തിരുവനന്തപുരം:ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു.ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഉള്ളിയും പച്ചമുളകും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് മൊത്തവില്‍പനക്കാര്‍. ഇന്നലെ അറുപത് രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് 35 രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയിരിക്കുന്നത്.20-25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സവാളയുടെ വില ഒറ്റയടിക്ക് 40 രൂപയായി ഉയര്‍ന്നു.ഒരു പെട്ടി തക്കാളിയുടെ വില 500ൽ നിന്ന് 850 രൂപയായാണ് ഉയര്‍ന്നത്.ഇന്നലെവരെ 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയാണ് ഇന്നത്തെ വില. കൊറോണ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞെന്നാണ് വിലകൂട്ടാനുള്ള കാരണമായി കച്ചവടക്കാര്‍ പറയുന്നത്.ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ഇനിയും വില കൂടുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
പാല്‍ വില്‍പ്പന കുറഞ്ഞു;മില്‍മ ചൊവ്വാഴ്ച മലബാര്‍ മേഖലയില്‍ നിന്നും പാല്‍ ശേഖരിക്കില്ല
കോഴിക്കോട്: മലബാര്‍ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് ചൊവ്വാഴ്ച പാല്‍ സംഭരിക്കില്ലെന്ന് മില്‍മ. മലബാര്‍ മേഖലയില്‍ പാല്‍ വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാല്‍ ശേഖരിക്കാത്തതെന്ന് മേഖലാ യൂണിയന്‍ മാനേജിംങ് ഡയറക്ടര്‍ അറിയിച്ചു. മലബാര്‍ മേഖലാ യൂണിയന്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി പ്രതിദിനം 5.90 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. മലബാര്‍ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് വിറ്റു പോയത്. ഇത് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. ഇതിനു പുറമേ പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വന്‍ തോതില്‍ കുറഞ്ഞു.എന്നാല്‍ ക്ഷീര സംഘങ്ങളിലെ പാല്‍ സംഭരണം വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച കാലത്തും വൈകീട്ടും പാല്‍ സംഭരണം നിര്‍ത്തുന്നതെന്ന് മാനേജിംങ് ഡയറക്ടര്‍ കെഎം വിജയകുമാര്‍ പറഞ്ഞു.ഇക്കാര്യം സഹകരണ സംഘങ്ങളെ അറിയിച്ചു കഴിഞ്ഞു. നാളെ വിപണി നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളില്‍ സംഭരണം വേണോയെന്ന് ആലോചിക്കും. മില്‍മയുടെ തീരുമാനം ക്ഷീര കര്‍ഷകരെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കും.
കോവിഡ് 19;പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കാൻ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങൾ പ്രത്യേകിച്ച് ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയവയുടെ സമീപമുളള ബേക്കറികള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തും.പരിശോധനയില്‍ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍:
1. ചുമ, ശ്വാസതടസം എന്നീ രോഗങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.
2. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനി കൊണ്ട് വൃത്തിയാക്കേണ്ടതാണ്.
3. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഹെയര്‍ നെറ്റ് എന്നിവ ധരിക്കേണ്ടതാണ്.
4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക.
5. നേര്‍പ്പിക്കാത്ത സോപ്പ് ലായനി/സോപ്പ് നിര്‍ബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്.
6. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുക.
7. ക്യാഷ് കൗണ്ടറില്‍ പണം കൈകാര്യം ചെയ്യുന്നവര്‍ ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.
8. ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കോവിഡ് 19 പകരുമെന്നത് ശരിയല്ല.
9. പാല്‍, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് ഉപയോഗിക്കുക.
10. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശുദ്ധമായ വെളളത്തില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
11. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അണുവിമുക്ത പ്രതലങ്ങളില്‍ സൂക്ഷിക്കുക.
സംസ്ഥാനത്ത് ഇനി മുതൽ കുപ്പിവെള്ളത്തിന് 13 രൂപ;സർക്കാർ ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് കുപ്പിവെള്ളം ലിറ്ററിന് 13 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.നേരത്തെ വെള്ളത്തെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളുമായി ആലോചിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വിജ്ഞാപനം വന്നിട്ട് പരിശോധന കര്‍ശനമാക്കാമെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ തീരുമാനം. ഇതിനാല്‍ വിജ്ഞാപനം ഇറങ്ങിയ ശേഷമാകും നിയന്ത്രണം പൂര്‍ണ തോതില്‍ നടപ്പാക്കുക.കഴിഞ്ഞ മാസം 12നാണ് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്. അവശ്യസാധനങ്ങളുടെ വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി.വിജ്ഞാപനത്തിന്റെ കരട് നിയമ വകുപ്പിനയച്ചിരിക്കുകയാണ്. 20 രൂപയ്ക്കാണ് ഇപ്പോള്‍ കടകളില്‍ വെള്ളം വില്‍ക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരത്തിലും കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മില്‍മ പാല്‍ പ്രതിസന്ധി;തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം ചേരും
തിരുവനന്തപുരം:സംസ്ഥാനത്തെ പാല്‍ പ്രതിസന്ധി മറികടക്കാനായി മില്‍മയുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരളത്തില്‍ പാല്‍ ലഭ്യത ഉറപ്പ് വരുത്താനായി അന്യസംസ്ഥാനങ്ങളിലെ പാല്‍ സഹകരണ സംഘങ്ങളെ ആശ്രയിക്കേണ്ട സാഹര്യമാണ് നിലവില്‍ ഉള്ളത്. പ്രതിദിനം 12 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നല്‍കിയിരുന്നത്. ഇതിനുപുറമെ രണ്ട് ലക്ഷം ലിറ്റര്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ വേനല്‍ കടുത്തതോടെ കേരളത്തിലെ പാല്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായി.പ്രതിസന്ധി ഘട്ടത്തിലും കടുത്ത നഷ്ടം സഹിച്ചാണ് ക്ഷീരകര്‍ഷകര്‍ പാല്‍ വിപണനം നടത്തിയിരുന്നത്.എന്നാല്‍ ഇനി ഇത്തരത്തില്‍ നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ലിറ്ററിന് ആറ് രൂപവരെയെങ്കിലും വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം വിലവര്‍ധനവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഈ തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.എന്നാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ടു തവണ വില കൂട്ടിയതിനാല്‍ ഒരു തവണ കൂടി കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പക്ഷെ വില കൂട്ടണമെന്ന കാര്യത്തില്‍ മില്‍മ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്.
സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷം; അയൽസംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ
തിരുവനന്തപുരം:സംസ്ഥാനത്ത് പാൽക്ഷാമം പരിഹരിക്കുന്നതിനായി അയൽസംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ.ഇന്ന് ചേര്‍ന്ന മില്‍മയുടെ ഹൈപ്പവര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കൂടുതല്‍ പാല്‍ വാങ്ങാനാണ് തീരുമാനം. ഇതിനായി തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സംസ്ഥാന സര്‍ക്കാര്‍ മുഖേന ചര്‍ച്ച നടത്തും.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ പാലിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത് . ഉല്പാദനച്ചെലവും കാലിത്തീറ്റയുടെ വിലയും കൂടിയത് കാരണം കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതാണ് പാല്‍ക്ഷാമത്തിനുള്ള കാരണമായി മില്‍മ പറയുന്നത് .
പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി; എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയമിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത്. ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി പരാതി ഉയരുന്നുണ്ട്.ചെറിയ വിലയ്ക്ക് ഇത്തരം എണ്ണ കിട്ടുമെന്നതാണ് തട്ടുകടക്കാരെ ആകര്‍ഷിക്കുന്നത്.ചില ഹോട്ടലുകളും പഴകിയ എണ്ണ നിരന്തരം ഉപയോഗിക്കുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഹോട്ടലുകളില്‍ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്. ആരോഗ്യത്തിന് ഗുരുതര പ്രശ്‌നമുണ്ടാക്കുന്ന ഇത്തരം എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ എണ്ണ ശേഖരിക്കാനാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തീരുമാനം. ഇതിനായി ഒരു ഏജന്‍സിയെ നിയമിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുക. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം പഴകിയ എണ്ണകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കുപ്പി വെള്ളത്തിന്റെ വില കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്ററിന് 13 രൂപ ആക്കിയാണ് കുറച്ചത്. വില കുറച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചു.വിജ്‍ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും.വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യ സാധനങ്ങളുടെ വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് ഇപ്പോള്‍ വില കുറച്ചത്.
ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനം; ന്യൂസിലാന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം
പോഷ്സ്ട്രൂം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം.നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 296 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലും 62 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒൻപത് റണ്‍സ് മാത്രമാണ് നേടിയത്. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 32 റൺസെടുക്കുമ്പോഴേക്കും എം.എ അഗര്‍വാളും വിരാട് കോഹ്ലിയും പുറത്തായെങ്കിലും പൃഥ്വി ഷായും ശ്രേയസ് അയ്യറും കൂടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി.എന്നാല്‍, മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കെ പൃഥ്വി ഷാ റണ്‍ ഔട്ടായി.പൃഥ്വി ഷാ 42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 40 റണ്‍സ് നേടി. പൃഥ്വി ഷാ റണ്‍ഔട്ടായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. പിന്നീടെത്തിയ രാഹുല്‍ ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കി.113 പന്തില്‍ രാഹുല്‍ ഒൻപത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു.ഏകദിനത്തില്‍ രാഹുലിന്റെ നാലാം സെഞ്ചുറിയാണിത്.ഇരുവരും നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.രാഹുല്‍ പുറത്തായതോടെ ഒന്നിച്ച ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പതിയെ ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നീക്കി.ആദ്യ രണ്ട് മല്‍സരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യ മാനംകാക്കുകയാണ് മൂന്നാം ഏകദിനത്തിലെ ജയത്തിലൂടെ ലക്ഷ്യമിടുന്നത്.
എടിഎം വഴി പാല്‍;മില്‍മയുടെ പുതിയ പദ്ധതി അടുത്തമാസം മുതല്‍
തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് എടിഎം വഴിയും പാല്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.ശേഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മില്‍മ പാല്‍ വിതരണത്തിനായി തിരുവനന്തപുരം മേഖലയില്‍ എടിഎം സെന്ററുകള്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ വിതരണ എടിഎം സെന്ററുകള്‍ സ്ഥാപിക്കും. ഓരോ ദിവസവും സെന്ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാര്‍ജില്‍ അടക്കം വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നും എന്നാണ് മില്‍മ അവകാശപ്പെടുന്നത്. പദ്ധതി വിജയകരമാകുമെന്നാണ് മില്‍മയുടെ പ്രതീക്ഷ.