ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് അവധിക്കാല ഓഫറുമായി എയർ ഇന്ത്യ. 60 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് ആഭ്യന്തര റൂട്ടിൽ 50%ഇളവ് പ്രഖ്യാപിച്ചു. കൂടുതൽ പേർക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി പ്രായപരിധി കുറച്ചിട്ടുണ്ട്. നേരത്തെ 63 വയസ്സിനും അതിനു മുകളിലും ഉള്ളവർക്കായിരുന്നു ആനുകൂല്യം നൽകിയിരുന്നത്. തെരെഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോര്ട്ട്, എയർ ഇന്ത്യ നൽകുന്ന സീനിയർ സിറ്റിസൺ കാർഡ് ഇവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഈ അനുകൂല്യത്തിനായി യാത്രക്കാർ സമർപ്പിക്കണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
നിയമം എല്ലാവർക്കും ഒരുപോലെ; ഗയ്ക്‌വാദിനെതിരെ കേന്ദ്രസർക്കാർ
ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗയ്ക്‌വാദിന് വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനികളുടെ തീരുമാനത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്രസർക്കാർ. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നു പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു വിമാനത്തിനുള്ളിൽ അക്രമം കാണിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. മർദനമേറ്റ സുകുമാർ മലയാളിയാണ്. 25 തവണ അയാളെ ചെരിപ്പുകൊണ്ട് അടിച്ചുവെന്നു ഗയ്‌ക്‌വാദ് തന്നെ അവകാശപ്പെടുകയും ചെയ്തു. ഇതേതുടർന്ന് മിക്ക വിമാനക്കമ്പനികളും രവീന്ദ്ര ഗയ്ക്‌വാദിന് വിമാന യാത്ര നിഷേധിച്ചിരുന്നു.
‘മഹാരാജ എക്‌സ്പ്രസ്’ സെപ്റ്റംബറോടെ കേരളത്തില്‍
കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര തീവണ്ടിയായ ‘മഹാരാജ എക്‌സ്പ്രസ്’ ആദ്യമായി കേരള സര്‍വീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് ഈ തീവണ്ടിയിലേത്. സെപ്റ്റംബറോടെ കേരളത്തിലെത്തുന്ന തീവണ്ടി ഇവിടെ രണ്ടു യാത്രകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മുംബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂരു, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് ഒരു യാത്ര. തിരുവനന്തപുരത്തു നിന്ന് തിരിച്ച് മഹാബലിപുരം, മൈസൂരു, ഹംപി വഴി മുംബൈയില്‍ എത്തുന്ന വിധമാണ് രണ്ടാം യാത്ര.
എറണാകുളം സൗത്തിലും തിരുവനന്തപുരത്തും ഒരു ദിവസം നിര്‍ത്തിയിടും. വിനോദസഞ്ചാരികളെ മുംബൈയിൽ നിന്ന് കേരളത്തിലേക്കും ഇവിടുന്നു തിരിച്ചും എത്തിക്കും. ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര തീവണ്ടി കാണാന്‍ പക്ഷേ, പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ടാകില്ല. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണിത്.
ഓരോ പാക്കേജായാണ് യാത്ര. നാലുലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ ചെലവ് വരും. ഭക്ഷണവും വെള്ളവും സൗജന്യമാണ്. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റസ്റ്റോറന്റുകള്‍ എന്നിവയാണ് എക്‌സ്പ്രസിലുള്ളത്. 2016-ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്‌റ്റൈല്‍ പുരസ്‌കാരം ലഭിച്ച വണ്ടിയാണിത്. 2010-ലാണ് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. 2012 മുതല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലക്ക്; ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്
ന്യൂഡൽഹി : വിമാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ടു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോകുന്ന പല വിമാനങ്ങളും വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച മുതലാണ് വിലക്ക് നിലവിൽ വന്നത്. ഭീകരർ വിമാനങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
‘വികല്‍പ്’ റെയില്‍വേയുടെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ റെയിൽവേ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതിയാണ് വികല്‍പ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ അവര്‍ പോകേണ്ട സ്ഥലത്തേക്ക് പ്രീമിയം ട്രയിനുകള്‍ ഉണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുക, എന്നതാണ് പദ്ധതിയിലുടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ അവര്‍ യാത്ര ചെയ്യുന്ന അത്രയും ദൂരം ടിക്കറ്റ് കണ്‍ഫേമായിരിക്കും. രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ, തുടങ്ങിയ ട്രയിനുകള്‍ ഒഴിഞ്ഞ സീറ്റുകളുമായി യാത്ര ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് വികല്‍പ്പ് നടപ്പിലാക്കുന്നത്.
പുതിയ പദ്ധതി പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ അതേ റൂട്ടിലേക്ക് തൊട്ടടുത്ത സമയത്ത് എത്തുന്ന മറ്റൊരു ട്രയിനിലേക്ക് നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായി പ്രത്യേകമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കാണിക്കുന്ന ഒപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി. യാത്രക്കാര്‍ക്ക് ആ ട്രയിനില്‍ ബെര്‍ത്ത് ഉറപ്പാക്കാം.
