തൃശ്ശൂര്‍:നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയും പിതാവുമുള്‍പ്പെടെയുള്ളവരെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു.തൃശൂര്‍ സ്വദേശിയും ശ്രീബാലാജി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയുമായ രാഹുല്‍, പിതാവ് ഡേവിഡ് എന്നിവരെയാണ് തമിഴ്‌നാട് സി.ബി.സി.ഐ.ഡി. അറസ്റ്റു ചെയ്തത്.എസ്.ആര്‍.എം. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവീണ്‍, അച്ഛന്‍ ശരവണന്‍, സത്യസായി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി അഭിരാമി എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. തേനി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ ഉദിത് സൂര്യയില്‍ നിന്നാണ് ആള്‍മാറാട്ട കേസിന്റെ സൂചനകള്‍ ലഭിച്ചത്.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ തിരുവനന്തപുരത്തെ കോച്ചിംഗ് സെന്റര്‍ ഉടമ ജോര്‍ജ് ജോസഫാണെന്ന് വ്യക്തമായിട്ടുണ്ട്.ചെന്നൈയിലെ ഇടനിലക്കാര്‍ വഴി ഇരുപത്തിമൂന്ന് ലക്ഷം കൈമാറിയെന്നും എന്നാല്‍ പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നുമാണ് രക്ഷിതാവിന്റെ മൊഴി.തമിഴനാട് അന്വേഷണ സംഘം തൃശൂരിലെത്തുമെന്നും സൂചനയുണ്ട്.കേസിലെ പ്രധാന പ്രതികളായ തേനി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഉദിത് സൂര്യയും പിതാവ് ഡോ.കെ.എസ് വെങ്കടേശും നേരത്തെ അറസ്റ്റിലായിരുന്നു.ഉദിത് സൂര്യയ്ക്ക് പകരമാണ് മറ്റൊരാള്‍ ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷയെഴുതിയത്. രണ്ടു തവണ പരീക്ഷയില്‍ പരാജയപ്പെട്ട മകനെ എങ്ങനെയെങ്കിലും ഡോക്ടറാക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നും പകരം പരീക്ഷയെഴുതിയ ആള്‍ക്ക് പ്രതിഫലമായി 20 ലക്ഷം രൂപ നല്‍കിയതായും ഉദിത് സൂര്യയുടെ പിതാവ് ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ.എസ് വെങ്കടേശ് അന്വേഷണസംഘത്തോട്‍ വെളിപ്പെടുത്തിയിരുന്നു.
കാസർകോട് നിന്നും ഐ എസില്‍ ചേര്‍ന്ന എട്ടുപേർ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു; കൊല്ലപ്പെട്ടത് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍
കാസർകോട്:കാസര്‍കോടു നിന്നും രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)ലേക്ക് ചേർന്ന എട്ടുപേര്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സ്ഥിരീകരണം.ഇതു സംബന്ധിച്ചു മരിച്ചവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല, തൃക്കരിപ്പൂരിലെ സര്‍വീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മര്‍വന്‍, ഇളമ്ബച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്‍, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് എന്‍ ഐ എയുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു എട്ടുപേരും കൊല്ലപ്പെട്ടതെന്നാണു കേരള പോലീസിനെ എന്‍ഐഎ അറിയിച്ചത്. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് മരിച്ച എട്ടു പേരും. അബ്ദുര്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
മുന്‍മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്ക് എതിരെ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി:മുന്‍മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്ക് എതിരെ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്.ഇവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയമ നടപടിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. അനധികൃത പണമിടപാടികളും കോടതി നടപടികളുടെയും പേരിലാണ് ഇന്റലിജന്‍സ് ബ്യൂറോ വിജയയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചെന്നൈയ്ക്ക് പുറത്ത് വിജയ 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ളാറ്റുകള്‍ വാങ്ങിയെന്നും ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരുന്ന പ്രത്യേക ബെഞ്ച് വിജയ പിരിച്ചുവിട്ടിരുന്നു. തമിഴ്നാട് മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തിനെതിരായ ഉത്തരവുകള്‍ ഈ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഈ നേതാവുമായുള്ള ബന്ധമാണ് കാരണം കാണിക്കാതെയുള്ള ഈ ബെഞ്ച് പിരിച്ചുവിട്ടതിന് പിന്നിലെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന രണ്ടാമത്തെ ആരോപണം. വിജയ താഹില്‍രമാനിയുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സിബിഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.നേരത്തെ, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് വിജയ താഹില്‍രമാനി രാജിവെച്ചിരുന്നു. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഇവരുടെ ആവശ്യം സുപ്രീംകോടതി കൊളീജിയം നിരസിച്ചു. തുടര്‍ന്നാണായിരുന്നു വിജയ താഹില്‍രമാനി രാജിവെച്ചത്.
