ലണ്ടൻ:ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ലണ്ടനില്‍ തുടക്കമായി.ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഇന്നിറങ്ങുമ്പോൾ അത് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ടീം ആദ്യമായി ആയിരമെന്ന മാന്ത്രിക സംഖ്യയിലെത്തിയെന്ന ചരിത്രം. ഇംഗ്ലണ്ടില്‍ മോശം റെക്കോഡുള്ള ഇന്ത്യക്ക് അഞ്ച് ടെസ്റ്റുകളുള്ള പരമ്പര വെല്ലുവിളിയാകും. എന്നാല്‍ ചരിത്ര ടെസ്റ്റിന് ഇംഗ്ലണ്ടിറങ്ങുമ്പോൾ ചരിത്രം തിരുത്താനുറച്ചാണ് വിരാട് കോലിയും സംഘവും ഇന്നിറങ്ങുക. ശിഖര്‍ ധവാനും രവിചന്ദ്ര അശ്വിനും ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചപ്പോള്‍ ചേതേശ്വര്‍ പൂജാരയും കുല്‍ദീപ് യാദവും പുറത്തായി.മുഹമ്മദ് ഷമി, ഉമേശ് യാദവ്, ഇശാന്ത് ശര്‍മ്മ എന്നിവരാണ് പേസ് ബൗളര്‍മാര്‍. കെഎല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍. ഒടുവിൽ റിപ്പോർട് കിട്ടുമ്പോൾ 28 ഓവറില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 83 റണ്‍സ് എന്ന നിലയിലാണ്. 13 റണ്‍സെടുത്ത ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അശ്വിന്റെ മനോഹരമായ പന്തില്‍ കുക്ക് സ്റ്റംമ്ബ് ഔട്ടായി മടങ്ങുകയായിരുന്നു.
ലോകകപ്പിൽ മുത്തമിട്ട് ഫ്രാൻസ്
മോസ്‌കോ:ഗോള്‍ മഴയ്ക്ക് ഒടുവില്‍ ലോകകീരിടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. കലാശപ്പോരാട്ടത്തില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് ഇരുപത് വര്‍ഷത്തിന് ശേഷം തങ്ങളുടെ രണ്ടാം സുവര്‍ണകിരീടത്തില്‍ മുത്തമിട്ടത്.ആന്റോയ്ന്‍ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കൈലിയന്‍ എംബാപെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മരിയോ മന്‍സൂക്കിച്ചിന്റെ ഒരു സെല്‍ഫ് ഗോളും ഫ്രഞ്ച് വിജയത്തിൽ നിര്‍ണ്ണായകമായി.ഇവാന്‍ പെരിസിച്ച്, മരിയോ മന്‍സൂക്കിച്ച് എന്നിവരുടെ വകയായിരുന്നു പതിനെട്ടാം മിനിറ്റില്‍ മന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.ബോക്‌സിന് തൊട്ട് പുറത്ത് നിന്നും ആന്റോയിന്‍ ഗ്രീസ്മാന്‍ എടുത്ത മനോഹരമായ ഫ്രീകിക്ക് മന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ എത്തുകയായിരുന്നു. എന്നാല്‍ 28ആം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് നേടിയ മിന്നല്‍ ഗോളിലൂടെ ക്രൊയേഷ്യ ഒപ്പത്തിനൊപ്പം എത്തി.സ്‌കോര്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ ആക്രമിച്ച് കളിക്കാന്‍ ഫ്രാന്‍സ് നിര്‍ബന്ധിതരായി. 38ആം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്.