പയ്യാമ്പലം പാർക്ക്; ചർച്ച 27ന്
കണ്ണൂർ : വിനോദ നികുതിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചു പൂട്ടിയ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്ക് ഇപ്പോളും അടഞ്ഞു തന്നെ കിടക്കുന്നു. മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ കോർപറേഷൻ അധികൃതരാണ് പാർക്ക് അടച്ചു പൂട്ടിയത്. അവധിദിവസങ്ങളിലും അല്ലാത്തപ്പോൾ വൈകുനേരങ്ങളിലും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്. അടച്ചു പൂട്ടൽ വിവരം അറിയാതെ മറ്റു ജില്ലകളിൽ നിന്നുള്ളവർ ഇപ്പോളും വരാറുമുണ്ട്. അതേസമയം പ്രശ്നം പരിഹരിക്കാൻ ഈ മാസം 27ന് ചർച്ച നടത്തുമെന്ന് മേയർ പറഞ്ഞു.
ടുറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള പാർക്കിന്റെ നടത്തിപ്പിനെ ചൊല്ലി കുറെ കാലമായി കോർപറേഷനും കരാറുകാരനും തമ്മിൽ തർക്കം നിലനില്കുന്നതിനിടെയാണ് അടച്ചു പൂട്ടൽ.
ഓൺലൈൻ ടാക്സി തടയുന്നവർക്കെതിരെ ഇനി റയിൽവെയുടെ കർശന നടപടി
കൊച്ചി : യുബർ ഉൾപ്പെടെയുള്ള ഓൺലൈൻ ടാക്സികളെ തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. മുന്നറിയിപ്പ് കൊടുത്തുകൊണ്ടുള്ള ബോർഡുകൾ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു സ്ഥാപിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇത് ബാധകമാണെന്ന് അധികൃതർ പറഞ്ഞു.
തടയുന്നവരുടെ പെർമിറ്റ് റദ്ദാക്കുകയും റെയിൽവേ നേരിട് പോലീസിൽ പരാതിപ്പെടുകയും കർശന നടപടി എടുക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങളുടെ പേരിൽ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള നമ്പറും റെയിൽവേ സ്റ്റേഷനിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ബാങ്കുമായി ചേർന്നുള്ള റയിൽവെയുടെ തന്ത്രപരമായ നീക്കം
ന്യൂഡൽഹി : ജനറൽ ക്ലാസ് ടിക്കറ്റ് എടുക്കുന്നവർക്ക് ഇന്ത്യൻ റയിൽവേയുടെ പുതിയ സേവനം ഉടൻ. ജനറൽ ടിക്കറ്റ് എളുപ്പം കിട്ടാനുള്ളതാണ് ഈ പുതിയ സേവനം. ഇതോടെ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ നീണ്ട ക്യുവിൽ നിൽക്കേണ്ട അവസ്ഥ അവസാനിക്കും. 2016 ആഗസ്റ്റിൽ തുടക്കമിട്ട പദ്ധതിയുടെ അവസാന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഇന്ത്യൻ റെയിൽവേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് ഈ പുതിയ പദ്ദതിക്ക് തുടക്കമിട്ടത്. 2017 ഏപ്രിലിൽ പുതിയാവുന്ന പദ്ധതിയുടെ ട്രയൽ ഉടൻ തന്നെ കൊണ്ടുവരുമെന്നാണറിയുന്നത്.
കണ്ണൂരില്‍ നിന്നും തുടക്കം സര്‍വ്വീസ് നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്ക്
കണ്ണൂർ: കണ്ണൂരില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് പറന്ന പ്രവാസികള്‍ക്കും ഇനിയങ്ങോട്ട് ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്കും, അവിടെ നിന്ന് തിരിച്ച് നാട്ടിലേക്ക് തിരികെയെത്തുന്നവര്‍ക്കും ഒരു സന്തോഷവാര്‍ത്തയുണ്ട്.കേരളത്തിന്റെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമാകാന്‍ ഒരുങ്ങുന്ന കണ്ണൂരില്‍ നിന്നും തുടക്കം സര്‍വ്വീസ് നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടാണ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിപെടാനുള്ള ഇവരുടെ മണിക്കൂറുകള്‍ കുറഞ്ഞുകിട്ടും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തുടക്കത്തില്‍ പത്ത് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതിയ്ക്കായാണ് കണ്ണൂര്‍ കാത്തിരിക്കുന്നത്. നേരത്തെ വിദേശത്തും സ്വദേശത്തുമുള്ള വിമാന കമ്പനികളുമായി കിയാല്‍ ചര്‍ച്ച നടത്തിയതാണ്. ഈ ചര്‍ച്ചയില്‍ അനുകൂല നിലപാടുകളാണ് കമ്പനികള്‍ കൈക്കൊണ്ടതെന്നും കിയാല്‍ അറിയിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരിലേറെയും വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ്. ഇവരെല്ലാം ആശ്രയിക്കുന്നതാകട്ടെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ്. കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഇവരുടെ ഗള്‍ഫ് രാജ്യങ്ങളിക്കുള്ള പറക്കല്‍ എളുപ്പമാവും.