ലഖ്നോ: കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍ നടത്തിയ റെയ്‌ഡിൽ ആദായ നികുതി, ജി.എസ്.ടി വകുപ്പുകള്‍ പിടിച്ചെടുത്തത് 177 കോടി രൂപ.പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിനിന്‍റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പരിശോധന.36 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 177 കോടി രൂപ കണ്ടെടുത്തു. പീയുഷ് ജെയിനിന്‍റെ വീട്ടില്‍നിന്ന് മാത്രം 150 കോടി രൂപ കണ്ടെടുത്തിരുന്നു. അലമാരകളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. 21 പെട്ടികളിലാക്കിയാണ് റെയ്ഡില്‍ പിടിച്ചെടുത്ത പണം കണ്ടെയ്നറില്‍ കയറ്റി ബാങ്കുകളിലേക്ക് മാറ്റിയത്.ജെയിനിനെ കൂടാതെ അദ്ദേഹത്തിന്‍റെ സഹായികളുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഫാക്ടറി ഔട്ട്ലെറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ്, കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് ഇയാളുടെ ആനന്ദ്പുരിയിലുള്ള വീട്ടിൽ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയത്. ജിഎസ്ടി ഉദ്യോഗസ്ഥരാണ് ആദ്യം പരിശോധനക്കെത്തിയത്. പിന്നീട് ആദായ നികുതി വകുപ്പും പരിശോധനയ്‌ക്കെത്തി.36 മണിക്കൂറുകൾ കൊണ്ടാണ് പിടിച്ചെടുത്ത 150 കോടി രൂപ ജിഎസ്ടി ഇന്റലിജൻസും ആദായ നികുതി വകുപ്പും ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തിയത്. വ്യാഴാഴ്ച തുടങ്ങിയ നോട്ടെണ്ണൽ വെള്ളിയാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ഇതിനായി അഞ്ച് നോട്ടെണ്ണൽ മെഷീനിന്റെ സഹായവും സംഘത്തിന് ആവശ്യമായി വന്നു. ഇദ്ദേഹത്തിന് 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.ഇതിൽ രണ്ടെണ്ണം മധ്യേഷ്യയിലാണ്. വ്യാജ കമ്പനിയുടെ വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കിയാണ് പണത്തിന്റെ കണക്കു സൂക്ഷിച്ചിരുന്നതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ അമ്പതിനായിരത്തിന്റെ ഇരുനൂറിലേറെ ഇൻവോയ്‌സുകൾ കണ്ടെത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിൻ.കാൺപൂരിലെ ത്രിമൂർത്തി ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡും സ്ഥാപനത്തിന്റെ ഓഫീസും കൂടാതെ ട്രാൻസ്‌പോർട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്‌സിന്റെ ഗോഡൗണും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ത്രിമൂർത്തി പ്രൈവറ്റ് ലിമിറ്റഡാണ് ശിക്കാർ ബ്രാൻഡ് പാൻമസാലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും നിർമാതാക്കൾ. ഇവയുടെ ട്രാൻസ്‌പോർട്ടേഷൻ ആവശ്യങ്ങൾക്കായാണ് ഗണപതി റോഡ് കാരിയേഴ്‌സ് പ്രവർത്തിച്ചിരുന്നത്. ട്രാൻസ്‌പോർട്ടേഷന് ഇടയിലും വൻതുക കമ്പനി വെട്ടിച്ചിരുന്നു എന്നാണ് വിവരം. ഇ-വേ ബില്ലുകൾ ഇല്ലാതെയാണ് ചരക്കുകൾ വിവിധയിടങ്ങളിലേക്ക് കമ്പനി എത്തിച്ചിരുന്നത്.ഇല്ലാത്ത കമ്പനികളുടെ പേരിൽ വിവിധ ഇൻവോയിസുകൾ തയ്യാറാക്കി ഓരോ ഫുൾ ലോഡിനും 50,000 രൂപ വരെ ഇവർ കൈവശപ്പെടുത്തിയിരുന്നു. ഇ-വേ ബില്ലുകൾ ഒഴിവാക്കുന്നതിലൂടെയാണിത്. റെയ്ഡിനിടെ ഫാക്ടറിയുടെ പുറത്ത് നിന്നും ഇത്തരം ട്രാൻസ്‌പോർട്ടേഷനായി ഉപയോഗിച്ചിരുന്ന നാല് ട്രക്കുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗണപതി റോഡ് കാരിയേഴ്‌സിൽ നിന്നും 200 വ്യാജ ഇൻവോയിസുകളും പരിശോധനയിൽ കണ്ടെത്തി. ജിഎസ്ടി അടയ്‌ക്കാത്ത ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 1.01 കോടി രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
