36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക കിരീടം ചൂടി അർജന്റീന

keralanews argentina won the world title after a gap of 36 years

ഖത്തർ:ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഫുട്ബോൾ ലോക കിരീടം ചൂടി അർജന്റീന.ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് (4-2) അർജന്റീന കിരീടം നേടിയത്. രണ്ട് ഗോൾ നേടിയ ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയുമാണ് മുഴുവൻ സമയത്ത് അർജന്റീനയുടെ സ്കോറർമാർ. കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ മൂന്ന് ഗോളുകളും നേടിയത്.പെനാൽറ്റി ഷൂട്ടൌട്ടിൽ 4-2ന് ഫ്രാൻസിനെ മറികടക്കുമ്പോൾ, 36 വർഷത്തിനുശേഷമാണ് അർജന്‍റീന ഫിഫ ലോകകപ്പിൽ മുത്തമിടുന്നത്. മുമ്പ് 1978ലും 1986ലുമാണ് അർജന്‍റീന ലോകകപ്പ് നേടിയത്. 1978ൽ മരിയോ കെംപസിലൂടെയും 1986ൽ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ൽ ലയണൽ മെസിയിലൂടെ അർജന്‍റീന തിരിച്ചുപിടിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. തുടക്കം മുതൽ കളിയിൽ മേധാവിത്വം പുലർത്തിയാണ് അർജന്‍റീന രണ്ടു ഗോൾ ലീഡ് നേടിയത്.ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്‍റീനയെ കാത്തിരുന്നത് ഫ്രാൻസിന്‍റെ ഗംഭീര തിരിച്ചുവരവാണ്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി. ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്.

ഫുട്ബോൾ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇതിഹാസ താരം ലയണൽ മെസിയിലൂടെയായിരുന്നു അർജന്റീന മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അർജന്റീന എയ്ഞ്ചൽ ഡി മരിയയിലൂടെ ഫൈനലിലെ രണ്ടാം ഗോൾ നേടി.ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു മെസി ഫൈനലിലെ ആദ്യ ഗോൾ കണ്ടെത്തിയത്.മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ രാജകീയമായ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഗോൾ പിറന്നത്. മെസിയായിരുന്നു രണ്ടാം ഗോളിന്റെയും അമരക്കാരൻ. മെസിയിൽ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റർ അവസരം ഒട്ടും പാഴാക്കാതെ അത് ഡി മരിയക്ക് നൽകി. അവസരം മുതലെടുത്ത ഡി മരിയ അത് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.പനി ബാധിച്ച സൂപ്പർ താരം ജിറൂഡിനെയും ഡെംബെലെയും ഫ്രാൻസ് നാൽപ്പത്തി മൂന്നാം മിനിറ്റിൽ പിൻവലിച്ചത് ആരാധകരെ നിരാശയിലാക്കി. രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് ഫ്രാൻസ് ആക്രമണം കടുപ്പിച്ചു. അർജന്റീന ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികച്ചു നിന്നപ്പോൾ, അപ്രതീക്ഷിതമായ മടങ്ങി വരവായിരുന്നു എംബാപ്പെ എന്ന യാഗാശ്വത്തിലൂടെ ഫ്രാൻസ് നടത്തിയത്.എഴുപത്തിയൊൻപതാം മിനിറ്റിൽ കൊലോമുവാനിയെ ബോക്സിൽ തള്ളി വീഴ്‌ത്തിയ ഒട്ടമെൻഡിക്കെതിരെ റഫറി പെനാൽറ്റി വിധിച്ചു. എൺപതാം മിനിറ്റിൽ കിക്കെടുത്ത എംബാപ്പെ ലക്ഷ്യം കണ്ടു. ഗോളിന്റെ ഞെട്ടലിൽ പകച്ച അർജന്റീനയുടെ പതർച്ച മുതലെടുത്ത് എൺപത്തിയൊന്നാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോൾ കണ്ടെത്തി.

