ന്യൂഡല്‍ഹി: കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെ ഡ്രോണുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ പഞ്ചാബിലെ ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ മാരകായുധങ്ങള്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.സാറ്റലൈറ്റ് ഫോണുകള്‍ അടക്കമുള്ള നിരോധിത വസ്‌തുക്കളുമായി 10 ദിവസത്തിനിടെ എട്ട് തവണ പാക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായാണ് പഞ്ചാബ് പൊലീസ് നല്‍കുന്ന വിവരം. കാശ്‌മീരില്‍ അടക്കം വന്‍ കലാപത്തിന് ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ നീക്കമെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നു.ഏതാണ്ട് അഞ്ച് മുതല്‍ പത്ത് കിലോ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ക്ക് നിരീക്ഷണ സംവിധാനത്തിന്റെ കണ്ണില്‍പെടാതെ അതിവേഗതയില്‍ താഴ്ന്ന് പറന്ന് ലക്ഷ്യസ്ഥാനത്തെത്തി മടങ്ങാന്‍ കഴിയും.ഇന്ത്യയില്‍ സിവിലിയന്‍ ഉപയോഗം നിരോധിച്ചിട്ടുള്ള സാറ്റലൈറ്റ് ഫോണുകളുടെ സാന്നിധ്യം പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും തിരിച്ചറിഞ്ഞതാണ് ഇന്ത്യയിലേക്ക് പാകിസ്ഥാന്‍ ആയുധം കടത്തിയെന്ന സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി തവണ ഇന്ത്യയിലേക്ക് പാക് ഡ്രോണുകള്‍ ആയുധങ്ങള്‍ എത്തിച്ചെന്ന് കണ്ടെത്തി.പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്ന കാശ്‌മീരില്‍ വിതരണം ചെയ്യാനാണ് ഈ ആയുധങ്ങള്‍ എത്തിച്ചതെന്നാണ് കരുതുന്നത്. ഇവ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.അതേസമയം, പാകിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ എത്തിച്ചതിന് ഖാലിസ്ഥാന്‍ സിന്ധാബാദ് ഫോഴ്സിലെ നാള് അംഗങ്ങളെ തിങ്കളാഴ്‌ച പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരില്‍ നിന്നും ആയുധങ്ങളും 10 ലക്ഷം രൂപയുടെ വ്യാജ കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) സമീപിച്ചതായും പഞ്ചാബ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകൾ ഈ മാസം 26,27 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു
ന്യൂഡൽഹി:പൊതുമേഖലാ ബാങ്കുകൾ ഈ മാസം 26,27 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു.പത്ത് പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ഓഫീസര്‍മാരുടെ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് യൂണിയനുകളുടെ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉള്‍പ്പെടെയുള്ള ആശങ്കകള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
കേരളത്തില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്
രാജസ്ഥാനില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു;ഇരുപത് പേര്‍ക്ക് പരിക്ക്
ജയ്പൂര്‍: രാജസ്ഥാനില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലുമാന വില്ലേജിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജയ്പൂരില്‍നിന്നു ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. 85ഓളം പേര്‍ ബസ്സിലുണ്ടായിരുന്നു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്. എതിരേ രണ്ടു ട്രക്കുകള്‍ വന്നു. ബസിന്റെ മധ്യഭാഗത്ത് ട്രക്ക് ഇടിക്കുകയും കണ്ടക്ടറുടെ ഭാഗത്ത് ഇരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. ഗുജറാത്തിലെ പലാന്‍പൂരിലേക്ക് കൂലിപ്പണിക്കു പോവുന്നവരാണ് ബസ്സിൽ കൂടുതലായും ഉണ്ടായിരുന്നത്.
