ജലനിരപ്പ് അപകട നിലയും പിന്നിട്ടതോടെ ഡൽഹി പ്രളയഭീതിയിലാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് യുമുനാ നദിയുടെ ജലനിരപ്പ് അപകട നിലയും കടന്നത്. ഹരിയാണയിലെ ഹത്‌നികുണ്ട് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്ത് വിടുന്നതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരത്തോളം പേരെ ഇതിനോടകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളകാന്‍ സാധ്യതയുള്ളതിനാല്‍ 23,800 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യമായ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു.ജലനിരപ്പ് വലിയ രീതിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യമുനക്ക് മുകളിലുള്ള പഴയ ഇരുമ്പ് പാലം അടച്ചിട്ടു.
ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും
ബെംഗളൂരു:ഇന്ത്യയുടെ ചാന്ദ്ര ഗവേഷണ ദൌത്യമായ ചന്ദ്രയാന്‍ രണ്ടിനെ ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും.രാവിലെ 8.30നും 9.30 നുമിടയിലാണ് ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്.ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക.സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന്‍ ആഗസ്റ്റ് 14 നാണ് ചന്ദ്രന്‍റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം കുതിച്ചത്. 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി മണിക്കൂറില്‍ 39000 കിലോമീറ്ററോളം വേഗത്തില്‍ കുതിക്കുന്ന പേടകത്തിന്‍റെ വേഗം നിയന്ത്രിച്ചാണു ഭ്രമണപഥത്തിലേക്കു കടത്തുക.ചന്ദ്രന്‍റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐഎസ്‌ആര്‍ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം.സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകമെത്തുമ്ബോള്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുന്നത്.ഇതിനായി ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണപഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്‍റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.തുടര്‍ന്ന് ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. ലാന്‍ഡറില്‍ നിന്ന് റോവര്‍ കൂടി ചന്ദ്രോപരിതലത്തിലിറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.