ഡർബൻ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറി മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി.ഡര്‍ബനിലെ വേഗം കുറഞ്ഞ പിച്ചില്‍ ഡു പ്ലസിയെക്കൂടാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഡുപ്ളെസിക്ക് പുറമെ ക്വിന്‍റണ്‍ ഡികോക്ക് (34), ആന്‍ഡില്‍ ഫെലൂക്വായോ (പുറത്താകാതെ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.270 റൺസ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 ഓവറും 3 പന്തുമായപ്പോള്‍ ലക്ഷ്യം കണ്ടു.സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 119 പന്തില്‍ 112 റണ്‍സുമായാണ് വിരാട് കോഹ്‌ലി മടങ്ങിയത്.86 പന്തില്‍ 79 റണ്‍സുമായി രഹാനെ പുറത്തായി. എം എസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്.വേഗം കുറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. ഇരുവരും 20 ഓവറില്‍ 79 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്. യാദവ് മൂന്നും ചാഹല്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
അണ്ടർ-19 ലോകകപ്പ്;പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ
ക്രൈസ്റ്റ്ചർച്ച്:അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.സെമി ഫൈനലിൽ 273 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് 69 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.ഇതോടെ 203 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ കടന്നു.ഫൈനലിൽ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ നേരിടുക. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 69 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമായി.ആറ് ഓവറിൽ 17 റൺസ് മാത്രം വിട്ടു നൽകി നാല് വിക്കറ്റെടുത്ത ഇഷാൻ പൊറേലിന്റെ മികവാണ് ഇന്ത്യയ്ക്ക് തുണയായത്.ശിവ സിംഗും റിയാൻ പരാഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്‍റെ അപരാജിത സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്.94 പന്തിൽ നിന്നും പുറത്താകാതെ 102 റൺസാണ് ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത്.പാക് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 18 റൺസ് നേടിയ റോഹൈൽ നസീർ ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ.
ഐപിഎൽ ലേലം;സഞ്ജു സാംസണെ 8 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി
ബെംഗളൂരു:ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ മലയാളി താരം സഞ്ജു സാംസണെ 8 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. സഞ്ജുവിനായി മുംബൈ ഇന്ത്യൻസും രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്‍റെ അടിസ്ഥാന വില.താരലേലത്തിൽ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മലയാളി താരം സഞ്ജു.വി.സാംസൺ പറഞ്ഞു.രാജസ്ഥാനിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്നു പറഞ്ഞ സഞ്ജു, പരിശീലനം രാഹുൽ ദ്രാവിഡിനു കീഴിൽ അല്ലാത്തതിൽ വിഷമമുണ്ടെന്നും കൂട്ടിച്ചേർത്തു.ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ആണ് സീസണിലെ മൂല്യമേറിയ താരം.കഴിഞ്ഞ സീസണിൽ പൊന്നും വില നേടിയ താരത്തെ ഇത്തവണ 12.5 കോടി രൂപ നൽകി രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ,മധ്യനിര ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ എന്നിവരാണ് ലേലത്തിൽ തിളങ്ങിയ മറ്റു ഇന്ത്യൻ താരങ്ങൾ.കെ.എൽ രാഹുലിലെ 11 കോടി നൽകി പഞ്ചാബ് സ്വന്തമാക്കി.മലയാളിയായ കരുൺ നായരെ 5.60 കോടി നൽകി പഞ്ചാബ് സ്വന്തമാക്കി.ഇന്ത്യൻ താരം യുവരാജ് സിങ്ങിന് ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.അടിസ്ഥാന വിലയായ രണ്ടുകോടിക്ക് താരത്തെ പഞ്ചാബ് ടീമിൽ നിലനിർത്തി.അതേസമയം ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്സ്മാൻ ക്രിസ് ഗെയിലിനെ വാങ്ങാൻ ടീമുകളൊന്നും മുന്നോട്ട് വന്നില്ല.നാളെ ഗെയിലിനെ വീണ്ടും ലേലത്തിൽ വെയ്ക്കും.
