മുംബൈ:അടുത്ത 48 മണിക്കൂറിൽ മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമോ അതി തീവ്രമോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുബൈയിലെ സ്കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.മുംബൈയ്‌ക്ക് പുറമെ, റെയ്‌ഗാര്‍ഡ്, താനെ, കൊങ്കണ്‍ മേഖല എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നഗരത്തിന് ചുറ്റുമുളള അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ സമീപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുംബൈ മുനസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി. സമീപകാലത്തെ റെക്കോര്‍ഡ് മഴയാണ് നഗരത്തില്‍ ഇത്തവണ ലഭിച്ചത്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. റോഡ് ഗതാഗതം പലയിടത്തും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
2029ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് പ്രവചനം
ദില്ലി: 2029ല്‍ പ്രധാനമന്ത്രി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് എഴുത്തുകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. ഇന്ത്യാ ടുഡേയുടെ ന്യൂസ് പോയിന്‍റ് എന്ന ഷോയിലാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റിന്‍റെ പ്രതികരണം.18 ആം വയസ്സില്‍ മോഡി ഹിമാലയത്തിലേക്ക് പോയിരുന്നു. 80 ആം വയസ്സിലും അദ്ദേഹം തീര്‍ച്ചയായും ഹിമാലയത്തിലേക്ക് പോകുമെന്നും സന്യാസജീവിതം നയിക്കുമെന്നും തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്ന് മിന്‍ഹാസ് മര്‍ച്ചന്റ് വ്യക്തമാക്കി.അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങില്ല. സന്യാസിയെ പോലെ അദ്ദേഹം ജീവിക്കുമെന്നും 2024 ല്‍ ജയിച്ചാല്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2029ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ് പറഞ്ഞു.അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മിന്‍ഹാസ് മര്‍ച്ചന്റ ഒരു എഴുത്തുകാരൻ കൂടിയാണ്.
ദേശീയ പാത 766 വഴി മുഴുവന്‍ സമയ ഗതാഗതനിരോധനത്തിന് നീക്കം;പ്രതിഷേധം ശക്തമാകുന്നു
ബെംഗളൂരു:ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനം പകല്‍ സമയത്തേക്ക് കൂടി നീട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.രാത്രിയാത്ര നിരോധനക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഹുന്‍സൂര്‍-ഗോണിക്കുപ്പ ബദല്‍ റോഡ് ദേശീയപാതയായി വികസിപ്പിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതാണ് ആശങ്കകള്‍ക്ക് കാരണം. ഈ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ ദേശീയ പാത വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും ഇല്ലാതാകാനാണ് സാധ്യത.സെപ്റ്റംബര്‍ ഏഴിനു കേസ് പരിഗണിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള കര്‍ണ്ണാടക സംസ്ഥാന താല്‍പര്യങ്ങള്‍ ഇക്കാര്യത്തില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ബദല്‍പാത ദേശീയപാതയായി വികസിപ്പിച്ചാല്‍ നിലവിലെ ദേശീയപാത 140 കിലോമീറ്റര്‍ ദൂരത്തില്‍ ഇല്ലാതാവും. ഇത് ദേശീയപാതയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലെ സാമ്പത്തിക വാണിജ്യ-പ്രവര്‍ത്തനങ്ങളെയും ലക്ഷക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഗുരുതരമായി ബാധിക്കും.രാത്രിയാത്ര വിഷയത്തില്‍ കേരള, കര്‍ണാട സംസ്ഥാനങ്ങള്‍ക്കു സ്വീകാര്യമായ നിര്‍ദേശം സമര്‍പ്പിക്കുന്നതിനു കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറി ചെയര്‍മാനായി വിദഗ്ധ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.മേല്‍പ്പാലമുള്‍പ്പെടെയുള്ള സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. ഇതിനിടെ മുഴുവന്‍ സമയവും അടച്ചിടാനുള്ള സാധ്യത ആരായുകയാണ് ചെയ്തത്.ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ച് 2009ല്‍ അന്നത്തെ ചാമരാജ് നഗര്‍ ജില്ലാ ഡപ്യൂട്ടി കമ്മീഷണറാണ് ഉത്തരവിട്ടത് 2010 മാര്‍ച്ച് 13നു കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇത് ശരിവച്ചു. ഇതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
