മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി മുൻ ക്രിക്കറ്റ് താരം രവി ശാസ്ത്രിയെ നിയമിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു.2019 ലോകകപ്പ് വരെയാണ് നിയമനം.പരിശീലക സ്ഥാനത്തേക്ക് നേരത്തെ ഉയർന്നു കേട്ടത് മുൻ നായകൻ വീരേന്ദർ സെവാഗിന്റെ പേരായിരുന്നു.എന്നാൽ സേവാഗിനെ പിന്തള്ളി രവി ശാസ്ത്രിയെ പരിശീലക സ്ഥനത്തേക്കു പരിഗണിക്കുകയായിരുന്നു.
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്; കിരീടം ഇന്ത്യക്ക്.
ഭുവനേശ്വർ:ഏഷ്യന്‍ അത്‍ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി കിരീടം. ചൈനയെ പിന്തള്ളി 12 സ്വര്‍ണമടക്കം 29 മെഡലുകളോടെയാണ് ആതിഥേയരുടെ കിരീടനേട്ടം. ഇന്ത്യക്ക് വേണ്ടി ദീര്‍ഘദൂര ഓട്ടത്തില്‍ ജി ലക്ഷ്മണന്‍ ഇരട്ടസ്വര്‍ണം നേടിയപ്പോള്‍ ടീം നായകന്‍ നീരജ് ചോപ്ര മീറ്റ് റെക്കോര്‍ഡോടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമണിഞ്ഞു.ട്രാക്കിലെ മെഡല്‍കൊയ്ത്താണ് അഭിമാനകരമായ നേട്ടം കാണികള്‍ക്ക് മുമ്പില്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കരുത്തായത്.അവസാനദിവസം ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി ഇന്ത്യ സ്വന്തമാക്കിയത് 5 സ്വര്‍ണമടക്കം 9 മെഡലുകള്‍. നായകന്‍ നീരജ് ചോപ്ര ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത്തെ മീറ്റ് റെക്കോര്‍ഡോടെ ജാവലിനില്‍ സ്വര്‍ണം നേടി. 5000ത്തിന് പിന്നാലെ 10000ത്തിലും ഒന്നാമനായതോടെ ജി ലക്ഷ്മണന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം സ്വന്തമാക്കി. 4-400 മീറ്റര്‍ റിലേകളില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യ 800 ല്‍ പക്ഷെ നിരാശപ്പെടുത്തി. പരിക്കേറ്റ് മടങ്ങിയ ടിന്‍റുലൂക്കയുടെ അഭാവത്തില്‍ അര്‍ച്ചന ആദേവ് നേടിയ സ്വര്‍ണത്തിന് പക്ഷെ അധികം ആയുസുണ്ടായില്ല. ശ്രീലങ്കന്‍ താരത്തെ പിടിച്ച് തള്ളിയിന് അര്‍ച്ചനയെ അയോഗ്യയാക്കി.പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണ് മൂന്നാമതെത്താനെ കഴിഞ്ഞുള്ളു. ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മനും ഇന്ത്യക്ക് വേണ്ടി അവസാനദിനം സ്വര്‍ണമണിഞ്ഞു. 10000 മീറ്ററില്‍ മലയാളി താരം ടി ഗോപി വെള്ളിയും ജാവലിന്‍ ത്രോയില്‍ ധവീന്ദര്‍ സിങ് കാങും ഹെപ്ടാത്തലണില്‍ പൂര്‍ണിമ ഹെമ്പ്രാമും ഇന്ത്യക്ക് വേണ്ടി ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാനനാളില്‍ വെങ്കലവും നേടി.
ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്;ടിന്റു ലൂക്കയ്‌ക്ക് ഓട്ടം പൂർത്തിയാക്കാനായില്ല
ഭുവനേശ്വർ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എട്ടാം സ്വർണം നേടി മുന്നേറ്റം തുടരുന്നു.വനിതകളുടെ 800 മീറ്ററിൽ സ്വർണ പ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ ടിന്റു ലൂക്കയ്‌ക്ക് മത്സരം പൂർത്തിയാക്കാനായില്ല.മത്സരം പൂർത്തിയാക്കാനാവാതെ ടിന്റു പിന്മാറിയതോടെ ഇന്ത്യയുടെ തന്നെ അർച്ചന ആദവ് ഈ ഇനത്തിൽ സ്വർണ്ണം നേടി.ചാംപ്യൻഷിപ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യ മെഡൽ നേട്ടത്തിൽ ഒന്നാമതാണ്.ഇതോടെ ഇന്ത്യ എട്ടു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും നേടി.
ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്; രണ്ടാം ദിനം ഇന്ത്യയുടെ മെഡല്‍കൊയ്ത്ത്
ഭുവനേശ്വർ:ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം ദിനം ഇന്ത്യയുടെ മെഡല്‍കൊയ്ത്ത്. ട്രാക്കില്‍ നാല് ഇനങ്ങളില്‍ നിന്ന് 4 സ്വര്‍ണമടക്കം 7 മെഡലുകളാണ് ഇന്ത്യ കൊയ്തത്. പുരുഷ വിഭാഗം ഷോട്ട് പുട്ടില്‍ തജീന്ദര്‍ പാല്‍ സിങ് തൂര്‍ ഇന്ത്യക്ക് വേണ്ടി വെള്ളി നേടി.വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി നിര്‍മല സ്വര്‍ണവേട്ടക്ക് തുടക്കമിട്ടു. പൂവ്വമ്മയെ പിന്തള്ളി മലയാളിതാരം ജിസ്ന തന്‍റെ ആദ്യ സീനിയര്‍ മത്സരത്തില്‍ വെങ്കലം നേടി. പിന്നാലെ പുരുഷവിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടി. മലയാളിയായ അനസ് സ്വര്‍ണവും ആരോഗ്യരാജീവ് വെള്ളിയും നേടി. 42 വര്‍ഷത്തിന് ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.പിന്നാലെ 1500 ല്‍ പുരുഷ വനിത വിഭാഗങ്ങളിലും സ്വര്‍ണം നേടി ഇന്ത്യ ട്രാക്കിലെ കരുത്ത് ഒരിക്കല്‍കൂടി തെളിയിച്ചു. പിയു ചിത്രയും അജയ് കുമാര്‍ സരോജുമാണ് ഇന്ത്യക്ക് സ്വര്‍ണതിളക്കം സമ്മാനിച്ചത്. വനിതകളുടെ 100 മീറ്ററില്‍ ദ്യുതി ചന്ദ് വെങ്കലവും നേടിയതോടെ ട്രാക്കില്‍ നിന്ന് മാത്രമുള്ള മെഡല്‍ നേട്ടം 8 ആയി. ഇതിനുപുറമെ പുരുഷ വിഭാഗം ഷോട്ട് പുട്ടില്‍ ഇന്ത്യന്‍ താരം തജീന്ദര്‍ പാല്‍ സിങ് തൂര്‍ വെള്ളിയും നേടി.
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സുവർണദിനം
ഭുവനേശ്വർ:ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു മികച്ച തുടക്കം.രണ്ടു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകൾ ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കി.മെഡൽ വേട്ടയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യയാണ്.ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ,പുരുഷന്മാരുടെ 5000 മീറ്ററിൽ ജി.ലക്ഷ്മൺ എന്നിവരാണ് സ്വർണം നേടിയത്.ലോങ്‌ജമ്പിൽ മലയാളി താരം വി.നീന വെള്ളി നേടി.മറ്റൊരു മലയാളി താരമായ നയന ജെയിംസ് വെങ്കലം കരസ്ഥമാക്കി.പുരുഷന്മാരുടെ ഡിസ്‌കസ്ത്രോയിൽ വികാസ് ഗൗഡ,5000 മീറ്ററിൽ സഞ്ജീബനി യാദവ്,ജാവലിൻ ത്രോയിൽ അന്നുരാണി എന്നിവരും വെങ്കലം നേടി.