സീനിയർ ഡിവിഷൻ ഫുട്ബോൾ;എസ്എൻ കോളേജിന് കിരീടം
കണ്ണൂർ:സീനിയർ ഡിവിഷൻ ഫുട്‍ബോളിൽ കണ്ണൂർ എസ്എൻ കോളേജിന് ജയം. ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏഴുമത്സരങ്ങളിൽ നിന്നായി 18 പോയിന്റ് നേടിയാണ് എസ്എൻ കോളേജ് കിരീടം ചൂടിയത്.14 പോയന്റുകളുമായി സ്പിരിറ്റെഡ് യൂത്ത് റണ്ണറപ്പായി.കഴിഞ്ഞ വർഷത്തെ ചാപ്യന്മാരായ കണ്ണൂർ ജിംഖാന എഫ് സിക്ക് ഏഴുമത്സരങ്ങളിൽ നിന്നും 13 പോയിന്റ് മാത്രമാണ് നേടാനായത്.ചാമ്പ്യന്മാരായ എസ്എൻ കോളേജ് ടീമിന് ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് ട്രോഫി സമ്മാനിച്ചു.ടൂർണമെന്റിലെ മികച്ച താരമായി പി.സൗരവിനെ തിരഞ്ഞെടുത്തു.ചടങ്ങിൽ സി.വി സുനിൽ,പ്രൊഫ.എം.വി ഭരതൻ,യു.എം.പി പൊതുവാൾ, എം.കെ വിനോദ്,വി.രഘൂത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
ഡൽഹിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം
ന്യൂഡൽഹി:ഇന്ത്യൻ സൂപ്പർ ലീഗ് എവേയ് മത്സരത്തിൽ ഡൽഹിയുടെ ഒന്നിനെതിരെ കേരള ബ്ളാസ്റ്റേഴ്സിനു മൂന്നുഗോളിന്റെ തകർപ്പൻ ജയം.ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക് മികവിൽ ബ്ലാസ്റ്റേഴ്‌സ് 3-1ന് ഡൈനാമോസിനെതിരേ തകര്‍പ്പൻ ജയം കുറിച്ചു.തുടര്‍ച്ചയായ സമനിലകളിലൂടെ നിരാശ മാത്രം സമ്മാനിച്ച കൊമ്പന്‍മാര്‍ ഈ സീസണിലെ ഏറ്റവും ഗംഭീര ജയം പിടിച്ചടക്കി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം നിറച്ചു.സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം ജയമാണ്.ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്കു കുതിച്ചു.സ്വന്തം സ്റ്റേഡിയത്തില്‍ തുടക്കം മുതല്‍ ഡല്‍ഹിയുടെ മുന്നേറ്റമായിരുന്നു. എന്നാല്‍ 12 ആം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമും ആരാധകരും കാത്തിരുന്ന നിമിഷമെത്തി.ഹ്യൂമിന്‍റെ ആദ്യ ഗോള്‍.കറേജ് പെക്കൂസന്‍റെ പാസില്‍നിന്ന് തെന്നിവീണ് ഹ്യൂം പന്ത് വലയിലാക്കി. ആദ്യ പകുതിയുടെ അവസാനം വരെ ബ്ലാസ്റ്റേഴ്‍സ് ആധിപത്യം പുലര്‍ത്തിയെങ്കിലും 44 ആം മിനിറ്റില്‍ ഡല്‍ഹി ഡൈനാമോസ് കോട്ടലിലൂടെ സമനില പിടിച്ചു. ഇതോടെ വീണ്ടുമൊരു സമനില തന്നെയാകുമോ കളി ഫലമെന്ന നിരാശയില്‍ ആരാധകര്‍ തല കുമ്പിട്ടിടത്തു നിന്ന് ഹ്യൂം മത്സരഗതി തന്നെ തിരിച്ചുവിടുകയായിരുന്നു. ഒടുവില്‍ 78 ആം മിനിറ്റില്‍ ഹ്യൂം വീണ്ടും ഡല്‍ഹിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഡല്‍ഹിയുടെ മേല്‍ അവസാന പിടി മണ്ണും വാരിയെറിഞ്ഞ് ഹ്യൂമിന്‍റെ ഹാട്രിക് പിറന്നു.
