തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍.ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി.സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. ഇതേ പതിനൊന്ന് സാധനങ്ങള്‍ സപ്ലൈകോ ഔട്ട്ലറ്റില്‍ നേരിട്ട് പോയി വാങ്ങിയാല്‍ ആകെ ചെലവാകുന്നത് 357രൂപ. ഇരുപത് രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാല്‍പോലും ആകെ 382 രൂപയേ ആകു. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അതേസമയം, അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം.എന്നാല്‍ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ല എന്നാണു കണ്ടെത്തല്‍. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് സംബന്ധിച്ച് വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു വിജിലന്‍സിന്‍റെ അന്വേഷണം.
‘ഓപ്പറേഷൻ സാഗർറാണി’ നിർജീവം;സംസ്ഥാനത്ത് വീണ്ടും പഴകിയ മൽസ്യവില്പന സജീവമാകുന്നു
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ മൽസ്യ പരിശോധനാ സംവിധാനമായ ‘ഓപ്പറേഷൻ സാഗർറാണി’ നിർജീവമായതോടെ സംസ്ഥാനത്ത് വീണ്ടും പഴകിയ മൽസ്യവില്പന സജീവമാകുന്നു.സംസ്ഥാനത്തെ തീരദേശ മേഖലയില്‍ നിലവില്‍വന്ന മത്സ്യബന്ധന-വിപണന നിയന്ത്രണം മുതലാക്കിയാണ് ഇതരസംസ്ഥാന ലോബി വീണ്ടും സജീവമാകുന്നത്.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാവും പകലും നടന്നിരുന്ന ആരോഗ്യ വകുപ്പിെന്‍റയും ഭക്ഷ്യവകുപ്പിന്റെയും പരിശോധന ഇപ്പോള്‍ തീര്‍ത്തും നിര്‍ജീവമായ നിലയിലാണ്. വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മിക്ക മാര്‍ക്കറ്റുകളിലുമെത്തുന്നത് ഗോവ, ഉഡുപ്പി ഭാഗത്തുനിന്നുള്ള മത്സ്യമാണ്. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കേണ്ടതിനാല്‍ രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഇത്തരം മത്സ്യം എത്തുന്നില്ല.ഐസും രാസവസ്തുക്കളും ചേര്‍ത്ത് മരവിച്ച മത്സ്യമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.ഓപ്പറേഷൻ സാഗര്‍ റാണിയുടെ വരവ് ഇതിനൊക്കെ പരിഹാരമായിരുന്നു.ശക്തമായ പരിശോധനയില്‍ പരമാവധി വിജയിക്കാന്‍ അധികൃതര്‍ക്കായി. പരിശോധന ഭയന്ന് അന്യസംസ്ഥാന ലോബി ആ സമയത്ത് പൂര്‍ണമായും കളംവിട്ടു.എന്നാല്‍, കോവിഡ് വ്യാപനവും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയും മാറിയപ്പോള്‍ കാര്യങ്ങള്‍ തകിടംമറിയാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍നിന്നും മമ്പറം, അഞ്ചരക്കണ്ടി ഭാഗങ്ങളില്‍ വിതരണം ചെയ്ത ചെറുമീനുകളില്‍ രാസവസ്തുക്കളുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടതായി നിരവധിയാളുകള്‍ പരാതിപ്പെട്ടു.ഇതേ പരാതി കഴിഞ്ഞ ദിവസം കൂത്തുപറമ്പ്, കതിരൂര്‍ ഭാഗങ്ങളിലുമുണ്ടായിരുന്നു. കട്ല മത്സ്യം പാകംചെയ്ത നിരവധിപേര്‍ക്ക് കറി നശിപ്പിച്ചുകളയേണ്ടിവന്നു. മത്സ്യത്തില്‍ ചേര്‍ത്ത രാസവസ്തുക്കള്‍, പാകം ചെയ്തപ്പോള്‍ രൂക്ഷഗന്ധമായി മാറുകയായിരുന്നു.