മത്സരം പുരോഗമിക്കവേ ഇരു ടീമുകളും മികച്ച അവസരങ്ങളുണ്ടാക്കി മുന്നോട്ട് പോയി. ആദ്യ പകുതിയിൽ ഉറങ്ങിയ ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വന്നതോടെ അർജന്റീനയും ഉണർന്നു. ഒടുവിൽ ആഗ്രഹിച്ച പോലെ അർജന്റീനയുടെ ഗോൾ പിറന്നു.എന്നാൽ വിട്ടുകൊടുക്കാൻ ഫ്രാൻസും എംബാപ്പെയും തയ്യാറായില്ല. അധിക സമയത്തിന്റെ അവസാന നിമിഷം പെനാൽറ്റിയിലൂടെ ഗോൾ നേടി എംബാപ്പെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ട് പോയി.പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത മെസ്സി കൃത്യമായി വലയിലെത്തിച്ചു. മറുഭാഗത്ത് എംബാപ്പെയും ലക്ഷ്യം കണ്ടതോടെ മത്സരം മുറുകി. എന്നാൽ ഇവിടെയാണ് എമിലിയാനോ മാർട്ടിനസ് എന്ന താരത്തിന്റെ സാന്നിധ്യം അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. തുടർച്ചയായി രണ്ട് കിക്കുകൾ തടുത്ത എമിലിയാനോ ടീമിനെ അക്ഷരാർത്ഥത്തിൽ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്‍റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്‍റീന വിജയമുറപ്പിക്കുകയായിരുന്നു. നാലമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല. അർജന്‍റീന ലോകത്തിന്‍റെ നെറുകയിലേക്ക് നടന്നുകയറി.

ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ

keralanews after waiting for six years kerala blasters reached the final of the indian super league

മഡ്ഗാവ്: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കടന്നു. രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ 1-1 ന് സമനിലയിൽ തളച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപാദ മത്സരത്തിൽ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതോടെ ഇരുപാദങ്ങളിലുമായി ബാസ്റ്റേഴ്‌സ് 2-1 ന്റെ ലീഡുനേടിയാണ് ഫൈനൽ യോഗ്യത നേടിയത്.നാളെ നടക്കുന്ന ഹൈദരാബാദ് – എടികെ മത്സരത്തിലെ വിജയികളെ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടും. 2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനുമുമ്പ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. മാര്‍ച്ച്‌ 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ആണ് ഐഎസ്‌എല്‍ ഫൈനല്‍ നടക്കുന്നത്. നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ എസ് എല്ലില്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്, അവരുടെ അവസാന ഡോസില്‍ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നല്‍കുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും.

ഐഎസ്എൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം;കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ നേരിടും

keralanews i s l semi finals starts from today kerala blasters jamshedpur match today

ഗോവ: ഐഎസ്എൽ എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗോവയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.അതേസമയം, ഇന്ന് നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്.ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കിയിരിക്കുകയാണ് ഇവർ.കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവസാനമായി നടന്ന രണ്ട് ഐഎസ്എൽ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം; ബാഡ്മിന്റണിൽ പ്രമോദ് ഭഗതിന് സ്വർണ്ണം

keralanews india wins fourth gold in paralympics pramod bhagat wins gold in badminton

ടോക്കിയോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം. ബാഡ്മിന്റണിൽ പ്രമോദ് ഭഗതാണ് സ്വർണ്ണം നേടിയത്. പാരാലിമ്പിക്‌സ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്. തൊട്ടുപുറകേ മനോജ് സർക്കാർ എസ് എൽ 3വിഭാഗത്തിൽ ജപ്പാൻ താരത്തെ തോൽപ്പിച്ച് വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി. നാലു സ്വർണ്ണവും 7 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ഡാനിയേ ബഥേലിനെ 21-14,21-17നാണ് പ്രമോദ് ഫൈനലിൽ കീഴടക്കിയത്.  ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ജപ്പാന്റെ ദായ്‌സൂകേ ഫുജീഹാരയെ തകർത്താണ് പ്രമോദ് ഫൈനലിലേക്ക് കടന്നത്. 21-11,21-16 എന്ന സ്‌കോറിനാണ് പ്രമോദ് ജയിച്ചത്. എസ്.എൽ3 വിഭാഗത്തിലാണ് പ്രമോദ് പോരാടിയത്. നിലവിൽ ലോക ഒന്നാം നമ്പർ താരമാണ് പ്രമോദ് ഭഗത്.നേരത്തെ നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുട‌െ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേട‌ിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്ബിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം.

