കൊൽക്കത്ത:ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഫൈനൽ ഇന്ന്. വൈകിട്ട് എട്ട് മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ റണ്ണറപ്പായ ഇംഗ്ലണ്ടിനെ നേരിടും.ആദ്യ മത്സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് ശേഷം ആധികാരിക പ്രകടനങ്ങളോടെയാണ് സ്പാനിഷ് പട നാലാം ഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ ഇതുവരെ നടന്ന എല്ലാമത്സരങ്ങളിലും വിജയിച്ചാണ് ഇംഗ്ലീഷ് പട കന്നി ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്.മൂന്നാഴ്ച നീണ്ടുനിന്ന മത്സരത്തിൽ 24 ടീമുകളാണ് മത്സരിച്ചത്.റയാന്‍ ബ്രൂസ്റ്ററെന്ന ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരക്കാരനെ തളക്കുകയെന്നാതായിരിക്കും സ്പെയിനിന്റെ വെല്ലുവിളി. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെയും, സെമിയില്‍ ബ്രസീലിനെതിരെയും ഹാട്രിക്കുകള്‍ നേടിയ ലിവര്‍പൂള്‍ യുവതാരം ഗോള്‍ഡന്‍ ബൂട്ട് കൂടി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.സ്പാനിഷ് പ്രതീക്ഷകള്‍ ക്യാപ്റ്റനും ബാര്‍സിലോണ യുവതാരവുമായ ആബെല്‍ റൂയിസിന്റെ കാലുകളിലാണ്. മാലിയുടെ തടിമിടുക്കിനെ സെമിയില്‍ സ്പെയിന്‍ മറികടന്നത് റൂയിസിന്റെ ഇരട്ടഗോള്‍ ബലത്തിലായിരുന്നു. ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തിലും റയസുണ്ട്.അണ്ടര്‍ പതിനേഴിന്റെ കഴിഞ്ഞ മൂന്ന് യൂറോപ്പ്യന്‍ ചാമ്പ്യന്‍ ഷിപ്പുകളിലെയും ഫൈനലുകളില്‍ ഏറ്റുമുട്ടിയത് ഇംഗ്ലണ്ടും സ്പെയിനുമായിരുന്നു. അതില്‍ രണ്ട് തവണ സ്പെയിന്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒരു തവണ ജേതാക്കളായി.
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം
പാല:അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം.രാവിലെ ഏഴുമണിക്കാണ് മേള ആരംഭിച്ചത്.മേളയുടെ ഔദ്യോഗിക ഉൽഘാടനം വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കായികമേളയിൽ ആദ്യ സ്വർണ്ണം പാലക്കാട് നേടി.ആൺകുട്ടികളുടെ 5000 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ പി.എൻ അജിത്താണ് റെക്കോർഡോടെ സ്വർണ്ണം നേടിയത്.കോതമംഗലം മാർ ബേസിൽ സ്കൂളിലെ ആദർശ് ഗോപിക്കാണ് വെള്ളി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ എറണാകുളം കോതമംഗലം മാർ ബേസിലിലെ അനുമോൾ തമ്പി മേളയിലെ രണ്ടാം സ്വർണ്ണം നേടി.മേളയിലെ മൂന്നാം സ്വർണ്ണം ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയിലെ സൽമാൻ നേടി.ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിലെ പി.ചാന്ദിനിക്കാണ് സ്വർണ്ണം.
കാൽ നൂറ്റാണ്ടിനു ശേഷമാണ് പാല സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്.പാലായിൽ സിന്തെറ്റിക്ക് ട്രാക്ക് നിർമിച്ചതിനു ശേഷം ആദ്യം നടക്കുന്ന സംസ്ഥാന മീറ്റുകൂടിയാണിത്.പ്രായക്രമത്തിൽ താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്ന രീതിയിലാണ് ഇത്തവണ മുതൽ സ്കൂൾ കായികമേള നടക്കുന്നത്.ഇതിനു മുൻപ് പഠിക്കുന്ന ക്ലാസ്സിനനുസരിച്ചായിരുന്നു കുട്ടികളെ തരം തിരിച്ചിരുന്നത്.
കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേള;നോർത്ത് ഉപജില്ല ചാമ്പ്യന്മാർ
കണ്ണൂർ:മൂന്നു ദിവസങ്ങളിലായി നടന്ന കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കണ്ണൂർ നോർത്ത് ഉപജില്ല ചാമ്പ്യന്മാരായി.30 സ്വർണ്ണമെഡലുകളടക്കം 217 പോയിന്റ് നേടിയാണ് നോർത്ത് ഉപജില്ലാ ഒന്നാമതെത്തിയത്.15 സ്വർണമടക്കം 140 പോയിന്റ് നേടി തളിപ്പറമ്പ് ഉപജില്ലാ രണ്ടാം സ്ഥാനത്തെത്തി.ഒൻപതു സ്വർണം അടക്കം 119.5 പോയിന്റ് നേടി പയ്യന്നൂർ ഉപജില്ലാ മൂന്നാമതെത്തി.140 പോയിന്റ് നേടിയ എളയാവൂർ സി.എച്.എം.എച്.എസ്.എസ് ആണ് കണ്ണൂർ നോർത്ത് ഉപജില്ലയിൽ ഏറ്റവും പോയിന്റ് നേടിയ സ്കൂൾ.21 സ്വർണവും ഒൻപതു വീതം വെള്ളിയും വെങ്കലവും ഈ സ്കൂളിലെ കൊച്ചു കായിക താരങ്ങൾ സ്വന്തമാക്കി.35 പോയിന്റ് നേടിയ ജി.എച്.എസ്.എസ് പ്രാപ്പൊയിൽ രണ്ടാം സ്ഥാനവും ഗവ.എച്.എസ്.എസ് കോഴിച്ചാൽ മൂന്നാം സ്ഥാനവും നേടി.15 സബ്‌ജില്ലകളിൽ നിന്നായി 2500 ഓളം മത്സരാർഥികൾ മേളയിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ 20 മുതൽ 23 വരെ കോട്ടയം പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കും.കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ വിജയികളായവർക്ക് പി.കെ ശ്രീമതി എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. വിരമിക്കുന്ന കായികാധ്യാപകരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.
ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം
ന്യൂഡൽഹി:ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്നതും ആദ്യമായി പങ്കെടുക്കുന്നതുമായ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന മത്സരത്തിൽ കൊളംബിയ ഘാനയെ നേരിടും.രാത്രി എട്ടുമണിക്ക് ഇന്ത്യയുടെ ആദ്യമത്സരം ഇതേ സ്റ്റേഡിയത്തിൽ തന്നെ അമേരിക്കയുമായി നടക്കും.കൊച്ചിയിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാകും.നാളെ വൈകിട്ട് അഞ്ചുമണിക്ക് ബ്രസീൽ-സ്പെയിൻ പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്.ആറ് കോൺഫെഡറേഷനുകളിൽ നിന്നായി യോഗ്യത റൌണ്ട് കളിച്ചെത്തിയ 23 ടീമുകളും ആതിഥേയർ എന്ന നിലയിൽ നേരിട്ട് യോഗ്യത ലഭിച്ച ഇന്ത്യയുമടക്കം 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തി
കൊച്ചി:അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പ് ട്രോഫി കൊച്ചിയിൽ എത്തി. കലൂർ സ്റ്റേഡിയത്തിൽ സംസ്ഥാന കായിക മന്ത്രി എസി മൊയ്തീൻ ട്രോഫി ഏറ്റുവാങ്ങി.ജൂലൈ 17 നാണ് ദില്ലിയില്‍ നിന്ന് ട്രോഫി പര്യടനം ആരംഭിച്ചത്.വൻ സുരക്ഷസന്നാഹമാണ് ട്രോഫിയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.കലൂർ സ്റ്റേഡിയത്തിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി പൊതുജനങ്ങൾക്കായി ട്രോഫി പ്രദർശിപ്പിക്കും. കൊച്ചിയിലെ വിവിധ വേദികളിൽ ഞായറാഴ്ച വരെ ട്രോഫി പ്രദർശനമുണ്ടാകും. ശനിയാഴ്ച കൊച്ചി അംബേദ്ക്കർ സ്റ്റേഡിയത്തിൽ സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കും. ലോകകപ്പിന് വേദിയാവുന്ന ആറ് നഗരങ്ങളിലാണ് പ്രദര്‍ശനം.കൊച്ചിയിലെ പര്യടനത്തിന് ശേഷം ട്രോഫി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ഒക്ടോബർ ഏഴിനാണ് കൊച്ചിയിലെ ലോകകപ്പ് മത്സരം.