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
ഭുവനേശ്വർ:ഇരുപത്തിരണ്ടാമത് ഏഷ്യൻ അത്ലറ്റിക് ചാപ്യൻഷിപ്പിനു കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാവും.സ്വന്തം നാട്ടിൽ ട്രാക്കും ഫീൽഡും ഉണരുമ്പോൾ അഭിമാന പോരാട്ടം നടത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ.ആദ്യദിനത്തിൽ ഏഴ് ഇനങ്ങളിലെ മത്സരങ്ങളാണ് നടക്കുക.45 രാജ്യങ്ങളിൽ നിന്നും എണ്ണൂറോളം കായികതാരങ്ങളാണ് ഭുവനേശ്വറിൽ മത്സരിക്കാനിറങ്ങുന്നത്.ഇന്ത്യ മൂന്നാം തവണയാണ് ഏഷ്യൻ മീറ്റിനു ആതിഥ്യം വഹിക്കുന്നത്.കലിംഗ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പാട്നയിക് മേളയുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു.ഉൽഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത് മലയാളി താരം ടിന്റു ലൂക്കയായിരുന്നു.കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ സുവർണ്ണമെഡൽ ജേതാവാണ് ടിന്റു.
അനില്‍ കുംബ്ലെ രാജിവെച്ചു
മുംബൈ:അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്നു അനില്‍ കുംബ്ലെ രാജിവെച്ചു. ജൂണ്‍ 23 ന് ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് തിരിച്ചെങ്കിലും ടീമിനൊപ്പം കുംബ്ലെയുണ്ടായിരുന്നില്ല.കുംബ്ലെക്കെതിരെ നായകന്‍ വിരാട് കൊഹ്‍ലി അടക്കമുള്ള ഏതാനും താരങ്ങള്‍ രംഗത്തുവന്നിരുന്നുവെന്നും കുംബ്ലെ പരിശീലക സ്ഥാനത്തു തുടരുന്നതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ബിസിസിഐയുടെ ഉപദേശക സമിതിയായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ത്രയം കുംബ്ലെ – കൊഹ്‍ലി കലഹത്തിന് തിരശീലയിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുകൂടാതെ നായകന്റെ നിലപാടിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും സൂചനകളുണ്ടായിരുന്നു. ഇതോടെ ഏറെക്കുറെ താന്‍ പുറത്താകുമെന്ന ഘട്ടത്തിലാണ് കുംബ്ലെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്;ഇന്ത്യക്കു 339 റൺസിന്റെ വിജയലക്ഷ്യം
ഓവൽ:ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് കൂറ്റൻ സ്കോർ.ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റു നഷ്ടത്തിൽ 338 റൺസെടുത്തു.നാല് വിക്കറ്റുകൾ നഷ്ടമായെങ്കിലും അവസാന ഓവറുകളിൽ പാക് ബാറ്റസ്മാൻമാർ ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.52 പന്തിൽ 46 റൺസെടുത്ത ബാബർ അസർ ,സെഞ്ചുറി നേടിയ ഫഹർ സമാൻ,59 റൺസെടുത്ത അസർ അലി,ശുഐബ്‌മാലിക് എന്നിവരുടെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്;ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയച്ചു
ഓവൽ:ഐ സി സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു.സെമിഫൈനൽ കളിച്ച അതെ ടീമുമായിട്ടാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.അതെ സമയം പാകിസ്ഥാൻ ടീമിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ തിരിച്ചെത്തി.ഐ സി സി ടൂർണമെന്റിൽ നേർക്കുനേർ നടന്ന പതിനഞ്ചു മത്സരങ്ങളിൽ പതിമൂന്നിലും വിജയം ഇന്ത്യയ്ക്കായിരുന്നു.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്;ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ ഇന്ന് നടക്കും
ബർമിംഗ്ഹാം:ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.ബെർമിങ്ഹാമിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നു മണിക്കാണ് മത്സരം നടക്കുക.ഗ്രൂപ് എ ഘട്ടത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉജ്വല വിജയം നേടിയെങ്കിലും സെമിയിൽ ഇംഗ്ലണ്ടിനെ തകർത്താണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്.കരുത്തുറ്റ ബാറ്റിംഗ് നിരയിലാണ് ഇന്ത്യൻ പ്രതീക്ഷ.വിരാട് കോലി നയിക്കുന്ന ഇന്ത്യയും സർഫറാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്‌ഥാനും തുല്യ ശക്തികളാണ്.