രണ്ടാം പകുതിയുടെ തുടക്കത്തിലും നിരന്തരം ആക്രമണങ്ങളിലൂടെ ഫ്രഞ്ച് പടയുടെ ബോക്‌സിനുള്ളില്‍ നിരന്തരം ഭീഷണിയുയര്‍ത്താന്‍ ക്രൊയേഷ്യയ്ക്കായി. സമനില ഗോളിനായി ക്രൊയേഷ്യ ശ്രമിക്കുന്നതിനിടെ 59ആം മിനിറ്റില്‍ പോഗ്ബയുടെ മിന്നല്‍ ഗോളിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് വര്‍ദ്ധിപ്പിച്ചു. മൂന്നാം ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്ബേ എംബാപെയിലൂടെ ഫ്രാന്‍സ് നാലാം ഗോള്‍ ക്രൊയേഷ്യയുടെ വലയിലെത്തിച്ചു.എന്നാല്‍ അധികം വൈകാതെ മറിയോ മന്‍സൂക്കിച്ചിലൂടെ ക്രൊയേഷ്യ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി.രണ്ടാം ഗോള്‍ നേടിയതോടെ ഉണര്‍ന്ന് കളിച്ച ക്രൊയേഷ്യ പ്രതിരോധം ശക്തിപ്പെടുത്തി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയ്ക്ക് ഫ്രഞ്ച് പദവിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
ഫ്രാൻസോ ക്രൊയേഷ്യയോ?ലോകകപ്പ് ഫുട്ബോളിലെ കലാശക്കൊട്ട് ഇന്ന്
മോസ്‌കോ:ലോകകപ്പ് ഫുട്ബാൾ കലാശക്കൊട്ട് ഇന്ന്.വിശ്വകിരീടത്തിനായി ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം.32 ടീമുകള്‍, 63 മത്സരങ്ങള്‍, 30 നാള്‍ നീണ്ട കാല്‍പന്തിന്റെ മഹാമേളക്ക് തിരശ്ശീല വീഴുകയാണ്. ഇനിയുള്ളത് ലോകഫുട്ബോളിന്റെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം.രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഫ്രാൻസ് ഇന്നിറങ്ങുക. ക്രൊയേഷ്യയാകട്ടെ ആദ്യമായി കപ്പുയർത്താനുള്ള പുറപ്പാടിലുമാണ്. താരസമ്പന്നമാണ് ഫ്രാന്‍സ്.വേഗതയും കരുത്തും സമ്മേളിക്കുന്ന യുവനിര.ഫുട്ബോള്‍ വിദഗ്ധരുടെ പ്രവചനങ്ങളധികവും സിദാന്റെ പിന്മുറക്കാര്‍ക്കൊപ്പമാണ്.തുടക്കം പ്രതിരോധിച്ച്, എതിര്‍ തന്ത്രം മനസിലാക്കി അവരുടെ ബലഹീനതകള്‍ മുതലാക്കി കളി കൈപ്പിടിയിലൊതുക്കുന്ന രീതിയാണ് ഫ്രാന്‍സിന്റേത്. ലീഡ് നേടിയ ശേഷം അത് നിലനിർത്താനും അവര്‍ക്ക് സാധിക്കുന്നുണ്ട്. ബോക്സിലേക്ക് ഇരച്ചുകയറി, ഭീഷണി വിതയ്ക്കുന്ന എബാപെയായിരിക്കു ഫ്രാന്‍സിന്റെ വജ്രായുധം. പക്ഷെ, കടലാസിലെയും കണക്കിലെയും കരുത്തിലല്ല കാര്യമെന്ന് തെളിയിച്ചവരാണ് ക്രൊയേഷ്യ. ഈ ലോകകപ്പില്‍ കളിച്ച് തന്നെ ഫൈനലിലെത്തിയവരാണ് ക്രൊയേഷ്യ.ഫൈനലിലിറങ്ങുമ്ബോള്‍ ക്രൊയേഷ്യയുടെ കരുത്ത് അവരുടെ ഭാവനാസമ്പന്നമായ മധ്യനിരയില്‍ തന്നെയാണ്. നായകന്‍ ലൂക്കാ മോഡ്രിച്ചും ഉപനായകന്‍ ഇവാന്‍ റാക്കിറ്റിച്ചും കളിയുടെ നിയന്ത്രണം കാലുകളില്‍ കൊരുത്താല്‍ ലോകകപ്പ് ക്രൊയേഷ്യയിലേക്ക് നീങ്ങും. സെമിയില്‍ സൂപ്പര്‍ ജോഡി ഒന്ന് നിറം മങ്ങിയപ്പോള്‍ പകരം രക്ഷകവേഷം ധരിച്ചെത്തിയ മരിയോ മന്‍സൂക്കിച്ച്, ഇവാന്‍ പെരിസിച്ച്, സിമെ വ്രസാല്‍ക്കോ ഇവര്‍ക്കൊപ്പം, ഗോള്‍വലയ്ക്ക് മുന്നിലെ അതികായന്‍ ഡാനിയല്‍ സുബാസിച്ചും ചേരുമ്പോൾ ക്രൊയേഷ്യ കരുത്തരാണ്.