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി
ന്യൂഡൽഹി:മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്‍റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായർ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു.ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു.
ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി അന്തര്‍വാഹിനി ‘ഐഎന്‍എസ് ഖണ്ഡേരി’ കമ്മിഷന്‍ ചെയ്തു
ന്യൂഡൽഹി:ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി അന്തര്‍വാഹിനി ‘ഐഎന്‍എസ് ഖണ്ഡേരി’ കമ്മിഷന്‍ ചെയ്തു.മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കമ്മിഷന്‍ ചെയ്തത്.സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിര്‍വ്വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്നു നാവിക സേന അറിയിച്ചു. കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകള്‍ക്ക് കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുണ്ട്.കല്‍വരി ക്ലാസില്‍ രണ്ടാമത്തേതായ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് ഖണ്ഡേരി.ഇവയില്‍ ആദ്യത്തെ അന്തര്‍വാഹിനിയായിരുന്നു ഐഎന്‍എസ് കല്‍വരി.2017 ആഗസ്റ്റിലാണ് ഐഎന്‍എസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയില്‍ വച്ചും ജലോപരിതലത്തില്‍ വച്ചും ആക്രമണം നടത്താന്‍ ഇതിനു ശേഷിയുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കല്‍, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഖണ്ഡേരി കരുത്തേകും. നാവികസേനയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍.
പാൻ കാർഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും
മുംബൈ:പാൻ കാർഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും.ജൂലായില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പർ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ നമ്പർ പ്രവര്‍ത്തനരഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, പാന്‍ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും.എന്നാല്‍, പാന്‍ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ആധാര്‍ നമ്പർ നല്‍കിയാല്‍മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. ഇവര്‍ക്ക് പാന്‍ ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍പ്രകാരം പാന്‍ നമ്പർ നല്‍കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നവരാണെങ്കില്‍ മിക്കവാറും പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് www.incometaxindiaefiling.gov.in എന്ന പോര്‍ട്ടലിലൂടെ ഇതുചെയ്യാനാകും. ഇതിലുള്ള ‘ക്വിക് ലിങ്ക്‌സി’ല്‍ ‘ലിങ്ക് ആധാര്‍’ ഓപ്ഷന്‍ ലഭിക്കും.
വാഹന പുനർരജിസ്ട്രേഷൻ ഫീസ് 10 മുതൽ 40 ഇരട്ടി വരെ കൂട്ടാൻ തീരുമാനം
ന്യൂഡല്‍ഹി: പഴയ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷനുള്ള ഫീസ് പത്തിരട്ടി മുതല്‍ 40 ഇരട്ടി വരെ ഉയര്‍ത്തുന്ന പുതിയ കേന്ദ്ര സര്‍ക്കാര്‍ നയം അടുത്ത ജൂലായില്‍ പ്രാബല്യത്തില്‍ വരും. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കാകും ഇത് ബാധകമാവുക.കാറുകളും മറ്റു നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും 5 വര്‍ഷത്തേക്കു പുതുക്കി റജിസ്റ്റര്‍ ചെയ്യാന്‍ 15,000 രൂപ അടയ്ക്കണം. പഴയ വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം വന്നേക്കും. ഉരുക്കു വ്യവസായത്തിന് കൂടുതല്‍ ആക്രി സാധനങ്ങള്‍ കിട്ടാനുതകുന്ന ‘സ്ക്രാപ് നയം’ അടുത്തമാസം നടപ്പാക്കുന്നുണ്ട്. ഇതിന്റെ അനുബന്ധമായാണ് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന നയവും കൊണ്ടുവരുന്നത്. ഇതിന്റെ കരട് എല്ലാ വകുപ്പുകള്‍ക്കും കൈമാറി. കാബിനറ്റ് നോട്ട് തയ്യാറായി. വൈകാതെ മന്ത്രിസഭയുടെ അംഗീകാരത്തിന് വയ്ക്കും.