കണ്ണൂർ:മൂന്നുകോടി പത്തുലക്ഷം രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി കുറ്റിയാട്ടൂര്‍ സ്വദേശി.മെഴ്‌സിഡസ് ബെന്‍സില്‍നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മിക്കുന്ന ഈ വാഹനം കേരളത്തിലെ രണ്ടാമത്തേതാണ്. കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ അംജത് സിത്താരയാണ് കോഴിക്കോട്ടെ ഡീലറായ ബ്രിഡ്ജ് വേ മോട്ടോര്‍സില്‍നിന്ന് കഴിഞ്ഞദിവസം വാഹനം കുറ്റിയാട്ടൂരിലെത്തിച്ചത്. രണ്ടുകോടി പത്തുലക്ഷം രൂപയാണിതിന്റെ ഷോറൂം വില. കൂടാതെ ചില ഘടകങ്ങളുടെ പ്രത്യേക നിര്‍മിതിക്കായി 40 ലക്ഷം രൂപകൂടി ചെലവാക്കിയാണ് വാഹനം നിരത്തിലിറക്കിയിട്ടുള്ളത്.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍നിന്ന് എഴുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും റോഡ് നികുതിയിനത്തില്‍ 48 ലക്ഷം രൂപയും ഇതിന് അംജദ് സിത്താര ചെലവഴിച്ചു. കണ്ണൂര്‍ റോഡ് ട്രോന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് വാഹന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക.
നാലുകിലോമീറ്റര്‍ മാത്രം മൈലേജുള്ള ഈ വാഹനത്തില്‍ പെട്രോളാണ് ഇന്ധനം. 20 ദിവസം വരെ തുടര്‍ച്ചയായി ഓടിയാലും വണ്ടി ചൂടാകില്ല. മാക്‌സിമം സ്പീഡ് 220 കിലോമീറ്ററുള്ള വാഹനത്തില്‍ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം.ബിരുദധാരിയായ അംജദ് സിത്താര യ.എ.ഇ.യിലെ ബി.സി.സി. എന്ന നിർമ്മാണക്കമ്പനിയിൽ സി.ഇ.ഒ. ആയി ജോലി ചെയ്യുകയാണ്.അവിടെ ഓഫീസില്‍ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കാര്‍ വാങ്ങുന്നതിനുപിന്നിലെന്ന് അംജദ് പറഞ്ഞു.
കണ്ണൻ ഗോപിനാഥന്റെ രാജി സ്വീകരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ;ജോലിയിൽ തിരികെ പ്രവേശിക്കാൻ നോട്ടീസ്
ന്യൂഡൽഹി:രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ഉടനെതന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.രാജിക്കാര്യം അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതരഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജിവെച്ചത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല.’20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവില്‍ സര്‍വീസ് തടസ്സമാകുന്നു’ എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്തില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കണ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്.കലക്ടറായാണ് കണ്ണന്‍ രണ്ടുവര്‍ഷം മുന്‍പ് ദാദ്രനാഗര്‍ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന.2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷന്‍ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണന്‍ പ്രവര്‍ത്തനത്തിനെത്തിയത്. ഒടുവില്‍ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷന്‍ സെന്ററില്‍ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്.
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്; പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. ഈ മാസം 30 വരെയാണ് പ്രത്യേക സി.ബി.ഐ കോടതി കസ്റ്റഡി നീട്ടിയത്. ചോദ്യം ചെയ്യലിനായി കൂടുതല്‍ സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. സി.ബി.ഐ അറസ്റ്റിനെതിരായി പി. ചിദംബരം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. അതേസമയം എന്‍ഫോഴ്സ്മെന്‍റ് കേസിലുള്ള ജാമ്യാപേക്ഷയില്‍ നാളെയും വാദം കേള്‍ക്കും. മുമ്പ് നാലു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വീട്ട ചിദംബരത്തെ വീണ്ടും നാലു ദിവസത്തേക്ക് കൂടിയാണ് കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ല എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഐ.എന്‍.എക്സ് മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട ചില ഈ മെയിലുകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നും മറ്റ് പ്രതികളോടൊപ്പം ചിദംബരത്തെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്‍ഫോഴ്സ്മെന്‍റില്‍ നിന്ന് ചില ചോദ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ കോടതിയെ ധരിപ്പിച്ചു.അതേസമയം ഇതേ കേസില്‍ പി.ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ സുപ്രീംകോടതി പരിഗണിച്ചില്ല.ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് പി.ചിദംബരം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ‘അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാല്‍ ജാമ്യം റദ്ദാക്കാം’.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്‌ഐആറില്‍ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.
തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു
കാഞ്ചിപുരം: തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോൾ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനമുണ്ടായത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപെട്ടത്. സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്‍, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ തീവ്രവാദ ഭീഷണിയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയുടെ വാദങ്ങൾ പൊളിയുന്നു
അജ്മാന്‍:വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിയുന്നു.ചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി അജ്മാന്‍ കോടതിയില്‍ ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരനായ നാസില്‍ അബ്ദുല്ലയും ഹാജരായിരുന്നു.പ രാതിക്കാരനായ നാസില്‍ തന്‍റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. പ്രോസിക്യൂഷന്‍റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ശ്രമം നടന്നെങ്കിലും ഒത്തു തീര്‍പ്പ് തുക അപര്യാപ്തമാണെന്നു പറഞ്ഞു നാസില്‍ അബ്ദുള്ള ഒത്തു തീര്‍പ്പിന് വഴങ്ങിയില്ല.യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. ജാമ്യകാലാവധി കഴിയുന്ന മുറക്കായിരിക്കും തുഷാര്‍ കോടതിയിലെത്തുക. 20 ദിവസത്തിനകം ജാമ്യകാലാവധി അവസാനിക്കും.തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്.കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാറിന് കേസ് തീരും വരെ യു എ ഇ വിട്ടു പോകാനാകില്ല.
റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് ഒക്ടോബർ മുതൽ റേഷന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് ഒക്ടോബർ മുതൽ റേഷന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.രണ്ടാം മോദി സര്‍ക്കാറിെന്‍റ ‘ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ് പദ്ധതി’യുടെ ഭാഗമായാണ് നിര്‍ദേശം. ആധാര്‍ ഇനിയും ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള അവസാന അവസരമാണിതെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണവകുപ്പ് അറിയിച്ചു.അടുത്ത ജൂണ്‍ 30ന് മുൻപ് ‘ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ് പദ്ധതി’ നടപ്പാക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് സെപ്റ്റംബര്‍ 30ന് ശേഷം ആധാര്‍ നമ്പർ നല്‍കാത്തവര്‍ റേഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇ-പോസിലൂടെ ആധാര്‍ ചേര്‍ക്കുവാന്‍ ആധാറും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളിലെത്തിയാല്‍ മതിയാകും. ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ക്കുവാന്‍ താലൂക്ക് സപ്ലൈ ഓഫിസ് / സിറ്റി റേഷനിങ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ റേഷന്‍കാര്‍ഡും ചേര്‍ക്കേണ്ട ആധാര്‍ കാര്‍ഡുമായി എത്തുക.ഓണ്‍ലൈനായി ആധാര്‍ നമ്ബര്‍ ചേര്‍ക്കാന്‍ civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.നിലവില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗത്തിെന്‍റയെങ്കിലും ആധാര്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂ.
