കാകമിഗഹാര: ഏഷ്യാകപ്പ് ഹോക്കി ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ജേതാക്കൾ. ജപ്പാനിലെ കാകമിഗഹാരയിൽ നടന്ന ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടം കരസ്ഥമാക്കിയത്.ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യൻ വിജയം.സ്കോർ: 5-4. 13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ് ഹോക്കിയിൽ കിരീടം നേടുന്നത്. കിരീടനേട്ടത്തോടെ ഇന്ത്യ അടുത്ത വർഷം നടക്കുന്ന ഹോക്കി ലോകകപ്പിൽ സ്ഥാനമുറപ്പിച്ചു.നിശ്ചിത മത്സര സമയത്ത് ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനില പാലിച്ചു.തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകളിൽ നാലെണ്ണം ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്കും ചൈനയ്ക്കും കഴിഞ്ഞു. ഇതോടെ കളി സഡൻഡെത്തിലേക്കു നീണ്ടു.സഡൻ ഡെത്തിൽ ഇന്ത്യക്ക് വേണ്ടി റാണി ലക്ഷ്യംകണ്ടു. ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന് എന്ന നിലയിൽ വിജയം ഉറപ്പിച്ചു.ടൂർണമെന്‍റിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യൻ വനിതകൾ നേട്ടം സ്വന്തമാക്കിയത്.
ഐഎസ്എല്ലിന്റെ ഉൽഘാടന മത്സരം കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റി
കൊച്ചി:ഐഎസ്എല്ലിന്റെ ഉൽഘാടന മത്സരം കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റി.ഈ മാസം പതിനേഴിന് നടക്കുന്ന ഉൽഘാടന മത്സരം കൊൽക്കത്തയിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ സെമി ഫൈനൽ,ഫൈനൽ വേദികൾ നിശ്ചയിച്ചതിനെ തുടർന്ന് വേദി മാറ്റുകയായിരുന്നു.ഫൈനൽ മത്സരം കൊൽക്കത്തയിൽ ആയതിനാൽ ഉൽഘാടന മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.അതേസമയം 2018 ഫെബ്രുവരി 9 ന് കൊച്ചിയിൽ നടക്കേണ്ടിയിരുന്ന മത്സരം കൊൽക്കത്തയിലേക്ക് മാറ്റും.24 നാണ് കൊച്ചിയിലെ രണ്ടാമത്തെ മത്സരം.കേരളാബ്ലാസ്റ്റേഴ്സും പുതിയ ടീമായ ജംഷഡ്പൂർ എഫ്‌സിയുമാണ് അന്ന് മത്സരിക്കുക.
സച്ചിൻ ടെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു
തിരുവനന്തപുരം:ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമ കൂടിയായ സച്ചിൻ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ അഭ്യർത്ഥിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്.മാത്രമല്ല കേരളത്തിൽ ഒരു ഫുട്ബോൾ അക്കാദമി തുടങ്ങാനും സച്ചിൻ പദ്ധതിയിടുന്നുണ്ട്.സെക്രെട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.ഭാര്യ ഡോ.അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.ഐഎസ്എല്ലിലെ ഉൽഘാടന മത്സരം കാണാൻ സച്ചിൻ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.നവംബർ പതിനേഴിനാണ് ഐഎസ്എല്ലിന്റെ ഈ സീസൺ തുടങ്ങുന്നത്. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അത്ലറ്റിക്കോ ഡി കൊൽക്കത്തയെ നേരിടും.
സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി
തിരുവനന്തപുരം:സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി.ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അസോസിയേഷൻ തയ്യാറാകാത്തതാണ് അംഗീകാരണം റദ്ദാക്കാൻ കാരണമെന്ന് സംസ്ഥാന അപോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ വ്യക്തമാക്കി. നേരത്തെ അസോസിയേഷനെ സസ്‌പെൻഡ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഉള്ളിവില ഉയരുന്നു
കോഴിക്കോട്:സംസ്ഥാനത്ത് ഉള്ളി വില ഉയരുന്നു.കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കിലോയ്ക്ക് പത്ത് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മഴയില്‍ വിളവ് നശിച്ചതും മൈസൂര്‍ ഉള്ളിയെന്ന പേരില്‍ വിപണിയിലുള്ള വലുപ്പം കുറഞ്ഞ ഉള്ളി വിറ്റഴിക്കാനുള്ള മൊത്ത വ്യാപാരികളുടെ തന്ത്രവുമാണ് ഉള്ളി വില വര്‍ധിക്കാന്‍ കാരണം.കോഴിക്കോട് പാളയം ചന്തയില്‍ മൊത്ത കച്ചവടക്കാര്‍ വലിയ ഉള്ളി വില്‍ക്കുന്നത് 37 രൂപക്കാണ്. ഇവിടത്തെ ചെറുകിട കച്ചവടക്കാര്‍ ഇത് 40 രൂപക്ക് വില്‍ക്കും.നാട്ടിന്‍ പുറങ്ങളിലെ കടകളില്‍ ഈ ഉള്ളിയെത്തുമ്പോൾ ഇത് 45 രൂപയാകും.മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഉള്ളിയെത്തുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഉള്ളിക്ക് പൂനൈ ഉള്ളി എന്നാണ് വിളിപ്പേര്. മൈസൂര്‍ ഉള്ളിയെന്ന പേരില്‍ അറിയപ്പെടുന്ന സാധാരണ ഉപയോഗിക്കുന്ന ഉള്ളിയേക്കാള്‍ വലുപ്പം കുറഞ്ഞ ഉള്ളി വിപണിയില്‍ സുലഭമാണ്. ഇതിന് വിലക്കുറവുണ്ട്. പക്ഷെ ഈ ഉള്ളി മൂന്ന് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാന്‍ കഴിയില്ല.
അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ഇംഗ്ലണ്ട് ജേതാക്കൾ
കൊൽക്കത്ത:അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ ഇംഗ്ലണ്ട് ജേതാക്കളായി.രണ്ടു ഗോളിന് പിന്നിട്ട ശേഷം ഒന്നിന് പിറകെ ഒന്നായി അഞ്ചു ഗോളുകൾ സ്പെയിനിന്റെ വലയിൽ അടിച്ചുകയറ്റി ഇംഗ്ലണ്ട് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു.പത്താം മിനിറ്റിൽ സെർജിയോ ഗോമസിലൂടെ സ്പെയിനാണ് ആദ്യ ഗോൾ നേടിയത്.ക്യാപ്റ്റൻ ആബേൽ റൂയിസിൽനിന്ന് തുടങ്ങി യുവാൻ മിറാൻഡസെസാർ ഗിലാബർട്ടു വഴിയെത്തിയ നീക്കം സെർജിയോ ഗോമസ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. മുപ്പത്തൊന്നാംമിനിട്ടിൽ മിനിറ്റിൽ ഗോമസ് വീണ്ടും ലക്ഷ്യം കണ്ടു. സെസാർ ഗിലാബർട്ടു തന്നെയായിരുന്നു ഈ ഗോളിനും വഴിയൊരുക്കിയത്.ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സൂപ്പർതാരം ബ്യ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് തിരിച്ചടി ആരംഭിച്ചു. വലതുവിംഗിൽനിന്നു സ്റ്റീവൻ സെസെഗ്നൻ ഉയർത്തിവിട്ട ക്രോസ് ബ്രൂസ്റ്ററിന്‍റെ തകർപ്പൻ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.പക്ഷേ, ഇത് വരാനിരിക്കുന്നതിന്‍റെ തുടക്കം മാത്രമായിരുന്നെന്ന് ഇംഗ്ലണ്ടിനു പിന്നിടു മനസിലായി.തിങ്ങിനിറഞ്ഞ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിപ്പിക്കുന്നതായിരുന്നു കൊല്‍കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ ഫൈനല്‍. ആക്രമണ ഫുട്‌ബോളായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ഇംഗ്ലണ്ട് ശക്തമായ അറ്റാക്കിങ് ഫുട്‌ബോള്‍ തന്നെ നടത്തി. രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്‌പെയിനിനെ പൊളിച്ചടുക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്.
അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ഇന്ന് കൊൽക്കത്തയിൽ നടക്കും
കൊൽക്കത്ത:ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ഫൈനൽ ഇന്ന്. വൈകിട്ട് എട്ട് മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍ റണ്ണറപ്പായ ഇംഗ്ലണ്ടിനെ നേരിടും.ആദ്യ മത്സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിക്ക് ശേഷം ആധികാരിക പ്രകടനങ്ങളോടെയാണ് സ്പാനിഷ് പട നാലാം ഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ ഇതുവരെ നടന്ന എല്ലാമത്സരങ്ങളിലും വിജയിച്ചാണ് ഇംഗ്ലീഷ് പട കന്നി ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്.മൂന്നാഴ്ച നീണ്ടുനിന്ന മത്സരത്തിൽ 24 ടീമുകളാണ് മത്സരിച്ചത്.റയാന്‍ ബ്രൂസ്റ്ററെന്ന ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരക്കാരനെ തളക്കുകയെന്നാതായിരിക്കും സ്പെയിനിന്റെ വെല്ലുവിളി. ക്വാര്‍ട്ടറില്‍ അമേരിക്കക്കെതിരെയും, സെമിയില്‍ ബ്രസീലിനെതിരെയും ഹാട്രിക്കുകള്‍ നേടിയ ലിവര്‍പൂള്‍ യുവതാരം ഗോള്‍ഡന്‍ ബൂട്ട് കൂടി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.സ്പാനിഷ് പ്രതീക്ഷകള്‍ ക്യാപ്റ്റനും ബാര്‍സിലോണ യുവതാരവുമായ ആബെല്‍ റൂയിസിന്റെ കാലുകളിലാണ്. മാലിയുടെ തടിമിടുക്കിനെ സെമിയില്‍ സ്പെയിന്‍ മറികടന്നത് റൂയിസിന്റെ ഇരട്ടഗോള്‍ ബലത്തിലായിരുന്നു. ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തിലും റയസുണ്ട്.അണ്ടര്‍ പതിനേഴിന്റെ കഴിഞ്ഞ മൂന്ന് യൂറോപ്പ്യന്‍ ചാമ്പ്യന്‍ ഷിപ്പുകളിലെയും ഫൈനലുകളില്‍ ഏറ്റുമുട്ടിയത് ഇംഗ്ലണ്ടും സ്പെയിനുമായിരുന്നു. അതില്‍ രണ്ട് തവണ സ്പെയിന്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒരു തവണ ജേതാക്കളായി.
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം
പാല:അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം.രാവിലെ ഏഴുമണിക്കാണ് മേള ആരംഭിച്ചത്.മേളയുടെ ഔദ്യോഗിക ഉൽഘാടനം വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കായികമേളയിൽ ആദ്യ സ്വർണ്ണം പാലക്കാട് നേടി.ആൺകുട്ടികളുടെ 5000 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ പി.എൻ അജിത്താണ് റെക്കോർഡോടെ സ്വർണ്ണം നേടിയത്.കോതമംഗലം മാർ ബേസിൽ സ്കൂളിലെ ആദർശ് ഗോപിക്കാണ് വെള്ളി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ എറണാകുളം കോതമംഗലം മാർ ബേസിലിലെ അനുമോൾ തമ്പി മേളയിലെ രണ്ടാം സ്വർണ്ണം നേടി.മേളയിലെ മൂന്നാം സ്വർണ്ണം ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയിലെ സൽമാൻ നേടി.ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്കൂളിലെ പി.ചാന്ദിനിക്കാണ് സ്വർണ്ണം.
കാൽ നൂറ്റാണ്ടിനു ശേഷമാണ് പാല സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്.പാലായിൽ സിന്തെറ്റിക്ക് ട്രാക്ക് നിർമിച്ചതിനു ശേഷം ആദ്യം നടക്കുന്ന സംസ്ഥാന മീറ്റുകൂടിയാണിത്.പ്രായക്രമത്തിൽ താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്ന രീതിയിലാണ് ഇത്തവണ മുതൽ സ്കൂൾ കായികമേള നടക്കുന്നത്.ഇതിനു മുൻപ് പഠിക്കുന്ന ക്ലാസ്സിനനുസരിച്ചായിരുന്നു കുട്ടികളെ തരം തിരിച്ചിരുന്നത്.
കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേള;നോർത്ത് ഉപജില്ല ചാമ്പ്യന്മാർ
കണ്ണൂർ:മൂന്നു ദിവസങ്ങളിലായി നടന്ന കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കണ്ണൂർ നോർത്ത് ഉപജില്ല ചാമ്പ്യന്മാരായി.30 സ്വർണ്ണമെഡലുകളടക്കം 217 പോയിന്റ് നേടിയാണ് നോർത്ത് ഉപജില്ലാ ഒന്നാമതെത്തിയത്.15 സ്വർണമടക്കം 140 പോയിന്റ് നേടി തളിപ്പറമ്പ് ഉപജില്ലാ രണ്ടാം സ്ഥാനത്തെത്തി.ഒൻപതു സ്വർണം അടക്കം 119.5 പോയിന്റ് നേടി പയ്യന്നൂർ ഉപജില്ലാ മൂന്നാമതെത്തി.140 പോയിന്റ് നേടിയ എളയാവൂർ സി.എച്.എം.എച്.എസ്.എസ് ആണ് കണ്ണൂർ നോർത്ത് ഉപജില്ലയിൽ ഏറ്റവും പോയിന്റ് നേടിയ സ്കൂൾ.21 സ്വർണവും ഒൻപതു വീതം വെള്ളിയും വെങ്കലവും ഈ സ്കൂളിലെ കൊച്ചു കായിക താരങ്ങൾ സ്വന്തമാക്കി.35 പോയിന്റ് നേടിയ ജി.എച്.എസ്.എസ് പ്രാപ്പൊയിൽ രണ്ടാം സ്ഥാനവും ഗവ.എച്.എസ്.എസ് കോഴിച്ചാൽ മൂന്നാം സ്ഥാനവും നേടി.15 സബ്‌ജില്ലകളിൽ നിന്നായി 2500 ഓളം മത്സരാർഥികൾ മേളയിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ 20 മുതൽ 23 വരെ കോട്ടയം പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കും.കണ്ണൂർ റെവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ വിജയികളായവർക്ക് പി.കെ ശ്രീമതി എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു. വിരമിക്കുന്ന കായികാധ്യാപകരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ അരിയിനങ്ങൾക്കും ജി എസ് ടി ചുമത്തും
തിരുവനന്തപുരം:കേരളത്തിലെ എല്ലാ അരിയിനങ്ങൾക്കും ജി എസ് ടി ചുമത്തും.അഞ്ചു ശതമാനം ജി എസ് ടി യാണ് ചുമത്തുന്നത്.റേഷനരി ഒഴികെയുള്ള എല്ലാ അരിയിനങ്ങൾക്കും ഇത് ബാധകമാണ്.അരിവില വർധിക്കുന്നതോടെ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങൾക്കും വില ഉയരും.ജി എസ് ടി നിലവിൽ വന്നാൽ അരിക്ക് കിലോയ്ക്ക് രണ്ടര രൂപവരെ വില വർധിക്കും. നേരത്തെ രെജിസ്റ്റഡ് ബ്രാന്ഡുകളിലുള്ള ധാന്യങ്ങൾക്കായിരുന്നു ജി എസ് ടി ബാധകമായിരുന്നത്. ചാക്കുകളിലോ പായ്‌ക്കറ്റുകളിലോ ആക്കി കമ്പനികളുടെയോ മില്ലുകളുടെയോ പേരോ ചിഹ്നമോ പതിച്ചിട്ടുള്ള എല്ലാ അരിയും ബ്രാൻഡഡ് ആയി കണക്കാക്കും. രാജ്യത്ത് ഏറ്റവും അധികം അരി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.അത് കൊണ്ടുതന്നെ ജി എസ് ടി നിലവിൽ വന്നാൽ ഉത്പാദക സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാകും. ചുമത്തുന്ന ജി.എസ്.ടി യുടെ പകുതി തുക ഈ സംസ്ഥാനങ്ങൾക്കാണ് ലഭിക്കുക. കേരളത്തിൽ ഒരു വർഷത്തിൽ ശരാശരി 40 ലക്ഷം ടൺ അരിയാണ് ഉപയോഗിക്കുന്നത്. ഇതിലാകട്ടെ വെറും നാല് ലക്ഷം ടൺ മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.ബാക്കി തമിഴ്‌നാട്, കർണാടക, പഞ്ചാബ്,ഒഡിഷ,ബംഗാൾ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.