ന്യൂമോകോക്കല്‍ രോഗത്തിനെതിരേ കേരളത്തില്‍ ഒക്‌ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി നൽകും

keralanews new vaccine for infants against pneumococcal disease in kerala from october

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിൻ കൂടി നല്കിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാവുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും.1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധപരിശീലന പരിപാടി സംഘടിപ്പിച്ചുവരികയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച്‌ പലതരത്തിലുള്ള രോഗങ്ങളുണ്ടാക്കാം.ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം.ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്. കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.പിസിവി ഒരു സുരക്ഷിത വാക്‌സിനാണ്. ഏതൊരു വാക്‌സിന്‍ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം. പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റു വാക്‌സിനുകളും നല്‍കുന്നതാണ്. ഒരേസമയം വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്.

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം; ബാഡ്മിന്റണിൽ പ്രമോദ് ഭഗതിന് സ്വർണ്ണം

keralanews india wins fourth gold in paralympics pramod bhagat wins gold in badminton

ടോക്കിയോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം. ബാഡ്മിന്റണിൽ പ്രമോദ് ഭഗതാണ് സ്വർണ്ണം നേടിയത്. പാരാലിമ്പിക്‌സ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്. തൊട്ടുപുറകേ മനോജ് സർക്കാർ എസ് എൽ 3വിഭാഗത്തിൽ ജപ്പാൻ താരത്തെ തോൽപ്പിച്ച് വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി. നാലു സ്വർണ്ണവും 7 വെള്ളിയും 6 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ഡാനിയേ ബഥേലിനെ 21-14,21-17നാണ് പ്രമോദ് ഫൈനലിൽ കീഴടക്കിയത്.  ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ജപ്പാന്റെ ദായ്‌സൂകേ ഫുജീഹാരയെ തകർത്താണ് പ്രമോദ് ഫൈനലിലേക്ക് കടന്നത്. 21-11,21-16 എന്ന സ്‌കോറിനാണ് പ്രമോദ് ജയിച്ചത്. എസ്.എൽ3 വിഭാഗത്തിലാണ് പ്രമോദ് പോരാടിയത്. നിലവിൽ ലോക ഒന്നാം നമ്പർ താരമാണ് പ്രമോദ് ഭഗത്.നേരത്തെ നടന്ന 50 മീറ്റര്‍ മിക്സഡ് പിസ്റ്റളില്‍ ഇന്ത്യയുട‌െ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 19കാരന്‍ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ്‌രാജ് വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ 218.2 പോയിന്റ് മനീഷ് നേട‌ിയപ്പോള്‍ 216.7 പോയിന്റ് സിംഗ്‌രാജ് സ്വന്തമാക്കി. സിംഗ്‌രാജിന്റെ ടോക്യോ ഒളിമ്ബിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെ‌ര്‍ജി മലിഷേവിനാണ് വെങ്കലം.

പുഴുവരിച്ച അരി വൃത്തിയാക്കി പുതിയ ചാക്കിലാക്കിയ ശേഷം വിദ്യാലയങ്ങളിലേക്ക്; സപ്‌ളൈകോ ഗോഡൗണിലെ പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു

keralanews worm infested rice cleaned and put in new sacks and sent to schools locals blocked the work in the supplyco godown