ടോക്കിയോ ഒളിമ്പിക്സ്;പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ടീം;ഹോ​ക്കി വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ജ​യം

keralanews tokyo olympics indian mens team makes history india wins hockey bronze medal

ജർമ്മനി: ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പ് ഒടുവില്‍ ഇന്ത്യ ഹോക്കിയില്‍ ഒരു മെഡല്‍ നേടിയിരിക്കുകയാണ്. വെങ്കല പോരാട്ടത്തില്‍ ജെര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ സ്വപ്‌ന നേട്ടം. 5-4 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഇന്ത്യ കാഴ്ചവെച്ചത്. 1980ന് ശേഷം ആദ്യമായാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഇരു ടീമുകളും അറ്റാക്കിംഗില്‍ ആണ് ശ്രദ്ധിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനി ഒരു ഗോള്‍ വീഴ്ത്തി മുന്നിലെത്തി. തിമൂര്‍ ഒറൂസ് ആയിരുന്നു ജര്‍മനിക്കായി ആദ്യ ഗോള്‍ നേടിയത്.ഇതിന് പിന്നാലെ സിമ്രന്‍ജിത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും ജര്‍മനി ഗോള്‍ നേടി. നിക്ലാസ് വെലനും, ബെനെഡിക്ടും ആയിരുന്നു സ്‌കോര്‍ ചെയ്തത്. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. പിന്നീട് ഹര്‍മന്‍ പ്രീതിലൂടെ ഇന്ത്യ സ്‌കോര്‍ 3-3ല്‍ എത്തിച്ചു.പിന്നീടുള്ള രണ്ട് ഗോളുകള്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ നേടി. രൂപീന്തറും സിമ്രന്‍ജിത്തുമാണ് ലക്ഷ്യം കണ്ടത്. ഇതോടെ സ്‌കോര്‍ 5-3 ആയി. അവസാന ക്വാര്‍ട്ടറില്‍ ജര്‍മനി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും 5-4ന് ഇന്ത്യ ജര്‍മനിയെ പിടിച്ചുകെട്ടി. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര്‍ ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യയാണ്.

ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവിന് വെള്ളി മെഡൽ

keralanews india wins first medal in olympics meerabhai chanu wins silver in weightlifting

ടോക്കിയോ:ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ.ഭാരോദ്വഹനത്തിൽ മീരാഭായി ചാനു വെള്ളി മെഡൽ നേടി. 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡൽ നേട്ടം. ചൈനയുടെ ഹോ ഷിഹൂയിയ്‌ക്കാണ് സ്വർണ്ണം. 202 കിലോ ഉയര്‍ത്തിയാണ് ചാനു ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 2000 സിഡ്നി ഒളിംപിക്സിൽ കർണ്ണം മല്ലേശ്വരിയാണ് ഇതിന് മുൻപ് മെഡൽ നേട്ടം സ്വന്തമാക്കിയത്. മല്ലേശ്വരി വെങ്കലമെഡലായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടി നേടിയത്.2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കായികമന്ത്രി അനുരാഗ് താക്കൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അടക്കമുള്ളവർ ചാനുവിന് അഭിനന്ദനമറിയിച്ചുകൊണ്ട് രംഗത്തെത്തി. ഇന്ത്യയുടേത് സന്തോഷകരമായ തുടക്കമാണെന്നും മീരാഭായി ചാനുവിന്റെ നേട്ടം രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്സ്; ആദ്യ കോവിഡ് 19 കേസ് ഗെയിംസ് വില്ലേജില്‍ രജിസ്റ്റര്‍ ചെയ്തു

keralanews tokyo olympics the first covid 19 cases were registered in the games village