വഡോദരയിൽ രാസവസ്തു നിർമ്മാണ ശാലയിൽ സ്‌ഫോടനം; നാല് മരണം
ഗുജറാത്ത്: വഡോദരയിലെ രാസവസ്തു നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു.മകർപുരയിലെ കാന്റൺ ലബോറട്ടറിയിലായിരുന്നു സ്‌ഫോടനമുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ച് തമിഴ്‌നാട് സർക്കാർ
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ച് തമിഴ്‌നാട് സർക്കാർ.നളിനിയുടെ അമ്മ പദ്മ നല്‍കിയ ഹര്‍ജിക്ക് സര്‍കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ വിവിധ രോഗങ്ങളാല്‍ വലയുകയാണെന്നും മകള്‍ കുറച്ചുകാലം അടുത്തുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചാണ് പദ്മ ഹര്‍ജി നല്‍കിയത്.തുടര്‍ന്ന് ഒരു മാസത്തേക്ക് സാധാരണ പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂടര്‍ ഹസന്‍ മുഹ്മദ് ജിന്ന മദ്രാസ് ഹൈകോടതിയെ അറിയിച്ചു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്‌നാട് സര്‍കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയ്ക്കാനായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനും ജയില്‍ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.മുപ്പത് വര്‍ഷത്തോളമായി താന്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ജയിലില്‍ നിന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പേരറിവാളന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഒമിക്രോണ്‍ നിയന്ത്രണം;സംസ്ഥാനങ്ങൾക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി:രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. രോഗവ്യാപന നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ, ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗവ്യാപന നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍, 40 ശതമാനത്തിലധികം കൊവിഡ് രോഗികള്‍ ഓക്സിജന്‍ ബെഡുകളുടെ സഹായത്തോടെ ചികില്‍സയില്‍ കഴിയുന്ന ജില്ലകള്‍ എന്നിവയുണ്ടെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.10 ശതമാനത്തില്‍ താഴെ രോഗവ്യാപന നിരക്ക് റിപോര്‍ട്ട് ചെയ്താലും ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്.നിലവിലെ വിവരമനുസരിച്ച് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്ന് മടങ്ങ് വ്യാപന ശേഷിയാണ് ഒമിക്രോണിനുള്ളത്. അതുകൊണ്ട് തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് വളരെ വേഗത്തിലും ശ്രദ്ധയോടെയും ആയിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാത്രി കര്‍ഫ്യു, ആളുകള്‍ കൂട്ടം കൂടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, വിവാഹം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ചുരുക്കുക, ഓഫീസില്‍ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുക, പൊതുഗതാഗതം, വ്യവസായം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍.കേസുകള്‍ വര്‍ധിക്കുന്നതനുസരിച്ച് കണ്ടെയിന്‍മെന്റ്, ബഫര്‍ സോണുകള്‍ തരംതിരിക്കണം.