ചരിത്രം കുറിച്ച് ക്രൊയേഷ്യ വേൾഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ
മോസ്‌കോ:ലോകകപ്പ് ഫുടബോളിന്റെ ചരിത്രത്തിൽ ആദ്യമായി സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ക്രൊയേഷ്യ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെയാണ് ക്രൊയേഷ്യ നേരിടുക.അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് സമനില നേടി. നിശ്ചിത സമയത്ത് ഇരുടീമുകളും തുല്യത പാലിച്ചതോടെതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.എക്സ്ട്രാ ടൈമിലെ അധികസമയത്ത് മരിയോ മാന്‍ഡ്യുകിച്ച് നേടിയ ഗോളിലൂടെയായിരുന്നു ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിനുള്ള കലാശപ്പോരിന് യോഗ്യത നേടിയത്. ക്രൊയേഷ്യക്കെതിരേ ഇംഗ്ലണ്ട് തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. മല്‍സത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ കിറെന്‍ ട്രിപ്പിയറുടെ തകര്‍പ്പന്‍ ഫ്രീകിക്കില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് പിന്നീിട് ഉള്‍വലിയുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാംപകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ട് ക്രൊയേഷ്യക്ക് ആക്രമിച്ചു കളിക്കാനുള്ള എല്ലാ പഴുതുകളും നല്‍കുകയായിരുന്നു. പ്രതിരോധത്തിനൊപ്പം തങ്ങളുടെ മുന്‍ മല്‍സരങ്ങളിലെ ശൈലിയില്‍ ഇംഗ്ലണ്ട് കളിച്ചിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. ഈ ഘടകങ്ങളെല്ലാം ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണമായി.ഒന്നാംപകുതിയില്‍ അല്‍പ്പം പിന്നില്‍ പോയെങ്കിലും രണ്ടാംപകുതിയിലും കളിയുടെ അധികസമയത്തും മികച്ച കളി കാഴ്ചവെച്ച ക്രൊയേഷ്യ അര്‍ഹിച്ച വിജയമായിരുന്നു ഇംഗ്ലണ്ടിനെതിരേ നേടിയത്.പന്തടക്കത്തിനൊപ്പം മികച്ച ആക്രമണാത്മക ഫുട്ബോളും മല്‍സരത്തില്‍ ക്രൊയേഷ്യക്ക് പുറത്തെടുക്കാനായി. സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിനെ ഇംഗ്ലീഷ് പ്രതിരോധനിര പൂട്ടിയെങ്കിലും ഇവാന്‍ പെരിസിച്ച് കളംനിറഞ്ഞു കളിച്ചത് ക്രൊയേഷ്യയുടെ വിജയത്തിലെ പ്രധാന കാരണമായി.
ഫ്രാൻസ് ഫൈനലിൽ
മോസ്‌കോ:ലോകകപ്പ് ഫുട്ബോളിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ കടന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. അന്‍പത്തിയൊന്നാം മിനിറ്റില്‍ ഗ്രീസ്മാന്‍ നല്‍കിയ കോര്‍ണര്‍ കിക്കിലൂടെ സാമുവല്‍ ലുങ്റ്റിറ്റിയാണ് ഗോള്‍ നേടിയത്.ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ രണ്ടാം സെമി ഫൈനല്‍ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും.ഇത് മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.അവസാന നിമിഷം വരെ ആവേശം അലയടിച്ച മത്സരത്തില്‍ ഇരു ടീമുകളുടേയും ഇഞ്ചോടിഞ്ച് മത്സരത്തിനാണ് സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് ഇന്നലെ സാക്ഷിയായത്.നിര്‍ണായക മത്സരത്തില്‍ പ്രതിരോധത്തിന് മുതിരാതെ ഇരുടീമും ആക്രമണഫുട്ബാള്‍ തന്നെ തുടക്കം മുതല്‍ പുറത്തെടുത്തപ്പോള്‍ മത്സരം ആവേശത്തിര ഉയര്‍ത്തി. ഇരു ഗോള്‍മുഖത്തേക്കും അപകട ഭീഷണി ഉയര്‍ത്തി തുടരെ പന്തുകള്‍ എത്തിക്കൊണ്ടിരുന്നു. ആദ്യ പകുതിയില്‍ ഫ്രാന്‍സായിരുന്നു ആക്രമണത്തില്‍ അല്‍പം മുന്നില്‍. ബെല്‍ജിയവും വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 51 ആം മിനിറ്റില്‍ ബെല്‍ജിയത്തെ ഞെട്ടിച്ചു കൊണ്ട് ഉംറ്റിറ്രിയുടെ ഗോളില്‍ ഫ്രാന്‍സ് ഫൈനല്‍ ഉറപ്പിച്ച ഗോള്‍ നേടി. പ്ലേമേക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്റെ തകര്‍പ്പന്‍ ക്രോസ് അതിമനോഹരമായൊരു ഹെഡ്ഡറിലൂടെ ഉംറ്റിറ്രി വലയിലാക്കുകയായിരുന്നു.തുടര്‍ന്ന് സമനില്ക്കായി ബെല്‍ജിയം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫ്രഞ്ച് ഗോള്‍ മുഖത്ത് ഹ്യൂഗോ ലോറിസ് വന്‍മതില്‍ തീര്‍ത്തു. മറുവശത്ത് ഫ്രാന്‍സിന്റെ തുടര്‍ ആക്രമണങ്ങള്‍ കൗര്‍ട്ടോയിസും തടുത്തു.