ലഷ്‌ക്കർ ഭീകരനെന്ന് സംശയം;കൊടുങ്ങല്ലൂര്‍ സ്വദേശി അബ്‌ദുള്‍ ഖാദര്‍ റഹീം പൊലീസ് കസ്റ്റഡിയില്‍
കൊച്ചി :തീവ്രവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുന്നതിനിടെ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്‌ദുള്‍ ഖാദര്‍ റഹീം പൊലീസ് കസ്റ്റഡിയിലായി. കൊച്ചിയിലെ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തമിഴ്‌നാട് പൊലീസിന് കൈമാറും.അതേസമയം താന്‍ നിരപരാധിയാണ്. എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും, കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.രണ്ട് ദിവസം മുമ്ബാണ് ഇയാള്‍ ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലെത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.ഭീകരരുമായി ബന്ധമില്ലെന്നും തനിക്ക് അബുദാബിയില്‍ ഹോട്ടല്‍ ബിസിനസ്സ് ആണെന്നുമാണ് കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ അന്വേഷണ സംഘം ഇത് കണക്കില്‍ എടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ സത്യാവസ്ഥ പൂറത്തുവരൂ എന്നതാണ് പോലീസിന്റെ നിലപാട്. ലഷ്‌കര്‍ ഭീകരര്‍ക്ക് തമിഴ്‌നാട് തീരത്തേയ്ക്ക് എത്തുന്നതിന് വേണ്ട യാത്രാ സഹായങ്ങള്‍ ചെയ്തത് അബ്ദുള്‍ ഖാദറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ മാസം 28ന് ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജെന്‍സ് ഏജന്‍സിയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളില്‍ കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു
ന്യൂഡൽഹി:മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു.ഡല്‍ഹിയിലെ എയിംസില്‍ വച്ചായിരുന്നു അന്ത്യം.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസറ്റ് ഒന്‍പതിനാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.ജെയ്റ്റിലുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ അനുശോചിച്ചു.1952 ഡിസംബർ 28-ന് ഡൽഹിയിൽ ജനിച്ച അരുൺ ജെയ്റ്റ്‌ലി ഡൽഹി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് പ്രാഥമിക പഠനം നിർവഹിച്ചത്. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നിന്ന് ബികോം ഡിഗ്രിയും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും സ്വന്തമാക്കി. യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974-ൽ സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡണ്ടായി.1991 മുതൽ ബി.ജെ.പിയുടെ സജീവ നേതൃത്വത്തിലേക്കു വന്ന അദ്ദേഹം 1999 പൊതുതെരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി വക്താവായി. 1999-ലെ വാജ്‌പെയ് മന്ത്രിസഭയിൽ വിവര സംപ്രേഷണ വകുപ്പിന്റെ സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2002-ൽ ബി.ജെ.പിയുടെ ദേശീയ വക്താവും ജനറൽ സെക്രട്ടറിയുമായി. 2004-ൽ ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2014 പൊതുതെരഞ്ഞെടുപ്പിൽ അമൃത്‌സറിൽ നിന്നു മത്സരിച്ചു തോറ്റെങ്കിലും ഒന്നാം മോദി മന്ത്രിസഭയിൽ ധനകാര്യ, കോർപറേറ്റ് വകുപ്പ് മന്ത്രിയായി.ഇക്കഴിഞ്ഞ ആഗസറ്റ് ഒന്‍പതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു.സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാക്കുന്നത്.
മുന്‍ കേന്ദ്രധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ കേന്ദ്രധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.പൂര്‍ണമായും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ജെയ്റ്റിലിയുടെ ആരോഗ്യനില സംബന്ധിച്ച് ഈ മാസം 10 ന് ശേഷം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയിട്ടില്ല.ഈ മാസം ഒൻപതിനാണ് ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ജയ്റ്റ്‌ലി ജനുവരിയില്‍ അമേരിക്കയില്‍പോയി പരിശോധന നടത്തിയിരുന്നു.അസുഖത്തെത്തുടര്‍ന്ന് സജീവ രാഷ‌്ട്രീയത്തില്‍നിന്ന് പിന്മാറിയിരിക്കുകയാണ്. നിരവധി നേതാക്കളും പ്രമുഖരും ആശുപത്രിയില്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു.
തമിഴ്‌നാട്ടിലെത്തിയ ലഷ്‌ക്കർ തീവ്രവാദ സംഘത്തിലെ തൃശൂര്‍ സ്വദേശിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പിടിയിൽ
ചെന്നൈ:തമിഴ്‌നാട്ടിലെത്തിയ ലഷ്‌കര്‍ ഇ തോയിബ സംഘത്തിലുണ്ടെന്ന് കരുതുന്ന മലയാളി ഭീകരന്‍ അബ്ദുള്‍ ഖാദറിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍. ഗള്‍ഫില്‍ നിന്ന് ഇയാള്‍ക്കൊപ്പം എത്തിയ സ്ത്രീയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.അബ്ദുള്‍ ഖാദറിനൊപ്പം ഇവരും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നോ എന്നത് പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്.അതേസമയം തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.ഡല്‍ഹിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് .സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്ബത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശ്രീലങ്കയില്‍ നിന്നും കടല്‍ മാര്‍ഗം ആറംഗ ഭീകരസംഘമാണ് ഇന്ത്യയിലെത്തിയതെന്നാണ് സൂചന.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112എന്ന നമ്പറിലോ സംസ്ഥാന പൊലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ(0471 2722500) അറിയിക്കണം.