ഐശ്വര്യറായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
മുംബൈ:ബോളിവുഡ് നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും.കഴിഞ്ഞ 15 വർഷങ്ങളിൽ താരം നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്.കഴിഞ്ഞ ദിവസം താരത്തിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഉച്ചയ്‌ക്ക് 1:30 ന് ഇഡിയുടെ ഡൽഹി സോണൽ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 മണി വരെ നീണ്ടിരുന്നു.ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാർട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണിൽ ദുബായിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന്റെ വിവരങ്ങൾ ഇഡി ചോദിച്ചറിഞ്ഞതായാണ് വിവരം.അഭിഷേക് ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നൽകിയത്.കഴിഞ്ഞ നവംബറിൽ അഭിഷേകിൽ നിന്നും ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.ഇരു മൊഴികളും ഒത്തു നോക്കിയശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡി തീരുമാനമെടുക്കുക. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു. പനാമ പേപ്പർ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു.നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പർ കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. പനാമ പേപ്പർ രേഖകളിൽ ലോക നേതാക്കളും രാഷ്‍ട്രീയപ്രമുഖരും ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉൾപ്പെട്ടിരുന്നു. 2016 ൽ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്.മാധ്യമപ്രവർത്തകരുടെ കൂട്ടായ്‍മായായ ഐസിഐജെയാണിത് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡൽഹി:വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും ബഹളവും മറികടന്നാണ് ബില്‍ പാസാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.വോട്ട് ചെയ്യുകയെന്നത് നിയമപരമായ അവകാശമാണ്. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതു തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.എന്നാൽ കള്ളവോട്ട് തടയാനാണു സര്‍ക്കാരിന്റെ ശ്രമം. ഈ നീക്കത്തിനൊപ്പം ചേരുകയാണു പ്രതിപക്ഷം ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യു ഐഡിഎ ഐയും കേന്ദ്രസര്‍ക്കാരും സമ്മതിച്ചാല്‍ ആധാറും വോട്ടര്‍കാര്‍ഡും യോജിപ്പിക്കാന്‍ ഇപ്പോഴത്തെ ജനപ്രാതിനിധ്യനിയമം (1950), ആധാര്‍ നിയമം (2016) എന്നിവയില്‍ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല.2015ല്‍ ആധാറുമായി വോട്ടര്‍കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള നടപടി തൂടങ്ങിയെങ്കിലും അന്ന് സുപ്രീംകോടതി അതിന് അനുവാദം നല്‍കിയില്ല. പകരം എല്‍പിജി, മണ്ണെണ്ണ വിതരണം എന്നിവയ്ക്ക് മാത്രമായി ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. എന്തായാലും യു ഐഎ ഡി ഐ അനുവാദം നല്‍കിയാല്‍ കള്ളവോട്ടും ഇരട്ടവോട്ടും തടയുന്നതിന് അത് ഫലപ്രദമായ മാര്‍ഗ്ഗമായി മാറും. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമാണ് ആധാര്‍.ആധാര്‍ ഉപയോഗിക്കുന്നത് വോട്ടറുടെ ഐഡിയുടെ ആധികാരികത കൃത്യമായി വിലയിരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് കള്ളവോട്ടിലൂടെയും ഇരട്ടവോട്ടിലൂടെയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് ഫലപ്രദമായി തടയിടും.