ബ്ലീച്ചിങ് പൗഡറിന്റേതിന് സമാനമായ ഗന്ധമാണുണ്ടായതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. കാഴ്ചയില്‍ തിളക്കമുള്ള മത്സ്യമാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ചെറുവത്തൂര്‍ മടക്കര, കണ്ണൂര്‍ ആയിക്കര, വടകര ചോമ്പാൽ എന്നീ പ്രധാന കടപ്പുറങ്ങളില്‍നിന്നും ശുദ്ധമായ മത്സ്യം ലഭിക്കുന്നുണ്ടെങ്കിലും അമിത ലാഭവും മത്സ്യം ശേഖരിക്കാനുള്ള സൗകര്യവും പരിഗണിച്ച് ജില്ലയിലെ ഭൂരിഭാഗം മത്സ്യവില്‍പനക്കാരും ഇതരസംസ്ഥാനത്തുനിന്നുവരുന്ന ലോറി മത്സ്യമാണ് ആശ്രയിക്കുന്നത്. മത്സ്യമാര്‍ക്കറ്റുകളില്‍ പഞ്ചായത്തുകളുടെ ശ്രദ്ധയോ പരിശോധനയോ തീരെയില്ലാത്തതും എത്ര പഴകിയ മത്സ്യമെത്തിക്കാനും വില്‍പനക്കാര്‍ക്ക് തുണയാവുന്നു. ഏതെങ്കിലും പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ആവേശം പിന്നീടങ്ങോട്ട് തുടരാത്തതാണ് ഇത്തരം ലോബികള്‍ക്ക് തുണയാവുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാർഥികൾ ഭക്ഷ്യധാന്യ കിറ്റ്;പ്രയോജനം ലഭിക്കുക പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ജൂലൈ മുതല്‍ ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുക.അരിക്കു പുറമേ ഒൻപത് ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക. ചെറുപയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങിയവയാണ് അരിക്കു പുറമേ നല്‍കുന്നത്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 1,311 ടിവികളും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഭക്ഷണ വിതരണം നടത്തി;കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു
കോഴിക്കോട്:ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയതിനെ തുടർന്ന് കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു.ഇന്ന് ഉച്ചയോടെയാണ് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഭക്ഷണം നല്‍കിയത്. കോര്‍പ്പറേഷന്‍ കാന്റീന്‍ കൂടിയായ ഇവിടെ നിരവധി പേര്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഒരു മേശക്കു ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. സമീപത്ത് കട നടത്തുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. കോഫി ഹൗസ് അധികൃതര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കലക്ടര്‍മാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.
കോഴിയിറച്ചി വില കുതിച്ചുയരുന്നു;കിലോക്ക് 220 രൂപ
കോഴിക്കോട്:സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിക്കോട് ജില്ലയിൽ 220 രൂപയാണ് കോഴിയിറച്ചിയുടെ വില. 200 രൂപയ്ക്ക് മുകളിൽ വിൽക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ ചിക്കൻ സ്റ്റാളുകൾ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും.ഒരാഴ്ചക്കിടെ അറുപത് രൂപയുടെ വര്‍ദ്ധനവാണ് കോഴിയിറച്ചിക്കുണ്ടായത്. 160 രൂപയില്‍ നിന്ന് 220ലേക്ക്. ലെഗോണ്‍ കോഴിക്ക് 185 രൂപയാണ്. വില ഉയർന്നതോടെയാണ് അധികൃതർ ഇടപ്പെട്ടത്. 200 രൂപയ്ക്ക് മുകളിൽ വിൽക്കരുതെന്നാണ് നിർദ്ദേശം. എന്നാൽ ഫാമുകളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ലഭിക്കുന്ന കോഴി . നിലവിലെ വിലയ്ക്കല്ലാതെ വില്‍പന നടത്തുന്നത് വ്യാപാരികളെ നഷ്ടത്തിലാക്കുമെന്നാണ് വ്യാപരികൾ പറയുന്നത്. തുടർന്നാണ് അനിശ്ചിതകാലത്തേക്ക് ചിക്കൻ സ്റ്റാളുകൾ അടച്ചിടാൻ തീരുമാനിച്ചത്.