സന്തോഷ് ട്രോഫി ഫുട്ബോളിനായുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി:സന്തോഷ് ട്രോഫി ഫുട്ബോളിനായുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു.ഇരുപതംഗ ടീമിന്‍റെ ക്യാപ്റ്റനായി തൃശൂർ സ്വദേശി രാഹുൽ വി. രാജിനെ തെരഞ്ഞെടുത്തു. സീസനാണ് വൈസ് ക്യാപ്റ്റൻ.ടീമിലെ പതിമൂന്ന് അംഗങ്ങൾ പുതുമുഖങ്ങളാണ്. സതീവൻ ബാലനാണ് ടീമിന്‍റെ പരിശീലകൻ.അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുലും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ബംഗളൂരുവിൽ ഈ മാസം 18 മുതലാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു
കൊച്ചി:ഐഎസ്എലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.അതേസമയം ഐഎസ്എൽ നാലാം സീസണിൽ ടീമിന്റെ മോശം പ്രകടനമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.2017 ജൂലൈ 14നാണ് മ്യൂളസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തത്.നാളെ കൊച്ചിയിൽ എഫ്സി പൂന സിറ്റിക്കെതിരേയുള്ള മത്സരത്തിൽ സഹപരിശീലകനായിരുന്ന തംഗ്ബോയ് സിംഗ്തോ ടീമിനെ ഒരുക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം ക്യാന്പിൽ അസ്വാരസ്യങ്ങളുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണു റെനിയുടെ രാജിയെന്നാണു കരുതുന്നത്.പുതുവത്സര തലേന്ന് ബെംഗളൂരുവിനോടെ 3-1 ന് ദയനീയമായി തോറ്റതും രാജിക്ക് കാരണമായതായാണ് സൂചന.നിലവിൽ കളിച്ച ഏഴു മത്സരങ്ങളിൽ ടീമിനു ജയിക്കാനായത് ഒരെണ്ണത്തിൽ മാത്രമാണ്. രണ്ടെണ്ണത്തിൽ തോറ്റു. നാലെണ്ണം സമനിലയിലും കലാശിച്ചു. ഏഴു പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിപ്പോൾ.
ദേശീയ സ്കൂൾ മീറ്റിൽ ഇരുപതാം തവണയും കേരളം ചാപ്യന്മാർ
റോത്തക്ക്:ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി ഇരുപതാം തവണയും കേരളം കിരീടം നേടി.ഒൻപതു സ്വർണ്ണമെഡലുകളോടെയാണ് കേരളത്തിന്റെ ചരിത്ര നേട്ടം.ആതിഥേയരായ ഹരിയാനയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്.
പി.വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ
ദുബായ്:പി.വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ പ്രവേശിച്ചു. ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ എത്തിയത്.ഒന്നാം സീഡും ലോക രണ്ടാം റാങ്കുകാരിയുമായ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു ഫൈനലിൽ നേരിടുക.നേരത്തെ നടന്ന മത്സരത്തിൽ സിന്ധു ജപ്പാൻ താരത്തെ തകർത്തിരുന്നു.ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്.സീസണിൽ മികച്ച ഫോം പ്രകടിപ്പിച്ച സിന്ധു ഈ വർഷം രണ്ട് സൂപ്പർ സീരീസ് കിരീടങ്ങളും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും കരസ്ഥമാക്കിയിരുന്നു.
ധർമശാല ഏകദിനം;ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി;പരാജയം ഏഴുവിക്കറ്റിന്
ധർമ്മശാല:ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി.ഇന്ത്യ ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര ശ്രീലങ്കൻ ബൗളർമാരുടെ സംഹാര താണ്ഡവത്തിൽ തകർന്നടിയുകയായിരുന്നു. ലങ്കയ്ക്കായി ഉപുൽ തരംഗ 49 റൺസ് എടുത്തു.താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷൻ ഡിക്‌വെല്ല(26) എന്നിവർ ചേർന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്എനിവർ ഓരോവിക്കറ്റ് നേടി.38.2 ഓവറിൽ ഇന്ത്യ കേവലം 112 റണ്‍സിന് എല്ലാവരും പുറത്തായി. മുൻനിര തകർന്നടിഞ്ഞ ഇന്ത്യയെ നൂറുകടത്തിതിന്‍റെ ക്രഡിറ്റ് ധോണിക്കു നൽകാം. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനെങ്കിലും ശ്രമിച്ചത്. 17 ഓവറിൽ 29 റൺസ് എടുക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ട്ടപെട്ട ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി നൂറു കടത്തുകയായിരുന്നു.പത്തോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ലങ്കയുടെ ലക്മൽ നാല് വിക്കറ്റുകൾ പിഴുത്ത്.എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ധോണി-കുൽദീപ് യാദവ് സഖ്യമാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടിൽനിന്ന് (സിംബാബ്വെ- 35 റണ്‍സ്) ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 41 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്.