- കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന,മൂന്നോ അതിലധികോ ജീവനക്കാരുള്ള പെട്രോൾ പമ്പുകൾ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ലൈസൻസ് എടുക്കണമെന്ന് നിഷ്കർഷിച്ചു കൊണ്ട് പ്രസ്തുത വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് നോട്ടിഫിക്കേഷൻ ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തു.മേൽ സൂചിപ്പിച്ച ഗസറ്റ് നോട്ടിഫിക്കേഷനെ ചാലഞ്ച് ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഹർജിക്കാർക്കു വേണ്ടി അഡ്വക്കേറ്റുമാരായ എം.പി.രാംനാഥ്,പി.രാജേഷ് (കോട്ടയ്ക്കൽ), എം.വർഗ്ഗീസ് വർഗ്ഗീസ്,കെ.ജെ. സെബാസ്റ്റ്യൻ,എസ്.സന്ധ്യ,ബെപിൻ പോൾ,ഷാലു വർഗ്ഗീസ്,ആൻ്റണി തരിയൻ, പൂജാ കൃഷ്ണ.കെ.ബി,ശാന്തി ജോൺ എന്നിവർ ഹാജരായി.
ചരിത്രനിമിഷത്തിന് സാക്ഷിയായി രാജ്യം;മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി
ഡൽഹി:രാജ്യത്തിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പം മോദിയുടെ നേട്ടവും ചരിത്രത്തിലിടം പിടിച്ചു.രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിനായി വൈകിട്ട് ഏഴേകാലോടെ മോദി എത്തിച്ചേർന്നിരുന്നു. 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ശുചീകരണതൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാർ വരെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ഈശ്വരനാമത്തിലായിരുന്നു മോദിയുടെ പ്രതിജ്ഞ. രണ്ടാമതായി പ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങാണ്. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നിന്നാണ് സിങ് ഇത്തവണ ജയിച്ചത്. മൂന്നാമത് പ്രതിജ്ഞ ചെയ്തത് അമിത് ഷായാണ്.ദേശീയ അദ്ധ്യക്ഷനായ ജെ.പി നദ്ദ കേന്ദ്ര മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. കൂടാതെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഇതിന് പിന്നാലെ നിർമലാ സീതാരാമനാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മോദി സർക്കാരിൽ രണ്ടാമൂഴം ഉറപ്പിച്ച് എസ് ജയശങ്കറും സത്യപ്രതിജ്ഞ ചെയ്തു. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറാണ് കാബിനറ്റിൽ ഇടംപിടിച്ച മറ്റൊരാൾ. അതിന് ശേഷം കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. മോദി സർക്കാരിന്റെ മുൻ മന്ത്രിസഭാംഗമായ പീയൂഷ് ഗോയലും മൂന്നാം മോദി സർക്കാരിൽ ഇടംപിടിച്ചു. മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ 72 അംഗങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
റിമാൽ ശക്തിപ്രാപിച്ച് രാത്രിയോടെ തീരം തൊടും;മണിക്കൂറിൽ 130 കിലോമീറ്റർ വേഗം;കൊല്‍ക്കത്തയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു, കനത്ത ജാഗ്രതാ നിര്‍ദേശം
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തിപ്രാപിച്ച് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 110 മുതല്‍ 135 കീലോമിറ്റർ വേഗതയിലാകും കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ തീര ജില്ലകളിലായിരിക്കും ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യത കൂടുതലെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്, ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍, തീരദേശ ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവയെ സാരമായി ബാധിക്കും. എന്നാല്‍, കാറ്റ് കേരളത്തിനെ ബാധിക്കില്ലെന്നാണ് നിഗമനം. കാറ്റിന്‍റെ ശക്തി ചൊവ്വാഴ്ചയോടെ കുറയും. മുൻകരുതൽ നടപടിയുടെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം താൽക്കാലികമായി അടച്ചിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്ന് ഉച്ച മുതൽ 21 മണിക്കൂർ നേരത്തേക്കാണ് കൊൽക്കത്ത വിമാനത്താവളം അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്. ഈ സമയത്ത് 394 ആഭ്യന്തര, അന്തർദേശീയ സർവീസുകളും മുടങ്ങും. സീൽദ, ഹൗറ ഡിവിഷനുകളിലെ നിരവധി ലോക്കൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ടെന്നും ചരക്കുകൾ കടത്തുന്നതും കണ്ടെയ്‌നർ പ്രവർത്തനങ്ങളും 12 മണിക്കൂർ നേരത്തേക്ക് നിർത്തി വയ്‌ക്കുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ ഫലമായി കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വൈദ്യുതി പോലുള്ള സേവനങ്ങൾ തടസപ്പെടാനും നിരവധി നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തമിഴ്‌നാട്ടില്‍ കനത്ത മഴ, കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം, 17കാരൻ മരിച്ചു
