സതാംപ്റ്റൺ:ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് താരത്തിന്‍റെ വിരലിനാണ് കൊണ്ടത്. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും.വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. നിലവില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ടിലും വിജയിച്ച് നാല് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് ധവാന് ടീമില്‍ തിരിച്ചെത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം ധവാന് പകരം ഋഷഭ് പന്തിനെ ടീമിലെടുക്കാനാണ് സാധ്യത. കെ.എല്‍.രാഹുല്‍ ആയിരിക്കും രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്നും സൂചനകളുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശിഖര്‍ ധവാന്റെ അസാന്നിധ്യം ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം.2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്‌സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്ബോഴും ടീമിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു.2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി മാറിയ കളിക്കാരനാണ് യുവരാജ് സിങ്.
ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയ്ക്ക് രണ്ടാം ജയം
സതാംപ്റ്റൻ:ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയ്ക്ക് രണ്ടാം ജയം.ഓസീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനു നിശ്ചിത ഓവറില്‍ എല്ലാവരുടെയും വിക്കറ്റ് നഷ്ടമായി.നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. ഇന്ത്യക്കായി ശിഖര്‍ ധവാന്‍ (117) സെഞ്ചുറിയും വിരാട് കോഹ്ലി( 82) രോഹിത് ശര്‍മ( 57) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറിയും പാണ്ഡ്യ 48 റണ്‍സും നേടി.ഓസീസിനായി സ്റ്റീവ് സ്മിത്ത്(70 പന്തില്‍ 69), വാര്‍ണര്‍(84 പന്തില്‍ 56) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.ഓപ്പണിങ് കൂട്ടുകെട്ടില്‍ സ്കോര്‍ 61ല്‍ എത്തിനില്‍ക്കേ 36 റണ്‍സ് എടുത്ത് ഫിഞ്ച് പുറത്തായെങ്കിലും വാര്‍ണറും സ്മിത്തും ചേര്‍ന്ന് കളി മുന്നോട്ടു കൊണ്ടുപോയി. വാര്‍ണര്‍ 56 റണ്‍സെടുത്ത് 24ആം ഓവറില്‍ പുറത്തായെങ്കിലും പിന്നീടെത്തിയ ഉസ്മാന്‍ ഖവാജ 39 പന്തില്‍ 42 റണ്‍സെടുത്ത് സ്മിത്തിന് മികച്ച പിന്തുണ നല്‍കി. 36ആം ഓവറില്‍ ബുംറയുടെ പന്തില്‍ ഖവാജ പുറത്തായെങ്കിലും പിന്നീടെത്തിയ മാക്‌സ്‌വെല്‍ സ്മിത്തുമായി ചേര്‍ന്ന് സ്കോറിങ് വേഗം ഉയര്‍ത്തി. ഒരുഘട്ടത്തില്‍ ഓസീസ് ജയിക്കുമെന്ന് നിലയിലെത്തിയപ്പോളാണ് ഭുവനേശ്വര്‍ കുമാറിന്റെ 39ആം ഓവറില്‍ സ്മിത്തും ആറാമനായി ഇറങ്ങിയ സ്റ്റോയ്‌നിസും(2 പന്തില്‍ ൦) പുറത്താകുന്നത്. തൊട്ടടുത്ത ഓവറില്‍ മാക്സ്‌വെല്ലിനെ(14 പന്തില്‍ 28) യുസ്‌വേന്ദ്ര ചഹല്‍ പുറത്താക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു.അവസാന ഓവറുകളില്‍ അലക്സ് കാരെ പുറത്താകാതെ (35 പന്തില്‍ 55) രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ഓസീസിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കായി ബുംറ, ബുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്നും ചഹല്‍ രണ്ടും വിക്കറ്റ് നേടി.
ലോകകപ്പ് ക്രിക്കറ്റ്;ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം
സതാംപ്‌ടണ്‍: രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.228 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.സെഞ്ചുറിയോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ (22) പിന്തള്ളി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി.സച്ചിന്‍ (49), കോലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ രോഹിതിന് മുന്നിലുള്ളത്.
നേരത്തെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 13-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ റബാദ മടക്കി (8). പിന്നാലെ 34 പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 139-ല്‍ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 റണ്‍സെടുത്ത രാഹുലിനെ റബാദ മടക്കി.പിന്നീട് ക്രീസില്‍ ധോനിക്കൊപ്പം രോഹിത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് സമ്മാനിച്ച് ധോനി (34) മടങ്ങി. നാലാം വിക്കറ്റില്‍ രോഹിത് – ധോനി സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 15റണ്‍സുമായി പുറത്താകാതെ നിന്നു.നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് മാത്രമാണ് നേടാനായത്.
ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യയുടെ ആദ്യമത്സരം ഇന്ന്
സതാംപ്റ്റൺ:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ആദ്യമത്സരത്തിനിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് ആദ്യമത്സരത്തിൽ ഇന്ത്യയുടെ എതിരാളി.ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.വിജയക്കൊടി പാറിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് പോരിനിറങ്ങുന്നത്.അതേസമയം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള വിജയശതമാനം വിരാട് കോലിക്കും സംഘത്തിനും അത്ര ആത്മവിശ്വാസം പകരുന്നതല്ല.ഇരുടീമുകളും ഇതുവരെ 4 തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 2011ല്‍ ഇന്ത്യ നേടിയ ലോകകപ്പില്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ വീണുപോയിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്താനുള്ള ദൃഡനിശ്ചയത്തിലാണ് കോലിയും സംഘവും.