വാഹനവില്‍പനയിലെ ഭീമമായ കുറവിന് പുതിയ നയം പരിഹാരമാകുമെന്നു കേന്ദ്രം പ്രതീക്ഷിക്കുന്നു.പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് ആനുകൂല്യം നല്‍കും. വാഹനഭാഗങ്ങള്‍ പുനരുപയോഗിക്കാവുന്ന തരത്തില്‍ വിവിധ വാഹന നിര്‍മാതാക്കള്‍ സംയുക്ത സ്ഥാപനങ്ങളും തുടങ്ങുന്നുണ്ട്. മഹീന്ദ്ര ആക്‌സെലോ എന്ന പേരില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിച്ചു. പഴയ വാഹനം പൊളിച്ചു വിറ്റ രേഖ ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹന റജിസ്‌ട്രേഷന്‍ സൗജന്യമാക്കുമെന്ന് മോട്ടര്‍ വാഹന നയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നാസ;ചിത്രങ്ങൾ പുറത്ത്
വാഷിങ്ടണ്‍:ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിന് പ്രതീക്ഷിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിങ് അല്ല സംഭവിച്ചതെന്ന് അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ.വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് (ഹാര്‍ഡ് ലാന്‍ഡിങ്) തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ചിത്രങ്ങള്‍ എടുത്തത്. വിക്രം ലാന്‍ഡറിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമം തുടരുമെന്നും നാസ അറിയിച്ചു.അതേസമയം, വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല.സെപ്റ്റംബര്‍ ഏഴിനായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍ഡിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഒക്ക് നഷ്ടപ്പെടുകയായിരുന്നു.ലാൻഡിങ്ങിന് ശേഷം 14 ദിവസമായിരുന്നു വിക്രം ലാന്‍ഡറിന്‍റെ ദൗത്യ കാലാവധി. ഈ കാലാവധി ശനിയാഴ്ചയോടെ അവസാനിച്ചിരുന്നു.
പൂനെയിൽ കനത്ത മഴയും വെള്ളപ്പൊക്കവും;11 മരണം;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പൂനെ:കനത്ത മഴയെത്തുടര്‍ന്ന് പൂനെയില്‍ വെള്ളപ്പൊക്കം.11 പേര്‍ മരണപ്പെടുകയും നിരവധി നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.ബുധനാഴ്ച രാത്രിയോടെയാണ് മഴ തുടങ്ങിയത്. മഴയില്‍ കുടുങ്ങിയ 500 ലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അര്‍ണേശ്വര്‍ മേഖലയില്‍ മതിലിടിഞ്ഞാണ് ഒൻപതു വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ചു പേര്‍ മരിച്ചത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. 27 ഓടെ മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു.
നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അജിത് ഡോവലിനും നേരെ ജെയ്‌ഷെ മുഹമ്മദിന്റെ വധഭീഷണി;രാജ്യത്തെ 30 നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോർട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും നേരെ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കാശ്മീര്‍,പത്താന്‍കോട്ട് തുടങ്ങി രാജ്യത്തെ 30 പ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായും രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.പാക് ചാരസംഘടനയായ ഐസിസിന്റെ പിന്തുണയോടെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച വിവരം കേന്ദ്രആഭ്യന്തമന്ത്രാലയത്തിന് കൈമാറി. ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ പ്രതികാരനടപടി പരാമര്‍ശിക്കുന്ന കത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. ഇതിലാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയുള്ളതായി വ്യക്തമാകുന്നത്. ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിന് നേരെ ആക്രമണം നടത്താന്‍ 30 ചാവേറുകളെ ജയ്ഷെ മുഹമ്മദ് തയ്യാറാക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. രാജ്യത്തിന്‍റെ പല ഭാഗത്തും കശ്മീരിലെ സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട, ജയ്പൂര്‍, ഗാന്ധി നഗര്‍, കാണ്ഡപൂര്‍, ലക്നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.