തെങ്കാശി: തെക്കൻ തമിഴ്‌നാട് ഭാഗങ്ങളില്‍ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയമുണ്ടായി.പൊടുന്നനെയുള്ള കനത്ത മലവെള്ളപ്പാച്ചിലില്‍ കാണാതായ തിരുനെല്‍വേലി സ്വദേശി അശ്വിൻ(17) മരിച്ചു.കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം ജനങ്ങള്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു അപകടം. വെള്ളം വന്നപ്പോഴേക്ക് സഞ്ചാരികള്‍ വേഗത്തില്‍ ഓടിമാറുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ ഒഴുക്കിള്‍പ്പെടുന്നത്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകട സാദ്ധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.അടുത്ത മൂന്ന് ദിവസത്തേക്ക് തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പാണ്. ഒപ്പം മണ്ണിടിച്ചിലിനുള്ള സാദ്ധ്യതാ മുന്നറിയിപ്പുമുണ്ട്. നീലഗിരി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഊട്ടിയടക്കം വിവിധ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതല്‍ 20 വരെ നിരോധിച്ചെന്ന് നീലഗിരി ജില്ലാ കളക്‌ടർ എം. അരുണ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. അഞ്ചു മണി വരെ 62.31 ആണ് പോളിങ് ശതമാനം.10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. തെലങ്കാന – 17, ആന്ധ്രാപ്രദേശ് – 25, ഉത്തർപ്രദേശ് – 13, ബിഹാർ – അഞ്ച്, ഝാർഖണ്ഡ് – നാല്, മധ്യപ്രദേശ് – എട്ട്, മഹാരാഷ്ട്ര – 11, ഒഡിഷ – നാല്, പശ്ചിമ ബംഗാള്‍ – എട്ട്, ജമ്മു കശ്മീർ – ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. 75.66 ശതമാനത്തോടെ ബംഗാള്‍ ആണ് മുന്നില്‍. 35.75 ശതമാനം മാത്രം രേഖപ്പെടുത്തിയ ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, അർജുൻ മുണ്ട, കോൺഗ്രസ് നേതാവ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ തുടങ്ങിയ പ്രമുഖർ നാലാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി;ജാമ്യം കര്‍ശന ഉപാധികളോടെ
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി. കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജരിവാള്‍ ജയില്‍ മോചിതനായത്. അൻപത് ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ കേജരിവാളിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിനു മുൻപിൽ തടിച്ചു കൂടിയിരുന്നു. പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്തുമാണ് നേതാവിനെ പ്രവർത്തകർ സ്വീകരിച്ചത്.സുപ്രീംകോടതിക്ക് നന്ദിയുണ്ടെന്നും താൻ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ തിരിച്ചു വന്നിരിക്കുന്നുവെന്നും അണികളെ അഭിസംബോധന ചെയ്ത് കേജരിവാള്‍ പറഞ്ഞു.നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ ആയിട്ടാണ് കേജരിവാള്‍ ജയിലില്‍ നിന്നും വീട്ടിലേക്ക് തിരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ജൂണ്‍ ഒന്ന് വരെയാണ് കേജരിവാളിന് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.അതേസമയം അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് തന്റെ ഓഫീസില്‍ പ്രവേശിക്കുന്നതിനടക്കം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ രണ്ടിന് തന്നെ തിഹാര്‍ ജയിലധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഭീഷണിയല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച് പ്രതികരണം നടത്തരുതെന്നും ജാമ്യോപാധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
എയര്‍ ഇന്ത്യ എക്സ്‌പ്രസ് പ്രതിസന്ധിക്ക് പരിഹാരം; പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കും; തീരുമാനം ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍
ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിക്കാൻ തീരുമാനം. ഡല്‍ഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.സിക് ലീവെടുത്ത് ഡ്യൂട്ടിയില്‍ നിന്ന് മാറി നിന്ന ജീവനക്കാർ ഉടൻ ജോലിയില്‍ തിരികെ കയറുമെന്ന് സമരം ചെയ്ത ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണിയൻ അറിയിച്ചു.പ്രതിഷേധത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കുമെന്ന് എയർലൈൻസ് മാനേജ്‌മെന്റും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരില്‍ കാബിൻ ക്രൂ അംഗങ്ങള്‍ കൂട്ട അവധി എടുത്തത്.ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങി. തുടർന്നാണ് മാനേജ്‌മന്റ് നടപടിയുമായി രംഗത്തുവന്നത്. ഡല്‍ഹി ദ്വാരകയിലെ ലേബർ ഓഫീസില്‍ നടത്തിയ ചർച്ചയില്‍ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എച്ച്‌ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധീകരിച്ച് ചർച്ചയില്‍ പങ്കെടുത്തത്.പുതിയ ജോലി വ്യവസ്ഥകള്‍ക്കെതിരെയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരെ തുല്യമായി പരിഗണിക്കുന്നതിലെ വീഴ്ചയാണ് മുഖ്യകാരണം. സീനിയർപദവിക്കായി ഇന്റർവ്യു പാസായെങ്കിലും ചില ജീവനക്കാർക്ക് താഴ്ന്ന ജോലിവാഗ്ദാനങ്ങളാണ് കിട്ടിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. നഷ്ടപരിഹാര പാക്കേജിലെ ഭേദഗതികളെയും കാബിൻ ക്രൂ അംഗങ്ങള്‍ വിമർശിക്കുന്നു.
