ബംഗളുരു : ആസ്ട്രേലിയയ്‌ക്കെതിരെ ബംഗളുരുവിൽ നടന്ന ബോർഡർ ഗാവസ്‌കർ പരമ്പരയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ ജയം. 75 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ 188 എന്ന വിജയ ലക്‌ഷ്യം പിന്തുടർന്ന ആസ്‌ട്രേലിയ 112 റൺസിന് പുറത്തായി. ഇതോടെ ഈ പരമ്പര 1 -1 എന്ന നിലയിലായി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മോഹൻലാലിനൊപ്പം മത്സരിക്കാൻ ഇനി വിനായകനും. മികച്ച സിനിമയ്ക്കുള്ള അവസാന റൗണ്ടില്‍ ഒമ്പതു ചിത്രങ്ങളാണുള്ളത്. മഹേഷിന്റെ പ്രതികാരം, കാട് പൂക്കുന്ന നേരം, മാന്‍ഹോള്‍, പിന്നെയും, അയാള്‍ ശശി, ഗപ്പി, കിസ്മത്ത്, കമ്മട്ടിപ്പാടം, കറുത്ത ജൂതന്‍ എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരത്തിൽ മുൻനിരയിലുള്ളത്. മികച്ച ചിത്രത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്.
സംസ്ഥാന പഞ്ചഗുസ്തി മത്സരം കണ്ണൂരിൽ
കണ്ണൂർ : നാൽപ്പത്തൊന്നാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരം മെയ് ആറ്, ഏഴ് തീയതികളിൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ നടക്കും പഞ്ചഗുസ്തിക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിച്ച ശേഷമുള്ള ആദ്യത്തെ സംസ്ഥാന ചമ്പ്യാൻഷിപ്പാണ് കണ്ണൂരിൽ നടക്കുന്നു. മത്സരത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രെട്ടറിയും സ്പോർട്സ് കൌൺസിൽ അംഗവുമായ വി പി പവിത്രൻ ഉത്ഘാടനം ചെയ്തു.
ഇലെക്ട്രോപതി ചികിത്സയെ സർക്കാർ പ്രോത്സാഹിപ്പിക്കും
കണ്ണൂർ : ഇലെക്ട്രോപതി ചികിത്സയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സഹായം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇലെക്ട്രോപതി മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാര് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് ഹെർബൽ ചികിത്സാരീതിയാണെന്നും ശാസ്ത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരം ചികിത്സ സമ്പ്രദായം ജനങ്ങൾക്ക് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രേതത്തെ അന്വേഷിച്ച് ഭാവന
ഭാവനയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അഡ്വെജർസ് ഓഫ് ഓമനക്കുട്ടൻ’ . ഇതിൽ ഭാവന ഒരു പ്രേതന്വേഷിയുടെ വേഷമിടുന്നു. സ്വപ്ന സഞ്ചാരിയായ ഓമനക്കുട്ടനായി ആസിഫ് അലി വേഷമിടുമ്പോൾ പല്ലവി എന്ന ശക്തമായ കഥാപാത്രമായി ഭാവന എത്തുന്നു. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പുലിമുരുകനിലെ പുലിപ്പല്ലുമാല സ്വന്തമാക്കാൻ ഓൺലൈൻ ലേലം
100 ദിവസം പിന്നിടുകയും ഒപ്പം കളക്ഷൻ 150 കൊടിയും കടന്ന ‘പുലിമുരുകൻ’ എന്ന ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരുന്ന ‘പുലിപ്പല്ലുമാല’ സ്വന്തമാക്കാനുള്ള ഓൺലൈൻ ലേലം മുറുകുന്നു. ബുധനാഴ്ച 35 ,൦൦൦ രൂപയിലേക്കാണ് ലേലം എത്തിയത്. മോഹൻലാലിൻറെ സിനിമകളും ജീവിതവും ഉൾപ്പെടെ പ്രതിപാദിക്കുന്ന ‘ദി കമ്പ്ലീറ്റ് ആക്ടർ’ എന്ന വെബ്‌സൈറ്റിലാണ് ലേലം പുരോഗമിക്കുന്നത്. മോഹൻലാലിൻറെ പേരിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനാണ് ലേല തുക ലക്ഷ്യമിടുന്നത് .
ട്രാഫിക് സിനിമയുടെ തിരക്കഥ പഠന വിഷയമാകുന്നു
കണ്ണൂർ: അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന മലയാള സിനിമ വിദ്യാർത്ഥികളുടെ മുന്നിലേക്കെത്തുന്നു. കണ്ണൂർ സർവകലാശാലയിലെ ബി എ മലയാളം വിദ്യാർത്ഥികൾക്ക് ഒരു പഠന വിഷയമായി എത്തുകയാണ് ട്രാഫിക്കിന്റെ തിരക്കഥ. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലെ ഒരുഭാഗമാണ് പഠിക്കാനുണ്ടാവുക. അടുത്ത ആഴ്ചമുതൽ തിരക്കഥ പഠിപ്പിച്ചു തുടങ്ങും. ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർമാനായ ജയചന്ദ്രൻ കീഴോതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവർ അഭിനയിച്ച ചിത്രം പല ഭാഷകളിലേക്ക് റീമെയ്ക് ചെയ്യപ്പെട്ടിരുന്നു.
ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുന്നു; ദേവ് പട്ടേലിന് പുരസ്കാരമില്ല
ലോസ് ആഞ്ചലസ് : എൺപത്തി ഒൻപതാം ഓസ്കാർ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച നടൻ, നടി, ചിത്രം എന്നിവയുൾപ്പെടെ ഇരുപത്തിനാലു വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. പതിനാലു നോമിനേഷനുകളോടെ എത്തിയ ലാ ലാ ലാൻഡ് എന്ന ചിത്രമാണ് ഓസ്‌കാറിന്റെ ശ്രേധാ കേന്ദ്രം. കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലെ ഡോൾബി തീയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ദേവ് പട്ടേലിന് പുരസ്കാരമില്ല.
പ്രധാന 2017 ഓസ്കാർ പുരസ്കാരങ്ങൾ
മികച്ച സഹനടൻ :മഹർഷലാ അലി(ചിത്രം: മൂൺലൈറ്റ് )
വയോള ഡേവിസ് : മികച്ച സഹ നടി (ചിത്രം: ഫെൻസസ്)
മികച്ച ചമയം: അലെസാന്ദ്രോ ബെർടലാസി , ജോർജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫർ നെൽസൺ(ചിത്രം: സൂയിസൈഡ് സ്‌ക്വാഡ്)
വസ്ത്രാലങ്കാരം: കൊളീൻ അറ്യുട്(ചിത്രം: ഫന്റാസ്റ്റിക് ബീറ്റ്‌സ് ആൻഡ് വേർഡ് റ്റു ഫൈൻഡ് ദേം)
സൗണ്ട് എഡിറ്റിംഗ് : സിവിയൻ ബെല്ലെമെർ (ചിത്രം: അറൈവൽ )
പ്രൊഡക്ഷൻ ഡിസൈൻ : ഡേവിഡ് വാസ്കോ, സന്ധി റെയ്നോൾഡ്സ് (ചിത്രം: ലാ ലാ ലാൻഡ്)
പയ്യാമ്പലം പാർക്ക്; ചർച്ച 27ന്
കണ്ണൂർ : വിനോദ നികുതിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചു പൂട്ടിയ പയ്യാമ്പലത്തെ കുട്ടികളുടെ പാർക്ക് ഇപ്പോളും അടഞ്ഞു തന്നെ കിടക്കുന്നു. മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ കോർപറേഷൻ അധികൃതരാണ് പാർക്ക് അടച്ചു പൂട്ടിയത്. അവധിദിവസങ്ങളിലും അല്ലാത്തപ്പോൾ വൈകുനേരങ്ങളിലും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്. അടച്ചു പൂട്ടൽ വിവരം അറിയാതെ മറ്റു ജില്ലകളിൽ നിന്നുള്ളവർ ഇപ്പോളും വരാറുമുണ്ട്. അതേസമയം പ്രശ്നം പരിഹരിക്കാൻ ഈ മാസം 27ന് ചർച്ച നടത്തുമെന്ന് മേയർ പറഞ്ഞു.
ടുറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള പാർക്കിന്റെ നടത്തിപ്പിനെ ചൊല്ലി കുറെ കാലമായി കോർപറേഷനും കരാറുകാരനും തമ്മിൽ തർക്കം നിലനില്കുന്നതിനിടെയാണ് അടച്ചു പൂട്ടൽ.
കൊതുകുശല്യം മാറാൻ ഗപ്പി
കണ്ണൂർ : കൊതുകു ശല്യംമാറ്റാൻ ഒടുവിൽ കണ്ണൂർ കോർപറേഷനും ഗപ്പി എന്ന കുഞ്ഞു മീനുകളുടെ സഹായം തേടുന്നു. താളിക്കാവിലെ ഒരു വീട്ടിൽ വളർത്തുന്ന ഗപ്പികളെ വാങ്ങിയാണ് അധികൃതർ വിതരണം നടത്തുന്നത്. ആദ്യ ഘട്ടമായി പടന്നപ്പാലം, മഞ്ഞപ്പാലം തുടങ്ങുയ പ്രദേശങ്ങളിലാണ് വിതരണം നടത്തിയത്. ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ വീടുകളിലെ കിണറുകളിലും പൊതു കിണറുകളിലും കുളങ്ങളിലുമെല്ലാം ഗപ്പിയെ നിക്ഷേപിക്കും. ഒരു കിണറ്റിൽ ഒരു ആൺ ഗപ്പിയും പെൺ ഗപ്പിയും വേണം.
കൊതുകുകളുടെ ലാർവകൾ മുഴുവൻ ഈ മീനുകൾ തിന്നു വംശ വർധന തടയും. ഒരു ഗപ്പിക്ക് ഒന്നേകാൽ രൂപയാണ് വില. അങ്ങനെ രണ്ടര രൂപയ്ക് ഒരു വീട്ടിലേക്ക് ഒരു ജോഡിയെ ലഭിക്കു. ആദ്യ ദിവസം 500 ഗപ്പികളെ വിതരണം ചെയ്തു.