ലോകകപ്പ് ഫുട്ബോളിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ന് ഫ്രാൻസ്-ബെൽജിയം പോരാട്ടം
മോസ്‌കോ:ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ നിർണയിക്കുന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ഫ്രാൻസും ഇതുവരെ ഫൈനൽ കളിച്ചിട്ടില്ലാത്ത ബെൽജിയവും നേർക്കുനേർ വരുന്നു.ഫൈനലിന് മുൻപുള്ള ഫൈനൽ എന്ന് ഇവർ തമ്മിലുള്ള പോരാട്ടത്തെ വിശേഷിപ്പിക്കാം.പരിചയ സമ്പത്താണ് ബെൽജിയത്തിലെ ശക്തി.യുവത്വമാണ് ഫ്രാൻസിന്റെ കരുത്ത്.ക്വാര്‍ട്ടറില്‍ നിന്ന് മാറ്റങ്ങളുമായാകും ഇരു സംഘങ്ങളും മൈതാനത്തിറങ്ങുക. സസ്പെന്‍ഷനിലായിരുന്ന മാറ്റ്യൂഡി ഫ്രാന്‍സ് നിരയില്‍ തിരിച്ചെത്തിയേക്കും. ടോളീസോ പകരക്കാരനാകും. ബ്രസീലിന്റെ ഗോള്‍ ശ്രമങ്ങളെ മുളയിലേ നുള്ളിയ ഫെല്ലെയ്നി ബെല്‍ജിയത്തിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കരാസ്കോ തിരിച്ചെത്തും. സസ്പെന്‍ഷനിലായ മുന്യീറിന് കളിക്കാനാകില്ല. പകരം തോമസ് വെര്‍മെയ്‌ലന്‍ പ്രതിരോധത്തില്‍ ഇറങ്ങും.മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങുമ്പോൾ വിജയത്തില്‍ കുറഞ്ഞൊന്നും ഇരു സംഘങ്ങള്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. രാത്രി പതിനൊന്നരക്കാണ് മത്സരം നടക്കുക.