ടോക്കിയോ: ഒളിമ്പിക്സ് ആരംഭിക്കാന്‍ ആറ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരു ഒഫിഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫിഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.’കൊവിഡ് വ്യാപനം തടയാനാവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇനിയൊരു വ്യാപനമുണ്ടാവുകയാണെങ്കില്‍ അത് നേരിടുന്നതിനായി ഞങ്ങള്‍ക്ക് മറ്റ് പദ്ധതികളുണ്ടെന്നും ഒളിമ്പിക്സ് ചീഫ് ഓര്‍ഗനൈസര്‍ ഷെയ്‌ക്കോ ഹഷിമോട്ടോ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ ജപ്പാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്.ഒളിമ്പിക്‌സിനായി 119 കായികതാരങ്ങളും 109 ഒഫിഷ്യല്‍സുമുള്‍പ്പെടെ 228 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. താരങ്ങളില്‍ 67 പുരുഷന്മാരും 52 വനിതകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം ത്രിതല സുരക്ഷാ സംവിധാനത്തിനുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഗെയിംസ് സംഘടിപ്പിക്കുമെന്ന് അവകാശപ്പെട്ട ജപ്പാന് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. വില്ലേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഗെയിംസ് വില്ലേജിലേക്കുള്ള യാത്രയ്ക്കിടെ രോഗം പകര്‍ന്നതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ പൊതു ഗതാഗതം പോലും ഒഴിവാക്കി കനത്ത സുരക്ഷയും ശുചിത്വവും ഉറപ്പാക്കിയുള്ള ഗതാഗത സംവിധാനം ഒരുക്കിയിട്ടും ഇത്തരത്തില്‍ രോഗം പകര്‍ന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്സ്.

കോപ്പാ അമേരിക്ക; ബ്രസീൽ- അർജ്ജന്റീന സ്വപ്ന ഫൈനൽ ഇന്ന്

keralanews copa america brazil argentina dream final today

ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്‌ബോളിലെ സ്വപ്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടും.നെയ്മറുടെ നേതൃത്വത്തിൽ ബ്രസീലും ഉജ്ജ്വല ഫോമിലുള്ള അർജ്ജന്റീനയ്ക്കായി ലയണൽ മെസ്സിയും ഏറ്റുമുട്ടുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചരിത്രമുറങ്ങുന്ന മാറക്കാനയിലെ പുല്‍മൈതാനിയില്‍ ഞായര്‍ പുലര്‍ച്ചെ 5.30നാണ് മത്സരം. നെയ്മറിനെയും മെസ്സിയേയും നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ പ്രേമികള്‍ തമ്മിലുള്ള മത്സരവും കൂടിയാവും ഇത്. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. കൊളംബിയയെ തോൽപ്പിച്ചാണ് അർജ്ജന്റീന ഫൈനലിലെത്തിയത്. ബ്രസീൽ പെറുവിനെയാണ് സെമിയിൽ തോൽപ്പിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വ നായകനായ ബ്രസീല്‍ ടീം. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. അതേ സമയം ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച പോരാട്ട വീര്യമാണ്. അര്‍ജന്റീന ടീം പുറത്തെടുക്കുന്നത്. ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോണ്‍സാലസുമെല്ലാം മിന്നും ഫോമിലാണ്.കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്താനാണ് ബ്രസീല്‍ ഇറങ്ങുന്നതെങ്കില്‍ 1993ന് ശേഷം കാത്തിരിക്കുന്ന കിരീടനേട്ടത്തിന് വിരാമമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപയില്‍ ബ്രസീലിന്റെ 21ാം ഫൈനലാണിത്. അര്‍ജന്റീനയുടേതാവട്ടെ, 29ാം ഫൈനലും. 2016ലാണ് അര്‍ജന്റീന അവസാനമായി ഫൈനലിലെത്തിയത്. അവിടെ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടാനായിരുന്നു വിധി. കോപായിലെ 10ാം കിരീടത്തിലേക്കാണ് ബ്രസീല്‍ കണ്ണുവയ്ക്കുന്നതെങ്കില്‍ 15 തവണ കിരീടം ചൂടി തലപ്പത്തിരിക്കുന്ന ഉറുഗ്വേയ്‌ക്കൊപ്പം റെക്കോര്‍ഡ് കിരീടനേട്ടം പങ്കിടാനാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ഇതുവരെ 14 കിരീടനേട്ടമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്.

ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു

keralanews legendary indian athlete milkha singh passes away

ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ്(91) അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം.മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു.മില്‍ഖാ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു.

പറക്കും സിങ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്ബിക്സിലും 1960 റോം ഒളിമ്ബിക്സിലും 1964 ടോക്യോ ഒളിമ്ബിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്ബിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.മകള്‍ സോണിയ സന്‍വാല്‍ക്കയ്ക്കൊപ്പം ദി റേസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഓംപ്രകാശ് മെഹ്റ 2013 ല്‍ ഭാഗ് മില്‍ഖാ ഭാഗ് എന്ന സിനിമ നിര്‍മിച്ചിരുന്നു.

ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന;ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം

keralanews khel ratna award for five including cricketer rohit sharma dhyanchand award for jincy philip

ന്യൂഡൽഹി:ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന.റിയോ പാരാലിംപിക്‌സ് സ്വര്‍ണ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ലോക ഗുസ്തി ചാംപ്യന്‍ഷിപ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസ് സ്വര്‍ണം നേടിയ മനിക ബത്ര, ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവരാണ് ഇത്തവണ രോഹിത് ശര്‍മയ്ക്ക് പുറമേ ഖേല്‍ രത്‌നയ്ക്ക് അര്‍ഹരായവര്‍.ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും എം.എസ്.ധോണിക്കും വിരാട് കോലിക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് രോഹിത്.കഴിഞ്ഞ വർഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ രോഹിത്തിന് കഴിഞ്ഞിരുന്നു. ഏകദിന ഫോർമാറ്റിൽ 2019ല്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത്തായിരുന്നു.ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി.മലയാളി ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേരാണ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായത്. 2000 സിഡിനി ഒളിബിക്സില്‍ മത്സരിച്ച ജിന്‍സി ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേ സ്വര്‍ണം നേടിയ റിലേ ടീമില്‍ അംഗമായിരുന്നു.ജിന്‍സി ഫിലിപ്, ശിവ കേശവന്‍ (അര്‍ജുന) എന്നിവരാണു പട്ടികയിലെ മലയാളികള്‍. ജൂഡ് ഫെലിക്‌സ് (ഹോക്കി), ജസ്പാല്‍ റാണ (ഷൂട്ടിങ്) എന്നിവരുള്‍പ്പെടെയുള്ളവര്‍ ദ്രോണാചാര്യ പുരസ്‌കാരം നേടി.പാതി മലയാളി ശിവകേശവന് അര്‍ജുന പുരസ്‌കാരം വൈകി വന്ന അംഗീകാരമാണ്. ശീതകാല ഒളിംപിക്‌സില്‍ തുടര്‍ച്ചയായി 6 തവണ പങ്കെടുത്തിട്ടുള്ള ശിവകേശവന്‍ ശീതകാല ഒളിംപിക്‌സില്‍ ലൂജ് ഇനത്തിലാണ് പങ്കെടുത്തത്. ഈ ഇനത്തില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണു ശിവ. ഫൈബര്‍ ഗ്ലാസുകൊണ്ടുള്ള തളികയില്‍ മഞ്ഞിലൂടെ അതിവേഗം നീങ്ങുന്ന മത്സരമാണു ലൂജ്.തലശ്ശേരി സ്വദേശി സുധാകരന്‍ കേശവനാണു ശിവയുടെ പിതാവ്. അമ്മ ഇറ്റലിക്കാരിയാണ്.