പ്രതീക്ഷകൾ ഇല്ലാതാകുന്നു;വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു
ബെംഗളൂരു:ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു. ചന്ദ്രനില്‍ രാത്രിയായതോടെ വിക്രവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതയും കഴിഞ്ഞു .സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ഇനി ഇസ്രോയുടെ ശ്രമം.സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറിന്റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകല്‍ അവസാനിച്ച് അത്ര തന്നെ ദൈര്‍ഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാന്‍ഡറിന് ഇനി പ്രവര്‍ത്തിക്കാനാകില്ല. ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആര്‍.ഒ ശ്രമങ്ങളും ഇതോടെ തീരുകയാണ്. മാത്രവുമല്ല രാത്രി തുടങ്ങിയതോടെ ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 180 ഡിഗ്രി വരെ താഴും. ഈ സമയത്ത് ലാന്‍ഡറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുവരാനും സാധ്യതയുണ്ട്. അതിനാല്‍ ചന്ദ്രനില്‍ ഇനിയൊരു പകല്‍ വരുമ്പോഴേക്കും ലാന്‍ഡറിന് സുരക്ഷിതമായി നിലനില്‍ക്കാന്‍ ആകില്ല.സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലാണ് നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിക്കുന്നുണ്ട്. നിലവില്‍ ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നാണ് ഇസ്രോ അറിയിച്ചിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചു
ന്യൂഡൽഹി:മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് വിജയ താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകാരിച്ചായി കേന്ദ്ര നിമയമന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടത്. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്നു വിജയ താഹില്‍ രമാനി സെപ്റ്റംബര്‍ 6 നായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രാജി വെച്ചത്. മേഘാലയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായ വിജയ താഹില്‍രമാനി രാജിവെക്കാന്‍ തീരുമാനിച്ചത്. സുപ്രധാനമായ നിരവിധി കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്ന മദ്രാസ് ഹൈക്കോടതി പോലെ ഒരിടത്തുനിന്ന് കേസുകള്‍ കുറവുള്ള മേഘാലയ ഹൈക്കോടതി പോലുള്ള ഇടങ്ങളിലേക്ക് ജഡ്ജിമാരെ സ്ഥലം മാറ്റുന്ന രീതി വിരളമാണ്.മേഘാലയ ഹൈക്കോടതിയില്‍ നിലവില്‍ ചീഫ് ജസ്റ്റിസിന്‍റെ ഒഴിവില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് കുമാര്‍ മിത്തലിനെ സ്ഥലം മാറ്റിയിട്ടാണ് ജസ്റ്റിസ് വിജയ താഹില്‍ രമാനിയെ അവിടെ നിയമിക്കാന്‍ തീരുമാനമായത്. ആ സാഹചര്യത്തില്‍ ഈ സ്ഥലംമാറ്റം ശിക്ഷണനടപടിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. അതിനാലാണ് സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമര്‍പ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് വിജയ താഹില്‍രമാനി പദവി രാജിവെച്ചത്.രാജി തീരുമാനം പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ താഹില്‍ രമണിയെ വസതിയിലെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അവര്‍. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബില്‍കീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹില്‍ രമണിയായിരുന്നു.
ഹൈഡ്രജൻ ഇന്ധന വിപ്ലവവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ
മുംബൈ:ഇലക്ട്രിക്ക് വാഹനവും കടന്ന് ഹൈഡ്രജൻ ഇന്ധനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ.പ്രകൃതി വാതകത്തിൽനിന്ന് 15–30% ഹൈഡ്രജൻ അടങ്ങുന്ന എച്ച്സിഎൻജി ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് ഐഒസി ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഹൈഡ്രജൻ നിറച്ച സെല്ലിൽ നടക്കുന്ന വൈദ്യുത രാസപ്രവർത്തനത്തിന്റെ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന ഊർജമാണു വാഹനത്തിൽ ഉപയോഗിക്കുക. പുകയോ മറ്റു മാലിന്യങ്ങളോ ഉണ്ടാകുന്നില്ലെന്നതാണു പ്രധാനനേട്ടം. ഹൈഡ്രജൻ ഇന്ധന സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കുക എന്നതിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഇന്ധന വിതരണ കേന്ദ്രം ഹരിയാനയിലെ ഫരീദാബാദിലുള്ള ഗവേഷണ വികസന കേന്ദ്രത്തിൽ ആരംഭിച്ചു.ഓൺ-സൈറ്റ് ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണം, തുടങ്ങിയ കാര്യങ്ങൾ ഈ കേന്ദ്രത്തിൽ നടത്തപ്പെടുന്നുണ്ട്.സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേസുമായി(SIAM)സഹകരിച്ച് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ത്രീ-വീലർ, ബസ് എഞ്ചിനുകൾ വികസിപ്പിക്കൽ, സിഎൻജി ത്രീ-വീലറുകളും ബസുകളും എച്ച്-സിഎൻജി മിശ്രിതത്തിലേക്ക് മാറ്റുന്നതിനോടൊപ്പം പോർട്ടബിൾ ജെൻസെറ്റുകൾക്കായി ഹൈഡ്രജൻ പരിവർത്തന കിറ്റുകളുടെ വികസിപ്പിക്കലും കമ്പനി നടത്തി വരുന്നു.