ഗഗൻയാൻ ദൗത്യത്തിലെ അംഗങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി;നാലംഗ സംഘത്തിൽ മലയാളിയും
തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലെ അംഗങ്ങളുടെ പേരുകൾ പരസ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. നാല് പേർക്കും ആസ്ട്രോണൻ്റ് ബാഡ്ജ് പ്രധാനമന്ത്രി സമ്മാനിച്ചു.വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് സംഘത്തെ നയിക്കുക.പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരഞ്ഞെടുക്കപ്പെട്ട നാല് പേരും വ്യോമസേന പൈലറ്റുമാരാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇസ്രോ മേധാവി എസ്. സോമനാഥ്, മറ്റ് ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ 39 ആഴ്ചകളായി കഠിനമായ പരിശീലനത്തിലാണ് നാലംഗ സംഘം. 2019 അവസാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. ആദ്യം 25 പേരെ തിരഞ്ഞെടുത്തു. പിന്നീട് 12 ആയി പട്ടിക ചുരുങ്ങുകയും ഏറ്റവുമൊടുവിലായി പട്ടിക നാല് പേരിലേക്ക് ചുരുങ്ങുകയായിരുന്നു. ഇവർ നാല് പേരെയും റഷ്യയിൽ അയച്ചാണ് പരിശീലനം നൽകിയത്. തിരിച്ച് വന്നതിന് ശേഷം അഡ്വാൻസ്ഡ് പരിശീലനം ഇന്ത്യയിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി പുറത്തുവിട്ടത്.നാഷണൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് മലയാളി പ്രാശാന്ത് സേനയുടെ ഭാഗമായത്. സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാണ് അദ്ദേഹം.2025-ന്റെ രണ്ടാം പകുതിയിലാകും ഗഗൻയാൻ ദൗത്യമെന്നാണ് വിവരം. വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷമാകും മനുഷ്യരെ അയക്കുക. റോബോട്ടിനെ അയച്ച ശേഷം രണ്ട് ആളില്ലാ ദൗത്യങ്ങൾ കൂടി നടത്തും. പിന്നാലെയാകും തിരഞ്ഞെടുക്കപ്പെട്ടവരെ ബഹിരാകാശത്ത് എത്തിക്കുക.
ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം;233 മരണം; 900ത്തിലേറെ പേർക്ക് പരിക്ക്
ന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തുടർന്ന് എക്‌സ്പ്രസ് ട്രെയിനിന്റെ എട്ടോളം ബോഗികൾ മറിയുകയായിരുന്നു.പശ്ചിമ ബംഗാളിലെ ഷാലിമറിൽ നിന്ന് പുറപ്പെടുകയും ചെന്നൈയിലെ പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്.വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ടെന്നും തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നുമാണ് വിവരം. അപകടത്തിൽപ്പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. ഇതിൽ 300-പേർ റിസർവ് ചെയ്യാതെയാണ് കയറിയത്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ -മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു.
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു;വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
ന്യൂഡൽഹി:രാജ്യത്ത് രണ്ടായിരം രൂപയുടെ കറൻസി നോട്ട് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.എല്ലാ ബാങ്കുകൾക്കും ഇത് സംബന്ധിച്ച നിർദേശം ആർബിഐ നൽകിയിട്ടുണ്ട്. അതേസമയം ജനങ്ങളുടെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് ആർബിഐ വ്യക്തമാക്കി. നിലവിലുള്ള രണ്ടായിരം രൂപയുടെ നോട്ടുകൾക്ക് മൂല്യമുണ്ടാകുമെന്നും ജനങ്ങളുടെ പക്കലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ബാങ്കുകൾക്ക് കൈമാറാൻ സെപ്റ്റംബർ 30 വരെ സമയമുണ്ടെന്നും ആർബിഐ അറിയിച്ചു. പുതിയ നിർദേശപ്രകാരം 2023 സെപ്റ്റംബർ 30 വരെ മാത്രമായിരിക്കും രണ്ടായിരം രൂപാ നോട്ട് പണമിടപാടിനായി ഉപയോഗിക്കാൻ സാധിക്കുക.2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മേയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും.2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ. അറിയിച്ചു.2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിച്ചു.അന്ന് അവതരിപ്പിച്ച 2000-ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്.