റേഷന്‍ വിഹിതം മേയ് 20ന് മുൻപ് കൈപ്പറ്റണം; നീല കാര്‍ഡുകാര്‍ക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഇന്നു മുതല്‍
തിരുവനന്തപുരം: മേയ് മാസത്തെ സാധാരണ റേഷന്‍ വിഹിതം മേയ് 20ന് മുൻപ് ഉപഭോക്താക്കള്‍ കൈപ്പറ്റേണ്ടതാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.മെയ് മാസത്തില്‍ സാധാരണ റേഷന് പുറമെ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ,വൈ) പദ്ധതി പ്രകാരമുള്ള ചെറുപയര്‍ വിതരണം, പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 10 കിലോഗ്രാം സ്‌പെഷ്യല്‍ അരി, മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പി.എം.ജി.കെ.എ.വൈ അരി, ചെറുപയര്‍ എന്നിവയും പൊതുവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റും വിതരണം ചെയ്യേണ്ടതുണ്ട്. ഇവ സ്‌റ്റോക്ക് ചെയ്യാന്‍ റേഷന്‍ കടകളില്‍ സ്ഥലപരിമിതി ഉണ്ടാവുന്നതിനാലാണ് 20ന് മുൻപായി റേഷന്‍ വാങ്ങാന്‍ നിര്‍ദേശം.മുന്‍ഗണനേതര (സബ്‌സിഡി) വിഭാഗത്തിന് (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ മെയ് എട്ടു മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് നമ്പറുകളുടെ അവസാന അക്കം കണക്കാക്കിയാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. എട്ടിന് കാര്‍ഡിന്റെ അവസാന അക്കം പൂജ്യത്തിനും, ഒന്‍പതിന് 1, 11ന് 2, 3, 12ന് 4, 5, 13ന് 6, 7, 14ന് 8, 9 എന്നിങ്ങനെയാണ് കിറ്റ് വിതരണം.മേയ് 15 മുതല്‍ മുന്‍ഗണന ഇതര (നോണ്‍ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാര്‍ഡുകള്‍ക്ക്) കിറ്റ് വിതരണം ചെയ്യും.
കുപ്പി വെള്ളത്തിന് അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി പി.തിലോത്തമന്‍
തിരുവനന്തപുരം: കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പി.തിലോത്തമന്‍. അമിത വില ഈടാക്കിയ 131 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്ത് 3.30 ലക്ഷം രൂപ പിഴ ഈടാക്കി.ഒരു ലിറ്റർ കുപ്പിവെള്ളത്തിന് പരമാവധി 13 രൂപ ഈടാക്കാം.ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ മാത്രമേ കുപ്പി വെള്ളം വില്‍ക്കുന്നുള്ളൂ. ഇവിടങ്ങളില്‍ അമിത വിലയാണെന്ന് ഒട്ടേറെ പരാതികള്‍ മന്ത്രിക്കു ലഭിച്ചിരുന്നു.അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്പിവെള്ളത്തിന് 13 രൂപയില്‍ കൂടുതല്‍ ഈടാക്കാനാവില്ല. അമിത വില ഈടാക്കുന്നവര്‍ കുറഞ്ഞത് 5,000 രൂപ പിഴ നല്‍കണം. സെയില്‍സ്മാന്‍, മാനേജര്‍, കടയുടമ എന്നിവരുള്ള സ്ഥാപനമാണ് അമിതവില വാങ്ങുന്നതെങ്കില്‍ ഇവര്‍ 3 പേരും 5,000 രൂപ വീതം പിഴ അടയ്ക്കണം. ടോള്‍ ഫ്രീ നമ്പറായ 1800 425 4835, ‘സുതാര്യം’ മൊബൈല്‍ ആപ്ലിക്കേഷന്‍, lmd.kerala.gov.in എന്നിവ വഴി പരാതികള്‍ അറിയിക്കാം.