സാധാരണ സിഎൻജി വാഹനങ്ങൾ പുറംതള്ളുന്നതുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ മോണോക്സൈഡിന്റെ അളവിൽ 70% കുറവു വരുമെന്നതാണ് ഹൈഡ്രജൻ കലർത്തിയ സിഎൻജി (എച്ച്സിഎൻജി) ഉപയോഗിക്കുന്നതിലെ നേട്ടം.ബിഎസ്6 നിലവാരത്തിലെത്തുന്നതോടെ ഡീസലിന്റെ മലിനീകരണത്തോത് സിഎൻജിയുടേതിനു (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) തുല്യമാകും വിധം കുറയുമെന്ന് ഐഒസി റിസേർച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. എസ്.എസ്.വി.രാമകുമാർ പറഞ്ഞു.2020ൽ പൂർണമായും രാജ്യം ബിഎസ്6ലേക്കു മാറും. ഇതിന്റെ ഭാഗമായി മൊത്തം 30,000 കോടി രൂപയുടെ നിക്ഷേപമാണ് ഐഒസി റിഫൈനറികളിൽ നടത്തുന്നതെന്നും രാമകുമാർ അറിയിച്ചു.
ഹൈഡ്രജന്‍ കാർ ഇന്ത്യയിലേക്ക്; ടൊയോട്ടയുടെ ‘മിറായി’ ആദ്യമെത്തുക കേരളത്തിലേക്ക്
തിരുവനന്തപുരം:ഹൈഡ്രജന്‍ ഇന്ധനമാക്കിയ കാര്‍ ആദ്യമായി ഇന്ത്യയില്‍ ഓടിക്കുന്നതിനു വഴിയൊരുക്കാന്‍ കേരളം. ടൊയോട്ടയുടെ ‘മിറായി’ എന്ന കാര്‍ കേരളത്തിലെ നിരത്തുകളില്‍ ഓടിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം ടൊയോട്ടയുടെ ബെംഗളൂരുവിലെ കേന്ദ്രത്തിലെത്തി കേരള ഉദ്യോഗസ്ഥര്‍ വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തി. ജൂണില്‍ കൊച്ചിയില്‍ നടത്തിയ ‘ഇവോള്‍വ്’ ഉച്ചകോടിയില്‍ ടൊയോട്ട അധികൃതരുമായി കേരളം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു. ജ്യോതിലാലും വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു.ഫ്യൂവല്‍ സെല്‍ ഘടകങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കേരളത്തിലെ ഏതെങ്കിലും പൊതുമേഖല കമ്പനികളുമായി ടൊയോട്ട പങ്കുവച്ചാല്‍ കാറിന്റെ വില കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.വാഹനം സംസ്ഥാനത്തെ നിരത്തിലിറക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി കേരളം അപേക്ഷ നല്‍കിയിട്ടുണ്ട്. കൊച്ചി, കൊല്ലം, അഴീക്കല്‍, വിഴിഞ്ഞം തുടങ്ങിയ തുറമുഖങ്ങളില്‍ ഹൈഡ്രജന്‍ എത്തിച്ച് തുടര്‍ന്നു പൈപ്പുകള്‍ സ്ഥാപിച്ചു ഡിസ്പെന്‍സിങ് യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനെക്കുറിച്ചു കൊച്ചിന്‍ റിഫൈനറിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൊച്ചി റിഫൈനറിയുടെ പ്രതിനിധികളും കാറിന്റെ പ്രകടനം വിലയിരുത്തി.2014 ല്‍ ജപ്പാനിലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലും യൂറോപ്പിലും ഉള്‍പ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകള്‍ വിറ്റു. 4 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന ഇടത്തരം സെഡാന്‍ ആണിത്. 60,000 ഡോളര്‍ (42.6 ലക്ഷം രൂപ) ആണ് വില. ഇലക്‌ട്രിക് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്നു എന്നതാണു സാധാരണ ഇലക്‌ട്രിക് – ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം. പുകയ്ക്കു പകരം വെള്ളമാകും ഇവ പുറന്തള്ളുക. 140 കിലോമീറ്റര്‍ വരെ വേഗം കിട്ടും. ഫുള്‍ ടാങ്ക് ഇന്ധനം കൊണ്ട് 500 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുണ്ട്.