ലോകകപ്പ് സന്നാഹ മത്സരം;ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
ഇംഗ്ലണ്ട്:ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ ഇന്ത്യ ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. ന്യൂസിലൻഡിനോട് തോറ്റ ആദ്യ സന്നാഹ മത്സരത്തിൽ കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ താളം കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഇന്റര്‍നാഷണല്‍ മിലിട്ടറി സ്‌പോര്‍ട്ട്‌സ് ഇവന്റ്; ചരിത്രത്തിലാദ്യമായി ഇന്ത്യ വേദിയൊരുക്കും
ന്യൂഡൽഹി:ഇന്റര്‍നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ ഭാഗമായി നടക്കുന്ന ഗെയിംസിനു വേദിയൊരുക്കാന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കും അവസരം.പത്ത് രാജ്യങ്ങളിലായി നടക്കുന്ന ഗെയിംസിലെ ചില മത്സര ഇനങ്ങള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്. രാജസ്ഥാനിലെ ജെയ്‌സാല്‍മറിലാണ് മിലിട്ടറി ഗെയിംസിനു വേദിയൊരുക്കുന്നത്. ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന്റെ സംഘാടന ചുമതല റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനാണ്.റഷ്യ, ചൈന, ഇറാന്‍, മംഗോളിയ, ബലാറസ്, കസാഖ്സ്ഥാന്‍, അര്‍മേനിയ, ബലാറസ്, ഉസ്‌ബെക്കിസ്ഥാന്‍, അസര്‍ബെയ്ജാന്‍ എന്നിവയാണ് ഗെയിംസിന് ഭാഗമാകുന്ന മാറ്റ് രാജ്യങ്ങൾ.ഇന്റര്‍ നാഷണല്‍ മിലിട്ടറി സ്പോര്‍ട്ട്സ് ഇവന്റിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.32 രാജ്യങ്ങളാണ് മിലിട്ടറി ഗെയിംസില്‍ പങ്കെടുക്കുന്നത്.ജൂലൈ 24 മുതല്‍ ആഗസ്റ്റ് മാസം 17 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ പി.യു. ചിത്രയ്ക്ക് സ്വര്‍ണം
ദോഹ:ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അഭിമാന താരമായ പി.യു.ചിത്ര സ്വര്‍ണം നേടി. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കണ്ടില്‍ ഫിനിഷ് ചെയ്താണ് താരം കേരളത്തിന്റെ അഭിമാനം കാത്തത്.പക്ഷേ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വര്‍ണം നേടിയത്. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്ബ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വര്‍ണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്.
ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും
മുംബൈ:ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും.മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ടീം അംഗങ്ങളെ പ്രഖ്യാപിക്കുന്നത്.മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.ലോകകപ്പിന്റെ ഫൈനല്‍ ജൂലൈ പതിനാലിന് ലോര്‍ഡ്സില്‍ വെച്ചാണ് നടക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്.ജൂണ്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ജൂണ്‍ 9ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ,13ന് ന്യൂസിലന്‍ഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് ഇന്ത്യ പാകിസ്ഥാനെയും നേരിടും.ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റന്‍ഡീസ് എന്നീ പത്ത് ടീമുകളാണ് ലോകകപ്പില്‍ പോരാട്ടത്തിനിറങ്ങുന്നത്.
ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽ കടക്കുന്ന ആദ്യ കണ്ണൂരുകാരനായി വരുൺ നായനാർ
കണ്ണൂർ:ജില്ലയ്ക്ക് അഭിമാനമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടിവാതിൽ കടക്കുന്ന ആദ്യ കണ്ണൂരുകാരനായി വരുൺ നായനാർ.അണ്ടർ 19 ദേശീയ ടീമിലേക്കാണ് വരുൺ തിരഞ്ഞെടുക്കപ്പെട്ടത്.ഈ മാസം 20 ന് തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ചതുർദിന മത്സരത്തിൽ വരുൺ ഇന്ത്യൻ കുപ്പായമണിയും.അതിനു ശേഷം ഇതേ വേദിയിൽ ഇതേ ടീമുമായി മറ്റൊരു മത്സരം കൂടിയുണ്ട്.അണ്ടർ 14 കേരള ടീമിന്റെ നായകസ്ഥാനത്തേക്ക് രണ്ടാം തവണയുമെത്തിയ വരുൺ ഈ വർഷം കേരളത്തിന്റെ അണ്ടർ 19 ടീമംഗമായി അധികം വൈകാതെയാണ് ദേശീയ ടീമിലേക്കുമെത്തുന്നത്.ഉത്തരമേഖലാ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ കാസർകോഡിനെതിരെ മിന്നുന്ന പ്രകടനവുമായി കണ്ണൂരിനെ പ്രതിനിധീകരിച്ചാണ് വരുണിന്റെ അരങ്ങേറ്റം.കാസർകോടിനും കോഴിക്കോടിനുമെതിരെയുള്ള പ്രകടനം കണ്ടാണ് വരുൺ ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യതയുണ്ടെന്ന് കേരള രഞ്ജി ടീം സഹപരിശീലകൻ മസർ മൊയ്‌ദു പ്രവചിച്ചത്.ജില്ലയിൽ നിന്നും ആദ്യമായാണ് ഒരു താരം ദേശീയ ടീമിലെത്തുന്നതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രെട്ടറി വി.പി അനസ് പറഞ്ഞു.സാഹിത്യകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തറവാട്ടിലെ ആറാം തലമുറക്കാരി പ്രിയയാണ് വരുണിന്റെ അമ്മ.അച്ഛൻ ദീപക് ദുബായിൽ ഒരു കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരാണ്.വരുൺ ജനിച്ചതും വളർന്നതും ദുബായിയിലാണ്.കളിക്കാനായാണ് നാട്ടിലെത്തുന്നത്.