കൊല്ലം:വിദ്യാലയങ്ങള്‍ക്ക് നല്‍കാനായി കൊട്ടാരക്കര സപ്‌ളൈകോ ഗോഡൗണില്‍ പുഴുവരിച്ചത് ഉള്‍പ്പെടെ രണ്ടായിരം ചാക്ക് അരി വൃത്തിയാക്കുന്ന പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളാണ് വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നത്.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപത്തെ രണ്ടാം നമ്പർ ഗോഡൗണിലാണ് പഴകിയ അരി വൃത്തിയാക്കല്‍ ജോലികള്‍ നടന്നത്. വൃത്തിയാക്കിയ അരി വിദ്യാലയങ്ങള്‍ക്ക് കൈമാറാനായിരുന്നു ഡപ്പോ മാനേജര്‍ക്ക് ലഭിച്ച ഉത്തരവ് .2017 ബാച്ചലേത് ഉള്‍പ്പെടെയുള്ള അരിയാണ് ഇവിടെ പുഴുവരിച്ച നിലയില്‍ ചാക്കുകളിലുള്ളത്. ചാക്ക് പൊട്ടിച്ച്‌ അരിപ്പ ഉപയോഗിച്ച്‌ അരിച്ചും ഇന്‍ഡസ്ട്രിയല്‍ ഫാന്‍ ഉപയോഗിച്ചുമാണ് വൃത്തിയാക്കിയിരുന്നത്. ഗോഡൗണിന്റെ വിവിധ ഭാഗങ്ങളില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് ഗുളികകള്‍ വിതറിയിരുന്നു. ഇതിന്റെ കുപ്പി കണ്ടെത്തിയതോടെ അരി രാസവസ്തുക്കള്‍ തളിച്ചാണ് വൃത്തിയാക്കിയിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഒന്‍പത് ദിവസമായി ഗോഡൗണില്‍ അരി വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. വിവരം പുറത്തായതോടെ ഇന്നലെ രാവിലെ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ഗോഡൗണിലേക്ക് എത്തി ജോലികള്‍ തടയുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് വൈകട്ടോടെ ജില്ലാ സപ്‌ളൈ ഓഫീസര്‍ കൊട്ടാരക്കര ഗോഡൗണ്‍ സന്ദര്‍ശിച്ചു. അരി ലാബില്‍ പരശോധനയ്ക്കയച്ച്‌ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ വിതരണം ചെയ്യൂവെന്ന് അറിയിച്ചെങ്കിലും പ്രതഷേധക്കാര്‍ ശാന്തരായില്ല. കഴിഞ്ഞ ജൂലായ് 15ന് സപ്‌ളൈകോ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൃത്തിയാക്കല്‍ ആരംഭിച്ചത്.അരി വൃത്തിയാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിക്കുകയും ,ആര്‍. പ്രസാദ് എന്നയാള്‍ക്ക് കരാര്‍ നല്‍കുകയുമായിരുന്നു. തിരുവല്ല സ്വദേശി കണ്ണനാണ് ഉപകരാര്‍.ഗോഡൗണുകളില്‍ പഴക്കം ചെന്ന അരി വൃത്തിയാക്കുന്നത് സാധാരണയാണ്. കൃമികീടങ്ങളെ തുരത്താനാണ് അലൂമിനിയം ഫോസ്‌ഫേറ്റ് ഗുളികകള്‍ വയ്ക്കുന്നത്. രണ്ട് ദിവസം അടച്ചിട്ട ശേഷം ഗോഡൗണ്‍ തുറക്കുമ്പോൾ കൃമികീടങ്ങള്‍ നശിക്കും. പഴകിയ അരി അരിച്ചെടുത്ത് കഴുകിയ ശേഷം ലാബില്‍ പരശോധനയ്ക്ക് അയയ്ക്കും. ഭക്ഷ്യയോഗ്യമെങ്കിലെ വിതരണം ചെയ്യുകയുള്ളൂ എന്നും സപ്‌ളൈകോ ക്വാളിറ്റി കണ്‍ട്രോളര്‍ പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്സ്;പതിറ്റാണ്ടുകള്‍ക്കൊടുവില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ടീം;ഹോ​ക്കി വെ​ങ്ക​ല​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ജ​യം

keralanews tokyo olympics indian mens team makes history india wins hockey bronze medal

ജർമ്മനി: ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പ് ഒടുവില്‍ ഇന്ത്യ ഹോക്കിയില്‍ ഒരു മെഡല്‍ നേടിയിരിക്കുകയാണ്. വെങ്കല പോരാട്ടത്തില്‍ ജെര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ സ്വപ്‌ന നേട്ടം. 5-4 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഇന്ത്യ കാഴ്ചവെച്ചത്. 1980ന് ശേഷം ആദ്യമായാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഇരു ടീമുകളും അറ്റാക്കിംഗില്‍ ആണ് ശ്രദ്ധിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനി ഒരു ഗോള്‍ വീഴ്ത്തി മുന്നിലെത്തി. തിമൂര്‍ ഒറൂസ് ആയിരുന്നു ജര്‍മനിക്കായി ആദ്യ ഗോള്‍ നേടിയത്.ഇതിന് പിന്നാലെ സിമ്രന്‍ജിത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും ജര്‍മനി ഗോള്‍ നേടി. നിക്ലാസ് വെലനും, ബെനെഡിക്ടും ആയിരുന്നു സ്‌കോര്‍ ചെയ്തത്. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ മടക്കി. പിന്നീട് ഹര്‍മന്‍ പ്രീതിലൂടെ ഇന്ത്യ സ്‌കോര്‍ 3-3ല്‍ എത്തിച്ചു.പിന്നീടുള്ള രണ്ട് ഗോളുകള്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ നേടി. രൂപീന്തറും സിമ്രന്‍ജിത്തുമാണ് ലക്ഷ്യം കണ്ടത്. ഇതോടെ സ്‌കോര്‍ 5-3 ആയി. അവസാന ക്വാര്‍ട്ടറില്‍ ജര്‍മനി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും 5-4ന് ഇന്ത്യ ജര്‍മനിയെ പിടിച്ചുകെട്ടി. ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര്‍ ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യയാണ്.

ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവിന് വെള്ളി മെഡൽ

keralanews india wins first medal in olympics meerabhai chanu wins silver in weightlifting

ടോക്കിയോ:ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ.ഭാരോദ്വഹനത്തിൽ മീരാഭായി ചാനു വെള്ളി മെഡൽ നേടി. 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡൽ നേട്ടം. ചൈനയുടെ ഹോ ഷിഹൂയിയ്‌ക്കാണ് സ്വർണ്ണം. 202 കിലോ ഉയര്‍ത്തിയാണ് ചാനു ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 2000 സിഡ്നി ഒളിംപിക്സിൽ കർണ്ണം മല്ലേശ്വരിയാണ് ഇതിന് മുൻപ് മെഡൽ നേട്ടം സ്വന്തമാക്കിയത്. മല്ലേശ്വരി വെങ്കലമെഡലായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടി നേടിയത്.2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കായികമന്ത്രി അനുരാഗ് താക്കൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അടക്കമുള്ളവർ ചാനുവിന് അഭിനന്ദനമറിയിച്ചുകൊണ്ട് രംഗത്തെത്തി. ഇന്ത്യയുടേത് സന്തോഷകരമായ തുടക്കമാണെന്നും മീരാഭായി ചാനുവിന്റെ നേട്ടം രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് അധികബാധ്യത; ഓണക്കിറ്റില്‍ നിന്നും ക്രീം ബിസ്‌കറ്റ് ഒഴിവാക്കും

keralanews additional burden on government cream biscuits excluded from the onamkit

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാധ്യതയാകുമെന്ന് പറഞ്ഞാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളിയത്.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഓണമായതിനാല്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ മുന്നോട്ട് വെച്ചത്. മുന്‍നിര കമ്പനികയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പാക്കറ്റ് ഒന്നിന് 22 രൂപയ്ക്ക് സര്‍ക്കാരിന് നല്‍കാമെന്നായിരുന്നു കമ്പനി പറഞ്ഞത്.ഇത്രയും കിറ്റുകള്‍ക്ക് 592 കോടിയാണ് മൊത്തം ചെലവ് വരിക. ബിസ്‌കറ്റ് ഒഴിവാക്കിയതിലൂടെ ഇത് 570 കോടിയായി കുറയും. ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുക.

ടോക്കിയോ ഒളിമ്പിക്സ്; ആദ്യ കോവിഡ് 19 കേസ് ഗെയിംസ് വില്ലേജില്‍ രജിസ്റ്റര്‍ ചെയ്തു

keralanews tokyo olympics the first covid 19 cases were registered in the games village

ടോക്കിയോ: ഒളിമ്പിക്സ് ആരംഭിക്കാന്‍ ആറ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒളിമ്പിക് വില്ലേജില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ഒരു ഒഫിഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒഫിഷ്യലിനെ ഗെയിംസ് വില്ലേജില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.’കൊവിഡ് വ്യാപനം തടയാനാവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇനിയൊരു വ്യാപനമുണ്ടാവുകയാണെങ്കില്‍ അത് നേരിടുന്നതിനായി ഞങ്ങള്‍ക്ക് മറ്റ് പദ്ധതികളുണ്ടെന്നും ഒളിമ്പിക്സ് ചീഫ് ഓര്‍ഗനൈസര്‍ ഷെയ്‌ക്കോ ഹഷിമോട്ടോ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊവിഡിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ ജപ്പാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്.ഒളിമ്പിക്‌സിനായി 119 കായികതാരങ്ങളും 109 ഒഫിഷ്യല്‍സുമുള്‍പ്പെടെ 228 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. താരങ്ങളില്‍ 67 പുരുഷന്മാരും 52 വനിതകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം ത്രിതല സുരക്ഷാ സംവിധാനത്തിനുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഗെയിംസ് സംഘടിപ്പിക്കുമെന്ന് അവകാശപ്പെട്ട ജപ്പാന് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. വില്ലേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഗെയിംസ് വില്ലേജിലേക്കുള്ള യാത്രയ്ക്കിടെ രോഗം പകര്‍ന്നതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ പൊതു ഗതാഗതം പോലും ഒഴിവാക്കി കനത്ത സുരക്ഷയും ശുചിത്വവും ഉറപ്പാക്കിയുള്ള ഗതാഗത സംവിധാനം ഒരുക്കിയിട്ടും ഇത്തരത്തില്‍ രോഗം പകര്‍ന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്സ്.