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപ്പിടിത്തം;രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു
ഗാന്ധിനഗർ: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. പഞ്ച്മഹൽസ് ജില്ലയിലെ രഞ്ജിത്ത്‌നഗറിൽ സ്ഥിതിചെയ്യുന്ന ഫ്‌ളൂറോ കെമിക്കൽസ് ലിമിറ്റഡിന്റെ സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തിൽ 14 ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫാക്ടറിയിൽ നിന്നും ഒരു പൊട്ടിത്തെറി സംഭവിച്ചതായും ഇതിന്റെ ശബ്ദം കിലോമീറ്ററുകൾക്കലെ കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. അഗ്നിബാധയ്‌ക്ക് ഇടയായ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.10 ലക്ഷം ജീവനക്കാരാണു പണിമുടക്കുന്നത്. എസ്ബിഐ സേവനങ്ങളെയും പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനത്തെയും രണ്ട് ദിവസത്തെ പണിമുടക്ക് ബാധിക്കും.പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കേണ്ട ആവശ്യമില്ലെന്നും ഈ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.കൃഷ്ണ പറഞ്ഞു.2021-22 ബജറ്റില്‍ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2021 അവതരിപ്പിക്കുമെന്ന് കേന്ദ്രം നേരത്തെ സൂചിപ്പിച്ചിരുന്നു. 1970ലെ ബാങ്കിംഗ് കമ്പനികളുടെ നിയമത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളില്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിന് 51 ശതമാനം ഓഹരി നിര്‍ബന്ധിതമാക്കുന്ന വ്യവസ്ഥയായിരുന്നു ഇത്. പുതിയ ബില്‍ സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തും;നിയമഭേദഗതി തീരുമാനം കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നത് സംബന്ധിച്ച നിയമഭേദഗതി ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ നടത്തുമെന്ന് സൂചന.ഇന്നലെ ചേർന്ന കേന്ദ്രമന്ത്രി സഭ നിയമഭേദഗതി തീരുമാനം അംഗീകരിച്ചിരുന്നു.സ്ത്രീകളുടെ വിവാഹം പ്രായം ഉയര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരു സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തു.ജയ ജയ്റ്റിലി അദ്ധ്യക്ഷയായ കർമ സമിതി വിവാഹ പ്രായം 21 ആക്കി ഉയർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. സമിതിയുടെ നിര്‍ദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.ശൈശവ വിവാഹ നിരോധന നിയമത്തിലും സ്‌പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികൾ കൊണ്ടുവരുന്നത്. പതിനാല് വയസായിരുന്നു മുൻപ് പെൺകുട്ടികളുടെ വിവാഹ പ്രായം പിന്നീട് അത് പതിനെട്ടാക്കി.ഇതാണ് ഇരുപത്തിയൊന്നായി ഉയർത്തുന്നത്.മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുക,വിളർച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.
18 വയസ് തികയുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ കൂടുതല്‍ അവസരങ്ങള്‍; ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കും; സുപ്രധാന ഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിന് സുപ്രധാന ഭേദഗതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.വോട്ടര്‍ പട്ടിക ശക്തിപ്പെടുത്തുക, തിരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ അധികാരം നല്‍കുക, ഡ്യൂപ്ലിക്കേറ്റുകള്‍ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കായി നാല് പ്രധാന പരിഷ്കാരങ്ങള്‍ അവതരിപ്പിക്കും.പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് പോലെ, ഒരാളുടെ വോട്ടര്‍ ഐഡിയോ ഇലക്ടറല്‍ കാര്‍ഡോ ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് സീഡിംഗ് ഇപ്പോള്‍ അനുവദിക്കും.വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ ശ്രമങ്ങള്‍ അനുവദിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍, 18 വയസ്സ് തികയുന്ന ആദ്യ തവണ വോട്ടര്‍മാര്‍ക്ക് നാല് വ്യത്യസ്ത ‘കട്ട്-ഓഫ്’ തീയതികളോടെ വര്‍ഷത്തില്‍ നാല് തവണ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. നിലവിലെ ചട്ടമനുസരിച്ച്, ജനുവരി ഒന്നിനുശേഷം 18 വയസ്സു പൂര്‍ത്തിയാകുന്ന ഒരാള്‍ അടുത്തകൊല്ലംവരെ കാത്തിരിക്കണം. ഇനി മുതല്‍ അതുവേണ്ട. ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികള്‍കൂടി അടിസ്ഥാനമാക്കി പട്ടിക പരിഷ്‌കരിക്കും.സര്‍വീസ് ഓഫീസര്‍മാരുടെ ഭര്‍ത്താവിനും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍വീസ് ഓഫീസര്‍മാര്‍ക്ക് ലിംഗഭേദമില്ലാതെ നിയമം കൊണ്ടുവരാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം പുരുഷ സര്‍വീസ് വോട്ടറുടെ ഭാര്യക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ, വനിതാ സര്‍വീസ് വോട്ടറുടെ ഭര്‍ത്താവിന് ഈ സൗകര്യം ലഭ്യമല്ല.