പ്രണയഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു
മംഗളൂരു:പ്രണയഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ ആര്‍ പുര താലൂക്കിലെ മാഗല്‍ഗോഡില്‍ ബുധനാഴ്ചയാണ് സംഭവം. ബലഹന്നൂര്‍ ഗാണ്ടിഗേശ്വരയിലെ മിഥുന്‍ ആണ് യുവതിയെ കുത്തിപ്പരിക്കേല്‍പിച്ചത്.ദിവസങ്ങളായി ഹന്ദ്യ വില്ലേജിലെ യുവതിയുടെ പിറകെ നടക്കുകയായിരുന്നു മിഥുന്‍. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതോടെ വൈരാഗ്യത്തിലായ മിഥുന്‍ യുവതിയെ കുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബലഹന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തിനു ശേഷം ഒളിവിൽ പോയ യുവാവിനെ പിടികൂടാനായിട്ടില്ല.
പ്രതീക്ഷ മങ്ങുന്നു;വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് നാളെ തീരും
ബംഗളൂരു: ചാന്ദ്രയാന്‍-2 ന്റെ ദൗത്യത്തിന്റെ ഭാഗമായി ചാന്ദ്രോപരിതലത്തില്‍ ഇറങ്ങിയ വിക്രം ലാന്‍ഡറിന്റേയും അതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റേയും ബാറ്ററിയുടെ ആയുസ് നാളെയോടെ അവസാനിക്കും. ഇതോടെ ഐഎസ്‌ആര്‍ഒയും നാസയും ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചേക്കും.ഒരു ചാന്ദ്രദിനം എന്നത് ഭൂമിയിലെ 14 ദിവസങ്ങളാണ്. സെപ്റ്റംബര്‍ 7-നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. സെപ്റ്റബര്‍ 20,21 ഓടെ ചന്ദ്രനില്‍ രാത്രിയാകും. നിലവില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗത്ത് സൂര്യപ്രകാശം ലഭിക്കില്ല. താപനില മൈനസ് 183 ഡിഗ്രി സെല്‍ഷ്യസാണ്. ഈ സാഹചര്യത്തില്‍ ലാന്‍ഡറിന്റെ ഇലക്‌ട്രോണിക് ഭാഗങ്ങള്‍ക്ക് സ്വയം നിലനില്‍ക്കാന്‍ സാധ്യമല്ല. ഇതിനാവശ്യമായ സോളാര്‍ ഉര്‍ജ്ജം ചന്ദ്രനില്‍ നിന്ന് ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ഐഎസ്‌ആര്‍ഓ ശാത്രജ്ഞര്‍ക്ക് ആശയ വിനിമയം സ്ഥാപിക്കാന്‍ കഴിയാതെ വരും. ഐഎസ്‌ആര്‍ഒയ്ക്ക് മാത്രമല്ല നാസയ്ക്കും ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. റോവറിന്റേയും ലാന്‍ഡറിന്റേയും ദൗത്യം ഇതോടെ അവസാനിക്കും.അതേസമയം ചന്ദ്രയാന്‍-2 ദൗത്യത്തിന് ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയ്ക്ക് ഇ സ്റോ നന്ദി രേഖപ്പെടുത്തി. ‘ഒപ്പം നിന്നതിനു നന്ദി. ലോകമെബാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’- ഇസ്റോ ഔദ്യോഗിക സമൂഹ മാധ്യമ പേജില്‍ കുറിച്ചു.