കണ്ണൂരിൽ 2000 കിലോ പഴകിയ മൽസ്യം പിടികൂടി
കണ്ണൂർ:കണ്ണൂരിൽ പഴകിയ മൽസ്യം പിടികൂടി.ആയിക്കര ഹാർബർ കേന്ദ്രീകരിച്ച് കോർപറേഷൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ട് കണ്ടെയ്നർ ലോറികളിലായി സൂക്ഷിച്ചിരുന്ന മൽസ്യം പിടികൂടിയത്.അയല,ചെമ്മീൻ,കിളിമീൻ തുടങ്ങിയ മൽസ്യങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.കർണാടകയിലെയും ഗോവയിലെയും വിവിധ ഹാർബറുകളിൽ നിന്നാണ് കണ്ണൂരിൽ മൽസ്യമെത്തിച്ചതെന്നാണ് സൂചന.മൽസ്യം സൂക്ഷിച്ചിരുന്ന രണ്ട് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.ഇതിൽ ഒരു വാഹനത്തിൽ രജിസ്‌ട്രേഷൻ നമ്പർ പോലും രേഖപ്പെടുത്തിയിട്ടില്ല.അമോണിയ കലർത്തിയ ഐസിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് രണ്ടുമാസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.ഈസ്റ്റർ അടുത്ത സാഹചര്യത്തിൽ നഗരം കേന്ദ്രീകരിച്ചുള്ള ചില്ലറവിൽപ്പനക്കാരെ ലക്ഷ്യമിട്ടാണ് മീൻ എത്തിച്ചതെന്നാണ് സൂചന.വാഹനത്തിലുണ്ടായിരുന്ന മത്സ്യത്തിന്റെ ഒരു ഭാഗം രാവിലെ തന്നെ വിറ്റഴിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.ഇന്നലെ ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നും പിടിച്ചെടുത്ത മൽസ്യങ്ങളിൽ ഉയർന്ന തോതിൽ ഫോർമാലിൻ കലർത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു.രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണി വരെ അന്ത്യോദയ -മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് 2 മണിമുതൽ 5 മണിവരെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് റേഷന്‍ വിതരണം ചെയ്യുക.റേഷന്‍ കടയിലെ തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡ് നമ്പർ അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.ഇന്ന് പൂജ്യം -ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പറുള്ളവര്‍ക്കാണ് വിതരണം ചെയ്യുക. വ്യാഴാഴ്ച രണ്ട് -മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ മൂന്നിന് നാല് -അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ നാലിന് ആറ് -ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ അഞ്ചിന് എട്ട് -ഒൻപത് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ നല്‍കും.ഈ ദിവസങ്ങളില്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് സൗകര്യമൊരുക്കും. കടകള്‍ക്ക് മുൻപിൽ കൈ കഴുകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ആളുകള്‍ക്ക് വരിനില്‍ക്കാനുള്ള വരയും അടയാളപ്പെടുത്തിയിട്ടുണ്ട്.നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചു നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍
തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.ഏപ്രില്‍ 20നുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ അവര്‍ക്കും സൌജന്യ റേഷന്‍ ലഭിക്കും.ദിവസവും ഉച്ച വരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്ന് മന്ത്രി പറഞ്ഞു.ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പാടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ്(പി.എച്ച്.എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്ക് കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധസേനാ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കണം. തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും.എല്ലാവര്‍ക്കും ഏപ്രില്‍ മാസം തന്നെ സൌജന്യകിറ്റും വിതരണം ചെയ്യും. കിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്നും പി തിലോത്തമന്‍ ആവശ്യപ്പെട്ടു.87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.