ഗോപിചന്ദിന്റെ നേതൃത്വത്തിൽ കേരളത്തിൽ ബാഡ്മിന്റൺ പരിശീലന കേന്ദ്രം തുടങ്ങും
കൊച്ചി:കേരളത്തിലെ കുട്ടികളെ ബാഡ്മിന്റണ്‍ പരിശീലിപ്പിക്കാന്‍ രാജ്യാന്തര പരിശീലകന്‍ പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തിൽ കേരളത്തിൽ ബാഡ്മിന്റൺ അക്കാദമി തുടങ്ങും.കൊച്ചിയില്‍ ജനുവരി ഒന്നിന് ഓപ്പറേഷൻ ഒളിമ്പ്യാ അക്കാദമി പ്രവർത്തനം തുടങ്ങും.ഇതിലേക്ക് 200 കുട്ടികളിൽ നിന്നും 20 പേരെ ഗോപിചന്ദ് നേരിട്ടാണ് തിരഞ്ഞെടുത്തത്. രണ്ട് മാസത്തില്‍ ഒരിക്കല്‍ ഗോപീചന്ദ് നേരിട്ട് പരിശീലനം നല്‍കും. മികച്ച പരിശീലകരും കുട്ടികള്‍ക്ക് പരീശീലനം നല്‍കാനുണ്ടാകും.കേരള സര്‍ക്കാരിന്റെയും സ്പോര്‍ട്സ് കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ കേരളത്തിനൊരു ഒളിമ്പിക് മെഡല്‍ എന്ന സ്വപ്നവുമായാണ് ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി ആരംഭിക്കുന്നത്.
ഉഷ സ്കൂൾ സ്റ്റേഡിയം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
കോഴിക്കോട്:ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് വേണ്ടി കിനാലൂരിൽ 8.5 കോടി ചിലവിൽ സ്ഥാപിച്ച 400 മീറ്റർ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോൺഫെറെൻസിങ് വഴി രാജ്യത്തിന് സമർപ്പിച്ചു.ഒളിംപ്യൻ പി.ടി ഉഷ ഇന്ത്യയുടെ അഭിമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും സാധ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു.
പി.യു ചിത്രയെ തഴഞ്ഞതിൽ പി.ടി ഉഷയ്ക്കും പങ്കെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ
ലോക അത്ലറ്റിക് മീറ്റിൽ നിന്നും പുറത്താക്കി,പി.യു ചിത്ര നിയമനടപടിക്ക്
ന്യൂഡൽഹി:ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.യു ചിത്ര.ഏഷ്യൻ അത്ലറ്റിക്സ് മീറ്റിലെ സ്വർണ്ണ മെഡൽ ജേതാക്കളെല്ലാം ലോക ചാമ്പ്യൻഷിപ്പിന് അർഹതയുള്ളവരാണ്.എന്നാൽ 24 അംഗ ടീമിൽ നിന്നും പി.യു ചിത്രയെ ഒഴിവാക്കുകയായിരുന്നു.മെഡൽ സാധ്യത കുറവാണു എന്ന കാരണമാണ് അധികൃതർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.പി.യു ചിത്രയെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഒഫീഷ്യലുകൾക്ക് പോകാൻ വേണ്ടിയാണു ചിത്രയെ ഒഴിവാക്കിയതെങ്കിൽ അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോൾ ഡൽഹിയിലുള്ള എം.ബി രാജേഷ് എംപി കേന്ദ്ര കായിക മന്ത്രിയെ കണ്ട് വിഷയം ചർച്ച ചെയ്യുമെന്നാണു സൂചന.
പുതിയ പരിശീലകൻ;തീരുമാനമായിട്ടില്ലെന്നു ബി.സി.സി.ഐ
ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ലെന്ന് ബിസിസിഐ.നേരത്തെ രവി ശാസ്ത്രിയെ പരിശീലകനായി നിയമിച്ചതായി വാർത്ത വന്നിരുന്നു.ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി സംഘടന രംഗത്ത് വന്നത്.പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ല.ഇത് സംബന്ധിച്ച് നിലവിൽ വരുന്ന വാർത്തകളെല്ലാം തെറ്റാണെന്നു ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു.കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സമിതി ഇതിനായുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.