മോട്ടോർ വാഹന നിയമ ഭേദഗതി;ഇന്ധന വിൽപ്പനയിൽ 15% ന്റെ ഇടിവ്
ഒഡിഷ:പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി വന്നതോടെ ഒഡിഷയിൽ ഇന്ധനവിൽപ്പനയിൽ പതിനഞ്ചു ശതമാനത്തോളം ഇടിവ് വന്നതായി റിപ്പോർട്ട്.ഓഗസ്റ്റ് 31 വരെയുള്ള വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ അതിനു ശേഷം സെപ്റ്റംബർ ഒന്നുവരെ ഇന്ധന വിൽപ്പനയിൽ പതിനഞ്ചു ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് നിയമലംഘനത്തിന് ഉയർന്ന ഈടാക്കുമെന്ന ഭയത്താൽ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടായതാണ് വിൽപ്പന കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഒഡിഷയിലെ ഉത്ക്കൽ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പുതുക്കിയ മോട്ടോർ വെഹിക്കിൾ ആക്ട് നടപ്പിലാക്കുന്നതിന് മുൻപ് ഒഡിഷയിലെ പെട്രോൾ വിൽപ്പന പ്രതിദിനം ശരാശരി 27.20 ലക്ഷം ലിറ്റർ ആയിരുന്നു. എന്നാൽ ആക്ട് നിലവിൽ വന്നതോടെ സെപ്റ്റംബർ ഒന്നുമുതൽ ഇത് 4.08 ലക്ഷം കുറഞ്ഞ് 23.12 ലക്ഷം ലിറ്റർ വരെയായി.അതുപോലെ പ്രതിദിനം 83 ലക്ഷം ലിറ്റർ വിൽപ്പന നടത്തിയിരുന്ന ഡീസൽ 12.45 ലക്ഷം ലിറ്റർ കുറഞ്ഞ് 70.55 ലക്ഷം ലിറ്റർ ആയി.വിൽപ്പന കുറഞ്ഞതോടെ മൂല്യവർദ്ധിത നികുതി ഇനത്തിൽ ഒഡിഷയ്ക്ക് പ്രതിദിനം പെട്രോളിൻമേൽ 58 ലക്ഷത്തിന്റെയും ഡീസൽ ഇനത്തിൽ 1.78 കോടി രൂപയുടെ നഷ്ട്ടവുമാണ് ഉണ്ടായിരിക്കുന്നത്.പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഒഡിഷ 26% മൂല്യവർധിത നികുതിയാണ് ഈടാക്കുന്നത്.അതായത് ഒരു ലിറ്റർ പെട്രോളിന് 14.19 രൂപയും ഒരുലിറ്റർ ഡീസലിന് 14.29 രൂപയും.എക്‌സൈസ് തീരുവയിനത്തിൽ കേന്ദ്രം ഒരു ലിറ്റർ പെട്രോളിന് 19.98 രൂപയും ഡീസലിന് 15.83 രൂപയുമാണ് ഈടാക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ്,ഇൻഷുറൻസ് പേപ്പറുകൾ,പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെയാണ് മിക്ക വാഹനങ്ങളും സർവീസ് നടത്തുന്നത്.റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ്,പൊലൂഷൻ അണ്ടർ ചെക്ക്(PUC) എന്നിവിടങ്ങളിലെ ആളുകളുടെ എണ്ണം നോക്കിയാൽത്തന്നെ ഒരാൾക്ക് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.എന്നാൽ വാഹനങ്ങളുടെ രേഖകൾ ശരിയാക്കി എടുക്കുന്നതുവരെയുള്ള ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണിതെന്ന് വാണിജ്യ ഗതാഗത മന്ത്രി പത്മനാഭ ബെഹ്‌റ പറഞ്ഞു.നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിന് തിടുക്കം കൂട്ടരുതെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്കും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് ആളുകൾ പരിഭ്രാന്തരാകുന്നത് തടയുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കിയ മോട്ടോർ വാഹന ഭേദഗതി പ്രകാരം കനത്ത പിഴ ഈടാക്കുന്നതിനായി ഒഡിഷയിലെ 1.5 ലക്ഷം ട്രക്ക് ഡ്രൈവർമാരിൽ 30 ശതമാനം പേരും ഇപ്പോൾ വാഹനം സർവീസ് നടത്തുന്നില്ല. കൃത്യമായ രേഖകളില്ലാതെ ഓടുന്ന എല്ലാ ട്രക്കുകളും ഇപ്പോൾ നിറത്തിൽ നിന്നും മാറിനിൽക്കുകയാണെന്നും ഒഡിഷയിലെ ട്രക്ക് ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രെട്ടറി റാബി ശതപതി പറഞ്ഞു.
ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
അമരാവതി: ആന്ധ്രപ്രദേശ് മുന്‍ സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ റാവുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാവിലെ സ്വവസതിയിലാണ് അദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 72 കാരനായ ശിവപ്രസാദ് റാവു ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ പീഡനങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രനിയമസഭയില്‍ സ്പീക്കറായിരുന്നു.പ്രഭാത ഭക്ഷണത്തിനു ശേഷം മുറിയില്‍ കയറി വാതിലടച്ച റാവു പുറത്തു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ശിവപ്രസാദ് റാവുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസുകള്‍ എടുത്തിരുന്നു. കേസിൽ കുടുംബാംഗങ്ങള്‍ക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം വളരെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ നിന്നും ലാപ്‌ടോപ്പുകളും ഫര്‍ണീച്ചറുകളും മോഷണം പോയതിന് ശിവപ്രസാദ് റാവുവിന്റെ മകനെതിരെ അടുത്തിടെ കേസെടുത്തിരുന്നു. അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും കൊടേല ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ബിജെപി നേതാവ് കൃഷ്ണസാഗര്‍ റാവു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് ശിവപ്രസാദെന്ന് നേതാക്കള്‍ ആരോപിച്ചു.
ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 മരണം;മുപ്പതോളം പേരെ കാണാതായി
ആന്ധ്രാപ്രദേശ്:ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 പേർ മരിച്ചു. മുപ്പതോളം പേരെ കാണാതായി.ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്.ആന്ധ്രയിലെ രാജാമുൻട്രിക്ക് അടുത്തുള്ള പാപികൊണ്ഡലു എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ‘റോയൽ വിശിഷ്ട’ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. സമീപകാലത്തുണ്ടായ പ്രളയത്തെ തുടർന്ന് ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു ഗോദാവരി നദി.അപകടത്തിൽ പെട്ട 25 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.നേവി, ദേശീയ ദുരന്ത നിവാരണ സേന, അഗ്നി ശമന സേന, പൊലിസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുക. ഇന്ന് ഉത്തരാഖണ്ഡിൽ നിന്ന് സ്കാനിങ് ഉപകരണങ്ങളും ഹെലികോപ്റ്ററും എത്തും. രണ്ട് നിലകളിലായുള്ള ബോട്ടിലെ മുകളിലത്തെ നിലയിലുള്ളവരാണ് രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഗോദാവരി നദിയിലൂടെയുള്ള മുഴുവന്‍ ബോട്ട് സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിര്‍ദ്ദേശിച്ചു.
അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ:അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ ഫ്ലക്സ് ബോര്‍ഡ് യുവതിയുടെ തലയിൽ വീഴുകയും ഇതോടെ താഴെവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നിൽ നിന്നും വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയുമായിരുന്നു. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എൻജിനീയറായ ശുഭ ശ്രീ ആണ് മരിച്ചത്.പള്ളവാരം – തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ മേല്‍ പടുകൂറ്റന്‍ ഫ്ലക്സ് വന്നു വീഴുകയായിരുന്നു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് ഉപ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ ഉള്‍പ്പെടെയുള്ളവരെ സ്വാഗതം ചെയ്യാന്‍വച്ച ഫ്ലകസ് ബോര്‍ഡാണ് തകര്‍ന്നു വീണത്.ഫ്ളക്സ് ബോർഡ് ദേഹത്ത് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.പോലീസിനോടും കോര്‍പറേഷന്‍ അധികൃതരോടും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.കൂടാതെ യുവതിയുടെ ശരീരത്തിലേക്ക് കയറിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.
വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതായി ഐഎസ്ആർഒ
ബംഗളൂരു:ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതായി ഐഎസ്ആർഒ.വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ഏഴു ദിവസം പിന്നിട്ടിട്ടും ആശയവിനിമയം വീണ്ടെടുക്കാനായിട്ടില്ല.സപ്റ്റംബര്‍ ഏഴിന് പുലര്‍ച്ച 1.45ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ ചന്ദ്രോപരിതലത്തില്‍നിന്നും 2.1 കിലോമീറ്റര്‍ പരിധിക്കുശേഷമാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടമാകുന്നത്. വിക്രം ലാന്‍ഡറിലെ ബാറ്ററികള്‍ക്കും സോളാര്‍ പാനലുകള്‍ക്കും 14 ദിവസമേ ആയുസ്സുള്ളൂ. അതിനാല്‍തന്നെ ഇനി ഏഴുദിവസം കൂടി മാത്രമേ ലാന്‍ഡറിനും അതിനുള്ളിലെ പ്രഗ്യാന്‍ റോവറിനും പ്രവര്‍ത്തിക്കാനാകൂ.കുറഞ്ഞ സമയത്തിനുള്ളില്‍ ആശയ വിനിമയം പുനഃസ്ഥാപിക്കുക എന്ന വെല്ലുവിളിയാണ് ഐ.എസ്.ആര്‍.ഒയുടെ മുന്നിലുള്ളത്.വരും ദിവസങ്ങളില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം വീണ്ടെടുക്കാന്‍ കഴിഞ്ഞാലും പര്യവേക്ഷണത്തിന് സാധ്യത വിദൂരമാണ്. ഒരോ മണിക്കൂര്‍ പിന്നിടുംതോറും ലാന്‍ഡറിലെ ബാറ്ററി ചാര്‍ജ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വൈകുംതോറും പ്രവൃത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരോ മിനിറ്റിലും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള സാധ്യത നേര്‍ത്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ബാങ്കുകളിലെ നിക്ഷേപം;മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ന്യൂഡല്‍ഹി:വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്‍റെ പേരില്‍ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി.മുകേഷ് അംബാനി, ഭാര്യ നീത അംബാനി, മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആദായ നികുതി വകുപ്പിന്‍റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്.2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അക്കൗണ്ടിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തല്‍.വിദേശ അക്കൗണ്ടുകള്‍ സംബന്ധിച്ച് 2011ലാണ് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വസ്തുതകള്‍ കണ്ടെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അംബാനിയുടെ കുടുംബം അഭിപ്രായപ്പെട്ടു.
പൊതുമേഖല ബാങ്കുകളുടെ ലയനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സെപ്റ്റംബര്‍ 26-നും 27-നും സമരം പ്രഖ്യാപിച്ച് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍
ചണ്ഡീഗഢ്:പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കും.നവംബര്‍ രണ്ടാംവാരം മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എ.ഐ.ബി.ഒ.സി. ജനറല്‍ സെക്രട്ടറി ദീപല്‍ കുമാര്‍ വ്യാഴാഴ്ച അറിയിച്ചു. ശമ്ബളപരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷനല്‍ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഗ്രസ്, നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫിസേഴ്‌സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നല്‍കിയത്. 10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കാന്‍ ആഗസ്റ്റ് 30നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.