കോപ്പാ അമേരിക്ക; ബ്രസീൽ- അർജ്ജന്റീന സ്വപ്ന ഫൈനൽ ഇന്ന്

keralanews copa america brazil argentina dream final today

ബ്രസീലിയ:കോപ്പ അമേരിക്ക ഫുട്‌ബോളിലെ സ്വപ്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടും.നെയ്മറുടെ നേതൃത്വത്തിൽ ബ്രസീലും ഉജ്ജ്വല ഫോമിലുള്ള അർജ്ജന്റീനയ്ക്കായി ലയണൽ മെസ്സിയും ഏറ്റുമുട്ടുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചരിത്രമുറങ്ങുന്ന മാറക്കാനയിലെ പുല്‍മൈതാനിയില്‍ ഞായര്‍ പുലര്‍ച്ചെ 5.30നാണ് മത്സരം. നെയ്മറിനെയും മെസ്സിയേയും നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ പ്രേമികള്‍ തമ്മിലുള്ള മത്സരവും കൂടിയാവും ഇത്. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം. കൊളംബിയയെ തോൽപ്പിച്ചാണ് അർജ്ജന്റീന ഫൈനലിലെത്തിയത്. ബ്രസീൽ പെറുവിനെയാണ് സെമിയിൽ തോൽപ്പിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വ നായകനായ ബ്രസീല്‍ ടീം. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ പുറത്തെടുക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. അതേ സമയം ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച പോരാട്ട വീര്യമാണ്. അര്‍ജന്റീന ടീം പുറത്തെടുക്കുന്നത്. ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോണ്‍സാലസുമെല്ലാം മിന്നും ഫോമിലാണ്.കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്താനാണ് ബ്രസീല്‍ ഇറങ്ങുന്നതെങ്കില്‍ 1993ന് ശേഷം കാത്തിരിക്കുന്ന കിരീടനേട്ടത്തിന് വിരാമമിടാനാണ് അര്‍ജന്റീന ഇറങ്ങുന്നത്. കോപയില്‍ ബ്രസീലിന്റെ 21ാം ഫൈനലാണിത്. അര്‍ജന്റീനയുടേതാവട്ടെ, 29ാം ഫൈനലും. 2016ലാണ് അര്‍ജന്റീന അവസാനമായി ഫൈനലിലെത്തിയത്. അവിടെ ചിലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടാനായിരുന്നു വിധി. കോപായിലെ 10ാം കിരീടത്തിലേക്കാണ് ബ്രസീല്‍ കണ്ണുവയ്ക്കുന്നതെങ്കില്‍ 15 തവണ കിരീടം ചൂടി തലപ്പത്തിരിക്കുന്ന ഉറുഗ്വേയ്‌ക്കൊപ്പം റെക്കോര്‍ഡ് കിരീടനേട്ടം പങ്കിടാനാണ് അര്‍ജന്റീന കളത്തിലിറങ്ങുന്നത്. ഇതുവരെ 14 കിരീടനേട്ടമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്.

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നൽകും

keralanews special kit for all ration card owners in the state for onam

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകള്‍ ഒരുമിച്ച്‌ ചേര്‍ത്തായിരിക്കും സ്‌പെഷ്യല്‍ കിറ്റ്. 84 ലക്ഷം സ്‌പെഷ്യല്‍ കിറ്റാണ് വിതരണം ചെയ്യുക. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നല്‍കും. ആശ്രിതക്ക് സര്‍ക്കാര്‍ ജോലി നല്‍കും.18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും.ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.അതേ സമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല.

ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു

keralanews legendary indian athlete milkha singh passes away

ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ്(91) അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം.മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു.മില്‍ഖാ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു.

പറക്കും സിങ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്ബിക്സിലും 1960 റോം ഒളിമ്ബിക്സിലും 1964 ടോക്യോ ഒളിമ്ബിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്ബിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.മകള്‍ സോണിയ സന്‍വാല്‍ക്കയ്ക്കൊപ്പം ദി റേസ് ഓഫ് മൈ ലൈഫ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഓംപ്രകാശ് മെഹ്റ 2013 ല്‍ ഭാഗ് മില്‍ഖാ ഭാഗ് എന്ന സിനിമ നിര്‍മിച്ചിരുന്നു.