ലോകകപ്പ് ഫുട്ബോൾ ബ്രസീലിനെ തകർത്ത് ബെൽജിയം സെമിയിൽ
കസാൻ:ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് ബെൽജിയം സെമിയിൽ കടന്നു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്‍റെ ജയം.ഫെർണാണ്ടീഞ്ഞോയുടെ സെല്ഫ് ഗോളിൽ പതിമൂന്നാം മിനിറ്റിൽ മുൻപിലെത്തിയ ബെൽജിയത്തിനായി മുപ്പത്തിയൊന്നാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ ലീഡ് ഉയർത്തി. കളിയിലെ ആധിപത്യം നിലനിര്‍ത്താനായിരുന്നു രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിന്റെ ശ്രമം. എന്നാല്‍ ഗോള്‍ മടക്കാനുള്ള തത്രപ്പാടിലായിരുന്നു ബ്രസീല്‍. മുന്നേറ്റങ്ങളും ഷോട്ടുകളും അനവധി ബെല്‍ജിയത്തിന് നേര്‍ക്ക് ബ്രസീലിയന്‍ പട തൊടുത്തെങ്കിലും നിര്‍ഭാഗ്യവും കുര്‍ട്ടോയ്സിന്റെ മിന്നല്‍ സേവുകളും കാനറികള്‍ക്ക് ഗോള്‍ നിഷേധിച്ചുകൊണ്ടേയിരുന്നു. 76 ആം മിനിറ്റില്‍ അഗസ്റ്റോ ബ്രസീലിന്റെ രക്ഷകനായെത്തി. കുട്ടീന്യോ ബോക്സിനുള്ളില്‍ നിന്ന് ഉയര്‍ത്തിയിട്ട് നല്‍കിയ പാസില്‍ നിന്ന് നെല്ലിട തെറ്റാതെ റെനാറ്റോ ആഗസ്റ്റോ പന്ത് ബെല്‍ജിയത്തിന്റെ വലയിലേക്ക് കുത്തിയിട്ടു. പൌളീഞ്ഞോയുടെ പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിലാണ് അഗസ്റ്റോയുടെ ഗോള്‍.അവസാന മിനിറ്റ് വരെ സമനില ഗോളിനായി ബ്രസീല്‍ പൊരുതിയെങ്കിലും ജീവൻ രക്ഷിക്കാൻ ബ്രസീലിനായില്ല. 93 ആം മിനിറ്റില്‍ നെയ്മര്‍ ക്രോസ് ബാറിന് തൊട്ടുരുമി നല്‍കിയ ഷോട്ട് കുര്‍ട്ടോയ്സ് വിരല്‍ കൊണ്ട് പുറത്തേക്ക് തള്ളിയകറ്റിയതോടെ കാനറികളുടെ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. ഒടുവില്‍ മൂന്നു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ബെല്‍ജിയം ലോകകപ്പിന്റെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.
ലോകകപ്പ് ഫുട്ബോൾ;സ്പെയിനിനെ തകർത്ത് റഷ്യ ക്വാർട്ടറിൽ
റഷ്യ:അത്യന്തം ആവേശം നിറഞ്ഞ റഷ്യ-സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യക്ക് ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ആതിഥേയര്‍ വിജയക്കൊടിപ്പാറിച്ചത്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്.ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്.ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി(1-1). സെല്‍ഫ് ഗോളിലൂടെയാണ് സ്‌പെയിന് ഗോളെത്തിയത്. സ്‌പെയിന്‍ നായകന്‍ റാമോസിനെ മാര്‍ക്ക് ചെയ്യുന്നതിനിടെയുണ്ടായ വീഴ്ചയില്‍ വന്ന പന്ത് റഷ്യയുടെ സെര്‍ജി ഇഗ്നാസേവിച്ചിന്റെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.
ലോകകപ്പ് ഫുട്ബോൾ;ഫ്രാൻസിനോട് തോറ്റ് അർജന്റീന പുറത്ത്
റഷ്യ:റഷ്യന്‍ ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന് ജയം. അര്‍ജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് എത്തിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി. ഗ്രീസ്മാന്‍, പവാര്‍ഡ്, എന്നിവരുടെ വകയായിരുന്നു മറ്റു രണ്ട് ഗോളുകള്‍. അര്‍ജന്റീനക്ക് വേണ്ടി ഡിമരിയ, മെര്‍ക്കാഡോ, അഗ്യൂറോ എന്നിവര്‍ സ്‌കോര്‍ ചെയ്തു. അത്യന്തം ആവേശം നിറഞ്ഞതായിരുന്നു അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടം.പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനോട് പരാജയം ഏറ്റുവാങ്ങിയ അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായി.മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഗോളെന്നുറച്ച ഒരവസരം മെസിയും മാക്‌സിമിലിയാനോ മെസയും പാഴാക്കിയത് അവര്‍ക്ക് തിരിച്ചടിയായി. ഫ്രാന്‍സ് കിക്കോഫ് ചെയ്‌ത മത്സരത്തിന്റെ ആദ്യപകുതിയില്‍ പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയത് അര്‍ജന്റീനയാണ്. ആദ്യ 45 മിനിറ്റില്‍ 63 ശതമാനമായിരുന്നു അവരുടെ ബോള്‍ പൊസെഷന്‍. എന്നാല്‍ പന്തുമായി ഫ്രഞ്ച് ബോക്‌സിനുള്ളിലേക്കു കടന്നുകയറുന്നതില്‍ അര്‍ജന്റീന പരാജയപ്പെട്ടു. ആദ്യ പകുതി ഒരോ ഗോള്‍വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു(1-1). പെനാല്‍റ്റിയിലൂടെ ഫ്രാന്‍സാണ് ആദ്യം ഗോള്‍ നേടിയത്. പതിമൂന്നാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ എംബാപ്പയെ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിച്ചത്.പൊരുതിക്കളിച്ച അര്‍ജന്റീനക്ക് ലക്ഷ്യം കാണാന്‍ 41 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 25വാര അകലെനിന്നായിരുന്നു ഡിമരിയയുടെ കിടിലന്‍ കിക്ക്. ഇൌ ഗോളില്‍ അര്‍ജന്റീന ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തി.48 ആം മിനിറ്റിൽ മിനുറ്റില്‍ സൂപ്പര്‍ താരം മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്.എന്നാല്‍ അര്‍ജന്റീനയുടെ ഈ ലീഡിന് അല്‍പായുസെ ഉണ്ടായിരുന്നുള്ളൂ.57 ആം മിനുറ്റില്‍ പവാര്‍ഡ് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. ലൂക്കാസ് ഹെര്‍ണാണാണ്ടോസിന്റെ ക്രോസിലായിരുന്നു പവാര്‍ഡിന്റെ അത്യുഗ്രന്‍ ഗോള്‍. 64 ആം മിനുറ്റില്‍ എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റുള്ളില്‍ എംബാപ്പെ വീണ്ടും അര്‍ജന്റീനയുടെ വലകുലുക്കി. ഇതോടെ അര്‍ജന്റീന പരാജയം മണത്തു. എന്നാല്‍ അവസാനം അര്‍ജന്റീനക്കായി അഗ്യൂറോ ഒരു ഗോള്‍ കൂടി നേടി ഭാരം കുറച്ചു.
ലോകകപ്പ് ഫുട്ബോൾ;മുൻ ചാമ്പ്യന്മാരായ ജർമ്മനി പുറത്ത്
കസാൻ:ഫിഫ ലോകകപ്പ് ഫുട്‍ബോളിൽ നിന്നും മുൻ ചാമ്പ്യന്മാരായ ജർമ്മനി പുറത്ത്.സൗത്ത് കൊറിയക്കെതിരായ മത്സരത്തില്‍ 2-0 ന് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്. 90 മിനുട്ടും കഴിഞ്ഞുള്ള എക്‌സ്ട്രാ ടൈമില്‍ സൗത്ത് കൊറിയ നേടിയ രണ്ടു ഗോളുകളാണ് ജര്‍മനിയുടെ വിധിയെഴുതിയത്. കളിയുടെ 96 ആം മിനിറ്റിൽ കിം യുംഗ്വോണും സൺ ഹിയുംഗ്മനിനും ആണ് കൊറിയയുടെ ചരിത്ര ഗോളുകൾ നേടിയത്.ജയമല്ലാതെ മറ്റൊന്നും ജര്‍മ്മനിക്ക് മുന്നിലില്ലായിരുന്നു. കഴിഞ്ഞ കളിയിലെ വിജയടീമില്‍ നിന്ന് മാറ്റങ്ങളോടെയാണ് ജര്‍മ്മനി കളത്തിലെത്തിയത്.ദക്ഷിണകൊറിയന്‍ ബോക്‌സില്‍ നിരന്തരം ജര്‍മ്മന്‍ മുന്നേറ്റം എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.ദക്ഷിണകൊറിയ വിട്ടുകൊടുക്കാന്‍ ഒട്ടും തയ്യാറല്ലായിരുന്നു. അവരും പൊരുതി. ജര്‍മ്മന്‍ പ്രതിരോധത്തെ മാത്രമല്ല ഗോളിയേയും കൊറിയക്ക് മറികടക്കേണ്ടതായിരുന്നു. പക്ഷേ രണ്ടിനും ഇഞ്ച്വറി ടൈമിന്റെ അവസാനം വരെ കഴിഞ്ഞില്ല. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ കൊറിയയുടെ ഗോളുകള്‍ എത്തി. ഇതോടെ ചാമ്പ്യന്മാര്‍ പുറത്തായി.